6/29/2013

വില്യം ലോഗന്‍ കണ്ട മലബാറിലെ കൃസ്ത്യാനികള്‍

വില്യം ലോഗന്‍

മലയാളക്കരയിലെ കൃസ്ത്യാനികളെ മുഖ്യമായും നാലുവിഭാഗങ്ങളായി തരംതിരിക്കാം.
1. സിറിയന്‍ (സുറിയാനി)
2. റോമോ - സിറിയന്‍
3. റോമന്‍ കത്തോലിക്കര്‍ - സാധാരണ ലാറ്റിന്‍ ആചാരക്രമങ്ങള്‍ സ്വീകരിച്ചവര്‍
4. പ്രൊട്ടസ്റ്റന്റുകള്‍ - എല്ലാ ഉള്‍പ്പിരിവുകളും ഉള്‍പ്പെടെ
സുറിയാനി റോമോസുറിയാനി വിഭാഗക്കാര്‍ മലയാളക്കരയില്‍ അറിയപ്പെടുന്നത് 'സെയിന്റ് തോമസ് ക്രിസ്ത്യാനികള്‍' എന്ന പേരിലാണ്. ക്രിസ്തുവിന്റെ അപ്പോസ്തലന്മാരില്‍ ഒരാളായ സെയിന്റ് തോമസ് തന്നെ കൊണ്ടുവന്നതാണ്, മലയാളക്കരയില്‍ ക്രൈസ്തവ വിശ്വാസമെന്ന ഐതിഹാസ്യമാണ് ഇതിന്നാധാരം. മേല്‍പ്പറഞ്ഞ മൂന്നുവിഭാഗത്തില്‍പ്പെട്ട ക്രിസ്തീയവിശ്വാസികളും ഈ പാരമ്പര്യധാരണ അന്ധമായി അവിശ്വസിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ ഐതിഹ്യത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാനുള്ള വസ്തുതകള്‍ വേണ്ടത്ര ഉണ്ടെന്നു പറഞ്ഞുകൂടാ.

ഇന്ത്യയും പാശ്ചാത്യലോകവും തമ്മില്‍ വളരെ വിപുലമായ വ്യാപാരവും ബന്ധങ്ങളും എ.ഡി. ഒന്നാം നൂറ്റാണ്ട് മുതല്‍ നേരിട്ടു സ്ഥാപിക്കപ്പെട്ടിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. 'പെരിപ്ലസ് മാരിസ് എരിത്രോയി'യുടെ കര്‍ത്താവും മറ്റുപലരും ഭാവിതലമുറകള്‍ക്കു വിട്ടേച്ചുപോയ വിവരണങ്ങള്‍ പ്രകാരം ഇന്ത്യന്‍ തീരങ്ങളേയും കമ്പോളങ്ങളേയും കുറിച്ച് സുവ്യക്തവും വര്‍ധമാനവുമായ അറിവുകള്‍ അന്നുതന്നെ അവര്‍ക്കുണ്ടായിരുന്നുവെന്നതും വ്യക്തമാണ്.

'മുസിറിസി'നെക്കുറിച്ച് പ്രത്യേകിച്ചും പാശ്ചാത്യലോകത്തിലെ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും അറിവുണ്ടായിരുന്നു. മുസിരിസ്സിലോ സമീപപ്രദേശങ്ങളിലോ ആണ് ആദ്യത്തെ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങള്‍ മലയാളക്കരയില്‍ ആവിര്‍ഭവിച്ചതെന്നും പറയേണ്ടതുണ്ട്. ആദ്യമായി സ്ഥാപിക്കപ്പെട്ട ഏഴു ക്രൈസ്തവപള്ളികളുടെ സ്ഥലപ്പേരുകളില്‍നിന്ന് ഇത് സ്പഷ്ടമാണ്; 1. നിരണം, 2. ചായല്‍, 3. കൊല്ലം, 4. പാലൂര്‍, 5. കൊടുങ്ങല്ലൂര്‍ (മുസിരിസ്സില്‍ തന്നെ), 6. ഗൊക്കമംഗലം, 7. കോട്ടക്കായല്‍. ഈ സ്ഥലങ്ങളെല്ലാം പ്രസിദ്ധമായിരുന്നു. ചായലും കൊടുങ്ങല്ലൂരും ഒഴിച്ച് മറ്റിടങ്ങളിലെ പള്ളികള്‍ ഇക്കാലത്തും നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥലങ്ങളില്‍ പാലൂര്‍ (പൊന്നാനിത്താലൂക്കിലെ പാലയൂര്‍ അംശം) മാത്രമേ ബ്രിട്ടീഷ് മലബാറില്‍ ഉള്‍പ്പെടുന്നുള്ളൂ.

ക്രിസ്തുവിന്റെ ജനനശേഷമുള്ള കുറേ നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍നാടുകളുമായുള്ള കേരളക്കരയുടെ നേരിട്ടുള്ള വ്യാപാരബന്ധം നിലനിന്നുപോന്നിട്ടുണ്ട്. അതിന്റെ വ്യാപ്തി ഒരുപക്ഷേ കുറഞ്ഞതോതിലാണെന്നുവരികിലും. 'പ്യുട്ടിഞ്ഞേരിയന്‍ ലിഖിതങ്ങള്‍' (ഏതാണ്ട് എ.ഡി. 226ല്‍) വിശ്വസിക്കാമെങ്കില്‍, റോമക്കാര്‍ 840 മുതല്‍ 1200 പേരോളം വരുന്ന രണ്ടു സേനാസംഘങ്ങളെ കൊടുങ്ങല്ലൂരില്‍ അക്കാലത്തുപോലും നിര്‍ത്തിയിരുന്നതായി കരുതാം. ആഗസ്തസ് ദേവന് മുസ്‌രിസില്‍ അവര്‍ ഒരു ദേവാലയവും തീര്‍ത്തിരുന്നു. ക്രിസ്തുവിന്റെ ജനനത്തെ തുടര്‍ന്നുള്ള ആദ്യനൂറ്റാണ്ടുകളില്‍ തന്നെ മലയാളക്കരയിലേക്ക് ക്രിസ്ത്യാനികള്‍ എത്തിച്ചേര്‍ന്നിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.

ആ നിലയ്ക്ക് നോക്കിയാല്‍ പാശ്ചാത്യലോകത്തുനിന്നു മലയാളക്കരയിലെത്തിയ ആരംഭകാലകുടിയേറ്റക്കാരില്‍ അപ്പോസ്തലന്‍ തോമസും ഉള്‍പ്പെട്ടിരുന്നുവെന്ന് കരുതുന്നതില്‍ അസാംഗത്യമില്ല. എന്നാല്‍ സെയിന്റ് തോമസ് മുസിരിസില്‍ വന്നുവെന്നും അവിടെയും പരിസരങ്ങളിലുമായി ക്രൈസ്തവപള്ളികള്‍ സ്ഥാപിച്ചുവെന്നും കരുതാന്‍ ഗവേഷണപരമായ തെളിവുകള്‍ ഇപ്പോഴും ലഭ്യമല്ല.

സെയിന്റ് തോമസ് ഐതിഹ്യവുമായി ബന്ധപ്പെട്ട്, എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ടൈയറിലെ ബിഷപ്പ് ഡൊറോത്തിയോസ് എഴുതിയതായി വിശ്വസിക്കപ്പെടുന്ന രേഖകളുടെ ശകലങ്ങള്‍ ലഭ്യമാണ്. ടൈയറിലെ ബിഷപ്പ് രേഖപ്പെടുത്തിയിരിക്കുന്നതു 'പാര്‍ത്തിയര്‍ക്കും മെദേസ് നിവാസികള്‍ക്കും പേര്‍സ്യക്കാര്‍ക്കുമിടയില്‍ സുവിശേഷ പ്രചരണം നടത്തിയശേഷം അപ്പോസ്തലന്‍ സെന്റ് തോമസ് ഇന്ത്യയില്‍ 'കലാമിന' എന്ന ടൗണില്‍ കഥാവശേഷനായി' എന്നാണ്. റോമന്‍ മതപുണ്യവാളന്മാരുടെ പട്ടികയില്‍ ചേര്‍ത്തുകാണുന്നതും 'കലാമിന' എന്ന പേരാണ്. 'മലിയാപൂര്‍' (മയിലാപ്പൂര്‍) എന്ന സ്ഥലത്തിന്റെ സിറിയക്ക് പരിഭാഷയാണ് 'കലാമിന' എന്നു ചില കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. തമിഴിലെ 'മല' എന്ന പദവും സിറിയ ഭാഷയിലെ 'ഗൊലൊമത്ത്' എന്ന വാക്കും ദ്യോതിപ്പിക്കുന്നതു 'മലയുടെ പട്ടണം' എന്ന ഒരേ അര്‍ഥമാണ്.

