4/16/2013

മതവും കാമവികാരവും -4

ചൈനീസ് റവ്യൂ എന്ന മാസികയില്‍ (1876) ഒരെഴുത്തുകാരന്‍ ചൈനയില്‍ നടപ്പുള്ള ലിംഗാരാധനത്തെപ്പറ്റി പ്രതിപാദിച്ചിരുന്നതിന്റെ ഒരു ചുരുക്കം സാന്‍ഗെര്‍ബ്രൗണ്‍ എടുത്തുകാണിച്ചിട്ടുണ്ട്. മണ്ണുകൊണ്ടു തട്ടിയുരുട്ടിയുണ്ടാക്കിയ ഒന്നിനെ ആളുകള്‍ പുരുഷലിംഗമെന്നു സങ്കല്പിച്ച് ആരാധിച്ചുവരുന്നുണ്ടെന്ന് ആ എഴുത്തുകാരന്‍ പറയുന്നു. അതുപോലെതന്നെ മണ്ണു കുഴച്ചു മറ്റൊരു രൂപത്തില്‍ ഒന്നുണ്ടാക്കി അതു സ്ത്രീയുടെ ഗുഹ്യാവയമെന്നു സങ്കല്പിച്ച് അതിനേയും ആവിധംതന്നെ ആരാധിക്കുന്നു. ചിലപ്പോള്‍ ഈ രണ്ടു രൂപങ്ങളേയും കൂട്ടിച്ചേര്‍ത്തു പുംസ്ത്രീസംഭോഗത്തിന്റെ ചിഹ്നമായും ആരാധനത്തിനുപയോഗപ്പെടുത്താറുണ്ട്. എല്ലാ രാജ്യത്തും ഇത്തരം ആരാധനാസമ്പ്രദായം നടപ്പുണ്ടായിരുന്നു. ചൈനയില്‍ ലിംഗഭേദസംബന്ധികളായ ദേവതാരൂപങ്ങള്‍ സര്‍പ്പാകൃതിയിലായും കാണപ്പെടുന്നു. വെസ്റ്റ്‌റോപ്പ് ലിംഗാരാധനത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നതനിടയില്‍ 1968-69 എന്നീ കാലങ്ങളില്‍ ജപ്പാനില്‍ സഞ്ചരിച്ച ഒരാളുടെ അനുഭവം കൊടുത്തിട്ടുണ്ട്. ഈ സഞ്ചാരി ജപ്പാന്റെ പഴയ തലസ്ഥാനനഗരത്തിനോടടുത്തുള്ള ഒരു ദേവാലയത്തില്‍ ചെല്ലുകയുണ്ടായി. അവിടെയുള്ള പ്രതിഷ്ഠ നീണ്ടു ചൊവ്വുള്ള തൂണുപോലെ ഒന്നാണ്; അതു പുരുഷലിംഗത്തിന്റെ ചിഹ്നമാണെന്ന് കണ്ടാലറിയാം. ആ ക്ഷേത്രത്തില്‍ ഈശ്വരാരാധനത്തിനു ചെല്ലുന്നവരില്‍ അധികവും സ്ത്രീകളാണ്; അവര്‍ മരംകൊണ്ടും മറ്റും ഭംഗിയില്‍ നിര്‍മിച്ചിട്ടുള്ള ചെറുലിംഗങ്ങള്‍ വഴിപാടുചെയ്യുന്നു. ആ സഞ്ചാരിയുടെ അഭിപ്രായത്തില്‍ ഹൃദയപൂര്‍വകമായ ഭക്തിയോടുകൂടിയാണ് ആളുകള്‍ അവിടെച്ചെന്നു ദേവതാരാധനം നടത്തിപ്പോന്നിരുന്നത്. ജപ്പാനിലെ പൊതുനിരത്തുകളുടെ വക്കത്തുള്ള ചില ചുമര്‍മാടങ്ങള്‍ക്കുള്ളില്‍ അത്തരം ബിംബങ്ങള്‍ വെച്ചിരിക്കുന്നത് ആ സഞ്ചാരി കണ്ടിട്ടുണ്ട്. ഉത്സവാഘോഷങ്ങളിലുള്ള എഴുന്നള്ളിപ്പുസമയത്തു ചായമിട്ടിട്ടുള്ള അതേതരം ചെറുബിംബങ്ങളെ പൂജാരികള്‍ കൈയില്‍വെച്ചു നടക്കുന്നുണ്ടാവും. ചൈനയിലേയും ജപ്പാനിലേയും ഷിന്റോമതത്തിന്റെ അവശേഷങ്ങളാണിവ എന്ന് അന്വേഷകര്‍ പറയുന്നു.

