8/10/2014

ദേശ സ്നേഹികളെ നമുക്കീ വിസര്‍ജ്ജത്തെ ചുമക്കാതിരിക്കാം !

 സുനില്‍ കൊടുവഴന്നൂര്‍-
ഒന്നുകിൽ അപ്പനമ്മമാർ പറഞ്ഞുകൊടുക്കണം. അല്ലെങ്കിൽ വിവരമുള്ള മറ്റാരെങ്കിലും. അങ്ങനെ മുളയിലേ നന്നായി പരിപാലിച്ചില്ലെങ്കിൽ ഇതുപോലെ, അരുന്ധതി റോയി പറയുന്നതുപോലെ വിവരക്കേട് വിളിച്ചു പറയും. അരുന്ധതിക്ക്കുറഞ്ഞപക്ഷം അപ്പനോടെങ്കിലും ചോദിക്കാമായിരുന്നു. ഈ ഗാന്ധി ആരാണെന്ന്. അങ്ങനെയെങ്കില്‍ ഈ ബുദ്ധിജീവി റോയി, ലോകം ആദരിക്കുന്ന പവിത്ര സാന്നിദ്ധ്യത്തെ, മഹാത്മാവിനെ ഇപ്പോള്‍ നിന്ദിക്കുമായിരുന്നില്ല.
കേരള സര്‍വ്വകലാശാലയുടെ അയ്യങ്കാളി അനുസ്മരണ ചടങ്ങിലാണ് അരുന്ധതി, ഗാന്ധി വിമര്‍ശനവുമായി അവതരിച്ചത്. ‘ബുദ്ധിജീവികളെക്കൊണ്ട് ആര്‍ക്കെന്തു പ്രയോജനം’ എന്ന് പണ്ട് സക്കറിയ ചോദിച്ചു. ഒരു നോവലെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ പിന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് മഹാ അറിവിന്റെ കനത്തോടെയാണ് എന്നാണ് ബുദ്ധിജീവി ധാരണ. പിന്നെ ഇനി നമ്മള്‍ എഴുത്തുകാര്‍ സമൂഹത്തെ തിരുത്തും. ‘ഞാന്‍ ശരി – നിങ്ങള്‍ കുഴപ്പക്കാര്‍’ എന്ന അതിര്‍ത്തിയും നിശ്ചയിക്കും. അവാര്‍ഡെങ്ങാനും കിട്ടിയാല്‍ പിന്നെ സകലതിനെയും പുച്ഛമാണ് – സ്വന്തം തന്തയെ വരെ! അത്തരം ചില പുച്ഛമാണ് അരുന്ധതിക്കും.
ചില കുട്ടികള്‍ ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ കിട്ടാന്‍ ആദ്യം അടുത്തു നില്‍ക്കുന്നവരെ തോണ്ടും. പിന്നെ നുള്ളും. പിന്നെയും ശ്രദ്ധിച്ചില്ലെങ്കില്‍ കണ്‍മുന്നില്‍ വിസര്‍ജിക്കും. അതൊരു സൈക്കോളജിയാണ്. അറ്റകൈ പ്രയോഗം. എഴുത്തിന്റെ റൈറ്റേഴ്‌സ് ബ്ലോക്കിലാണ് അരുന്ധതി റോയി. ആദ്യ പുസ്തകത്തിന് ശേഷം വന്നതെന്നും ക്ലച്ച് പിടിക്കുന്നില്ല. പിന്നെയെങ്ങനെ ശ്രദ്ധ നേടാം. എളുപ്പവഴി ആക്ടിവിസ്റ്റാവുകയാണ്. ആള്‍ക്കൂട്ടമില്ലാതെ നില നില്‍ക്കാന്‍ സാധിക്കാതെ എല്ലാത്തിനെയും, രാജ്യത്തിനെത്തന്നെയും, തള്ളിപ്പറഞ്ഞു തുടങ്ങി.
