4/16/2013

മതവും കാമവികാരവും- 7

മതപരവും ലിംഗഭേദപരവുമായ ഇത്തരം ആചാരങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യത്തും കാണപ്പെടുന്നുണ്ട്; ദേവിയുടെ പേരിനു മാത്രമേ വ്യത്യാസമുള്ളൂ. ഈജിപ്തിലെ മതാഘോഷങ്ങളിലും റോമിലെ ഉത്സവങ്ങളിലും ബാല്‍പിയോറിന്റെ പൊലിമകളിലും ഫെനീഷ്യരുടെ ഉത്സവങ്ങളിലും ഹെല്ലന്‍കാരുടെ ആഘോഷങ്ങളിലും തേവിടിശ്ശികള്‍ നഗ്നകളായി പാഞ്ഞുനടക്കുന്ന റോമിലെ വസന്തദേവതോത്സവങ്ങളിലും എല്ലാം ഇതുതന്നെയാണ് വെളിപ്പെടുന്നത്. പതിനാറാംനൂറ്റാണ്ടില്‍ സ്ഥാപിതമായ ചൈതന്യമതത്തിലെ ചില ചടങ്ങുകള്‍ മതവും കാമവികാരവുമായുള്ള സംബന്ധത്തിന്റെ അതിര്‍കടന്ന പ്രവര്‍ത്തനരുപങ്ങളാണെന്ന് ഐവന്‍ ബ്ലോക്ക് വിവരിക്കുന്നു. ഒരുതരം ശാക്‌തേയവര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ക്ഷേത്രപൂജാരികള്‍ വെച്ചിട്ടുള്ള ഒരു പെട്ടിയില്‍ തങ്ങളുടെ ഓരോ ലഘുഭൂഷണങ്ങള്‍ അഴിച്ചിടുന്നു. പൂജ കഴിഞ്ഞതിനുശേഷം, അവിടെ ഭഗവതീവന്ദനത്തിന് വന്നിട്ടുള്ള പുരുഷന്മാര്‍ ആ ആഭരണപ്പെട്ടിയില്‍നിന്ന് ഒാരോ ആഭരണം കൈയിട്ടെടുക്കും. ആ ആഭരണം ആരുടേതായിരുന്നുവോ ആ സ്ത്രീ അതു കൈയില്‍വന്ന പുരുഷനോടു ചേര്‍ന്നു കൊടുംപിരിക്കൊണ്ട വ്യഭിചാരഭ്രാന്തില്‍ പങ്കെടുത്തുകൊള്ളണമെന്നാണ് നിയമം. യദൃച്ഛയാ കുടിച്ചേര്‍ന്ന ആ സ്ത്രീപുരുഷന്മാര്‍ കാമിനീകാമുകന്മാരായിരുന്നുവെങ്കില്‍ക്കൂടി, അപ്പോള്‍ യാതൊരു സങ്കോചവും ഭാവിക്കാന്‍ പാടില്ല. ഇത്തരം ഒരു സവിശേഷാഘോഷത്തില്‍ പുരുഷന്മാര്‍ അമ്മമാരോടും സഹോദരിമാരോടും പുത്രികളോടും ഉപപത്‌നികളോടുമെല്ലാം കൂടിമറിയുകയുണ്ടായിട്ടുണ്ടെന്ന് ഐവന്‍ ബ്ലോക്ക് പറയുന്നു. പണ്ടത്തെ ചെറുപ്രദേശത്തുകാരുടെ ചില ഉത്സവങ്ങളില്‍ തികച്ചും നഗ്നതപൂണ്ട സ്ത്രീകളും പുരുഷന്മാരും അന്യോന്യം പിടികൂടുവാന്‍ പാഞ്ഞുകളിച്ച് ഒടുവില്‍ പിടിയില്‍ക്കിട്ടിയ ആളെക്കൊണ്ട് അവിടെവെച്ചുതന്നെ കാമനിവൃത്തി വരുത്തുക പതിവായിരുന്നുവത്രേ.

