4/09/2013

ബാല്യ സ്മൃതികള്‍ - പതിനൊന്നു

ഒളിച്ചു വെച്ച ഒരു പ്രണയത്തിന്റെ  പൂര്‍ത്തിയാകാത്ത   കഥ ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു . ആ കഥയ്ക്ക്‌  ഒരു  പൂര്‍ണ്ണത ഇല്ലായിരുന്നു  എന്നതാണ് സത്യം . അത് ഞാന്‍ ഇവടെ പൂര്‍ത്തീകരിക്കുകയാണ് . ചിലരുടെ  ഒക്കെ പേരുകള്‍  ഏഴുതാത്  കഥ പൂര്‍ണ്ണമാകില്ല  എന്ന ബോധ്യവും അന്ന്  എനിക്ക് ഉണ്ടായിരുന്നു .പേര് വെളിപെടുത്തുന്നത് ചിലര്‍ക്ക്  വേദന ഉണ്ടാക്കും എന്ന തോന്നല് കാരണം  ആ കഥയ്ക്ക്‌  ഞാന്‍  വേറൊരു അന്ത്യം നല്‍കി അവസാനിപ്പിക്കുകയായിരുന്നു . ഈ കഥ വീണ്ടും  ഏഴുതാന്‍ വേറൊരു കാരണവും കൂടെ ഉണ്ട് .ഈ കഥയിലെ  നായകന്‍  കഴിഞ്ഞ ദിവസം  എന്റെ  ബ്ലോഗ്‌  വായിക്കുകയും  .ഒരു അപരിചിതന്റെ  ഭാവത്തില്‍  എന്റെ ബ്ലോഗില്‍  ഒരു കമന്റ്‌ ഇടുകയും ചെയ്തു. ക്ലാസിലെ   ഏക  ഗേള്‍ ഫ്രണ്ട്  ഉണ്ടായിരുന്നത്  എനിക്ക് അല്ലെ ?  ഈ കഥയെങ്ങാനും ഞാന്‍  ഏഴുതിയാല്‍  നായകനായ എന്റെ കൂട്ടുകാരനു തലയില്‍  മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന തോന്നല്‍  ഉണ്ടായോ എന്നും  ഞാന്‍ സംശയിക്കുന്നു . അദ്ധേഹത്തിന്റെ  അഭ്യര്‍ത്ഥന മാനിച്ചു  ഞാന്‍  ശെരിയായ പേരുകള്‍  ഒഴുവാക്കുകയാണ് . കഥയുടെ  ചുറ്റുപാടും സാഹചര്യവും  കണ്ടു ആരേലും കഥാപാത്രങ്ങളെ  തിരിച്ചു അറിഞ്ഞാല്‍  എന്നോട് ക്ഷെമിക്കുക .
തിരിച്ചു കിട്ടാത്ത  സ്നേഹം  മനസ്സിന്റെ വിങ്ങലാണ് . ഇത്  പത്മരാജന്‍ പണ്ട് ഏതോ സിനിമയില്‍  പറഞ്ഞതാണ് .  ഈ വിങ്ങലു മാറ്റാന്‍  എന്ത് ചെയ്യണം എന്ന്  അങ്ങേരു പറഞ്ഞതായി  അറിവില്ല  . കൌമാര  കാലത്ത് ആണായിട്ട് പിറന്ന ഏതൊരാള്‍ക്കും  തോന്നുന്ന  വികാരമാണ്  പ്രണയം , അത് തോന്നാത്തവര്‍  ആരേലും  ഉണ്ടെങ്കില്‍  ഒരു  ഡോക്ടറെ  കാണുന്നത്  നന്നായിരിക്കും  എന്നാണ്  എന്റെ അഭിപ്രായം .