മാവോ വാദികളെ പിന്തുണച്ചു. വിഘടനവാദികളെ അനുകൂലിച്ചു. രാജ്യത്തിന്റെ മൂല്യത്തെയും ആദര്‍ശത്തെയും വെല്ലുവിളിച്ചു. പ്രസംഗിച്ചു. എല്ലാം ഒരു നോവലിന്റെ പരിരക്ഷയില്‍. ഒന്നോര്‍ത്തു നോക്കൂ, മറ്റെന്തുണ്ട് ഇവര്‍ രാജ്യത്തിന് നല്‍കിയ സംഭാവന? എവിടെ നില്‍ക്കുന്നു ഇവരുടെ പോരാട്ടം? തൊട്ടും നോവിച്ചും ആള്‍ക്കൂട്ടത്തിനു മുന്നിലെ കുട്ടിയാവുകയാണ് അരുന്ധതി. വിസര്‍ജ്യമാണിപ്പോള്‍ നമുക്ക് മുന്നില്‍. അണികളായ നമുക്ക് അത് നീക്കിയേ മതിയാവൂ.
ഗാന്ധി ജാതീയത സ്വീകരിച്ചുവെന്നും, ഗാന്ധിയെക്കുറിച്ച് നാം പഠിച്ചതൊക്കെയും കളവാണെന്നും അരുന്ധതി പറയുന്നു. ഈ മഹതി ചരിത്രത്തെ വക്രീകരിക്കുകയാണിവിടെ. തൊട്ടുകൂടായ്മ പാപമാണെന്നും മാനവികതക്കെതിരാണെന്നും വാദിച്ചയാളാണ് ഗാന്ധിജി. ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച് ഗാന്ധി ഇതേക്കുറിച്ച് ചര്‍ച്ച നടത്തി. ഹരിജനിലൂടെയും മറ്റു ചാതുര്‍വര്‍ണ്ണ്യത്തെ തിരുത്തി ഗാന്ധി. കോട്ടയത്തുകാരിയായ അരുന്ധതി, നൂറു കഴിഞ്ഞ അമ്മമാരോടു ചോദിക്കണം, വൈക്കം സത്യാഗ്രഹത്തെക്കുറിച്ച്. അതിന് ഗാന്ധിജി നല്‍കിയ പിന്തുണയും പ്രചോദനവും പഠിക്കണം. ക്ഷേത്ര പ്രവേശനത്തെ സ്വാഗതം ചെയ്ത ഗാന്ധി അയ്യങ്കാളി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ചിരുന്നു. വര്‍ണ്ണ വിമോചകന്‍ മണ്ടേലയുടെ വിഗ്രഹം ഗാന്ധിജിയായിരുന്നു.
നാം ഗാന്ധിജിയെക്കുറിച്ച് പഠിച്ചത് കളവാണത്രെ. അത്ഭുതശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്പരപ്പോടെയാണ് ഗാന്ധിയെ കണ്ടത്. ‘ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നു പറഞ്ഞാല്‍ നാളത്തെ തലമുറ അതു വിശ്വസിക്കുമോ’ എന്ന് ഐന്‍സ്റ്റീന്‍ സംശയിച്ചു. ഐന്‍സ്റ്റീന്‍ സംശയിച്ചത് ശരിയായി. മൗലിക സ്വാതന്ത്ര്യത്തെക്കുറിച്ചും, കപട മാനവികതയെക്കുറിച്ചും വാക്ക് വര്‍ഷിക്കുന്ന അരുന്ധതിക്കും കൂട്ടര്‍ക്കും എങ്ങിനെയാണ്, ഭഗവത് ഗീതയില്‍ നിന്നും ജീവിതത്തിന്റെ ത്യാഗപാഠശാലയില്‍ നിന്നും ഗാന്ധി അരിച്ചെടുത്ത് നെഞ്ചേറ്റിയ അറിവുകള്‍ പിന്തുടരാനാവുക? അന്ധന്‍ ആനയെ കണ്ടതു പോലെ ഗാന്ധിക്കു മുന്നില്‍ ഈ ഗാന്ധി വിമര്‍ശകര്‍ പരിഭ്രമിക്കുന്നു, പുലഭ്യം പറയുന്നു.