മതത്തിന്റെ പേരില്‍ ഇത്തരം കാമപ്പേക്കൂത്തുകള്‍ കാണിക്കുന്ന സമ്പ്രദായം 1908-ല്‍ ഹോളണ്ടിലും 1901-ല്‍ ഇംഗ്ലണ്ടിലും നടപ്പുണ്ടായിരുന്നതായി അന്വേഷകന്മാര്‍ രേഖപ്പെടുത്തുന്നു. അമേരിക്കക്കാരായ ഹോറോസ്സ് എന്ന ഒരാളും ഭാര്യയുംകൂടി ഏര്‍പ്പെടുത്തിയ മതപരമായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലണ്ടിലെ ചെറുപെണ്‍കിടാങ്ങള്‍ ഏറ്റവുമധികം ദയനീയവും ഭയങ്കരവുമായ കാമപ്പേക്കൂത്തുകളില്‍ കിടന്നു കെട്ടിമറിഞ്ഞിരുന്നതായി ചില ഗ്രന്ഥകാരന്മാര്‍ വിവരിക്കുന്നുണ്ട്. 'ചെറുപ്പക്കാരിയായ കുലട കിഴവിയായ ഈശ്വരഭക്ത'യാണെന്ന് ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്. ഇത് സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും യോജിക്കുന്നതാണെന്ന് ഐവന്‍ ബ്ലോക്ക് വ്യാഖ്യാനിക്കുന്നു.

ഇത്തരം മതസംബന്ധിയായ വ്യഭിചാരം സാമാന്യമായി നടപ്പില്‍വന്നത് മനുഷ്യരുടെ ജനനേന്ദ്രിയവ്യാപാരങ്ങള്‍ക്ക് പ്രകൃതിയിലെ ഫലപുഷ്ടി വര്‍ധിപ്പിക്കാന്‍ അജ്ഞാതവും അതിദിവ്യവുമായ ഒരു മഹാശക്തിയുണ്ടന്ന വിശ്വാസത്തില്‍നിന്നാണെന്ന തത്ത്വം ഒന്നാമതായി പാശ്ചാത്യരാജ്യങ്ങളില്‍ വ്യാപരിച്ചത് മന്നാര്‍ട്ട് എന്നു പേരായ ഒരു പ്രധാന ചിന്തകനാണ്. അതിനുശേഷം പല അന്വേഷകന്മാരും അദ്ദേഹത്തിന്റെ സിദ്ധാന്തത്തോടു യോജിക്കാനുണ്ടായി. ആദ്യത്തെ ആ വിശ്വാസം കാലക്രമേണ ക്ഷേത്രസംബന്ധിയായ പരിണാമഗതിയില്‍, മാറിമറിഞ്ഞു രൂപാന്തരങ്ങളെ കൈക്കൊണ്ടു. ചാരിത്രനിഷ്ഠയില്ലാത്ത ഒരു ദേവതയ്ക്കു സന്തോഷകരമായിരിക്കുമെന്നു കരുതപ്പെടുന്ന വ്യഭിചാരകര്‍മം ക്ഷേത്രത്തില്‍വെച്ചോ ക്ഷേത്രപരിസരങ്ങളില്‍വെച്ചോ ക്ഷേത്രദേവതാപ്രീതിക്കായി മറ്റെവിടങ്ങളിലെങ്കിലും വെച്ചോ ചെയ്താല്‍, ആ ഈശ്വരി പ്രസാദിച്ചു നാനവിധൈശ്വര്യങ്ങളും വിശേഷിച്ചു സന്താനാഭിവൃദ്ധിയും ആ ഭക്തനും ഭക്തയ്ക്കും അനുഗ്രഹിച്ചരുളുമെന്ന മതവിശ്വാസമായി അതു പരിണമിച്ചു.

