4/16/2013

മതവും കാമവികാരവും-5

കേരളം നാഗാരാധത്തിനു വളരെ പ്രചാരംകൂടിയ രാജ്യമാണല്ലോ. സര്‍പ്പക്കാവുകള്‍ ഇവിടെ പലേടങ്ങളിലും ഇന്നും കാണാം. നാഗത്താന്‍പാട്ടുകള്‍ കഴിക്കുന്ന തറവാടുകളും ചുരുക്കമല്ല. അതിനാല്‍ ചരിത്രം വെളിച്ചം വെച്ചിട്ടുള്ള ലോകത്തിന്റെ നാനാഭാഗങ്ങളിലും സര്‍പ്പാരാധനത്തിന്റെ പ്രചാരം കാണപ്പെടുന്നുണ്ടെന്നു നാം അറിഞ്ഞിരിക്കേണ്ടതാണ്. നാഗഭൂഷണനായ ശിവന്റെ എന്നപോലെ, ഈജിപ്തിലെ പല ഈശ്വരന്മാരുടെയും ശിരോലങ്കാരം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന സര്‍പ്പമാണ്. പടമെടുത്തുപിടിച്ച സര്‍പ്പത്തെ ആരാധിക്കല്‍ ഈജിപ്തിലേക്കു കടന്നത് ഇന്ത്യയില്‍നിന്നാണെന്നു സാന്‍ഗെര്‍ ബ്രൗണ്‍ പറയുന്നു. ചൈനയിലെ കൊടികളില്‍ കാണപ്പെടുന്ന മിത്ഥ്യാസര്‍പ്പം (ഉൃമഴീി) സര്‍പ്പാരാധനത്തെത്തന്നെ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ പണ്ടത്തെ ഡ്രൂയിഡ് മതാചാര്യന്മാര്‍ സര്‍പ്പാരാധനയെ കൊണ്ടാടിപ്പോന്നു. ഗ്രീസ്സുകാരുടെ ദേവതയായ ബാക്ചസ്സിന്റെ ഉത്സവങ്ങളില്‍ ലിംഗത്തെയും സര്‍പ്പത്തെയും മുട്ടകളെയും ഒരു പെട്ടിയിലിട്ട് എഴുന്നെള്ളിക്കുക പതിവുണ്ടായിരുന്നു. ആഫ്രിക്കയിലെ പല വര്‍ഗക്കാരും ഇന്നും സര്‍പ്പാരാധനക്കാരാണ്. മധ്യാഫ്രിക്കയില്‍ പല രൂപങ്ങളിലും കൊത്തിയിടപ്പെട്ട സര്‍പ്പബിംബങ്ങളെ കാണാം.

ഇത്രമേല്‍ വ്യാപ്തികൂടിയതായ സര്‍പ്പാരാധനം ലിംഗാരാധനത്തിന്റെ രൂപാന്തരമാണെന്നു പലരും സിദ്ധാന്തിക്കുന്നു. സര്‍പ്പം സ്ത്രീപുരുഷന്മാരുടെ കാമവികാരത്തിന്റെ ചിഹ്നമാണെന്നു ഹാര്‍ഗ്രേവ് ജെന്നിങ്‌സ് അഭിപ്രായപ്പെട്ടു. പുരുഷന്റെ ജനനേന്ദ്രിയത്തെ കാണിക്കാന്‍ ഒട്ടും സര്‍വരും സര്‍പ്പത്തെ തിരഞ്ഞെടുത്തതിന്റെ കാരണം പല ചിന്തകന്മാരും ആലോചിക്കുകയുണ്ടായിട്ടുണ്ട്. സര്‍പ്പം ജീവിതത്തിന്റെ മുറുക്കിപ്പിടുത്തത്തെ കാണിക്കുന്നതായി ചിലര്‍ വാദിക്കുന്നു; മറ്റുചിലര്‍ വളയൂരി പുതുജീവിതം കൈക്കൊള്ളുന്ന സര്‍പ്പത്തിന്റെ സവിശേഷഭാവമാണ് മുന്നിലേക്കു കൊണ്ടുവരുന്നത്. സര്‍പ്പത്തിന്റെ പടം വിരുത്തലും കാമവികാരത്തിന്റെ അപ്രതീക്ഷിതമായ ശക്തിവെക്കലും തമ്മിലുള്ള സാദൃശ്യത്തേയും ഈ ഘട്ടത്തില്‍ ചിന്തകന്മാര്‍ അനുസ്മരിക്കുന്നുണ്ട്. പാമ്പിന്‍തുള്ളലില്‍ ഉറയാറുള്ളതു സ്ത്രീകളാണെന്ന വാസ്തവം ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.