ഗ്രീസിലെ 'ഹോര്‍മിസ്സ്' എന്ന ദേവതയുടെ ജനനേന്ദ്രിയത്തെ വളരെ വലിപ്പംവെപ്പിച്ചു കാണിച്ചിട്ടുള്ള ബിംബങ്ങള്‍ നാല്‍ക്കൂട്ടുപെരുവഴികളിലെല്ലാം പ്രതിഷ്ഠിച്ചിട്ടുണ്ടാവും. 'ബാക്ചസ്സി' ന്റെ ഉത്സവങ്ങളില്‍ പുരുഷലിംഗത്തെ ശരീരത്തോളം വലുതാക്കിയുള്ള ബിംബങ്ങളെ എഴുന്നള്ളിച്ചിരുന്നു. 'ഓസ്‌റിസ്സ്' എന്ന ദേവതയുടെ പ്രസാദത്തിനുവേണ്ടി നടത്തപ്പെടുന്ന ഉത്സവാവസരങ്ങളില്‍ ഈജിപ്തുകാര്‍ 150 മുഴം നീളമുള്ള പൊന്‍പൂച്ചുലിംഗങ്ങളെയാണ് എഴുന്നള്ളിക്കാറ്. സിറിയയിലെ 'ഹിയെറോപ്പോളിസ്സി'ന്റെ ക്ഷേത്രഗോപുരത്തിനു മുന്‍പില്‍ ജനനേന്ദ്രിയത്തിനു 120 മുഴം നീളമുള്ള ഒരു പുരുഷസ്വരുപത്തെ പ്രതിഷ്ഠിച്ചിരുന്നു. കൊല്ലത്തില്‍ രണ്ടു തവണ ഒരാള്‍ ആ കൊടിമരത്തിനു മുകളില്‍ കയറി ഏഴു ദിവസത്തോളം കീഴ്‌പ്പോട്ടിറങ്ങാതെ അവിടെത്തന്നെയിരുന്ന് സ്‌തോത്രങ്ങള്‍ പാടുകയും മറ്റും ചെയ്യും. പെറുവിലുള്ള സൂര്യക്ഷേത്രത്തിന്റെ മുന്‍പില്‍ സ്വര്‍ണത്തകിടുകൊണ്ട് ആകെ മൂടിയ ഒരു ചൊവ്വുള്ള തൂണു നാട്ടിയിട്ടുണ്ട്. പണ്ടത്തെ ലിംഗാരാധനത്തിന്റെ ഒരവശേഷമാണ് ഉത്സവക്കൊടിമരമെന്ന് പല ഗ്രന്ഥകാരന്മാരും പ്രസ്താവിക്കുന്നു. ചൊവ്വോടുകൂടി ഉയര്‍ന്ന ഒരുതൂണിനു മുകളില്‍ അണ്ഡത്തെ നിര്‍ത്തിയിട്ടുള്ള ഈജിപ്തുകാരുടെ ആരാധ്യവസ്തു ലിംഗഭേദസംബന്ധിയായ ഒരു ചിഹ്നമാണെന്നു ചിന്തകന്മാര്‍ സാധിക്കുന്നു. ഈ വിഗ്രഹത്തെ പല ദേവതകളും കൈയില്‍പ്പിടിച്ചു കാണാം. ഇത് അസ്സീറിയയിലെ ദേവാലയങ്ങളിലെല്ലാമുണ്ട്. പുരാണകാലങ്ങളിലുള്ള ഐര്‍ലണ്ടിലെ സ്തംഭങ്ങളില്‍ ഈ ചിഹ്നം കൊത്തിയിടപ്പെട്ടിരുന്നു.

