4/14/2013

വിഷുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ....!!

രാവിലെ  മുതല്‍  എന്റെ  ചിന്ത  കൊന്നമരത്തെ കുറിച്ചായിരുന്നു.  വീടിന്റെ  മുന്‍പില്‍  ഒരു പാറകുളം  ഉണ്ടായിരുന്നു പണ്ട് , അതിന്റെ കരയ്ക്ക് ഒരു കൊന്നമരവും. കുറെ കാലം അത് പൂക്കാത് നിന്നപ്പോള്‍  ഞാന്‍ കരുതി അത് ഏതോ  പാഴ് മരം എന്ന് . വര്‍ഷത്തില്‍  ഒരിക്കല്‍  പാഴ് മരം വെട്ടി  പറമ്പ്  വൃത്തിയാക്കുന്ന  ഒരു പതിവ് ഉണ്ടായിരുന്നു  . ഒരിക്കല്‍  പപ്പ  അതൊക്കെ  വെട്ടി  കളയാന്‍  നേരം . ഞാന്‍  പറഞ്ഞു  അത് അവിടെ  നിന്നോട്ടു  കൊന്നയല്ലേ..!  .അന്ന് അതിന്റെ കടയ്ക്കു  കോടാലി  വീണില്ല . ഭാഗ്യം  പിറ്റേവര്‍ഷം  ആ കൊന്നമരം പൂത്തു  . ഹോ  . എന്ത്  സൌന്ദര്യം  ആയിരുന്നന്നോ  അത്  കാണാന്‍ . പാറകെട്ടിന്റെ കരയില്‍ വിരിഞ്ഞ കൊന്നപൂവ് ഏത്ര സുന്ദരി , കടും മഞ്ഞ നിറത്തില്‍ ഒരു പൂക്കുല പുഷ്പം .അത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.  കരിമ്പാറയുടെ മുകളില്‍  മഞ്ഞ പട്ടു വിരിച്ചപോലെ , അതിനിടയിലൂടെ  പാറയുടെ കറുപ്പ് അങ്ങിങ്ങ്  തെളിഞ്ഞു കാണാം.   മരം  വെട്ടി വിറ്റ് തുലയ്ക്കുന്ന മലയാളിയിടെ  സ്വഭാവത്തിന്റെ  വൈശിഷ്ട്യം  കാരണം .പല കൊന്ന മരങ്ങളും  വെട്ടി നശിപ്പിച്ചിരുന്നു. കാല ക്രെമേണ  കൊന്നപ്പൂ  കിട്ടാത് വന്നപ്പോള്‍  കിലോമീറ്റര്‍ അപ്പുറം  ഉള്ള  കുട്ടികള്‍  കൊന്നപൂ  അന്വേഷിച്ചു  എന്റെ വീട്ടില്‍  ഏത്തി.  അവര് ആവിശ്യം ഉള്ള പൂക്കള്‍  പറിച്ചുകൊണ്ടു പോയി  അത്  കാണുമ്പോ  എന്റെ മനസ്സിന് വല്ലാത്ത  സംതൃപ്തി തോന്നി . അന്ന്  ഞാന്‍  അങ്ങനെ പര്ഞ്ഞില്ലായിരുന്നെങ്കില്‍ ,  ആരും ഇന്ന് കൊന്നപ്പൂ  പറിക്കാന്‍ എന്റെ വീട്ടില്‍  വരില്ലായിരുന്നു. വിഷു ദിവസമെങ്കിലും  എന്റെ  വീട്ടില്‍  കാല്‍ പെരുമാറ്റംമുണ്ട് കുട്ടികള്‍  കൊന്ന പൂ പറിച്ചു പോകാറുണ്ട്.  നഷ്ടപ്പെട്ട് പോകുന്ന കുട്ടികളുടെ ആരവം  വിഷു നാളില്‍  വീണ്ടും  എന്നെ  ഗൃഹാതുരത്വത്തിന്റെ  വഴിയെ നടത്തുന്നു. 
വിഷു ദിവസത്തെ തൊടിയിലെ കാഴ്ചകള്‍ വളരെ സുന്ദരമായിരുന്നു . ഓണത്തിന് വരാറുള്ള തുമ്പികള്‍ മുറ്റത്ത്‌ വട്ടമിട്ടു പറന്നു  . ആ പറക്കിലിനു  ഒരു ചന്തം തന്നെ ഉണ്ടായിരുന്നു. സൂര്യ രേശ്മിയില്‍ അതിന്റെ  ചിറകുകള്‍  വെള്ളിപോലെ   വെട്ടി  വിളങ്ങി  ..  ഇന്ന് അവര് പറക്കാന്‍ വരുന്നുണ്ടോ ആവൊ എനിക്ക് അറിയില്ല , ഒന്ന് വീട്ടില്‍ വിളിച്ചു ചോദിക്കാം എന്ന് കരുതി ഫോണ്‍ കയ്യില്‍ എടുത്തു , പിന്നെ വേണ്ട എന്ന് വെച്ചു, ഇനി ഇല്ല എന്നാണ് ഉത്തരമെങ്കില്‍   എന്തിനാ നിങളെ കൂടെ അത് പറഞ്ഞു അറിയിക്കുന്നെ .. തുമ്പി പറക്കുന്ന വിഷുവാണ് എനിക്ക് എന്നും ഇഷ്ടം .