ഇതേ കാലത്താണ് '(എ.ഡി. 261)' 'ടെറിബിന്തസി'ന്റെ ശിഷ്യനായ 'മനെസ്' പേര്‍സ്യയില്‍ 'മാനിക്കിയന്‍' വിശ്വാസികളുടേതായ ഒരു പ്രസ്ഥാനം സ്ഥാപിച്ചത്. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ അലക്‌സാണ്ഡ്രിയയില്‍ പഠനം നടത്തുകയും തേബിയസ് തടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത 'സ്‌തൈത്യനുസ്' എന്ന മതപ്രബോധകന്‍ കടല്‍ കടന്ന് ഇന്ത്യവരെ ചെല്ലുകയും അവിടെ നിന്ന് 'അത്യധികം അസാധാരണങ്ങളായ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു ഗ്രന്ഥങ്ങള്‍' പേര്‍ഷ്യയിലേക്കു കൊണ്ടുവരികയും ചെയ്തു. ഈ പുതിയ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നതിനു മുമ്പായി, എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അദ്ദേഹം മരണപ്പെട്ടു. സ്‌തൈത്യനുസ്സിന്റെ ശിഷ്യനായ ടെറിബിന്തസ് പുതിയ മതചിന്തകള്‍ പാലസ്തീനിലും പേര്‍സ്യയിലും പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായി. താന്‍ മറ്റൊരു ബുദ്ധനാണെന്നും ഒരു കന്യകയാണ് തന്റെ മാതാവെന്നും ടെറിബന്തസ് സ്വയം പ്രഖ്യാപിച്ചു നടന്നു. പുരോഹിതവര്‍ഗത്തിന് ഇത് രുചിച്ചില്ല. അവരുടെ രോഷാകുലമായ എതിര്‍പ്പില്‍നിന്നു രക്ഷപ്പെടാന്‍, സമ്പന്നയായ ഒരു വിധവയുടെ വീട്ടില്‍ അദ്ദേഹം അടച്ചുകൂടുകയും ചെയ്തു. വിധവയുടെ പോറ്റുമകനോ ഭൃത്യനോ ആയിരുന്ന 'മനെസ്' ആണ് പിന്നീട് പുതിയ പ്രബോധനങ്ങളുമായി 'ഹിന്ദി'ലും 'സിന്‍'ലും ഇറങ്ങിയത്. ഈ ഓരോ സ്ഥലത്തും മനെസ്, തന്റെ സെപ്യൂട്ടിയായി സഹായികളില്‍പെട്ടവരെ നിയമിച്ചു. മെയ്ന്‍സ് 'ഹിന്ദ്' എന്നെങ്കിലും സന്ദര്‍ശിച്ചിരുന്നോ എന്നു സംശയമാണ്. അക്കാലത്ത് അറബികള്‍ മനസ്സിലാക്കിയ 'ഹിന്ദ്', ഇന്ത്യയുടെ ദക്ഷിണഭാഗത്ത് ഒതുങ്ങി നില്‍ക്കുന്ന ഭൂപ്രദേശമായിരുന്നു. എ.ഡി. 277ല്‍ പേര്‍സ്യന്‍ രാജാവ്, മനെസിനെ കൊല്ലുകയാണുണ്ടായത്.

മനിക്കിയന്‍1 ഉദ്‌ബോധനം ഇതായിരുന്നു: ക്രിസ്തു ഉല്‍പത്തികാല സര്‍പ്പമത്രേ. ആദാമിനേയും ഹവ്വയേയും വെളിച്ചത്തിലേക്കു നയിച്ച സ്രഷ്ടാവും രക്ഷകനും സംഹാരകനും മനുഷ്യന്റെ ആദ്യത്തെ ആത്മാവും ആത്മാവിന്റെ സംരക്ഷകനും ആത്മാവിന്റെ മോക്ഷവിമുക്തിക്കുള്ള ഉപാധിയുടെ കര്‍ത്താവും എല്ലാം ഈ സര്‍പ്പം തന്നെ. സര്‍പ്പം ഭൂമുഖത്തുനിന്നു പിറവികൊണ്ടു, മനുഷ്യ സമുദായത്തിന്റെ മോചനത്തിന്നായി ഓരോ മരത്തിന്റെ കൊമ്പുകളിലും ചുറ്റിപ്പിണഞ്ഞു ഞാന്നുകിടന്നു. മനുഷ്യമക്കള്‍ക്ക് ഓരോ മരത്തിലുള്ള ഓരോ കമ്പിലും ക്രിസ്തു ക്രൂശിതനായി കാണപ്പെട്ടു. 'ബുദ്ധന്റേയും ക്രിസ്തുവിന്റേയും ശാലിവാഹനന്റേയും പ്രതിരൂപത്തില്‍ മാനെസിന്റെ മതബോധനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍2, പുതിയ വിശ്വാസത്തിന്ന് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ടായി. മാനെസിന്റെ വിശ്വാസസംഹിതകളിലൊന്നു, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തിലേക്കുള്ള കുടിയേറ്റവും തദ്വാരാ ഉള്ള പ്രേഷിതപ്രവര്‍ത്തനവുമായിരുന്നു. അനുയായികള്‍ പാലിക്കേണ്ട ജീവിത ചര്യയും ചട്ടങ്ങളും ക്രമങ്ങളും കര്‍ശനവും കഠിനവുമായിരുന്നു. അവര്‍ മത്സ്യമാംസാദികളും വീഞ്ഞും മറ്റും ഉപയോഗിക്കുന്നതിനെ വിലക്കിയിരുന്നു. ഓരോ പ്രവിശ്യയുടേയും ഭരണാധികാരിയേയോ അവരുടെ നാട്ടുകൂട്ടത്തലവനേയോ ക്രിസ്തുവിന്റെ പ്രതിരൂപമായി അവര്‍ കരുതി.

ഈ രൂപത്തിലുള്ള ക്രൈസ്തവ വിശ്വാമാണോ അതല്ല ഇതിലും കടന്ന യാഥാസ്ഥിക രൂപത്തിലുള്ള ക്രൈസ്തവാദര്‍ശമാണോ ആദ്യമായി മലയാളക്കരയില്‍ പ്രചരിപ്പിക്കാന്‍ ഇടയായതെന്നു പറയാന്‍ പ്രയാസമാണ്. അന്തരിച്ച ഡോ: ബര്‍ണലിന്റെ അഭിപ്രായത്തില്‍ 'ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ കുടിയേറ്റ സങ്കേതങ്ങള്‍ - പേര്‍സ്യക്കാരുടേതാണ്; അക്കാരണത്താല്‍ തന്നെ മനിക്കിയന്‍ അഥവാ നോസ്റ്റിക്ക് വിഭാഗക്കാരുടേതാണെന്നു പറയാം.' ഈ ആദ്യകാല ക്രൈസ്തവകേന്ദ്രങ്ങളെ എ.ഡി. പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടുകള്‍ക്കു മുമ്പായി കൂടുതല്‍ യാഥാസ്ഥിക നെസ്‌തോറിയന്‍ കുടിയേറ്റങ്ങള്‍ വഴി വിപുലീകരിച്ചതായി കരുതാനും വയ്യ.

മറിച്ച്, സെസേറിയയിലെ ബിഷപ്പ് യ്യൂസെബ്യസ് എ.ഡി. 264-340 കാലഘട്ടത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്, 'അലക്‌സാന്‍ഡ്രിയയിലെ മതപാഠശാലയിലെ 'പാന്റെറനുസ്' ഇന്ത്യ സന്ദര്‍ശിക്കുകയും അവിടെ നിന്ന് എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സെയിന്റ് മാത്യുവിനാല്‍ വിരചിതമായ സത്യവേദപുസ്തകത്തിന്റെഹീബ്രുഭാഷയിലുള്ള ഒരു കോപ്പി നാട്ടിലേക്കു കൊണ്ടുവരികയും ചെയ്തു എന്നാണ്.' ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളിലൊരാള്‍ (അപ്പോസ്തലന്‍ ബാര്‍തലോമിയോ) ഇന്ത്യ സന്ദര്‍ശിച്ചുവെന്നും ബിഷപ്പ് യ്യൂസെബ്യസ് പറയുന്നുണ്ട്.