ഈ സന്ദര്‍ഭത്തില്‍ ക്ഷേത്രങ്ങള്‍ക്കുള്ളിലെ ശ്രീകോവിലിന്റെ പുറംചുമരിലും മറ്റും കൊത്തിയിടപ്പെട്ടുകാണാറുള്ള ലിംഗഭേദസംബന്ധികളായ ചിത്രങ്ങള്‍ സ്മരണീയങ്ങളാണ്. മതവും കാമവികാരവുമായുള്ള സവിശേഷ സംബന്ധത്തെപ്പറ്റി ഹൃദയപൂര്‍വം ആലോചിക്കപ്പെട്ട സ്‌തോത്രഗീതങ്ങള്‍ ഉറച്ചുകട്ടിയായപോലെ നിലകൊള്ളുന്ന ആ കൊത്തുചിത്രങ്ങള്‍ ശ്രീകോവിലിനുചുറ്റും പ്രദക്ഷിണംവെക്കുന്ന ഭക്തന്മാരുടെയും ഭക്തകളുടെയും കാമവികാരത്തെ ഇളക്കിത്തീര്‍ക്കാനുള്ളതാണെന്നു വ്യാഖ്യാനിക്കപ്പെടാം. ഈശ്വരനെ കാമരൂപനായി ബൃഹദാരണ്യകോപനിഷത്തില്‍ വിവരിച്ചിരിക്കുന്നു. ഈ കാമമെന്ന വാക്കിനു പൂജ്യപാദരായ ശങ്കരാചാര്യര്‍ 'സ്ത്രീവ്യതികരാഭിലാഷഃ' എന്നാണ് വ്യാഖ്യാനം കൊടുത്തിട്ടുള്ളത്. ഇതിനെത്തന്നെ 'മദനഗോപാലമന്ത്ര'ത്തിന്റെ ധ്യാനശ്ലോകത്തിലുള്ള 'മദനരസാത്മകമാശ്രയേ മുകുന്ദം' എന്നതിലെ 'മദനരസാത്മക'മെന്ന പദവും വെളിപ്പെടുത്തുന്നു. ശക്തിഗണപതിയുടെ
'മുക്താഗൌരം മദഗജമുഖം ചന്ദ്രചൂഡം ത്രിനേത്രം
ഹസ്‌തൈഃ സ്വീയൈര്‍ദ്ദധതമരവിന്ദാങ്കുശൌ രത്‌നകുംഭം
അങ്കസ്ഥായാഃ സരസിജരുചഃ സ്വധ്വജാലംഭിപാേണര്‍-
ദ്ദേവ്യാ യോനൌ വിനിഹിതകരം രത്‌നമൌളിം ഭജാമഃ'
എന്ന ധ്യാനശ്ലോകവും, ഉച്ഛിഷ്ടഗണപതിയുടേതായ
'പാശാങ്കുശാഢ്യോഭ്യരുണസ്തു നഗ്‌നേ
ധ്യേയോ നിജാംഗൈഃ സഹിതോ ഗണേശഃ
യോന്യാം പ്രിയായാശ്ച നിധായ പുഷ്‌കരം(?)
പ്രോദ്ദീപയന്‍ മന്മഥമാത്തലൌല്യഃ'

