4/16/2013

മതവും കാമവികാരവും - 6

ഇനി നമുക്കു ചില ഈശ്വരാരാധനച്ചടങ്ങുകളിലേക്കു കടക്കാം. മതവും കാമവികാരവുമായുള്ള സവിശേഷസംബന്ധം ഇവിടെയാണ് അതിന്റെ നഗ്നതയില്‍ വെളിപ്പെടുന്നത്. കാമവികാരത്തിന്റെ കൂടുതലനുസരിച്ചു സ്ത്രീയില്‍ മതശ്രദ്ധയ്ക്കു ശക്തിയും മുറുക്കവും വര്‍ധിക്കുന്നു. മതം സ്ത്രീയുടെ വികാരപരമായ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു ഡിഗോണ്‍കൂര്‍ സഹോദരന്മാര്‍ സിദ്ധാന്തിച്ചു. സ്ത്രീയുടെ കാമവികാരം ഏതാണ്ട് ധാര്‍മികവും ദിവ്യവും പരിശുദ്ധമായിത്തീരുമാറു മതം സ്ത്രീസമുദായത്തോടു കൂടിക്കലര്‍ന്ന് അതിനെ പിടിച്ചുതിരിച്ചു. അങ്ങനെ മതാചാര്യന്മാരുമായി സംസര്‍ഗം ചെയ്യുന്ന സ്ത്രീകള്‍ ഒരുതരം ദിവ്യത്വമുള്ളവരായിത്തീര്‍ന്നു.

പണ്ടത്തെ റോമില്‍ ലജ്ജയുടെ അധിദേവതയായിരുന്ന പോഡിസിറ്റയ്ക്കും സൗശീല്യത്തിന്റെ അധിദേവതയായ ബോണാഡീക്കും വഴിപാടായി സ്ത്രീകള്‍ സ്വവര്‍ഗസംഭോഗം നടത്തുക പതിവുണ്ടായിരുന്നു എന്നു ലിയോമാര്‍ക്കുണ്‍ പറയുന്നു. സീസര്‍ ചക്രവര്‍ത്തിയുടെ രാജധാനിയില്‍വെച്ച് നടത്തപ്പെട്ട അത്തരം വഴിപാടോടുകൂടിയ ഒരു ദേവതോത്സവത്തില്‍ പബ്ലിയുസ്സ് ക്ലോഡിയൂസ്സ് ഒരു ദൃക്‌സാക്ഷിയായുണ്ടായിരുന്നുവത്രേ. പല കാടന്മാരുടെ ഇടയിലും സ്വവര്‍ഗസംഭോഗം ചെയ്യുന്നതു മാന്യതയാണെന്നുള്ള വിശ്വാസം നടപ്പുണ്ട്; എന്നല്ല അവരുടെ മഹാക്ഷേത്രങ്ങളില്‍വെച്ച് അത്തരം സ്വവര്‍ഗസംഭോഗം വഴിപാടായി നടത്തപ്പെടാറുണ്ടെന്ന് എല്ലിസ്സിന്റെ അന്വേഷണം തെളിയിക്കുന്നു. അസ്സീറിയക്കാരും ഈജിപ്തുകാരും ഏതാണ്ടു നാലായിരം കൊല്ലങ്ങള്‍ക്കു മുന്‍പു തങ്ങളുടെ ഹോറസ്സ് തുടങ്ങിയ ഈശ്വരന്മാര്‍ക്കും സെത്ത് തുടങ്ങിയ ഈശ്വരികള്‍ക്കും അത്തരം പ്രവൃത്തി വളരെ ഇഷ്ടപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു.