കിഴക്കെ ഏഷ്യയിലും പല അപരിഷ്‌കൃത ജനങ്ങളുടെയും ആവാസപ്രദേശങ്ങളിലും മതാചാര്യന്മാര്‍ ഈശ്വരപ്രാതിനിധ്യം വഹിച്ചു പെണ്‍കിടാങ്ങളുടെ കന്യകാത്വദൂഷണം ചെയ്തുപോരുക പതിവുണ്ടായിരുന്നു. വല്ലഭാചാര്യരാല്‍ സ്ഥാപിതമായ ദൈ്വതമതത്തിന്റെ പ്രചാരത്തോടുകൂടി നവോഢകളെ പുരോഹിതന്മാര്‍- 'മഹാരാജാ' എന്നാണ് അത്തരം മതാചാര്യന്മാരെ ആളുകള്‍ വിളിക്കുന്നത്- സ്വീകരിച്ചുവന്നിരുന്നതായി ഐവന്‍ ബ്ലോക്ക് എഴുതിക്കാണുന്നു. ഈ 'മഹാരാജ'ന്മാര്‍ ഈശ്വരന്മാരുടെ പ്രതിനിധികളായി നിന്നു മതവിശ്വാസികളായ ഭക്തജനങ്ങളുടെ ഭാര്യമാരുടെ മേല്‍ മതസംബന്ധിയായ നിയമശക്തികൊണ്ട് തങ്ങള്‍ക്കു കൈവന്നിട്ടുള്ള അവകാശത്തെ - വിശേഷിച്ചും പെണ്‍കിടാങ്ങളുടെ കന്യകാത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള അവകാശവിശേഷത്തെ-അനുഭവിക്കുന്നു (വിവാഹം കഴിഞ്ഞതിനുശേഷം നാലു ദിവസത്തേക്ക് വധുക്കളുടെ സംഭോഗസുഖം ദേവന്മാര്‍ അനുഭവിക്കുന്നു എന്ന വിശ്വാസം ഇവിടെ സ്മരണീയമാണ്). ഗോപസ്ത്രീകള്‍ ശ്രീകൃഷ്ണങ്കലെന്ന പോലെ, എല്ലാ തരുണിമാരും മതാചാര്യങ്കല്‍ താന്താങ്ങളെ സമര്‍പ്പണം ചെയ്യുന്നത് അത്യുത്കൃഷ്ടമായ ഒരീശ്വരാരാധനമാണെന്ന് ആ മതഭക്തന്മാര്‍ വിശ്വസിച്ചുവരുന്നു. എന്നല്ല, ഈ കന്യകാത്വദൂഷണത്തില്‍ ഏര്‍പ്പെട്ട് ഈശ്വരനെ പ്രസാദിപ്പിച്ചുകൊടുക്കുന്നതിന് പ്രതിഫലമായി ഒരു ദക്ഷിണ, ഒരു വഴിപാടുസംഖ്യ, ഈശ്വരനുവേണ്ടി ആ മതാചാര്യന്മാര്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ഇന്‍ഡോചൈനയിലുള്ള കംബോഡിയയില്‍ ബുദ്ധമതപുരോഹിതന്മാരെ, അല്ലെങ്കില്‍ ടയോ(ഠമീ) മതാചാര്യന്മാരെ, പല്ലക്കുകളിലേറ്റി അവരെ സ്വീകരിക്കാന്‍ കാത്തുനില്ക്കുന്ന കന്യകകളുടെ അടുക്കലേക്ക് ആളുകള്‍ കൊണ്ടുചെന്നിരുന്നതായി ആബെല്‍റെമൂസെറ്റ് എഴുതിയിരിക്കുന്നു. ഓരോ സ്ത്രീയുടേയും പക്കല്‍ ഒരടയാളം വരച്ചിട്ടുള്ള മെഴുകുതിരിയുണ്ടായിരിക്കും. ആ മെഴുകുതിരി കത്തിയമര്‍ന്നു ദീപനാളം അടയാളവരയിലെത്തുമ്പോഴേക്കും സംഭോഗം മുഴുമിച്ചുകൊള്ളണമെന്നാണ് നിയമം.