mahatma-gandhi
ലൂയിഫിഷര്‍ ഗാന്ധിയോടു ചോദിച്ചു, ‘അങ്ങ് പൂര്‍ണ്ണനായ വ്യക്തിയാണോ’ എന്ന്. ഗാന്ധി മറുപടി നല്‍കി, ‘ അല്ല, എന്റെ നൂറു കണക്കിന് കുറവുകള്‍ നിങ്ങള്‍ക്കു കാണാം. അതു കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് ഞാന്‍ നിങ്ങളെ സഹായിക്കാം’.
പരിമിതികളെക്കുറിച്ചുള്ള ബോധ്യമായിരുന്നു ഗാന്ധിജിയുടെ ശക്തി. അതില്‍ ചവിട്ടിയാണ് ഗാന്ധി ജയിച്ചു കയറിയത്. ഗാന്ധിയെ ഒറ്റുന്നവര്‍ നാളെ ദേശീയ ഗാനത്തെയും, രാജ്യത്തെത്തന്നെയും തള്ളിപ്പറയും. അത് വിദൂരമല്ല. ഇന്ത്യയെ പകുക്കുയാണ് അതിന്റെ പന്നിലുള്ള ഉദ്ദേശ്യം. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഏതൊക്കെയോ പുതിയ ബുദ്ധികേന്ദ്രങ്ങള്‍ വീണ്ടും പയറ്റുന്നു. ദളിത് സ്‌നേഹവും, ചില ഏകീകരണവുമൊക്കെ അതിന്റെ മറവാണ്.
ഇതൊന്നും ഓര്‍ക്കാതെയല്ല അരുന്ധതി നമ്മളോട് സംസാരിക്കുന്നത്. ഒരുപക്ഷെ, അതിന്റെ തുടര്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മനഃപൂര്‍വ്വമാകാം. അതിന്റെ തെളിവാണ് കേരളത്തില്‍ നിന്ന് അവര്‍ക്കു കിട്ടിയ ചില പിന്തുണകള്‍. ബി ആര്‍ പി ഭാസ്‌കറും, കെ ഇ എന്‍ കുഞ്ഞഹമ്മദുമാണ് ഇതില്‍ പ്രമുഖര്‍. ജനാധിപത്യപരമായ വിമര്‍ശനം പോലീസല്ല തീര്‍പ്പാക്കേണ്ടത് എന്നാണ് കെ ഇ എന്‍ വാദം. കെ ഇ എന്‍ നടത്തുന്ന വിഷപ്രസംഗങ്ങളുടെയും, ജനാധിപത്യത്തിന്റെ പേരില്‍ നടത്തുന്ന സാംസ്‌കാരിക മലിനീകരണത്തിന്റെയും മറ്റൊരു കാഴ്ച മാത്രമാണ് ഈ പിന്തുണ.
വിളക്കും ഓണവുമൊക്കെ വെറുക്കപ്പെടേണ്ടതാണെന്നും സരസ്വതീദേവിയുടെ നഗ്നചിത്രം വരച്ചയാള്‍ വാഴ്ത്തപ്പെടേണ്ടവനാണെന്നും പറഞ്ഞയാളാണ് കെ ഇ എന്‍. വി എസ് അച്യുതാനന്ദന്‍ പണ്ട് കുരങ്ങനെന്ന് കളിയാക്കി അടപ്പൂരിയതാണ് ഈ സമരോത്സുകമായ കപട മതേതരവാദിയെ. വിഘടനവാദികളുടെ, വിദ്വേഷം പടര്‍ത്തുന്ന സംഘടനകളുടെ ഏതു മാര്‍ച്ചും ഉദ്ഘാടനം ചെയ്യലാണ് ബി ആര്‍ പി യുടെ പണി. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കൂലിയെഴുത്തുകാരനായിരുന്നയാള്‍ക്ക് ഇപ്പോള്‍ കൂലി പ്രാസംഗികന്റെ റോളാണ്. അടുത്തു തന്നെ അരുന്ധതിയെ അനുകൂലിച്ച് ബി ആര്‍ പി മാധ്യമത്തിലോ, മറ്റു ‘മതേതര’ മാസികകളിലോ എഴുതിയേക്കാം. ജനാധിപത്യ അവകാശമാകും വിഷയം.