തെക്കന്‍ പസ്സഫിക്ക് ദ്വീപുകളില്‍ സഞ്ചരിച്ച ക്യാപ്റ്റന്‍ കുര്‍ക്കിന്റെ സഞ്ചാരങ്ങളിലുണ്ടായ ഒരനുഭവമാണിത്: ഒരു സന്ദര്‍ഭത്തില്‍ പാതിരിമാരെല്ലാംകൂടി ഒരിടത്തുവെച്ച് ക്രിസ്തുമതോചിതങ്ങളായ ഈശ്വരാരാധനകള്‍ നടത്തുകയുണ്ടായി. അക്കൂട്ടത്തില്‍ ആ പ്രദേശത്തുകാരും ഏറെക്കുറെ വന്നുചേര്‍ന്നിരുന്നു. അവര്‍ ക്രിസ്തുമതാനുസാരിയായ ഈശ്വരവന്ദനത്തില്‍ ഭക്തിപൂര്‍വം പങ്കെടുത്തു; അതിനുശേഷം അവര്‍ തങ്ങളുടെ ആചാരപ്രകാരമുള്ള ഈശ്വരാരാധനവും ഭക്തിയോടുകൂടിത്തന്നെ അവിടെവെച്ചു നടത്താനൊരുമ്പെട്ടു . അവിടെ കൂടിയിരുന്ന വെള്ളക്കാരെല്ലാം അമ്പരന്നുപോകുമാറ് അവര്‍ നടത്തിയ ഈശ്വരാരാധനം, കൂട്ടത്തിലെ ഒരു യുവാവും യുവതിയുംകൂടി, പരക്കേ ആളുകള്‍ നോക്കിക്കണ്ടുനില്‌ക്കേ, മൈഥുനകര്‍മം ആചരിക്കയായിരുന്നു. ഇതു മതസംബന്ധിയായ ഒരു വലിയ കര്‍മമായിട്ടാണത്രേ അവര്‍ കരുതിപ്പോരുന്നത്; അവിടെ കൂടിയിരുന്നവരെല്ലാം ആ കര്‍മത്തെ നോക്കിക്കണ്ടു ഭക്തിപരവശരായിപ്പോയി.

ഇന്ത്യയില്‍ നടപ്പുള്ള ഒരാചാരത്തെപ്പറ്റി ഹാര്‍ഗ്രേവ് ജെന്‍കിന്‍സന്‍ പ്രസ്താവിക്കുന്നുണ്ട്. ഒരു സ്ത്രീയെ ജാതിയും തൊഴിലും നോക്കി ഭക്തജനസംഘത്തില്‍നിന്നും തിരഞ്ഞെടുക്കുന്നു. അവളെ പല മന്ത്രോച്ചാരണങ്ങള്‍കൊണ്ടും അനുഷ്ഠാനങ്ങള്‍കൊണ്ടും പരിശുദ്ധീകരിച്ചതിനുശേഷം, മറ്റു ചില അനുഷ്ഠാനങ്ങള്‍കൊണ്ടും മന്ത്രോച്ചാരണങ്ങള്‍കൊണ്ടും പരിശുദ്ധമാക്കിയിട്ടുള്ള ഒരു വൃത്തത്തിനുള്ളിലാക്കി, അവളുടെ ചെകിട്ടില്‍ മൂന്നു പ്രാവശ്യം ഒരു മന്ത്രത്തെ മന്ത്രിക്കുന്നു. എന്നിട്ട് അവള്‍ക്ക് പുരുഷസംഭോഗം അനുഭവപ്പെടുത്തികൊടുക്കുന്നു. ക്ഷേത്രത്തില്‍വെച്ച് നടത്തപ്പെടുന്ന ഈയൊരു കര്‍മം വമ്പിച്ച വഴിപാടായിട്ടാണ് ആളുകള്‍ കരുതിപ്പോരുന്നത്.