മതസംബന്ധിയായ വ്യഭിചാരം, സാമാന്യമായി അനുരാഗത്തെ വ്യക്തിഗതമാക്കുന്നതിനോട് പൊതുവില്‍ അപരിഷ്‌കൃതജനങ്ങള്‍ക്കുള്ള പ്രതികൂലഭാവത്തില്‍നിന്നുണ്ടായിട്ടുള്ളതാണെന്നു ബച്ചോഫെന്‍ യുക്തിയുക്തമായി പ്രതിപാദിക്കുന്നു. കന്യകാത്വത്തോട് അപരിഷ്‌കൃതര്‍ക്കുള്ള പുച്ഛത്തെ വൈറ്റ്‌സ്, ബച്ചോഫെന്‍, കളിഷെര്‍, പോസ്റ്റ്, റോട്ട്മാന്‍ മുതലായവരെല്ലാം തെളിയിച്ചിട്ടുണ്ട്. അവിവാഹിതകളെക്കുറിച്ചു സാമാന്യമായുള്ള അനുകമ്പയും അവജ്ഞയും അപരിഷ്‌കൃതരുടെ ഈയൊരു സ്വഭാവാവശിഷ്ടത്തിന്റെ രുപാന്തരമാണെന്ന് ഐവന്‍ ബ്ലോക്ക് സിദ്ധാന്തിക്കുന്നു.

'വ്യഭിചാരം ചെയ്യുന്നവര്‍ ഏകപത്‌നീവ്രതത്തിനു മുന്‍പില്‍ അര്‍പ്പണംചെയ്യപ്പെടുന്ന, ബലികഴിക്കപ്പെടുന്ന, യജ്ഞപശുക്കളാ'ണെന്ന് ഷോപ്പെനോര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാന്‍ഡെവില്‍ എഴുതിയിരിക്കുന്നു: 'ചില വങ്കന്മാര്‍ ആവശ്യപ്പെടുന്നവിധം തേവിടിശ്ശികളെയും കുലടകളെയും ബന്ധനത്തിലാക്കാന്‍ ഭരണാധികാരികള്‍ ആരംഭിക്കുന്നപക്ഷം നമ്മുടെ ഭാര്യമാരുടെയും പെണ്‍മക്കളുടെയും മാനത്തെ സംരക്ഷിക്കാന്‍ എത്ര പൂട്ടുകളും ബന്ധനങ്ങളുമുണ്ടായാലാണ് മതിയാവുക! ഞാന്‍ വിചാരിക്കുന്നത് ചാരിത്രത്തെ നിലനിര്‍ത്താന്‍ വിഷയലമ്പടത്വം ആവശ്യമാണെന്നാണ്. ഏറ്റവുമധികം ഉത്കൃഷ്ടമായ മനോവൃത്തിക്ക് ഏറ്റവുമധികം നികൃഷ്ടമായ മനോവൃത്തിയുടെ സഹായം ആവശ്യമായിരിക്കും. ഒരു രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്‍പുള്ളതും ഇന്നത്തേതുമായ വ്യഭിചാരം വിവാഹത്തിന്റെ രക്ഷാദുര്‍ഗമാണെന്നു മാത്രമല്ല, വിവാഹം ഉണ്ടായിത്തീര്‍ന്നതെവിടെനിന്നോ അവിടേക്ക് ചുഴിഞ്ഞുനോക്കുന്നപക്ഷം അതുതന്നെ മിക്കപ്പോഴും വ്യഭിചാരത്തിന്റെ ഒരു രൂപാന്തരമാണെന്നു കാണാമെന്നുതന്നെ എല്ലിസ്സ് സിദ്ധാന്തിക്കുന്നു. ഫോറെല്‍ പറയുമ്പോലെ, 'വിവാഹം വ്യഭിചാരത്തിന്റെ ഒരു പരിഷ്‌കൃതരൂപമാണ്.' മതസംബന്ധിയായ വ്യഭിചാരത്തെപ്പറ്റി പഠിച്ചുവരുമ്പോള്‍ ഇത്തരം പ്രസിദ്ധ ചിന്തകന്മാരുടെ സിദ്ധാന്തങ്ങള്‍ ഉപകാരപ്രദങ്ങളായിരിക്കും.