ഈജിപ്തിലും അസ്സീറിയയിലും ഗ്രീസ്സിലും പലപ്പോഴും കാള ബാക്ചസ്സിന്റെ രൂപാന്തരമായി ആരാധിക്കപ്പെട്ടിരുന്നു. കാളക്കൂത്തുചിത്രങ്ങള്‍ പണ്ടത്തെ പല നാണ്യങ്ങളിലും കാണാം. ശിവന്റെ വാഹനമായി കാളയെ കൈക്കൊണ്ടിട്ടുള്ള നമുക്ക് ഇതില്‍ അദ്ഭുതപ്പെടാനില്ല.

നരിയെ ഈശ്വരനായി സങ്കല്പിച്ചാരാധിക്കുന്ന വര്‍ഗക്കാര്‍ കിഴക്കെ ബംഗാളിലും വടക്കെ ബംഗാളിലുമുണ്ട്. ആ വ്യാഘ്രേശ്വരന്‍, നമ്മുടെ അയ്യപ്പനെപ്പോലെ വ്യാഘ്രപ്പുറത്തുകയറി, ചുറ്റുപാടും വ്യാഘ്രസേനകളോടുകൂടി എഴുന്നള്ളുന്നു. വടക്കെ ബംഗാളില്‍ ഈ വ്യാഘ്രേശ്വരനെ ഹിന്ദുക്കളും മുഹമ്മദീയരും ഒരേവിധം വന്ദിച്ചുപോരുന്നുണ്ടെന്ന വാസ്തവം വിശേഷിച്ചും സ്മരണീയമാണ്. സിംഹം കാളിയുടെ വാഹനമണല്ലോ. നാന്‍കാന്‍സ് വര്‍ഗക്കാര്‍ക്കിടയില്‍ ഓന്തിനാണ് ആരാധ്യത. ഈജിപ്തുകാര്‍ മുന്‍കാലങ്ങളില്‍ മുതലയെ പൂജിച്ചിരുന്നു.


പക്ഷി സുപ്രസിദ്ധമായ ഒരു ലിംഗചിഹ്നമാണെന്നു ഡിഗുബെര്‍ നാറ്റിസ് പറയുന്നു. പേര്‍ഷ്യയില്‍ പൂവന്‍കോഴിയും ഗ്രീസില്‍ പരുന്തും സിഡ്‌നിയില്‍ കുയിലും ആരാധ്യങ്ങളായിരുന്നു. ജൂപ്പിറ്റര്‍ കഴുവിനേയും അപ്പോളോ പ്രാപ്പിടിയന്‍ പക്ഷിയേയും മിനേര്‍വ കൂമനേയും കൈയില്‍ ധരിക്കുന്നു.