ഇത്തരം മതസംബന്ധിയായ വ്യഭിചാരം പലേടങ്ങളിലും നടപ്പുണ്ടായിരുന്നു. ഇങ്ങനെ ദേവാലയങ്ങളില്‍വെച്ച്, അനുരാഗത്തെപ്പറ്റി ആലോചനയേ ഇല്ലാതെ, സ്ത്രീകള്‍ ആദ്യം കണ്ടെത്തിയ പുരുഷനു സ്വശരീരാര്‍പ്പണം ചെയ്ത് ആ സുഖാനുഭവത്തില്‍ സന്തുഷ്ടനായി അവന്‍ കൊടുക്കുന്ന സമ്മാനത്തെ നന്ദിപൂര്‍വം സ്വീകരിച്ചുകൊള്ളണമെന്നുള്ള ആചാരം പരക്കെ പ്രചരിച്ചിരുന്നു; ഇങ്ങനെ ചെയ്യുന്നതിനുതന്നെയാണല്ലോ നാമിന്നു വ്യഭിചാരം എന്നു പേരിട്ടിട്ടുള്ളത്. ഈ മതസംബന്ധിയായ വ്യഭിചാരം രണ്ടുതരമുണ്ട്: (1) ദേവനുവേണ്ടി ഒരിക്കല്‍ മാത്രം വ്യഭിചരിക്കുക; (2) ദേവനുവേണ്ടി എന്നെന്നും വ്യഭിചരിക്കുക. കന്യകാത്വത്തെ സമര്‍പ്പിക്കുന്നതാണ് ഒന്നാമത്തേത്; ഇതു ചിലപ്പോള്‍ പുരുഷാനുഭുക്തയായ സ്ത്രീയും ഒരിക്കല്‍മാത്രം ദേവാനുഗ്രഹാര്‍ഥം വ്യഭിചരിക്കുക എന്നായേക്കും. ഈ കന്യകാത്വസമര്‍പ്പണം ചിലപ്പോള്‍ ചില രാജ്യങ്ങളില്‍ ഈശ്വരനുവേണ്ടിത്തന്നെയാവാം - എന്നുവെച്ചാല്‍, കല്ലുകൊണ്ടോ കൊമ്പുകൊണ്ടോ മരംകൊണ്ടോ ശിവലിംഗാകൃതിയില്‍ ഉണ്ടാക്കിയ ഒരു ദിവ്യോപകരണംകൊണ്ട് സ്വയം കന്യകാത്വദൂഷണം ചെയ്കയോ ഈശ്വരബിംബത്തെത്തന്നെ ഭര്‍ത്തൃപദത്തില്‍ കൈക്കൊണ്ട് അതിനെക്കൊണ്ട് സാമാന്യസംഭോഗം അനുഭവിക്കുകയോ ചെയ്ക. ചിലപ്പോള്‍ ബിംബത്തിനുപകരം ഈശ്വരപ്രതിനിധിയായി രാജാവിനെയോ മതാചാര്യനെയോ ചാര്‍ച്ചക്കാരനെയോ (ചുരുക്കമായിട്ടല്ലാത്ത സ്വന്തം അച്ഛനേയും സ്വീകരിക്കാറുണ്ട്; ഇത് മതസംബന്ധിയായ അഗമ്യഗമനം) ഏറെക്കുറെ അപരിചിതനേയോ സ്വീകരിക്കുന്നു; ഇതാണ്് രണ്ടാമത്തെ തരം.

പതിനാറാംനൂറ്റാണ്ടില്‍ ഇന്ത്യാരാജ്യത്ത് തെക്കെ ഡക്കാനില്‍ സഞ്ചരിച്ചിട്ടുള്ള ഡ്വാര്‍ത്തേ ബര്‍ബോസ പെണ്‍കിടാങ്ങള്‍ ശിവലിംഗംകൊണ്ട് മതസംബന്ധിയായ കന്യകാത്വദുഷണം ചെയ്യുന്നത് നോക്കിക്കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി ഐവന്‍ബ്ലോക്ക് പറയുന്നു. പത്തു വയസ്സായ പെണ്‍കുട്ടികളെ മാത്രമാണ് ഈവിധത്തില്‍ ഈശ്വരനായി സമര്‍പ്പിക്കാറുള്ളത്. ഗോവാനിവാസികളുടെ ആചാരങ്ങളെപ്പറ്റി ജാന്‍ ഹൈജന്‍ വാന്‍ലിന്‍ഷോട്ടനും ഗാസ്‌പെറോബാല്‍ബിയും വിവരിക്കുന്നുണ്ട്. കന്യകയെ അമ്പലത്തിലേക്കു കൊണ്ടുപോയി അവിടെവെച്ച് ഇരുമ്പുകൊണ്ടോ ആനക്കൊമ്പുകൊണ്ടോ ഉള്ള ഒരു ലിംഗത്തെ അവളുടെ ഭഗദ്വാരത്തിലേക്ക് കുത്തിയിറക്കി കുമാരീച്ഛദത്തെ നശിപ്പിച്ചുകളയുന്നു. ഗോവയില്‍നിന്ന് പതിനെട്ടു നാഴിക അകലെയുള്ള ഒരമ്പലത്തില്‍ കല്ലുകൊണ്ടുള്ള ബിംബത്തിന്റെ ലിംഗത്തോട് കന്യകയുടെ ഗുഹ്യാവയവത്തെ കുട്ടിത്തൊടുവിക്കുക നടപ്പുള്ളതായും അവര്‍ വിവരിക്കുന്നു. ഡബഌൂ.ഷുട്‌സ് തന്റെ കിഴക്കെ ഇന്ത്യയിലെ സഞ്ചാരം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: 'സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടുകൂടി പെണ്‍കിടാവിന്റെ കന്യകാത്വം നശിപ്പിക്കപ്പെടുന്നു. ഈ സമയത്ത് അവളുടെ വരന്‍ ഈശ്വരന്‍ ചെയ്ത ആ അനുഗ്രഹംമൂലം മേലില്‍ പല ഗുണങ്ങളും ഉണ്ടായിത്തീരുമെന്ന് വിശ്വസിച്ച് ഇതെല്ലാം നോക്കിക്കണ്ടുകൊണ്ടു നില്ക്കും.' ഇന്ത്യയിലെ കന്യകമാരെ ഈവിധം ഈശ്വരനു സമര്‍പ്പണം ചെയ്യാറുള്ളതിനെപ്പറ്റി ജോണ്‍ ഫ്രെയെര്‍, റോ, മോക്കെ, ഗിയോണ്‍ എന്നിങ്ങനെ പലരും വിവരിച്ചിട്ടുണ്ട്.

ഇതേമാതിരി യഹൂദന്മാരുടെ ഈശ്വരനായിരുന്ന 'ബാല്‍പിയോര്‍' പെണ്‍കിടാങ്ങളുടെ കന്യകാത്വത്തെ നശിപ്പിച്ചുകൊടുക്കാറുണ്ടായിരുന്നു. 'പിയോര്‍' എന്ന വാക്കിന്റെ അര്‍ഥംതന്നെ 'തുറക്കുക' എന്നാണത്രേ. ആഗസ്തീന്‍ ലക്‌ററാന്‍ ഷിയുസ്സ് , അര്‍നോബിയുസ്സ് എന്നിവരുടെ അഭിപ്രായപ്രകാരം റോമില്‍ കന്യകമാരെ നഗ്നലിംഗമായ ബിംബത്തിന്മേല്‍ അമര്‍ത്തിയടുപ്പിച്ചിരുത്തി അവരുടെ കന്യകാത്വത്തെ ഇല്ലാതാക്കുന്ന സമ്പ്രദായം നടപ്പുണ്ടായിരുന്നു. ഇങ്ങനെയാണ് ഒക്രീഷിയയുടെ ഗര്‍ഭോത്പാദനമുണ്ടായതെന്ന് ഐതിഹ്യം ഏറ്റുപറയുന്നു.