അക്കാലത്തും അതിനുശേഷം ദീര്‍ഘകാലം വരെയും 'ഇന്തീസ്' (ഇന്ത്യ) എന്നുപറയുമ്പോള്‍ ഭൂമുഖത്തിലെ ഭൂരിഭാഗമെന്നായിരുന്നു വിവക്ഷ. ഇന്തീസില്‍ ഏതു ഭാഗമാണ് 'പേര്‍സ്യന്‍പാതിരി' സന്ദര്‍ശിച്ചതെന്നു തീര്‍ത്തുപറയുക പ്രയാസമുണ്ട്. കാരണം നാലാം നൂറ്റാണ്ടോടുകൂടി രണ്ടു ഇന്ത്യകള്‍ മേജര്‍ ഇന്ത്യയും മൈനര്‍ ഇന്ത്യയും, നിലവിലുള്ളതായി അറിയപ്പെട്ടുതുടങ്ങി. പേര്‍സ്യയോടു തൊട്ടുകിടക്കുന്നതായിരുന്നു 'ഇന്ത്യമൈനര്‍'. കുറേ കഴിഞ്ഞപ്പോള്‍ മൂന്ന് ഇന്ത്യകളെപ്പറ്റി കേള്‍ക്കാനിടയായി - മേജര്‍, മൈനര്‍, ടെര്‍ഷിയ, ആദ്യത്തേത് മലബാറില്‍ നിന്നും അനിശ്ചിതമായി കിഴക്കോട്ട് വ്യാപിച്ചുകിടന്നു. രണ്ടാമത്തേത് മലബാര്‍ ഉള്‍പ്പെടാതെയുള്ള, അതേസമയം മലബാര്‍വരെ, വ്യാപിച്ചുകിടക്കുന്ന പശ്ചിമതീര ഇന്ത്യ. ഇതില്‍ സിന്ധും മെക്രാന്‍ തീരവും പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ടെര്‍ഷിയ ആഫ്രിക്കയിലെ സാന്‍സിബാര്‍ ആയിരുന്നു.

ഇന്ത്യാമേജറിന്റെ ഭാഗമായിരുന്നു മലബാര്‍തീരമെന്നു സ്പഷ്ടമാണല്ലോ. എന്നാല്‍, പാന്റെനുസ് സന്ദര്‍ശിക്കാനിടയായത് ഇന്ത്യാമേജറില്‍പ്പെട്ട ഇന്ത്യയുടെ ഈ ഭാഗമായിരുന്നോ എന്നു തീര്‍ത്തുപറയാന്‍ പ്രയാസമുണ്ട്. ഇന്ത്യാമേജറിലേക്ക് അദ്ദേഹം വന്നെത്തിയെന്നു സങ്കല്പിച്ചാല്‍ അത് മലബാര്‍ തീരത്തായിരുന്നെന്നും ഹീബ്രുഭാഷയിലുള്ള വേദപുസ്തകം അദ്ദേഹം കണ്ടെടുത്തുകൊണ്ടുപോയത് അവിടെനിന്നാണെന്നും സിദ്ധിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ക്രിസ്ത്വബ്ദത്തിന്റെ തുടക്കം മുതല്‍ക്കോ അതിനും മുമ്പു തൊട്ടോ, ഇപ്പോള്‍ നാട്ടുരാജ്യമായി അറിയപ്പെടുന്ന കൊച്ചിരാജ്യത്തില്‍ കുടിപാര്‍ക്കുന്നവരാണ് ജൂതര്‍ എന്ന് വിശ്വസിച്ചുപോരുന്നു. അത്രയുമല്ല, പ്യൂട്ടിഞ്ഞേരിയന്‍ ശിലാരേഖപ്രകാരം എ.ഡി. 210-ല്‍ റോമക്കാര്‍ മുസിരിസില്‍ (കൊടുങ്ങല്ലൂര്‍) രണ്ടു കമ്പനി പട്ടാളക്കാരെ അവരുടെ വ്യാപാര സംരക്ഷണത്തിന്നായി നിര്‍ത്തിയിരുന്നുവെന്ന വസ്തുത വെച്ചുനോക്കുമ്പോള്‍ അലക്‌സാന്‍ഡ്രിയയും മലബാര്‍ തീരവുമായി നേരിട്ടും നിരന്തരവുമായ ഗതാഗത - വ്യാപാരബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നുവെന്നു തീര്‍ച്ചയാണ്. ആ നിലയ്ക്ക്, പാന്റെനുസ് ഇന്ത്യാമേജറിലേക്കും മുസിരിയിലേക്കും വന്നിരുന്നുവെന്ന് അനുമാനിക്കാന്‍ ന്യായമുണ്ട്.

സെയിന്റ് മാത്യുസിന്റെ വേദപുസ്തകത്തിന്റെ ഹീബ്രുകോപ്പി പാന്റെനുസ് ഇവിടെനിന്നു കൊണ്ടുപോയെന്ന പ്രസ്താവത്തില്‍നിന്നു മലയാളക്കരയിലെ ആദ്യത്തെ ക്രിസ്ത്യന്‍ കുടിപ്പാര്‍പ്പുകേന്ദ്രം ഇസ്രേലികളുടേതായിരുന്നു. സിറിയരുടേയോ പേര്‍സ്യരുടേയോ അല്ലായിരുന്നു എന്നും സിദ്ധമാകുന്നു. സെയിന്റ് തോമസ് സിറിയയിലെ എഡെസയിലെ അപ്പോസ്തലനാണെന്ന് യൂസിബ്യസ് എടുത്തുപറയുന്നുണ്ട്. ഈ വസ്തുതകള്‍ വഴിവെക്കുന്ന മറ്റൊരു നിഗമനം, ആദ്യകാല ക്രൈസ്തവ കോളനികളില്‍ സിറിയന്‍ സ്വാധീനമല്ല, മറിച്ച് പേര്‍സ്യന്‍ സ്വാധീനമാണ് പ്രകടമായിരുന്നത് എന്നാണ്.

ശ്രദ്ധേയമായ ഒരു വസ്തുത കൂടി ഇതു സംബന്ധിച്ചിട്ടുണ്ട്; 'പേര്‍സ്യയുടേയും ഗ്രേറ്റ് ഇന്ത്യയുടെയും' മെത്രാപൊലിത്തയായ ജോഹനസ്സ് എ.ഡി. 325-ല്‍ നടന്ന സീസ് ക്രൈസ്തവ കൗണ്‍സിലില്‍ സംബന്ധിക്കുകയുണ്ടായി. ഈ പറയുന്ന 'ഗ്രേറ്റ് ഇന്ത്യ' മലബാര്‍തീരം ഉള്‍പ്പെട്ട 'ഇന്ത്യ മേജര്‍' ആണെന്നു കരുതുന്നതില്‍ യാതൊരു അപാകതയുമില്ല. മെത്രാപൊലീത്ത ജൊഹനസ്സ് മനിക്കിയന്‍ വിഭാഗക്കാരനായിരുന്നുവെങ്കില്‍ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം സന്നിഹിതനാകുമായിരുന്നോ?

എ.ഡി. 371-ല്‍ സിറിയയിലേക്കു പോകുകയും 25 വര്‍ഷക്കാലം എഡെസ്സയില്‍ താമസിക്കുകയും ചെയ്ത റുഫിനസ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്, സെയിന്റ് തോമസ്സിന്റെ മൃതദേഹം ഇന്ത്യയില്‍ നിന്ന് എഡെസ്സയിലേക്കു കൊണ്ടുവന്നു അവിടെ അടക്കം ചെയ്തുവെന്നാണ്. ഈ സമയത്തും അപ്പോസ്തലന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിപ്പുണ്ടായിരുന്നുവെന്നു സങ്കല്പിച്ചാല്‍ത്തന്നെ, ഏത് 'ഇന്തീസി'ല്‍നിന്നാണ് അത് എഡെസ്സയില്‍ കൊണ്ടുവന്നതെന്ന ചോദ്യമുണ്ട്.

ഏകദേശം ഈ സമയത്താണ് 'ജൂദാസ് തോമസ്സിന്റെ ചെയ്തികളെ'പ്പറ്റിയുള്ള ആദ്യത്തെ ആധികാരികമായ പ്രസ്താവന, സലാമിസിന്റേയും ജെറൊമയുടെയും ബിഷപ്പായ എപ്പിഫാനിയൂസ് വഴി പുറത്തുവന്നത്. എ.ഡി. 420-ല്‍ ബിഷപ്പ് എപ്പിഫാനിയൂസ് അന്തരിച്ചു. സെയിന്റ് തോമസിന്റെ ഇന്ത്യയിലേക്കുള്ള ദൗത്യത്തെപ്പറ്റിയും ഈ പ്രസ്താവനയില്‍ പറയുന്നുണ്ടെന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.