തികഞ്ഞ വിഷയലമ്പടത്വപരമായ ശരീരാര്‍പ്പണം, നാമെത്രതന്നെ പിറുപിറുത്താലും ശരി, മതവിശ്വാസത്തോടു സംബന്ധപ്പെട്ടുതന്നെയിരിക്കും. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് കലശലായ വിഷയലമ്പടത്വവും കഠിനമായ മതശ്രദ്ധയും കുടിക്കലര്‍ന്ന ഒരു വികാരം തോന്നിപ്പോകയും അതുകാരണം ഈശ്വരാരാധനത്തിനായി അവര്‍ സ്വശരീരത്തെ അര്‍പ്പിക്കുകയും, ഈശ്വരനുവേണ്ടി എന്നെന്നും ആത്മാവിനെ ബലികഴിക്കുകയും ചെയ്‌തേക്കും. ചിലപ്പോള്‍ ദിവ്യാന്തഃപുരവാസചിന്ത മനുഷ്യരുടെ മാധ്യസ്ഥത്തിലൂടെ, ഈശ്വരന്‍ അസംഖ്യം കാമിനികളെ അനുഭവിക്കുകയാകുന്ന ക്ഷേത്രസംബന്ധിയായ, മതസംബന്ധിയായ വ്യഭിചാരരൂപത്തെ കൈക്കൊള്ളും; അതുമല്ലെങ്കില്‍ സംഭോഗം ഒരു മതപരമായ കര്‍മമാണെന്നു കരുതപ്പെടുന്ന അപരിഷ്‌കൃതസമ്പ്രദായപ്രകാരം, അത് ഒരു ക്ഷേത്രത്തിലോ ഭവനാന്തര്‍ഭാഗത്ത് വിശുദ്ധതരമാക്കിവെച്ചുപോരുന്ന ഒരു മുറിയിലോ വെച്ചു നടത്തപ്പെടും-ഇങ്ങനെയൊക്കെയാണ് ഈ മതാചാരത്തിന് ഇത്രമേല്‍ വമ്പിച്ച പ്രചാരം കിട്ടിയത്. ഈജിപ്തുകാര്‍ ദേവാലയങ്ങളില്‍ വെച്ചുള്ള സംഭോഗത്തെ തടഞ്ഞിരുന്നതായി രേഖപ്പെടുത്തുന്ന ചരിത്രകാരന്‍ ഹെറോഡോട്ടസ് ഇങ്ങനെ പറയുന്നു: 'ഈജിപ്തുകാരേയും ഹെല്ലന്‍ കാരേയുമൊഴിച്ചാല്‍, എല്ലാ രാജ്യക്കാരിലും ദേവാലയങ്ങളില്‍വെച്ച് സംഭോഗബദ്ധരാവുക എന്നത് ഒരു സാമാന്യാചാരമായിരുന്നു. അവരുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ മൃഗനിര്‍വിശേഷരത്രേ; മൃഗങ്ങളും പക്ഷികളും ദേവാലയങ്ങള്‍ക്കുള്ളിലും ഈശ്വരാവാസസ്ഥലങ്ങളായ കാവുകളിലും മറ്റും വെച്ച് സംഭോഗം ചെയ്യുന്നത്, സാധാരണമാകയാല്‍, ആവിധം മനുഷ്യരും ചെയ്യുന്നപക്ഷം അത് തെറ്റായിത്തീരാന്‍ വയ്യ.' ദേവാലയങ്ങളില്‍ വെച്ച് സംഭോഗം ചെയ്യുന്നതുകൊണ്ട് ഈശ്വരനുമായി സായുജ്യമടയാനുള്ള ആഗ്രഹം ഫലിക്കുമെന്ന വിശ്വാസംകൊണ്ടും ഈ ആചാരത്തിന് വ്യാപ്തി കൂടിയിട്ടുണ്ടാവണം. കാലക്രമംകൊണ്ട് ഈശ്വരന്‍ തനിക്കായി ചില സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതോടുകൂടി, ദേവദാസികള്‍ എന്ന ഒരു വര്‍ഗത്തിന്റെ ആവിര്‍ഭാവം പടര്‍ന്നുപിടിച്ചതോടുകൂടി ആളുകള്‍ക്ക് സ്വന്തം ഭാര്യമാരെയോ മറ്റു സ്ത്രീകളെയോ ദേവാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ട ആവശ്യം ഇല്ലാതായെന്നും ഈശ്വരസായുജ്യം നേടുന്നതിന് ഈശ്വരനോടടുപ്പമുള്ള ആ ദേവദാസികളെ പ്രാപിച്ചാല്‍ മതി എന്ന നിലയായെന്നും ഐവന്‍ബ്ലോക്ക് സമാധാനിക്കുന്നു.