രണ്ടാമതു പറഞ്ഞ ആചാരം പരക്കെ അറിയപ്പെട്ടിട്ടുള്ളത് ക്രിസ്തുവിന്റെ ജനനത്തിനു മുന്‍പ് അഞ്ചാംനൂറ്റാണ്ടില്‍ ബാബിലോണിയയില്‍ വിവാഹപ്രാതികൂല്യത്തിന്റെ അധിദേവതയായിരുന്ന മിലിറ്റ എന്ന സൗന്ദര്യരൂപിണിയുടെ ആരാധനത്തില്‍നിന്നാണ്. മിലിറ്റ എന്ന ഈശ്വരി വിവാഹപ്രാതികൂല്യത്തിന്റെ മൂര്‍ത്തിയായി നിന്ന് എല്ലാ കന്യകകളെയും സ്വസന്നിധിയില്‍ വരുത്തി സംഭോഗേച്ഛുക്കളായ പുരുഷന്മാര്‍ക്കെല്ലാം സമര്‍പ്പണം ചെയ്യുന്നു. ബാബിലോണിയയിലെ ഏതൊരു സ്ത്രീയും ജീവിതത്തിലൊരിക്കല്‍ മിലിറ്റയുടെ ക്ഷേത്രത്തില്‍ച്ചെന്ന് ഭഗവതീപ്രസാദത്തിനായി, തന്റെ മടിയില്‍ ഒരു നാണ്യം ഇട്ടുകൊടുക്കുന്ന ഏതൊരു പുരുഷനും സ്വശരീരത്തെ ദാനം ചെയ്തുകൊള്ളണമെന്നാണ് നിശ്ചയം. സംഖ്യ എത്രതന്നെ തുച്ഛമായിരുന്നാലും അതുപേക്ഷിക്കുവാന്‍ അവള്‍ക്കധികാരമില്ല; ആ സംഖ്യയെ സന്തോഷപൂര്‍വം സ്വീകരിച്ച് അതു കൊടുത്ത പുരുഷന് കാമനിവൃത്തി വരുത്തിയതിനുശഷമേ, അവള്‍ക്ക് സ്വഗൃഹത്തിലേക്ക് തിരിച്ചുപോവാന്‍ പാടുള്ളൂ. പിന്നീട് ജീവിതകാലം മുഴുവനും ചാരിത്രവതിയായിരിക്കാന്‍ അവള്‍ക്ക്, വേണമെങ്കില്‍ സ്വാതന്ത്ര്യമുണ്ട്. 'നിന്നെ ദേവി അനുഗ്രഹിക്കട്ടെ' എന്നു പറഞ്ഞുകൊണ്ടാണ് പുരുഷന്‍ ആ നാണ്യം സ്ത്രീയുടെ മടിയിലേക്ക് ഇട്ടുകൊടുക്കാറെന്ന് വെസ്‌റ്റേര്‍മാര്‍ക്ക് പറയുന്നു. ഹെറോഡോട്ടസ്, സ്റ്ററാബോ എന്നീ സുപ്രസിദ്ധ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് നോക്കുമ്പോള്‍, സമുദായത്തിലെ ഉയര്‍ന്നവരും താഴ്ന്നവരുമായ സ്ത്രീകളെല്ലാം ഒരിക്കല്‍ ഈവിധം ഒരപരിചിതന് സ്വശരീരത്തെ അര്‍പ്പിച്ചിട്ടുള്ളവരാണ്. അങ്ങനെ സ്വശരീരാര്‍പ്പണം ചെയ്തു കിട്ടുന്ന സംഖ്യ ആ സ്ത്രീകള്‍ ക്ഷേത്രഭണ്ഡാരത്തില്‍ ഭക്തിയോടുകൂടി വഴിപാട് ചെയ്യുന്നു. ഏതൊരു പരുഷന്‍ ആവശ്യപ്പെട്ടാലും ഒരു സ്ത്രീക്ക് വിസമ്മതം ഭാവിക്കാന്‍ പാടില്ല; പുരുഷനാണെങ്കില്‍ ഇഷ്ടമുള്ള സ്ത്രീയെ കൈക്കൊള്ളുകയും ചെയ്യാം. ഈ സമ്പ്രദായത്തെ നിര്‍ത്തല്‍ ചെയ്തത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ യൂസെബിയുസ്സ് പറയുന്നു. സൈപ്രസ്, ഫെനീഷ്യ, കാര്‍ത്തേജ്, ജൂഡിയ, ആര്‍മീനിയ എന്നിവിടങ്ങളിലെല്ലാം ഇത്തരം മിലിറ്റാദേവീപൂജ നടത്തപ്പെട്ടിരുന്നു

No comments:

Post a Comment