ബന്ധപ്പെട്ട മറ്റൊരു കാര്യം എ.ഡി. 428-ലോ 429-ലോ ആണ് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ബിഷപ്പായി സെസ്റ്റൊറിയൂസ് അവരോധിതനായതെന്ന വസ്തുതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നെസ്റ്റോറിയൂസ് 'ക്രിസ്തീയവിരുദ്ധ' ചിന്തകളെ എഫിസസ് കൗണ്‍സില്‍, അദ്ദേഹം ബിഷപ്പായതിന് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുശേഷം, അപലപിക്കുകയും എ.ഡി. 435ല്‍ ചക്രവര്‍ത്തിയാല്‍ അദ്ദേഹം രാജ്യത്തുനിന്നു ബഹിഷ്‌കൃതനാവുകയും ചെയ്തു. 439-ല്‍ അദ്ദേഹത്തിന്റെ അനുയായികളേയും നാടുകടത്തി. തുടര്‍ന്ന് ഒന്നോ രണ്ടോ കൊല്ലങ്ങള്‍ക്കുശേഷം മനിക്കിയന്‍ വിശ്വാസികളും നായാടപ്പെട്ടു. അവരുടെ കൃതികള്‍ റോമില്‍ തീയിട്ടുചുട്ടു. എ.ഡി. 444-ല്‍ റോം കൗണ്‍സില്‍ മനിക്കിയന്‍ മതം തന്നെ നിരോധിക്കുകയുണ്ടായി.

ഇന്ത്യയും പേര്‍സ്യയുമായി വിപുലമായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ആറാം നൂറ്റാണ്ടിന്റെ നടുവില്‍ പേര്‍സ്യന്‍ പണ്ഡിതന്‍ - അധികപക്ഷവും ഒരു ക്രിസ്തീയവിശ്വാസി - പഞ്ചതന്ത്രത്തിന്റെ ഒരു കോപ്പി കണ്ടെടുക്കാന്‍ ഇന്ത്യയിലെത്തുകയുണ്ടായി.

ബൈസെന്‍ട്രീന്‍ സന്യാസിയായ കോസ്മാസ് ഇന്‍ഡികൊപ്ലിസ്തുസ് ഏകദേശം 522 എ.ഡി.യില്‍ സിലോണും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരവും സന്ദര്‍ശിച്ചതിനുശേഷം ഇങ്ങനെ എഴുതുകയുണ്ടായി; 'തപ്രൊബാനെ (സിലോണ്‍) എന്ന ദ്വീപില്‍ ഒരു ക്രൈസ്തവദേവാലയവും ഗുമസ്താക്കളും വിശ്വാസികളും ഉള്ളതായി കണ്ടു. അതുപോലെ, കുരുമുളകു വിളയുന്ന 'മാലെ'യിലും കല്ല്യെന എന്ന പട്ടണത്തിലും പേര്‍സ്യയില്‍ വാഴിക്കപ്പെട്ട ബിഷപ്പുമാരെ കണ്ടു. 'മാലെ' വ്യക്തമായും മലബാറിനെ കുറിക്കുന്നു. കല്ല്യെന തെക്കന്‍ കര്‍ണാടകത്തില്‍ ഉഡുപ്പിക്കടുത്ത ഒരു സ്ഥലമാണെന്നും സ്പഷ്ടമാണ്.

അസ്സമാനിയുടെ 'ബിബ്ലിയൊത്തെക്ക'യില്‍ യേശുജാബുസ് പാതിരി (എ.ഡി. 660 അന്തരിച്ചു) പേര്‍സ്യയിലെ മെത്രാപൊലീത്തയായ സൈമണിന്ന് എഴുതിയ ഒരു കത്ത് ഉദ്ധരിച്ചിട്ടുണ്ട്. മെത്രാപൊലീത്തയുടെ കൃത്യവിലോപത്തെ കുറ്റപ്പെടുത്തുന്ന ഈ എഴുത്തില്‍ അദ്ദേഹം 'പേര്‍സ്യന്‍ രാജാധിപത്യത്തിന്റെ കരയോരം മുതല്‍ 'കൊലൊന്‍ വരെ 1200 പരസാംഗം ദൂരത്തില്‍ നീണ്ടുകിടക്കുന്ന ഇന്ത്യയില്‍ മുറയ്ക്കുള്ള വൈദികധര്‍മ്മം നടത്താന്‍ ശ്രദ്ധിക്കാതിരുന്നതുമൂലം പേര്‍സ്യയെ ഇരുട്ടിലാക്കി എന്ന ആക്ഷേപമാണ് അടങ്ങിയിരിക്കുന്നത്. 'കൊലൊന്‍' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതു ക്വയിലോണോ കൊല്ലമോ ആണെന്നു സംശയരഹിതമായി പറയാം. മലയാളക്കരയില്‍ ഇസ്‌ലാംമതത്തിന്റെ സത്വരമായ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടായത് പേര്‍സ്യയിലെ മെത്രാപൊലീത്തയുടെ അലംഭാവം കൊണ്ടാണെന്നു സൂചിപ്പിച്ചിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

ഇതേ കാലഘട്ടത്തില്‍ (എ.ഡി. ഏഴാം നൂറ്റാണ്ട്) തന്നെയാണ് ഈജിപ്തും ഇന്ത്യയുമായി നേരിട്ടുള്ള ചെങ്കടല്‍ വ്യാപാരം അന്തിമമായി വിച്ഛേദിക്കപ്പെട്ടതും - മുഹമ്മദീയമതത്തിന്റെ ഉയര്‍ച്ചയും അറേബ്യന്‍ രാഷ്ട്രീയാധികാരത്തിന്റെ വളര്‍ച്ച തന്നെ കാരണം.

അടുത്ത നൂറുവര്‍ഷക്കാലം പേര്‍സ്യന്‍ മെത്രാപൊലീത്തയുടെ സ്വാധീനം ദുര്‍ബ്ബലപ്പെടുകയും സെലൂഷ്യന്‍ പാത്രിയാര്‍ക്കീസിന്റെ നിയന്ത്രണത്തിന്നു വീണ്ടും വിധേയമാവുകയും ചെയ്തു. മലബാറിലെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ സിറിയന്‍ സ്വാധീനം തുടങ്ങിയത് ഇവിടം കൊണ്ടാണെന്നു തോന്നുന്നു; മലയാളക്കരയില്‍ ക്രിസ്തീയമതം ആരംഭിച്ചതു സംബന്ധിച്ചു നിലനില്‍ക്കുന്ന ഐതിഹ്യം ഇത് സാധൂകരിക്കുന്നു. ബഗ്ദാദ്, നിനേവ, ജറൂസലം എന്നീ നാടുകളില്‍ നിന്നായി, 'ഉരളെ' (എഡെസ്)യിലെ കത്തോലിക് വൈദികാധ്യക്ഷന്റെ കല്പനപ്രകാരം, ഒരു വലിയ സംഘം ക്രൈസ്തവര്‍ എ.ഡി. 745-ല്‍ വ്യാപാരിയായ തോമസിനോടൊത്ത് മലബാറില്‍ എത്തിച്ചേര്‍ന്നു' എന്നാണ് പാരമ്പര്യവിശ്വാസം.

ഈ തീയ്യതി ശരിയോ തെറ്റോ ആവട്ടെ, സിറിയന്‍ - ചെമ്പോല പട്ടയങ്ങളില്‍ എ.ഡി. 774-ലും സിറിയന്‍ സാന്നിധ്യത്തിന്റെ യാതൊരംശവും കാണാനില്ലെന്നതു നിസ്തര്‍ക്കമാണ്. മറിച്ച്, മലയാളക്കരയിലെ ആദ്യകാലക്രൈസ്തവകുടിയേറ്റവുമായി ബന്ധപ്പെട്ട ഈ സുപ്രധാന പട്ടയ രേഖകളില്‍ പേര്‍സ്യന്‍ സ്വാധീനം വേണ്ടത്ര ഉണ്ടുതാനും. നസ്സാനിയന്‍ - പഹലവി, ഹീബ്രു അഥവാ കാല്‍ദ്യോ - പഹലാവി പരാമര്‍ശങ്ങള്‍ ഇതു തെളിയിക്കുന്നു. രണ്ടാമത്തെ സിറിയന്‍ - ചെമ്പോല പട്ടയത്തില്‍ പറയുന്ന 'മറുവന്‍സാപിര്‍ ഈസോ', 'മാര്‍ സാപോര്‍' അല്ലാതെ മറ്റാരുമല്ല. ഈ 'മാര്‍ സാപോര്‍' നോടൊപ്പമാണ് 'മാര്‍പാര്‍ഗെസ്' അഥവാ 'പെറോസ്' ബാബിലോണില്‍ നിന്നു 'കൗലാന്‍' (ക്വയിലോണ്‍) സന്ദര്‍ശിച്ചത് - ഏകദേശം എ.ഡി. 822-ല്‍ ഇവരാകട്ടെ, നെസ്‌തോറിയന്‍ പേര്‍സ്യക്കാരുമായിരുന്നു. രണ്ടു പട്ടയരേഖകളിലും പറയുന്ന മുഖ്യ സിറിയന്‍ കുടിയേറ്റ കേന്ദ്രം 'മാണിഗ്രാമം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു മാനെസ് വിശ്വാസികളുടെ അഥവാ മാനിയേക്കരുടെ ഗ്രാമത്തെയാണ് വിവക്ഷിക്കുന്നതെന്നു പരേതനായ ഡോ. ബര്‍ണല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്, സിറിയന്‍ ചെമ്പോലപട്ടയങ്ങള്‍ ഭാഷാന്തരപ്പെടുത്തിയ ഡോ. ഗുണ്ടര്‍ട്ട് ആണ് (എം.ജെ.എല്‍.എസ്സ്. വോള്യം ഃശശശ പാര്‍ട്ട് കക).

എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ മുസ്‌ലിംസഞ്ചാരി സുലൈമാന്‍ രേഖപ്പെടുത്തിയിരിക്കുന്നതു, 'കലബാര്‍' നിന്നു പത്തു ദിവസം സമുദ്രയാത്ര ചെയ്താലെത്തുന്ന രാജ്യമാണ് 'ബെട്ടുമ' എന്നാണ്. ബെട്ടുമ എന്നത് സെയിന്റ് തോമസിന്റെ സങ്കേതം. 'സാരന്ദീപില്‍ ഒരു വലിയ ജൂതകോളനിയും മറ്റു മതവിശ്വാസികളുടെ പ്രത്യേകിച്ചും മനിക്കിയരുടെ, കോളനികളും ഉണ്ട്. അതത് വിഭാഗക്കാരുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ രാജാവ് അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.'

മേല്‍പ്പറഞ്ഞ വസ്തുതകളില്‍നിന്നു അനുമാനിക്കാവുന്ന ഒരു കാര്യം മലബാര്‍ ചര്‍ച്ച്, ആരംഭകാലത്തു അതിന്റെ ഘടന എന്തായാലും, ഡോ. ബര്‍ണല്‍ സൂചിപ്പിക്കുംവിധം 'പില്‍ക്കാലമനിക്കിയന്‍ പള്ളിയായി' മാറ്റുകയുണ്ടായില്ല. പകരം, കൂടുതല്‍ യാഥാസ്ഥിതികപേര്‍സ്യന്‍ (നെസ്‌തോറിയന്‍) പള്ളിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. സുറിയാനികള്‍ തന്നെ പറയുന്നത്, മലയാളക്കരയില്‍ ജാക്കോബിയന്‍ വിശ്വാസ സംഹിതകള്‍ 1663 വരെ പ്രചാരത്തില്‍ വന്നിരുന്നില്ലെന്നാണ്. ഇതിന്നുശേഷമാണ്, അന്തിയോഖ്യപാത്രിയാര്‍ക്കീസിന്നു പള്ളിയുടെ മേല്‍ നിയന്ത്രണം സിദ്ധിച്ചത്.
ഇതേ തുടര്‍ന്ന് സിറിയന്‍ ചര്‍ച്ചിന്ന് മേധാവിത്വം സിദ്ധിച്ചതെന്നു പൊതുവേ അംഗീകരിക്കപ്പെടാന്‍ ഇടവന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റില്‍പ്പെട്ട കോട്ടയത്തു കാണപ്പെടുന്ന ഒരു ശിലാഫലകലിഖിതം സിറിയന്‍ ഭാഷയിലും മറ്റൊന്ന് പഹലവിഭാഷയിലുമാണ്. ഇന്ത്യയില്‍ പഹലവിഭാഷയിലുള്ള ഏറ്റവും പുതിയ ലിഖിതം എ.ഡി. പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടിലേതാണ്. എന്നുവെച്ചാല്‍, ഈ സമയമാകുമ്പോഴേക്കും ക്രിസ്തീയപള്ളിയില്‍നിന്നു പേര്‍സ്യന്‍ സ്വാധീനം പൂര്‍ണമായി അസ്തമിച്ചുകഴിഞ്ഞിരുന്നു.

അതേസമയം, മാനെസ് വിശ്വാസപ്രമാണങ്ങളുടെ പ്രചാരണം ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍ കുറച്ചൊക്കെ ഫലപ്പെട്ടുവെന്നു പൊതുവേ കരുതപ്പെടുന്നു. ഇക്കാര്യവും മലയാളക്കരയില്‍ സുറിയാനി - റോമോ സുറിയാനി പള്ളികളുടെ തുടര്‍ന്നുള്ള ചരിത്രവും ഇന്നത്തെ അവസ്ഥയും സുറിയാനികളുടെ വാക്കുകളില്‍ തന്നെ വിവരിക്കുകയായിരിക്കും ഉത്തമം. ഒരു വലിയ സംഘം സിറിയന്‍ ക്രിസ്ത്യാനികള്‍, പരിശുദ്ധ ബിഷപ്പ് മാര്‍കൂറിലോസിന്റെ നേതൃത്വത്തില്‍, മദ്രാസ് ഗവര്‍ണര്‍ ബഹു. ഗ്രാന്റ്ഗുഫിനെ കോഴിക്കോട്ടുവെച്ച് 1882 ജനുവരിയില്‍ ചെന്നുകാണുകയും തങ്ങളെ സംബന്ധിച്ച സംക്ഷിപ്ത വിവരണമടങ്ങിയ ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. നിവേദനത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

'... ഇതിനുശേഷം ഞങ്ങള്‍ എ.ഡി. മൂന്നാം നൂറ്റാണ്ടിലേക്കു കടക്കുന്നു. മാനെസ് മതവിഭാഗത്തില്‍പ്പെട്ട ഒരു പേര്‍സ്യന്‍ നാസ്തികന്‍, അല്ലെങ്കില്‍ ചിലര്‍ കരുതുന്നതുപോലെ അന്യമതസ്ഥനും അവിശ്വാസിയുമായ ഒരു യോഗിവര്യന്‍, ഇന്ത്യയിലെത്തിയെന്നത് ഈ കാലഘട്ടത്തെ ശ്രദ്ധേയമാക്കുന്നു. ഈ സന്യാസിയുടെ പ്രബോധനങ്ങളില്‍ വളരെ പേര്‍ ആകൃഷ്ടരായി. ഇക്കാലത്തും പരക്കെ അറിയപ്പെടുന്ന മണിഗ്രാമക്കാര്‍1 ആണ് ഇക്കൂട്ടര്‍. നായന്മാരില്‍നിന്ന് ഇവരെ വേര്‍തിരിക്കുക പ്രയാസമാണ്. ഇവരെ ക്വയിലോണിലും കായംകുളത്തും മറ്റിടങ്ങളിലും കണ്ടുവരുന്നു. ഈ മതപ്രചരണ വിക്ഷോഭണങ്ങള്‍ക്കു നടുവില്‍ സ്വന്തം വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചുനിന്നവരുടെ പിന്‍ഗാമികളുടെ ആസ്ഥാനം തെക്കന്‍ തിരുവിതാംകൂറാണ്. 'ധരിയായികള്‍'2 അഥവാ വിഗ്രഹാരാധകരുടെ ചിഹ്നങ്ങള്‍ ധരിക്കാത്തവര്‍ എന്നാണിവരെ വിളിച്ചുവരുന്നത്.

'ക്രൈസ്തവ വിശ്വാസികളിലുണ്ടായ ഈ ആദ്യത്തെ ചേരിതിരിവു നടന്നു കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത് എ.ഡി. 350-ല്‍ 3സിറിയന്‍ വ്യാപാരിയും കാനാ വാസിയുമായ തോമസ് എത്തിപ്പെട്ടു. അവഗണിക്കപ്പെട്ട തന്റെ സമുദായത്തോടുള്ള കാനാതോമസ്സിന്റെ അനുഭാവവും വിശാലമനസ്‌കതയും അളവറ്റ തായിരുന്നു. അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുവെന്നു നാട്ടുകാരോടു സ്ഥിതിഗതികള്‍ വിവരിച്ചുകൊടുത്തതിന്റെ ഫലമായി, മലയാളക്കരയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ തോമസ്സിനെ അനുഗമിക്കാന്‍ ധാരാളം വിശ്വാസികള്‍ ഉണ്ടായി. ഇങ്ങനെ വന്നവരാണ് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ കോളനിക്കാര്‍, അഥവാ കുടിയേറ്റക്കാര്‍. ഇവരുടെ കൂട്ടത്തില്‍ വന്ന ആളാണ് മാര്‍ ജോസഫ് എന്ന ബിഷപ്പ്. അവര്‍ 400ഓളം പേര്‍ ഉണ്ടായിരുന്നു. മഹാദേവന്‍ പട്ടണം അറിയപ്പെടുന്ന കൊടുങ്ങല്ലൂരാണ് അവര്‍ കപ്പലിറങ്ങിയത്. മലബാറിന്റെ ഭരണാധിപനായ 'ചേരമാന്‍ പെരുമാളി4ന്റെ' അനുവാദത്തോടെ അവര്‍ ഈ നാട്ടില്‍ കുടിപാര്‍ത്തു. ഇങ്ങനെ കുടിയേറിയ ക്രിസ്ത്യന്‍സമുദായത്തോടുള്ള ആദരസൂചകമായി അവര്‍ക്ക് ചില സൗജന്യങ്ങള്‍ (മൊത്തം 72) അനുവദിച്ചുകൊടുത്തു. ഇതോടെ ക്രിസ്ത്യാനികള്‍ ബ്രാഹ്മണര്‍ക്കു തുല്യമായ പദവി കൈവരിച്ചു. ഈ സൗജന്യങ്ങളില്‍ ഒന്ന് 17 കീഴ്ജാതികളുടെ മേലെയാണ് ക്രിസ്ത്യാനികള്‍ എന്നതാണ്. ഇവര്‍ക്കിടയിലുണ്ടാവുന്ന സമുദായത്തര്‍ക്കങ്ങളില്‍ മാധ്യസ്ഥ്യം പറയേണ്ടത് ഇപ്പോഴും സുറിയാനികളാണ്. ചെമ്പുതകിടുകളില്‍ എഴുതി തയ്യാറാക്കിയതാണ് സുറിയാനിക്രിസ്ത്യാനികള്‍ക്കു ചേരമാന്‍ പെരുമാള്‍ കല്പിച്ചനുവദിച്ച ഈ ആനുകൂല്യങ്ങള്‍ അഥവാ അവകാശങ്ങള്‍. സുറിയന്‍ മെത്രാന്റെ അധീനതയില്‍ ഈ ചെമ്പോലകള്‍ കോട്ടയം സെമിനാരിയില്‍ സൂക്ഷിച്ചിരിക്കുന്നു.