മനസ്സില്‍  നിന്ന്  മായാതെ  നിന്ന അവളുടെ രൂപം   എപ്പോളും  എന്നെ  സ്വപനങ്ങള്‍  നെയ്യാന്‍  പ്രേരിപ്പിച്ചു , ഒരിമിച്ചുള്ള ഒരുപാടു  സ്വപ്നങ്ങള്‍  ഞാന്‍ നെയ്തു കൂട്ടി  , സ്വപ്നങ്ങളില്‍ കണ്ടത്  അവളുമായി പങ്കു വെയ്ക്കാന്‍  അവളുടെ   ശ്രെദ്ധപിടിച്ചു പറ്റാന്‍   എന്റെ കഴിവിന്റെ പരമാവധി ശ്രേമങ്ങള്‍ നടത്തി പരാജയപെട്ടു. എന്നാലും  ഞാന്‍  പിന്മാറാന്‍ തയ്യാറായിരുനില്ല
യുവജനോത്സവത്തിനു അവളെ നായികയാക്കി     മലയാളം  നോട്ട് ബുക്കില്‍ നാടകം എഴുതി (നാടകത്തിനു കടപ്പാട്  മാത്യു മുറ്റം)   നോട്ട് ബുക്കിലെ  നാടകം  വായിച്ചു  മലയാളം ടീച്ചര്‍   പറഞ്ഞു  മാത്യു മുറ്റത്തിന്  കോട്ടയം പുഷ്പനാഥില്‍ ഉണ്ടായ പോലെ ഉണ്ടല്ലോ .? നിനക്ക്   എന്തിന്റെ  സൂക്കേടാണ് . എല്ലാം അവള്‍ക്കു  വേണ്ടി . പിന്നീടു  ഒരിക്കലും   ടീച്ചര്‍  എന്റെ  മലയാളംബുക്ക്‌ വാങ്ങി വായിച്ചിട്ടില്ല . അവള്‍ അഭിനയിക്കില്ല എന്ന്  അറിയാം . എന്നിട്ടും  നാടകം ഏഴുതി . ആ നാടകം രാത്രി കാലങ്ങളില്‍  ജനസാഗരത്തിന്റെ  മുന്‍പില്‍  കളിച്ചു  കയ്യടി  നേടി . പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ ഞാന്‍  മാറ്റി. അവളെ മനസ്സിലോര്‍ത്ത്  ഇംഗ്ലീഷില്‍  (ഇംഗ്ലീഷില്‍  എട്ടാംക്ലാസ്സില്‍   കിട്ടിയത്  അന്‍പതില്‍   അഞ്ചു )  കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ എന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. എനിക്ക്  തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.ക്ലാസ് മുറിയുടെ ബെഞ്ചിന്റെ  കോണില്‍  നിന്ന് തന്റെ ഇടം കണ്ണ് കൊണ്ട് തന്റെ പ്രണയിനിയെ നോക്കുക അവളു തിരുച്ചു  ഒരു  മന്ദഹാസം  ചൊരിയുക  അത് കണ്ടു  സകലതും മറന്നു  ലോകം കീഴടിക്കിയവ്നെ പോലെ  ഇരിക്കുക . ആരും കണാത്  ഇടവഴിയിലെ  കരിങ്കല്‍ മതിലില്‍  ഒരു കാല്    സപ്പോര്‍ട്ട്  ചെയ്തു  മറ്റേ കാല് നിലത്തു ഉറപ്പിച്ചു  അവളു മായി  സംസാരിക്കുക  .സംസാരത്തിന്റെ  മാധുര്യതില്‍  രസിച്ചു മതിലില്‍  കിളര്‍ത്തു നില്‍ക്കുന്നു  പുല്‍നാമ്പ്  പറിച്ചു ഇടയ്ക്കു  കടിച്ചു തുപ്പി രസിക്കുക്ക .  അനുരാഗത്തിന്റെ  വാര്‍ത്തകള്‍ സുഹൃത്തുക്കളുടെ  ഇടയില്‍ ഇടംപിടിക്കുക . പള്ളി  പെരുനാളിനും  ഉത്സവങ്ങളിലും  അവളോടൊപ്പം  ചേര്‍ന്ന്  കപ്പലണ്ടി  കൊറിച്ചു നടക്കാന്‍ കൊതിച്ച  കാലം . ഇങ്ങനെ  നടക്കാന്‍  കൊതിച്ചു മനസ്സില്‍  കൊണ്ട് നടന്ന രൂപം വേറെരാളോട്  ഒപ്പം  ഈ  പറഞ്ഞത്  പോലെ  നടന്നു  കണ്ടപ്പോള്‍  ഏതു കാമുകനും ഉണ്ടാകുന്ന ഞരമ്പ് രോഗം   എനിക്കും  ഉണ്ടായി.   ഈ  കഥയില്‍  ഇവിടം മുതല്‍ ഞാന്‍  വില്ലനായി  മാറുകയാണ്  .