വീനസിന്റെ ദാസികളും ഫെനീഷ്യരുടെ ക്ഷേത്രത്തേവിടിശ്ശികളും ഗ്രീസുകാരുടെ ദേവകന്യകകളുമെല്ലാം ദേവാലയപരിസരങ്ങളിലാണ് പാര്‍ത്തുപോന്നിരുന്നത്. എറിക്കസ്സിലേയും കൊറിന്നിലേയും ക്ഷേത്രങ്ങളില്‍ ഓരോന്നിലും ഒരായിരം ദേവദാസികള്‍ ഉണ്ടായിരുന്നതായി റിച്ചേര്‍ഡ് പെയിന്‍ നൈറ്റ് പറയുന്നു. അവര്‍ അമ്പലത്തിന് പുറത്തും ഉള്ളില്‍ത്തന്നെയും വെച്ച് പുരുഷസംസര്‍ഗം ചെയ്തിരുന്നുവത്രേ.

പുരുഷന്മാര്‍ക്കും കാമസംബന്ധികളായ മതാചാരാനുഷ്ഠാനങ്ങളില്‍നിന്നും തികച്ചും രക്ഷയുണ്ടായിരുന്നില്ല. ക്രിസ്തു ജനിക്കുന്നതിന്റെ ഒരിരുനൂറു കൊല്ലം മുന്‍പ് റോംരാജ്യത്തുണ്ടായിരുന്നതും അസ്സീറിയയില്‍നിന്ന് വന്നുചേര്‍ന്നതുമായ ഒരാചാരവിശേഷത്തെ ഫ്രേസെര്‍ പ്രതിപാദിക്കുന്നുണ്ട്. 'സിബിലി'ന്റെയും 'ആറ്റിസ്സി'ന്റെയും ആരാധനാസമ്പ്രദായത്തിലാണ് ഇതധികമായി കാണപ്പെടുന്നത്. ഈ ദേവതകളുടെ പൂജാരികളൊക്കെ ഷണ്ഡന്മാരായിരുന്നു; മതസംബന്ധികളായ ആഘോഷങ്ങളില്‍ ആ മതാചാര്യന്മാര്‍ പൗരസ്ത്യവേഷം ധരിച്ചു റോമിലെ തെരുവീഥികളിലൂടെ സഞ്ചരിക്കും. വസന്തകാലത്ത് 'രക്തദിനം' എന്നു പറയപ്പെടുന്ന ഒരു ദിവസം ഒരു സവിശേഷാഘോഷം നടത്തപ്പെടാറുണ്ട്. അന്ന് പല ചടങ്ങുകളും അനുഷ്ഠിക്കാറുള്ളവയില്‍ ഒന്ന്, ഒരുതരം ദേവതാരുവൃക്ഷത്തോട് ഈശ്വരന്റെ ഒരു രുപത്തെ കൂട്ടിക്കെട്ടി, അതിനെ എടുത്തുപൊന്തിച്ചു 'സിബില്‍' എന്ന ഈശ്വരിയുടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയാണ്. ആ ഭഗവല്‍ത്തിടമ്പിന്റെ ചുറ്റിലുമായി പൂജാരികള്‍ നൃത്തംവെക്കുകയും ദേഹമെങ്ങും കുത്തിവാര്‍ന്നു രക്തം ക്ഷേത്രത്തിലേക്ക് വഴിപാടായി അര്‍പ്പിക്കുകയും ചെയ്യുന്നു? ആ താത്കാലികക്കലി വര്‍ധിച്ചു വര്‍ധിച്ച് ഭ്രാന്തോടടുക്കുമ്പോഴാണ് പ്രധാനകര്‍മം അനുഷ്ഠിക്കപ്പെടുക. ഫ്രേസരുടെ വിവരണത്തെത്തന്നെ ഞാനിവിടെ ഉദ്ധരിക്കാം: 'കൂട്ടത്തിലുള്ള പുരുഷന്മാര്‍ ഓരോരുത്തനായി, സംഗീതത്തില്‍ ലയിച്ചു മതിമറന്നും, ചോരയുടെ തുള്ളിച്ചാട്ടം കണ്ടു ലഹരി പിടിച്ചും, ഉടപ്പു