'ഒമ്പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിന്നും ഇടയില്‍ പേര്‍സ്യയില്‍ നിന്നു മറ്റൊരു വലിയ സംഘം ക്രൈസ്തവര്‍ (നെസ്‌തോറിയന്‍) ക്വയിലോണില്‍ രണ്ടാമത്തെ കുടിയേറ്റകേന്ദ്രം (കോളണി) സ്ഥാപിക്കുന്നതുവരെ കാര്യങ്ങള്‍ ഈ രീതിയില്‍ നടന്നുപോന്നു. അവരേയും ഹാര്‍ദ്ദമായി സ്വീകരിച്ചു നാട്ടില്‍ കുടിപാര്‍ക്കാന്‍ അനുവദിച്ചു. ക്രൈസ്തവസമുദായത്തിന്റെ വടക്കുദേശക്കാര്‍ അടങ്ങിയ ആദ്യത്തെ കോളണി കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കിയും തെക്കുള്ള രണ്ടാമത്തെ കോളണിക്കാര്‍ കുറുക്കേനി-കൊല്ലം, അഥവാ ക്വയിലോണ്‍ കേന്ദ്രമാക്കിയും താമസിച്ചു പ്രവര്‍ത്തിച്ചുപോന്നു. ചെമ്പോല പട്ടയങ്ങളില്‍ ഈ വിഭജനം വ്യവച്ഛേദിച്ചു പറയുകയും അടുത്ത കാലത്തുണ്ടായ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് രൂപംകൊള്ളുന്ന സമയം വരെ, നൂറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുകയും ചെയ്തിട്ടുള്ളതാകുന്നു. ക്രൈസ്തവ സമുദായത്തിന്റെ അഭ്യുന്നതി അതിന്റെ പാരമ്യംപ്രാപിക്കുന്നത് ഒമ്പതാം നൂറ്റാണ്ടിന്നും പതിനാലാം നൂറ്റാണ്ടിനും ഇടയിലാണ്. ഇക്കാലത്താണ് അവര്‍ക്കു സ്വന്തമായ ഒരു രാജാവിനെ വാഴിക്കാമെന്നു വന്നത്. എന്നാല്‍ ഈ രാജാവിന്റെ അധികാരാതിര്‍ത്തി നിര്‍ണയിക്കുന്ന ചരിത്രപരമായ വസ്തുതകള്‍ ഒന്നുമില്ല. ക്രിസ്ത്യാനികളുടെ രാജവംശത്തെ 'വലിയാര്‍വട്ടം' അഥവാ 'ഉന്തിയംപേരൂര്‍' (ഉദയംപേരൂര്‍) എന്നറിഞ്ഞുവരുന്നു. പില്‍ക്കാലത്ത് ഈ രാജവംശം നാമാവശേഷമാവുകയും ക്രൈസ്തവസമുദായം 'പെരുമ്പടപ്പ്' അഥവാ കൊച്ചി നാട്ടുരാജ്യാധികാരത്തിനു കീഴില്‍ വരികയും ചെയ്തു. സുറിയാനികളുടെ ചരിത്രത്തിന്റെ ഈ ഭാഗം നമ്മെ പോര്‍ത്തുഗീസുകാരുടെ ആഗമനവുമായി ബന്ധിപ്പിക്കുന്നു.

പോര്‍ത്തുഗീസുകാര്‍ രംഗപ്രവേശം ചെയ്ത ഉടന്‍, മലയാളക്കരയിലെ ക്രിസ്ത്യാനികള്‍ അവരെ സമീപിച്ചു പിന്തുണയും സംരക്ഷണയും നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. അസ്തിത്വം തെളിയിക്കാന്‍ തങ്ങളുടെ നഷ്ടപ്പെട്ടുപോയ 'ഉന്തിയംപേരൂര്‍' രാജവംശത്തിന്റെ അഥവാ കൊട്ടാരത്തിന്റെ ഉടമാവകാശരേഖയും ഡ ഗാമയ്ക്കു സമര്‍പ്പിച്ചു. ഡ ഗാമയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും താത്പര്യം, തദ്ദേശക്രൈസ്തവ ദേവാലയങ്ങളെ റോമിന്റെ മതമേല്‍ക്കോയ്മക്കു കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇക്കാരണത്താല്‍, മലയാളക്കരയിലെ ക്രൈസ്തവര്‍ പോര്‍ത്തുഗീസുകാരുമായി പുലര്‍ത്തിയ ബന്ധങ്ങളുടെ ചരിത്രം സമര്‍ഥമായ നീക്കങ്ങളുടെയും അക്രമങ്ങളുടെയും ഒരു ശൃംഖലയായിരുന്നു. ഇതിന്റെ പാരമ്യമായിട്ടാണ് ഗോവയുടെ ആര്‍ച്ച് ബിഷപ്പായി അലെക്‌സിമെനസസ്സിന്റെ ദൗത്യമുണ്ടായത്. എ.ഡി. 1598ല്‍ പോപ്പ് നിയമിച്ചയച്ച മെനസസ്സിന് ഇന്ത്യയില്‍ നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യം, സിറിയന്‍ ചര്‍ച്ചിനെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തുക എന്നതായിരുന്നു. 1599-ല്‍ ബിഷപ്പ് മെനസസ്സ്, അവിസ്മരണീയമായ 'ഡിയാംപര്‍' (ഉദയംപേരൂര്‍) സൈനോഡ് (സുന്നഹദോസ്) വിളിച്ചുചേര്‍ക്കുകയും അതില്‍ വെച്ച് നെസ്‌തോറിയന്‍ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്തു. ഈ ഘട്ടത്തില്‍ 75 ക്രൈസ്തവ ദേവാലയങ്ങളേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. ബിഷപ്പ് മെനസസ്സിന്റെ ആഗമനം, ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലെ മൂന്നാമത്തേതായ, ഏറ്റവും ഗൗരവതരമായ ഭിന്നിപ്പിനു വഴിവെച്ചു - റോമാ - സിറിയന്‍സ് അഥവാ 'പഴയ സഭക്കാര്‍' എന്നും സിറിയന്‍സ് അഥവാ 'പുതിയ സഭക്കാര്‍' എന്നും രണ്ടു ചേരികളായി സഭ തിരിഞ്ഞു. എന്നാല്‍ ഏറെ കഴിയുന്നതിനു മുമ്പായിത്തന്നെ കുഴപ്പങ്ങള്‍ കെട്ടടങ്ങാനിടയായി. ഡച്ചുകാരുടെ ആഗമനത്തോടെയാണിത്. അവരുടെ സാന്നിധ്യം സഭയുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ക്കും സമുദായത്തിനെതിരായ സമ്മര്‍ദ്ദങ്ങള്‍ക്കും വിരാമമിട്ടു. 1663-ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചടക്കിയതിനെ തുടര്‍ന്ന് റോമന്‍ ബിഷപ്പുമാരും പാതിരിമാരും സന്യാസിമാരും കൊച്ചി വിട്ടുപോകണമെന്ന ഉത്തരവുണ്ടായി. ഇതു സുറിയാനികളെ സംബന്ധിച്ചിടത്തോളം ചെറിയ അനുഗ്രഹമായിരുന്നില്ല.