സുന്ദരന്‍ മാരായ പ്രാണികള്‍ ഉണ്ടായിരുന്നു വിഷുവിനു ചുമന്ന തോടിനുമുകളില്‍   കറുത്ത പൊട്ടുമായി ഇലകളുടെ മുകളില്‍ എപ്പോളും  ഉണ്ടാകാറുള്ള  ഒരു  പ്രാണി , എന്താണ് അതിന്റെ പേരെന്ന് ഇന്ന് എനിക്ക് അറിയില്ല , പക്ഷെ അതിന്റെ ഇരുപ്പു എപ്പോളും  ഡബിള്‍ ഡെക്കര്‍ ബസ്‌ പോലെ . ഒന്നിന്റെ മുകളില്‍ ഒന്ന് . അത് ഇണ ചെരുകയായിരുന്നോ വിഷു ദിനത്തില്‍ അതോ തന്റെ പ്രേമഭാജനത്തെ എടുത്തു നടക്കുകയയിരുന്നോ.അറിയില്ല . ഞാന്‍ പലരോടും ചോദിച്ചു ഇവര്‍ എന്താ ഇങ്ങനെയിരിക്കുന്നെ ? ചിലര് ഒക്കെ എന്നെ വൃത്തികെട്ടവന്‍  എന്ന്  വിളിച്ചു , വേണ്ടാത്തത് നോക്കാന്‍  പോകുന്നവന്‍ എന്ന് പറഞ്ഞു .  മറ്റുചിലര്‍  കൈമലര്‍ത്തി . ചുമന്ന തോടില്‍ കറുത്ത പൊട്ടു എന്നെ എപ്പോളും ആകര്‍ഷിച്ചിരുന്നു.  ഇപ്പോളും  ആ പ്രാണി ഉണ്ടോ ആവൊ .. എനിക്ക് വല്ലാത്ത ആകാംഷ അത് അറിയാന്‍ .. ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു . വിളിച്ചു ചോദിക്കാം വീട്ടില്‍ .പെട്ടന്ന് എന്റെ ഫേസ്ബുക്ക് വാളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാരണം ബാധിചു മരിച്ച ഒരു മനുഷ്യന്റെ ചിത്രം ആരോ ഷെയര്‍ ചെയ്തു . പിന്നെ ചിന്തകള്‍ ഇങ്ങനെ പോയി "മനുഷ്യന്‍ മരിക്കുന്നു .... പിന്നെയാ ചുമന്ന തോടില്‍ കറുത്ത പൊട്ടുള്ള പ്രാണി .."
വിഷു  ദിവസത്തെ  സൂര്യന്  തന്നെ  വല്ലാത്ത ഒരു  ചന്തമാണ്.  പകലോന്റെ  കിരണം  മുറ്റത്തെ ചെടികളിലെ  മഞ്ഞു തുള്ളികളില്‍  പതിയുമ്പോള്‍  ഏഴു നിറമുള്ള മഴവില്‍ വിരയുമായിരുന്നു. മഞ്ഞു കണവും വിടവാങ്ങുംപോള്‍  മഴവില്ലും  വിടവാങ്ങും, എന്തോ ഒന്ന് സംഭവിക്കാന്‍  പോക്കുന്നു എന്ന്  അന്നേ  അതിനു തോന്നിയിരുന്നോ  ആവൊ ,എനിക്ക് അറിയില്ല ,ഇന്ന്  മഴവില്ല്  വിരിയാന്‍  പാകം ഏത്തുന്നതിനു മുന്‍പേ  പകലോന്‍  അതിന്റെ  താങ്ങിനെ  കരിയിച്ചു കളയുന്നു.  അടുത്ത തലമുറയ്ക്ക്  മഴയും ഇല്ല  മഴവില്ലും ഇല്ല . ഞാന്‍  കേള്‍ക്കാത്ത  പലതും  ഇന്ന്  കേള്‍ക്കുന്നു . "സൂര്യആഘാതം"  , മനുഷ്യന്‍ എത്ര ക്രൂരനാണെന്ന്  നോക്കിയെ ... ഇത്രെയും നാള്  നമുക്ക്   വെട്ടവും വെളിച്ചവും തന്ന സൂര്യനെ നമ്മള്‍  ക്രൂരനായി ചിത്രീകരിക്കുന്നു .  സൂര്യനാണോ  നമുക്ക് ഈ ആഖാതം  തന്നത്.? മരവും  പുഴയും വെട്ടി നശിപ്പിച്ചത്  നമ്മള് അല്ലെ. ? ഓസോണ്‍  പാളിതകര്‍ത്തത് നമ്മള് അല്ലെ ..? ഇതിനു പേര് ഇടേണ്ടത്  മനുഷ്യ ആഘാതം  എന്നല്ലേ ?  , അതാണ് അതിനു ചേരുക.!. ഹേ സൂര്യ  നിന്നോട്  ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു . മാപ്പ്  ........പ്ലീസ്‌ ......... അല്പമെങ്കിലും  ചൂട് കുറയ്ക്കു ഈ വിഷുവിനെങ്കിലും.....
 

1 comment:

  1. കലക്കി മോനെ... അഭിനന്ദനങ്ങൾ..

    ReplyDelete