സ്നേഹിച്ചവരില്‍  നിന്നുള്ള അവഗണന പറഞറിയിക്കാന്‍ പറ്റാത്തതാണ് .അവഗണന തീരാ ദുഖമാണ് .അത് മനസ്സിന്റെ  അടിത്തട്ടില്‍ നിന്ന്  വിങ്ങി കൊണ്ടിരിക്കും . തുറന്നു പറയാന്‍  പറ്റാത്തവന്റെ  പ്രേമത്തിന് പുല്ലു വില എന്ന് പറയുന്നതായിരിക്കും  കൂടുതല്‍ ശെരിയെന്നു പിന്നീടു എനിക്ക് തോന്നിയിട്ടുണ്ട്.
കിട്ടാത്ത  മുന്തിരിങ്ങ പുളിക്കും എന്ന്  നമ്മള്  കേട്ടിട്ടില്ലേ .. ചില  കുറുക്കന്‍ മാര് ഇത്  പുളിക്കും  എന്ന് പറഞ്ഞു  നിരാശനായി മടങ്ങി പോകും. പക്ഷെ  എന്നെ പോലെയുള്ള  കുറുക്കന്മാര്  ചിലപ്പോ  ഞരമ്പ് രോഗം ബാധിച്ചു അക്രമം  അഴിച്ചു വിടും . ഞാന്‍  ഇവടെ പറയാന്‍ പോകുന്നത് ഒരു  ഞരമ്പു രോഗത്തിന്റെ   ഫ്ലാഷ് ബാക്ക് .
കഥ നടക്കുന്നത്  എട്ടാംക്ളാസ്സിലാണോ  ഒന്പതിലാണോ  എന്ന്  എനിക്ക് കൃത്യമായി  ഓര്‍മ്മയില്ല .
കഥയിലെ  നായകന്‍  പഠിക്കാന്‍  മിടുക്കന്‍  , ക്ലാസ് ലീഡര്‍  ഇത്യാതി  ഗുണങ്ങളുല്ല  കുട്ടി  പോരാത്തതിനു  സ്കൂളിലെ   ഒരു  അധ്യാപികയുടെ  മകനും . ആദ്യമായി  അവളും അവനും   സ്ക്കൂള്‍  വരാന്തയില്‍ നില്‍ക്കുന്ന  കണ്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല .അവന്റെ  ബുക്ക്‌  അവള്‍  സ്ഥിരം വാങ്ങുന്നത് കണ്ടപ്പോള്‍ എന്നില്‍  സംശയത്തിന്റെ  വിത്തുകള്‍ പാകി . ബുക്കുകളില്‍  പ്രണയ ലേഖനങ്ങള്‍  കൈമാറപെടുന്നത്  അവളുടെ കൂട്ടുകാരി  മുഖേന ഞാന്‍ അറിഞ്ഞു  അത്  എന്നെ അസ്വസ്ഥനാക്കി .
ഒരു ശരാശരി മലയാളി അവന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ആദ്യത്തെ കരിങ്കാലിയാണ് ക്ലാസ് ലീഡര്. വിദ്യാര്‍ഥികളിലൊരുവനായി വന്ന് അവരോടൊപ്പം പഠിക്കുകയും കളിക്കുകയും ചെയ്യുന്ന ക്ലാസ് ലീഡര്‍ ടീച്ചറില്ലാത്ത സമയത്ത് ടീച്ചറുടെ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ മുതല്‍ കരിങ്കാലിയാവുന്നു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ലീഡര്‍ മൂരാച്ചിയായ അധ്യാപകന്‍റെ പ്രതിനിധിയായി വിദ്യാര്‍ഥികളെ ഒറ്റിക്കൊടുത്തു തുടങ്ങുമ്പോള്‍ ശത്രുക്കളെയും സമ്പാദിച്ചു തുടങ്ങുന്നു. അങ്ങനെ നായകന്‍ തുടക്കത്തിലേ  എന്റെ ശത്രുത സമ്പാദിച്ചു .