സ്ത്രീകളുടെ ഗുഹ്യാവയവചിഹ്നമായിട്ടും പല മൃഗങ്ങള്‍ ആരാധ്യതയിലേക്കു പ്രവേശിച്ചിട്ടുണ്ട്. കാമധേനുവിന്റെ വംശത്തില്‍പ്പെട്ട പശുവാണ് അക്കുട്ടത്തില്‍ പ്രാധാന്യമേറിയത്. ഐസിസ് ദേവതയെ പശുവിന്റെ കൊമ്പുകളും ചെവികളും ഒരു സുന്ദരിയുടെ ശരീരവുമുള്ളതായിട്ടാണ് ഈജിപ്തുകാര്‍ സങ്കല്പിച്ചിട്ടുള്ളത്. ആഫ്രിക്കയില്‍ പശു വന്ദനീയമാണ്. മത്സ്യം പല രാജ്യങ്ങളിലും സ്ത്രീത്വത്തിന്റെ ചിഹ്‌നമായി കരുതപ്പെടുന്നു. നമ്മുടെ പുരാണകര്‍ത്താക്കന്മാര്‍ കാമദേവനെ മീനാങ്കനാക്കിയിട്ടുള്ളത് ഇവിടെ ശ്രദ്ധയമാണ്. ഫെനീഷ്യരുടെ ദേവിക്കു തലയും ഉടലും മനുഷ്യസ്ത്രീയുടേതും ഉടലിന്‍ കീഴ്ഭാഗം മത്സ്യത്തിന്റേതുമത്രേ.

ലിംഗാരാധനപരിണാമങ്ങളെയെല്ലാം വെവ്വേറെ എടുത്തു വിവരിക്കുവാന്‍ ഇവിടെ സ്ഥലമില്ല. എഡ്വേര്‍ഡ് കാര്‍പ്പെന്റരുടെ അതിശ്രദ്ധേയമായ അഭിപ്രായത്തെ എടുത്തുകാണിച്ച് ഈ ഭാഗം ഞാന്‍ അവസാനിപ്പിച്ചുകൊള്ളട്ടെ. 'ക്രിസ്തീയവേദപുസ്തകത്തെ വിലവെക്കുന്നപക്ഷം മോസസ് തന്നെയാണ് കുപ്രസിദ്ധമായ ലിംഗഭേദവൃക്ഷത്തേയും സര്‍പ്പാരാധനത്തേയും പ്രചരിപ്പിച്ചത്. മാതളപുഷ്പമാലയണിഞ്ഞവയും ജാച്ചിന്‍ എന്നും ബോസ് എന്നും പറയപ്പെടുന്നവയുമായ രണ്ടു ലിംഗചിഹ്നസ്തംഭങ്ങളെ സോളമന്‍ ഫിനീഷ്യരില്‍നിന്നും കടംവാങ്ങി സ്വന്തം ക്ഷേത്രത്തിനു മുന്‍പില്‍ പ്രതിഷ്ഠിച്ചു. ഗ്രീസുകാരുടെയും പൗരസ്ത്യരുടെയും ആരാധ്യവസ്തുവായ ലിംഗത്തിന്റെ രൂപാന്തരമായ കുരിശും, ഫ്രാന്‍സിലെ രാജാക്കന്മാരുടെ കിരീടങ്ങളിലും മറ്റുമുള്ള ഫ്ലാര്‍ദിലി എന്ന അലങ്കാരമുദ്രയും മറ്റും മറ്റുമായി ക്രിസ്തീയദേവാലയങ്ങളില്‍ പ്രചാരം ലഭിച്ചിട്ടുള്ളവയെല്ലാംതന്നെ സ്ത്രീപുരുഷസംഭോഗ സൂചകങ്ങളാണ്. സൂര്യാധിദേവതകളായ ബാക്ചസ്സ്, അപ്പോളോ, ഓസിറിസ്സ് എന്നിവരെപ്പോലെ, യേശുക്രിസ്തുതന്നെയും സൂര്യന്റെ പുനരുജ്ജീവനദിവസം (ഉത്തരായണാരംഭ ദിവസം) ഡിസംബര്‍ 25-ാംനു ജനിക്കുകയും പുരാതനകാലം മുതല്‍ക്കേ ലോകത്തിലെങ്ങും ലിംഗഭേദസംബന്ധിയായ ദിവ്യചിഹ്നമെന്നു കരുതിപ്പോരുന്ന ഒരു വസ്തുവിന്മേല്‍ നിന്നുകൊണ്ടു മൃതിയടയുകയും ചെയ്തതായി പറയപ്പെടുന്നു.
(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

No comments:

Post a Comment