മുഴുവന്‍ പിടിച്ചഴിച്ചു വലിച്ചെറിഞ്ഞ് ഒരട്ടഹാസവുമിട്ടു മുന്‍പോട്ടു ചാടി അവിടെ ഒരിടത്തു തയ്യാറാക്കിവെച്ചിട്ടുള്ള ഒരു കൈവാള്‍ കടന്നെടുത്ത് അവിടെ നിന്നുകൊണ്ടു ലിംഗത്തെ ഛേദിച്ചുകളയുന്നു. ഉടനെ, ചോരചാടുന്ന പ്രദേശം കൈകൊണ്ട് പൊത്തിപ്പിടിച്ച് ആ ഭ്രാന്തുമുഴുത്ത മനുഷ്യന്‍ റോംനഗരത്തിലെ തെരുവീഥികളിലൂടെ പാഞ്ഞുപോകുന്നു. ആ ഭ്രാന്തപ്പാച്ചിലിന്റെ ഇടയ്ക്ക് ഏതെങ്കിലും ഒരു വീട്ടിനുള്ളിലേക്ക് അയാള്‍ ആ അറുത്തെടുത്ത ലിംഗത്തെ ഒരേറെറിയും.' ഇതാണ് പുരുഷന്മാര്‍ അത്തരം ദേവതാപ്രീതിക്കുവേണ്ടി അര്‍പ്പിക്കുന്ന ബലി. സ്ത്രീകള്‍ ചാരിത്രത്തെ ഈശ്വരന്മാര്‍ക്കായി ബലികഴിക്കുന്നു; പുരുഷന്മാര്‍ സന്തത്യുത്പാദനത്തിനുള്ള അവയവത്തേയും. ആ വ്യഭിചാരിണികളെയും ഈ ഷണ്ഡന്മാരെയും ആളുകള്‍ വലിയ ഭക്തിയോടുകൂടി ആദരിച്ചുപോരുന്നു.

അവസാനിക്കാത്ത ആര്‍ത്തിയും അനശ്വരത്വത്തെക്കുറിച്ചുള്ള അത്യാശയും ജീവിതത്തിലെ അഗാധതകള്‍ക്കുള്ളില്‍ ആണ്ടുകിടക്കലും ശാശ്വതമായ ദിവ്യാനന്ദത്തില്‍ പങ്കെടുക്കാനുള്ള ഓരോ വ്യക്തിയുടെയും അതിശ്രദ്ധയുമെല്ലാം കാമവികാരാവേശത്തിലെന്നപോലെ മതശ്രദ്ധയിലുമുണ്ട്. അതിനാല്‍ കാമിനീകാമുകന്മാര്‍ക്കും മതാചാര്യന്മാര്‍ക്കും ഒരുപോലെ മരണത്തില്‍ രസം തോന്നുന്നു; ഇതിനെപ്പറ്റി ലെപ്പാര്‍ഡി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 'കാമിനീകാമുകന്മാര്‍ക്കു മരിക്കാനുള്ള ആര്‍ത്തിയും സംഭോഗസുഖാനുഭവത്തിനുള്ള ആര്‍ത്തിയും ഒന്നാണെ'ന്ന് എച്ച്. സ്വൊബോഡാ സൂചിപ്പിക്കുന്നു. വ്യസനകരമായ അനുരാഗത്തിന്റെ ഫലമാണെന്നു പറയപ്പെടുന്ന പല ആത്മഹത്യകളും വാസ്തവത്തില്‍ സന്തോഷപൂര്‍ണമായ അനുരാഗംകൊണ്ടുണ്ടായിട്ടുള്ളതാണെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നതും ഇവിടെ വക്തവ്യമത്രേ. ഇങ്ങനെ എത്ര കെട്ടഴിച്ചാലും വിട്ടുപോരാത്ത വിധത്തിലാണ് മതവും കാമവികാരവുംകൂടി കെട്ടുപിണഞ്ഞു കിടക്കുന്നത്.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment