5/23/2013

ശ്രേഷ്ടമായി എന്റെ മലയാളം..!

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കി  കേന്ദ്ര സര്‍ക്കാര്‍  ഉത്തരവ്  ഇറക്കിയിരിക്കുന്നു . രണ്ടായിരത്തി  പതിമൂന്നു  മെയ്‌  ഇരുപത്തി മൂന്ന്  മലയാളിയുള്ളടത്തോളം കാലം അവന്റെ  ഹൃദയത്തില്‍ ചേര്‍ത്ത് വെക്കും.    മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ്  കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്..

രണ്ട് പ്രധാന തടസ്സ വാദങ്ങളാണ് ഭാഷയുടെ ശ്രേഷ്ഠ പദവിയെ സംബന്ധിച്ച് ഉയര്‍ന്നുവന്നത്. ഒന്ന് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ദ്രാവിഡ ഭാഷകളെപ്പോലെ തന്നെ പ്രാചീനവും സമ്പന്നവും ക്ലാസിക്കല്‍ പദവിക്ക് അര്‍ഹവുമാണ് മലയാള ഭാഷ എന്നതായിരുന്നു. രണ്ടാമത്തെ വാദം മലയാളത്തിന് അവകാശപ്പെടാവുന്ന വലിയ പ്രാചീനതയോ ചരിത്രപരമായ പാരമ്പര്യമോ ഇല്ലെന്നതായിരുന്നു. ഈ രണ്ട് വാദങ്ങളും പ്രശ്‌നങ്ങളുടെ രണ്ട് അറ്റങ്ങളാണ്. ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുന്നതോടെ വന്നുചേരുന്ന ആനുകൂല്യങ്ങള്‍ മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി ഉപയോഗിക്കാം എന്ന ലക്ഷ്യം പ്രാഥമികമായും ആദ്യത്തെ വിഭാഗത്തിനുണ്ട്. അതില്‍ പന്തികേടൊന്നുമില്ലതാനും. എന്നാല്‍ അവര്‍ അവകാശപ്പെടുന്നതുപോലെ തമിഴിനൊപ്പം പ്രാചീനതയൊന്നും മലയാളത്തിന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ രണ്ടാമത്തെ കൂട്ടര്‍ പറയുന്നത് പ്രാചീനതയുടെയും ചരിത്രത്തിന്റെയും മാത്രം അടിസ്ഥാനത്തിലാണ് ഭാഷയുടെ പ്രാധാന്യത്തെ വിലയിരുത്തേണ്ടത് എന്നാണ്. ഇത് തികച്ചും അപ്രസക്തമാണ്. കാരണം ഭാഷാ രൂപം കൊണ്ടതിനുശേഷമുള്ള കാലത്തെ എടുത്ത് പരിശോധിച്ചാലും സാഹിത്യ, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളില്‍ വലിയ നേട്ടങ്ങള്‍ മലയാളം കൈവരിച്ചിട്ടുണ്ട്. പ്രാചീനതയും പാരമ്പര്യവും കൊണ്ടുമാത്രം ഭാഷ നില നില്‍ക്കില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്‌കൃതം. മനുഷ്യരുടെ നിത്യജീവിതത്തിന് ഉതകുന്നില്ലെങ്കില്‍ ഭാഷ എത്ര മഹത്തരമായാലും പ്രയോജനമില്ല.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ മാതൃഭാഷയാണ് മലയാളം. മൂന്നരക്കോടി ജനങ്ങള്‍ അവരുടെ നിത്യ ജീവിത വ്യവഹാരത്തിന് ഉപയോഗിക്കുന്ന ഭാഷ. ചരിത്രപരമായ പഴക്കത്തെ അതിലംഘിക്കുന്നതാണ് നിത്യ ജീവിതത്തിലെ ഭാഷയുടെ ഈ പ്രയോഗക്ഷമത. ലോക ഭാഷകളില്‍ മാതൃഭാഷയെന്ന നിലയില്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ഇരുപത്തിയേഴാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. ഗ്രീക്കിനെക്കാളും സ്വിസ് ഭാഷയെക്കാളും ഏറെയാണ് മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം എന്നു കാണാനാവും.
വൈജ്ഞാനിക മേഖലയില്‍ ഭാഷ നല്‍കിയിട്ടുള്ള സംഭാവനകളാണ് ശ്രേഷ്ഠ ഭാഷയുടെ മറ്റൊരു അളവുകോല്‍. ഇന്ത്യയില്‍ ആദ്യമായി അര്‍ത്ഥശാസ്ത്രം വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമാണ്. അര്‍ത്ഥശാസ്ത്ര ത്തിന്റെ ശുദ്ധപാഠം പുനര്‍നിര്‍മിച്ചത് 12 -)0 നൂറ്റാണ്ടിലെ ഭാഷാകൗടിലീയം എന്ന പേരിലുള്ള ഈ മലയാളവിവര്‍ത്തനത്തിന്റെ കൂടെ സഹായത്താലാണ്. സംസ്‌കൃതത്തിന്റെ അധിനിവേശം വ്യവഹാര ഭാഷയെ സ്വാധീനിച്ചിരുന്ന കാലത്തുപോലും വൈജ്ഞാനിക മണ്ഡലത്തില്‍ മലയാളത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു എന്നാണ്. എ.ഡി 830 ലെ വാഴപ്പള്ളി ശാസനം ( ഇന്‍സ്‌ക്രിപ്ഷന്‍) മുതല്‍ മലയാളത്തിന്റെ എഴുതപ്പെട്ട രേഖകള്‍ പലതും ലഭ്യമായിട്ടുണ്ട്. ഭരണ ഭാഷ എന്ന നിലയിലും മലയാളത്തിനുണ്ടായിരുന്ന സ്ഥാനമാണ് ഇത് അടയാളപ്പെടുത്തുന്നത്. ജാതിമതഭേദമില്ലാതെ കേരളത്തിലെ എല്ലാവരുടെയും മാതൃഭാഷയാണ് മലയാളം. ആ നിലയില്‍ മതേതരമായ പരിവേഷമാണ് മലയാളത്തിനുള്ളത്. നൂറ്റാണ്ടുകളായി കേരളത്തിലെ ഭരണഭാഷ മലയാളമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്തും ഭരണഭാഷ മലയാളമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 1969 മുതല്‍ കേരളത്തിലെ ഭരണഭാഷ മലയാളമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയ പേജ് ഡെപ്ത്തില്‍ ലോകത്തില്‍ അഞ്ചാമതും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാമതുമാണ്. മലയാളത്തില്‍ 11 പ്രമുഖ ദിനപത്രങ്ങള്‍ ഇറങ്ങുന്നു. ഒപ്പം അനേകം സായാഹ്ന പത്രങ്ങളും. ഹിന്ദി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രം മലയാളത്തില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. പെന്‍സില്‍വാനിയ പോലുള്ള വിദേശ സര്‍വകലാശാലകളില്‍ മലയാളം പഠിപ്പിക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യന്‍ സംസ്ഥാനമായ കേരളം അത് കൈവരിച്ചത് മലയാളഭാഷയിലാണ്. ഒരു ഭാഷ എന്ന നിലയില്‍ അഭിമാനിക്കാവുന്ന ഈ നേട്ടങ്ങള്‍ മാത്രം മതി നമ്മുടെ ഭാഷ ശ്രേഷ്ഠമാവാന്‍

No comments:

Post a Comment