ഒരു ദിവസം ഉച്ചയ്യൂണിന്റെ സമയത്ത്  അവളും കൂട്ടുകാരികളും  ക്ലാസ് റൂമിലെ  ബെഞ്ചിലിരുന്നു  കഥകള്‍  പറഞ്ഞു ചിരിക്കുന്നു , ഞാന്‍  എന്റെ നഷ്ട പെട്ട  പ്രണയവും താങ്ങി  പിടിച്ചു അവളുടെ മനസ്സ് മാറാന്‍  മാതാവിന് നേര്ച്ച നേര്‍ന്നു ബെഞ്ചില്‍ ഇരിക്കുന്നു .സ്കൂള്‍ മുറ്റത്  കൂടെ  നടന്നു  പോകുന്ന  നമ്മുടെ  നായകന്‍റെ അമ്മയെ  നോക്കി  അവളുടെ കൂട്ടുകാരി  മറിയാമ്മയുടെ ഡയലോഗ്.  "ദെ  നിന്റെ അമ്മായിഅമ്മ പോകുന്നു " .  അത് ഒന്നേ കേട്ടുള്ളൂ   ഹൃദയം തകര്‍ന്നു പോയി .(ബാബു  നമ്പൂതിരി  സ്റ്റൈല്‍ )   
അന്ന് രാത്രി  ഞരമ്പ്  രോഗത്തിന്റെ  ലെക്ഷണങ്ങള്‍   കണ്ടു തുടങ്ങി . എങ്ങനെ പ്രേമം പൊളിക്കാം എന്ന്  ചിന്തിച്ചിട്ട്  ഉറക്കവും  വന്നില്ല . വടക്കന്‍ വീരഗാഥയിലെ  ആരോമലേ  പോലെ ,  അരിങ്ങോടരേ  അങ്കത്തിനു  വിളിക്കാനുള്ള   മെയ്യ് വഴക്കം ഇല്ലാത്ത കൊണ്ട്  ആ ശ്രെമം  ഉപേക്ഷിച്ചു .
ആ കാലത്ത്  പ്രേമം പൊളിക്കാന്‍  നിലവില്‍  ഉണ്ടായിരുന്ന പ്രായോഗിക മാര്‍ഗ്ഗം  കാമുകി കാമുകന്മാരുടെ പേരുകള്‍  പൊതു സ്ഥലത്ത് ഏഴുതി വെക്കുക എന്നതാണ്.. ആ  മാര്‍ഗ്ഗം  സ്വീകരിക്കാന്‍  ഞാന്‍  നിര്‍ബന്ധിതനായി . പിറ്റേ  ദിവസം  നേരം  പുലര്‍ന്നപ്പോള്‍  അത്യാവിശ്യം  ചില  പോസ്ടരുകള്‍  ഞാന്‍ അവിടെ ഇവടെ പതിപ്പിച്ചു  കഴിഞ്ഞിരുന്നു.  പക്ഷെ  പ്രതീക്ഷിച്ച  പ്രയോജനം ഉണ്ടായില്ല  എന്ന്  മാത്രമല്ല  പ്രേമം പൂര്‍വാധികം ശക്തിയായി  മുന്‍പോട്ടു  പോക്കൊണ്ടിരുന്നു. എങ്കിലും  ഞാന്‍  തോല്‍ക്കാന്‍ തയ്യറായിരുനില്ല  ഞാന്‍  എന്റെ  കാലപരിപടികള്‍  തുടര്‍ന്നു . ഇനി   പേര് എഴുതിയിട്ട്  കാര്യമില്ല  കുറച്ചു  വിഷ്വല്‍  കൂടെ  വേണം  എന്ന് എനിക്ക്  തോന്നി.. അങ്ങനെ  അതിനു  പറ്റിയ ക്യാന്‍വാസ്  പി  ഡബ്ലു ഡി  യുടെ   സുന്ദരമായ   ടാറിട്ട റോഡില്‍ തന്നെയാകെട്ടു എന്ന് വെച്ചു.   ഖജരഹോ  ചുവര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍  ചിത്രം  വരയ്ക്കാന്‍ എന്റെ സഹപാഠി   യോഹന്നാന്റെ  സഹായം  തേടി ,.