'ഡച്ചുകാരുടെ വരവിന്നു മുമ്പായിത്തന്നെ ഇവിടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ജാക്കോബായ ബിഷപ്പുമാരെ കുറിച്ചുകൂടി പറയുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ ചരട് പൂര്‍ണമാവുകയില്ല. പോര്‍ത്തുഗീസുകാരുമായുള്ള ബന്ധത്തിന്റെ അവസാനഘട്ടത്തില്‍ സഭയില്‍ നടമാടിയ അരാജകത്വമാണ് യക്കോബായ ബിഷപ്പന്മാരുടെ സാന്നിധ്യത്തിന്നു വഴിവെച്ചത്. സുറിയാനികളെ റോമന്‍ ചര്‍ച്ചില്‍ വിലയിപ്പിക്കണമെങ്കില്‍ ബിഷപ്പുമാരേയും പുരോഹിത സംഘത്തേയും ഉന്മൂലനം ചെയ്‌തേ പറ്റൂ എന്ന സ്ഥിതിയിലേക്ക് ഇവരെ കാര്യങ്ങള്‍ കരുതിക്കൂട്ടിത്തന്നെ കൊണ്ടെത്തിച്ചിരുന്നു. എന്നിരുന്നാലും, തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനു ധൈര്യമുള്ളവരുടെ എണ്ണം കുറവായിരുന്നില്ല. അവര്‍ പരസ്യമായി സഭചേര്‍ന്ന്, ഒരു ബിഷപ്പിന്നുവേണ്ടി, ബാബിലോണിലേക്കും അന്ത്യോഖ്യയിലേക്കും അലക്‌സാഡ്രിയയിലേക്കും ഈജിപ്തിലേക്കും നിവേദനം നടത്താന്‍ പ്രതിജ്ഞയെടുത്തു.

'ഇങ്ങനെ ചെയ്തതും 1653-ല്‍ അന്ത്യോഖ്യ, ഒരു യാക്കോബായ ബിഷപ്പായമാര്‍ ഇഗ്നേഷ്യസിനെ ഇന്ത്യയിലേക്കയക്കുകയും ചെയ്തു. ഈ തീയ്യതി മുതല്‍ക്കാണ്, ജാക്കോബൈറ്റുകള്‍ മലബാര്‍ ചര്‍ച്ചിനെ പുളിച്ചു നാറ്റാന്‍ തുടങ്ങിയത്. മാര്‍ ഇഗ്നേഷ്യസിനെ നിര്‍ദ്ദയം പിടികൂടി കടലിലേക്കെറിഞ്ഞുവെന്നാണ് സുറിയാനികള്‍ വിശ്വസിക്കുന്നത്. മറ്റുള്ളവര്‍ കരുതുന്നത് അദ്ദേഹത്തെ ഇന്‍ക്വസിഷനു മുമ്പാകെ വിചാരണ ചെയ്യാന്‍ കൊണ്ടുപോയി എന്നാണ്. സമുദായത്തിന്റെ രോഷം ആളിപ്പടരുകയും ഇളകിവശായ ആളുകള്‍ പ്രതികാരത്തിന്നായി കൊച്ചിയിലേക്കു കുതിക്കുകയും ചെയ്തു. പോര്‍ത്തുഗീസുകാരുമായി തങ്ങള്‍ക്കിനി യാതൊന്നും ചെയ്യാനില്ലെന്നു ക്രൈസ്തവസമുദായം ഒരേ സ്വരത്തില്‍ ആണയിട്ടു പറഞ്ഞതിനപ്പുറം കൂടുതല്‍ ഗുരുതരമായി ഒന്നും സംഭവിച്ചില്ല. ഒരു കമ്പക്കയറില്‍ എല്ലാവരും പിടിച്ചു നിന്നാണ് ഈ പ്രതിജ്ഞയെടുപ്പു നടന്നത്. കയറില്‍ തൊട്ടവരെല്ലാം പ്രതിജ്ഞയില്‍ പങ്കാളികളായിരിക്കും.
'എ.ഡി. 1665 മുതല്‍ 1761 വരെ അഞ്ചു മെത്രാന്മാര്‍, വഴിക്കുവഴിയെ, സഭയുടെ (ചര്‍ച്ച്) അധ്യക്ഷപദവിയില്‍ അവരോഹിതരായി. 'മാര്‍തോമ' എന്ന പേരിലാണ് അഞ്ചു മെത്രാന്മാരും അറിയപ്പെട്ടത്. പകലോമറ്റം കുടുംബക്കാരായിരുന്നു അവരെല്ലാം. ഈ നൂറ്റാണ്ടു തുടങ്ങുംവരെയുള്ള കാലഘട്ടവും കുഴപ്പവിമുക്തമായിരുന്നില്ലെന്നു പറഞ്ഞാല്‍ മതിയാകും. തദ്ദേശ്യമെത്രാന്മാരുടെ അധികാരവും സാന്നിധ്യവുമായി പൊരുത്തപ്പെട്ടുപോകുന്നതല്ല വിദേശ മതാധ്യക്ഷന്മാരുടെ സാന്നിധ്യമെന്നതായിരുന്നു സംഘര്‍ഷത്തിന്നാധാരം.

'ശത്രുക്കളില്‍നിന്നും മിത്രങ്ങളില്‍നിന്നും ഒരുപോലെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍മൂലം ദണ്ഡിതവും പീഡിതവും അസംഘടിതവുമായ ക്രൈസ്തവസമുദായത്തിന്റെ ചരിത്രത്തില്‍ ഉജ്ജ്വലമായ ഒരധ്യായത്തിന്റെ തുടക്കം കുറിക്കുന്നതായിരുന്നു 1806ല്‍ റവണ്ട് ക്ലാഡിയുസ് ബുക്കാനന്റെ ആഗമനം. അദ്ദേഹം ഓരോ പള്ളിയിലും നടന്നുചെന്നു വിശ്വാസികളെ നേരിട്ടു കണ്ട് അവരുടെ വികാരങ്ങളും പ്രശ്‌നങ്ങളും അവധാനപൂര്‍വം മനസ്സിലാക്കി. പോര്‍ത്തുഗീസുകാരുടെ വരവിനെത്തുടര്‍ന്നുണ്ടായ 200 വര്‍ഷക്കാലം ക്രൈസ്തവസമുദായത്തിന് എന്തു സംഭവിച്ചുവെന്ന് അത്രയും വിശദമായി അതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ചെങ്ങന്നൂരില്‍ ഒരു വികാരിയോട്, സമുദായം എങ്ങനെ ഇത്രമേല്‍ അധഃപതിച്ചു എന്നു ബുക്കാനന്‍ ചോദിച്ചതിനു ലഭിച്ച അര്‍ഥഗര്‍ഭമായ മറുപടി ഇതായിരുന്നു: 'മുന്നൂറു വര്‍ഷങ്ങള്‍ മുമ്പ് ക്രിസ്തുവിന്റെ പേരും പറഞ്ഞ് ഒരു ശത്രു പടിഞ്ഞാറുനിന്ന് ഇവിടെ വന്നു തദ്ദേശ രാജാക്കളുടെ സംരക്ഷണം തേടി ജീവിക്കാന്‍ ഞങ്ങളോടു പറഞ്ഞു. ഈ നാട്ടുരാജാക്കന്മാര്‍ക്കു കീഴില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഞങ്ങള്‍ അടിമത്തത്തിലേക്ക് താഴ്ത്തപ്പെട്ടു.' കണ്ടനാട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടത്തെ മെത്രാനുമായി സംസാരിച്ചു. ആംഗ്ലീക്കന്‍ ചര്‍ച്ചുമായി സൗഹൃദബന്ധം പുലര്‍ത്തി ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതും പ്രാദേശികമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതും അഭിലഷണീയമാവില്ലേ എന്നും ആരാഞ്ഞു. മെത്രാന്റെ അനുമതിയോടെ ഡോ: ബുക്കാനന്‍ ബ്രിട്ടീഷ് റസിഡണ്ടായ കേണല്‍ മെക്കൊളയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയും രണ്ടുപേരും ചേര്‍ന്നു തിരുവിതാംകൂറിന്റെ വടക്കന്‍പ്രദേശങ്ങളും കൊച്ചിയും സന്ദര്‍ശിക്കുകയും ചെയ്തു. അങ്കമാലിയില്‍ വെച്ച് പാര്‍ച്‌മെന്റില്‍ (ചര്‍മ്മപത്രം) എഴുതിയ സിറിയക് ഭാഷയിലുള്ള ബൈബിളിന്റെ ഒരു കോപ്പി - ഇതിനു മുമ്പ് ഒരു ആയിരം വര്‍ഷമായി ഈ ബൈബിള്‍ ഒരു സിറിയന്റെ അധീനതയിലായിരുന്നു - ഡോ: ബുക്കാനന് സമ്മാനിക്കപ്പെട്ടു. ഈ ബൈബിള്‍കോപ്പി ഡോ. ബുക്കാനന്‍ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോവുകയും അവിടെവെച്ച്, അദ്ദേഹത്തിന്റെ മരണശേഷം ബൈബിള്‍സൊസൈറ്റി അത് അച്ചടിക്കുകയും ചെയ്തു. ഇതിന്റെ കോപ്പികള്‍ മലബാറിലെ ചര്‍ച്ചുകളില്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി.