പ്രഖ്യാത നിരൂപകനായ ബാര്‍തെസ് തന്റെ നിരൂപണത്തിനിടെ സോപ്പുപൊടിയുടെ പരസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. സോപ്പ് കൊള്ളില്ലെങ്കിലും പതപ്പിച്ചുള്ള പരസ്യം നല്‍കിയാല്‍ കാഴ്ചക്കാരനെ വീഴ്ത്താം. ഇവിടെ നുരയുള്ള, എന്നാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സോപ്പാവുകയാണ് അരുന്ധതി. അത് ശുദ്ധീകരിക്കാതെ നമ്മെ മലിനമാക്കുന്നു.
ഗാന്ധി ആരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല ഭാരതത്തിന്. ‘ആ ദീപം നമ്മെ വിട്ടു പൊലിഞ്ഞിരിക്കുന്നു. എങ്ങും കൂരിരുട്ടാണ്’ ഗാന്ധി മരിച്ചപ്പോള്‍ നെഹ്രു വിതുമ്പി പറഞ്ഞു. ലോകം അത് കണ്ണീരോടെ കേട്ടു നിന്നു.
സ്‌നേഹത്തിന്റെ, സഹനത്തിന്റെ, കാരുണ്യത്തിന്റെ മനുഷ്യരൂപമായിരുന്നു ഗാന്ധി. 1930 ജനുവരി 30-ന് വൈകുന്നേരം 5.17-ന് ഗാന്ധി വെടിയേറ്റു മരിച്ചു. ലോകവും നന്മയും നിശ്ചലമായി.
ഗാന്ധി വെടിയുണ്ടയില്‍ അവസാനിച്ചില്ല. ഇയിര്‍ത്തു. ഗാന്ധിയെക്കുറിച്ച് പല ഭാഷകളിലായി ഒരു ലക്ഷത്തില്‍ പരം പുസ്തകങ്ങളുണ്ട്. ഗാന്ധി ഭൂമിയില്‍ മുഴവന്‍ പഠിക്കപ്പെടുകയാണ്. കാലത്തെ അതിജീവിച്ച് ഗാന്ധി അമരനാകുന്നു. അരുന്ധതിയുടെ പുസ്തകം ലൈബ്രറിച്ചുവരില്‍ മരിക്കുമ്പോള്‍, ഗാന്ധി നിന്ദ ടി വിയില്‍ നിന്ന് റേറ്റിംഗില്ലാതെ പുറത്താക്കപ്പെടുമ്പോള്‍, എഴുത്തുകാരിയും വിസ്മരിക്കപ്പെടും. ഭൂമിയില്‍ നിന്ന് മിന്നാമിനുങ്ങുകള്‍ക്ക് സൂര്യനെ എന്നും വെല്ലുവിളിക്കാം. അതുപോലെയാണ് അരുന്ധതി റോയിയുടെ വാക്കുകളും. സൂര്യനില്ലെങ്കില്‍, ഭൂമിയും മിന്നാമിനുങ്ങിന്‍രെ വംശം തന്നെയും ഇല്ലെന്ന് അവ അറിയുന്നില്ല. ഇവിടെ അരുന്ധതി റോയിയും.
ഹേ റാം.. അങ്ങ് ഈ പുതിയ കാലത്തെ ഗോഡ്‌സെമാരുടെ പ്രവൃത്തികളോട് പൊറുക്കുക. കാരണം, അങ്ങ് മഹാനാണ്… ഈ രാഷ്ട്രത്തിന്റെ പിതാവും

No comments:

Post a Comment