ഒന്നര കിലോമീറ്റര്‍ ദൂരം ഇഷ്ടിക കഷ്ണവും പച്ചിലയും ചേര്‍ത്ത്  വരച്ച മിഴിവാര്‍ന്ന  ചിത്രങ്ങള്‍  കൊണ്ട് നിറഞ്ഞു ...  സംഗതി  ഏറ്റു ..വിവരം  നാട്ടില്‍  പാട്ടായി .. ഒടുവില്‍ പ്രധാന അധ്യാപകന്റെ  റൂമിലേക്ക്‌ അവള്‍  എന്റെ മുന്‍പിലൂടെ നിന്നെ ഞാന്‍ കാണിച്ചു തരാം എന്ന ഭാവത്തില്‍  അവളു  പോകുന്നത്  കണ്ടു .. എന്റെ ഉള്ളില്‍  അതുവരെ  നിറഞ്ഞു നിന്നിരുന്ന  വിജയ ലഹരി  പെട്ടന്ന്  ഇല്ലാതെയായി .
എന്നെ നേരില്‍ കണ്ടാല്‍  കലികേറുന്ന അദ്ധ്യാപകന്‍  പ്രസവിച്ച പട്ടി യുടെ അടുത്ത് ആളുകള്‍ ചെല്ലുമ്പോള്‍  മുരളുന്ന  പോലെ ഒറ്റ മുരിളിച്ച .... പഠിക്കുന്ന  കുട്ടികളെ  കുറിച്ച്  താന്‍ അനാവിശ്യം  ഏഴുതുമോടോ , പോയി അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാല്‍ മതി ...സാറിന്റെ   മുഖത്ത്  നോക്കി  എന്റെ  പെണ്ണിനെ  അടിച്ചു മാറ്റിയവനെ പറ്റി പറയാന്‍  എന്റെ  ഉള്ളിലെ  നിരാശ കാമുകന്‍  പലവട്ടം  ശ്രെമം നടത്തി... പക്ഷെ  ഒന്നും  പുറത്തേക്ക്  വരാന്‍ എന്റെ  ധൈര്യം  സമ്മതിച്ചില്ല.
അന്നും  ഇന്നും  ഈ വക കേസുകളില്‍  പെടുന്നവന്  വീട്ടിലും  നാട്ടിലും  ഒറ്റപെടും എന്നത് കൊണ്ട്  ഞാന്‍ ഈ  വിവരം വീട്ടില്‍  അറിയിക്കാത്  പത്തു പതിനാല് ദിവസം  ക്ലാസിനു  വെളിയില്‍  കറങ്ങി  നടന്നു.. അനിവാര്യമായത്  ഒടുവില്‍ സംഭവിച്ചു  വീട്ടില്‍  വിവരമറിഞ്ഞു.
മാതാശ്രീ   കോര്‍ട്ടില്‍  ഹാജരായി  .. എനിക്ക് വേണ്ടി  ജാമ്യംമെടുത്തു  തിരിച്ചു  വീണ്ടും ക്ലാസില്‍ കയറി..  അവളോട് പിന്നീടൊരിക്കലും അവളുമായി ഞാന്‍ സംസാരിച്ചിട്ടില്ല  .ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ ആ രൂപം  വിസ്മൃതിയിലാണ്ടു , ചില ഏകാന്ത്‌  നിമിഷങ്ങളില്‍   മനസ്സില്‍  ഒരു കോണില്‍  ആ രൂപം  വല്ലപ്പോഴും  തെളിഞ്ഞു വരാറുണ്ട്.. ഒരിക്കല്‍  ഒന്ന് കൂടെ  കണ്ടിരുന്നെങ്കില്‍  എന്ന് ഞാന്‍ ആശിക്കുന്നു....ഒന്നിനുമല്ല  വെറുതെ..!!!! 

No comments:

Post a Comment