'ഈ കാലത്തിനുശേഷം പകലോമറ്റം കുടുംബത്തിലെ ഏഴാമത്തേയും അവസാനത്തേയും ആളായ മാര്‍ തോമ ആയിരുന്നു മെത്രാന്‍. ഇദ്ദേഹത്തെ മെത്രോപോലീത്തയായി അഭിഷേകം ചെയ്തത് അനധികൃതമായ രീതിയിലാണെന്ന കാരണത്താല്‍ സഭാവിശ്വാസികള്‍ രണ്ടു ചേരിയായി തിരിയാനിടയായി. സ്ഥിതിഗതികള്‍ അന്വേഷിച്ചറിഞ്ഞ കേണല്‍ മണ്‍റോ അവര്‍ക്കുവേണ്ടി കോട്ടയത്ത് ഒരു സെമിനാരി പണിയാന്‍ ഏര്‍പ്പാടുണ്ടാക്കി. 1813-ലാണ് ഇതിനുള്ള തറക്കല്ലിട്ടത്. 1816-ല്‍ മര്‍തോമ ദിവംഗതനായതിനെ തുടര്‍ന്നു മിതവാദിയായ മാര്‍ദിയൊനിനസ് മെത്രാനായി വാഴിക്കപ്പെട്ടു. കേണല്‍ മണ്‍റോ തന്റെ ഗവണ്‍മേണ്ടു നിലവില്‍ വന്നതോടെ സിറിയന്‍ പുരോഹിതന്മാരെ കൊണ്ടുവന്ന് മതപാഠശാലകള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു. അങ്ങനെയാണ് റവണ്ട് തോമസ് നോര്‍ട്ടനെ സി.എം. സൊസൈറ്റി ഇന്ത്യയിലേക്ക് അയയ്ക്കാനിടയായത്. 1816, മേയില്‍ എത്തിച്ചേര്‍ന്ന നോര്‍ട്ടന്റെ സഹായത്തിന് ഇതേ വര്‍ഷം നവമ്പറില്‍ റവ. ബി. ബെയിലിയും പിന്നീട് റവ. ബേക്കറും റവ. ഫെന്നും എത്തിച്ചേര്‍ന്നു. കോട്ടയം സെമിനാരിയുടെ ചുമതല റവ. ഫെന്‍ ഏറ്റെടുക്കാനും ഇടയായി. തിരുവിതാംകൂര്‍ ഗവണ്‍മെണ്ട് - അതിന്റെ ദിവാനും റസിഡണ്ടും കേണല്‍ മണ്‍റോ ആയിരുന്നു - കോട്ടയം സെമിനാരിയുടെ സംരക്ഷണത്തിനായി 20,000 രൂപയും കല്ലടയില്‍ (മണ്‍റോ തുരുത്ത്) ഒരു വലിയ എസ്റ്റേറ്റും നീക്കിക്കൊടുത്തു. ഇതിനും പുറമേ, ബൈബിള്‍ തര്‍ജമയ്ക്കും വിതരണത്തിനുമായി മറ്റൊരു 8000 രൂപയും തിരുവിതാംകൂര്‍ ഗവര്‍മ്മേണ്ട് അനുവദിച്ചുകൊടുത്തു. ക്രൈസ്തവസമുദായത്തിന്റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി 3000 സ്റ്റാര്‍ പഗോഡ ബഹു. ഈസ്റ്റിന്ത്യാ കമ്പനിയെക്കൊണ്ട് നിക്ഷേപിപ്പിക്കാനും റസിഡണ്ടിന്നു സാധിച്ചു. മാര്‍ദിയോന്യസ്യൂസ് കാലം ചെയ്യുകയും പകരം കോട്ടയത്തെ ഒരു കുടുംബക്കാരനായ മറ്റൊരു മാര്‍ദിയോന്യസ്യുസ് മെത്രാനായി വാഴിക്കപ്പെടുകയും ചെയ്തതോടെ സഭ പൂര്‍വാധികം ഉത്കര്‍ഷപ്പെട്ടു. 1810 മുതല്‍ 1819 വരെ റസിഡണ്ടായി അധികാരത്തിലിരുന്ന കേണല്‍ മണ്‍റോവാണ് മുഖ്യമായും സിറിയന്‍ ക്രിസ്ത്യന്‍ ഉത്കര്‍ഷത്തിന്ന് കാരണഭൂതനെന്നു എടുത്തുപറയേണ്ടതുണ്ട്.

'സഭാചരിത്രത്തിന്റെ അടുത്തതും അവസാനത്തെതുമായ ഭാഗം ചുരുക്കം വാക്കുകളില്‍ ഉപസംഹരിക്കാം. മതപ്രചാരണത്തിനു വന്ന മിഷിനറിമാരുമായുള്ള സൗഹൃദബന്ധം സിറിയന്‍ ചര്‍ച്ച്, കുബുദ്ധികളായ ചിലരുടെ ഉപജാപങ്ങള്‍ മൂലം, എങ്ങനെ വിച്ഛേദിക്കാനിടയായി എന്നും, സെമിനാരിക്കു നീക്കിക്കൊടുത്ത ധര്‍മ്മസ്ഥാപനസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒരു സ്‌പെഷ്യല്‍ കമ്മറ്റി എങ്ങനെ പരിഹരിച്ചുവെന്നും, അന്ത്യോഖ്യയില്‍വെച്ച് രാജ്യത്തിന്റേയും സമുദായത്തിന്റെയും ചരിത്രത്തില്‍ ഇദംപ്രഥമമായി മെത്രാനായി വാഴിക്കപ്പെട്ട അന്തരിച്ച മാര്‍ അത്‌നാസ്യൂസ്, ബൈബിള്‍ ശിക്ഷണങ്ങള്‍ക്കനുരോധമായി എങ്ങനെ സഭാപരിഷ്‌ക്കാരത്തിന്നു ശ്രമിച്ചുവെന്നും, ബ്രിട്ടീഷ് റസിഡണ്ടായ ബല്ലാര്‍ഡിന്റെ സ്വാധീനംമൂലം എങ്ങനെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സെമിനാരിയുടെ വസ്തുവഹകളില്‍ സ്‌പെഷല്‍ കമ്മറ്റിയുടെ മാധ്യസ്ഥവിധിപ്രകാരം അവര്‍ (സര്‍ക്കാര്‍) ഏറ്റെടുത്ത ഭാഗം പുനഃസ്ഥാപിച്ചു കൊടുത്തുവെന്നും, സുറിയാനി സഭ എങ്ങനെ ആഭ്യന്തരവഴക്കുകള്‍ മൂലം അസ്വസ്ഥനായെന്നും, സമുദായം എങ്ങനെ പുതിയ പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോവാന്‍ ഇടയായെന്നും വെളിപ്പെടുത്തുന്നതാണ് കഥ.'

1 മനിക്കിയന്‍ മതസ്ഥാപകന്റേയും ഇതിനും വളരെ പിന്നീടുള്ള കാലഘട്ടത്തില്‍ ജീവിത്ത തമിള്‍ പരിഷ്‌കര്‍ത്താവായ മാണിക്യവാചകരുടെയും പേരുകള്‍ ഇവിടെ കൂട്ടിക്കുഴയ്ക്കുകയാണെന്നു തോന്നുന്നു.
2. ധൈര്യശാലികള്‍, ധീരന്മാര്‍ എന്ന അര്‍ഥത്തിലും ചിലപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
3. ചെമ്പോലപട്ടയം കകക ആണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ദക്ഷിണദേശ ക്രിസ്ത്യന്‍ കുടിയേറ്റ (കോളണി)ക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പട്ടയം. പട്ടയം കക ആവട്ടെ, ഉത്തരദേശകുടിയേറ്റക്കാരെ സംബന്ധിച്ചുള്ള അവകാശരേഖയും.
4. ക്രൈസ്തവസമുദായമൂപ്പന് (തലവന്‍) ചേരമന്‍ ലോകത്തിലെ (കേരളം) 'വ്യാപാരമുഖ്യന്‍' എന്ന പദവിയാണ് പട്ടയാധാരത്തില്‍ കല്‍പിച്ചുകൊടുത്തിരിക്കുന്ന സ്ഥാനം. 'മാണിഗ്രാമത്തിന്റെ അധീശന്‍' എന്ന പദവിയും നല്‍കിയിട്ടുണ്ട്.
(മലബാര്‍ മാന്വല്‍ എന്ന പുസ്തകത്തില്‍ നിന്ന്)


No comments:

Post a Comment