എന്ന ധ്യാനശ്ലോകവും-വിശേഷിച്ചും ചുവട്ടില്‍ വരയിട്ട ഭാഗങ്ങള്‍-മറ്റും മറ്റും മതവും കാമവികാരവുമായുള്ള സംബന്ധത്തിന്റെ മുറുക്കത്തെത്തന്നെ വെളിപ്പെടുത്തുന്നു. സാറാഗ്രാന്‍ഡ് എന്ന സുപ്രസിദ്ധയായ ആഖ്യായികാകര്‍ത്ത്രി പറയുന്നതാണിത്: 'എവിടെവെച്ചാണ് വിഷയലമ്പടത്വം അവസാനിക്കുന്നതും ആത്മീയഭക്തി ആരംഭിക്കുന്നതും എന്നുള്ള ചോദ്യം പ്രാധാന്യമേറിയതുതന്നെ. ആ കനംകുറഞ്ഞ തൂവലേല്പ് അത്രമേല്‍ അസ്പഷ്ടമായിരിക്കുന്നതുകൊണ്ട് ആ ചോദ്യത്തിനു ശരിയായ ഉത്തരം പറയാന്‍ പ്രയാസമുണ്ട്. ചിലപ്പോഴെല്ലാം ദേഹവും ദേഹിയും ആഹ്ലാദപൂര്‍വം ഒത്തിണങ്ങി വളര്‍ന്നുപോരാറുണ്ടെങ്കിലും, പ്രാപഞ്ചികവിഷയാസക്തി ക്ഷണികവും ആത്മീയവിഷയാസക്തി ദീര്‍ഘായുസ്സോടുകൂടിയതുമാണെന്നു പറയാം.'

ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളില്‍ മുഴുവന്‍ ഭാഗവും, അല്ലെങ്കില്‍ അധികഭാഗവും, മധുരദ്രവ്യങ്ങളാണെന്നുള്ളതും നാം ശ്രദ്ധിക്കാതിരുന്നുകൂടാ. മധുരപലഹാരങ്ങളിലുള്ള അഭിരുചി കാമവികാരവുമായി സംബന്ധപ്പെട്ടതാണെന്ന് ഐവന്‍ബ്ലോക്ക് പറയുന്നു. മധുരദ്രവ്യങ്ങളില്‍ ഇഷ്ടംകൂടിയ കുട്ടികള്‍ വിഷയലമ്പടന്മാരും ക്ഷണത്തില്‍ വികാരാവേഗം ബാധിക്കുന്നവരും സ്വയംഭോഗം ചെയ്യാന്‍ കൂടുതല്‍ ആര്‍ത്തിപ്പെടുന്നവരുമായിട്ടാണ് സാമാന്യമായി കാണപ്പെടുന്നതത്രേ. വിശപ്പും കാമവികാരവും തമ്മിലുള്ള സംബന്ധത്തേയും ഇതു സൂചിപ്പിക്കുന്നുണ്ട്.

പരിണാമഗതിയില്‍ അല്ലെങ്കില്‍ പരിഷ്‌കാരത്തിന്റെ അഭിവൃദ്ധിയില്‍, ആദ്യം ഏറെക്കുറെ സ്പഷ്ടങ്ങളായിരുന്ന ലിംഗാരാധനസമ്പ്രദായങ്ങള്‍ ക്രമേണ നാനാതരം പ്രച്ഛന്നവേഷങ്ങള്‍ക്കുള്ളില്‍ കടന്നൊളിച്ചു. ജോണ്‍ ന്യൂട്ടന്‍ ബിംബപരിണാമത്തെപ്പറ്റി യുക്തിപൂര്‍വം പ്രതിപാദിക്കുന്നു: 'പരിഷ്‌കാരാഭിവൃദ്ധിയോടുകൂടി ജനനേന്ദ്രിയങ്ങളെ വെച്ചുപൂജിക്കുന്ന സമ്പ്രദായം രൂപാന്തരപ്പെട്ടു. മതാചാര്യന്മാരുടെ ആലോചനാശക്തി ആ സ്ഥാനത്ത് അത്രതന്നെ സുസ്പഷ്ടങ്ങളല്ലാത്ത ചില സാധനങ്ങളെ സ്ഥാപിച്ചു. പഴയകാലത്തെ വിശ്വാസം പിന്നേയും നിലനിന്നു; എങ്കിലും അതൊരു നിഗൂഢവേഷത്തിലായി. പുരുഷന്റെ ജനനേന്ദ്രിയം പ്രതിഷ്ഠിക്കപ്പെട്ടിരുന്നേടത്തു സൂര്യന്‍, തേജസ്സ്, അഗ്നി, ദീപം, നിവര്‍ന്നുനില്ക്കുന്ന സര്‍പ്പം, ചൊവ്വുള്ള മരം, ഉയരവും ചൊവ്വുമുള്ള കല്ല്, കൊടുമുടി, തള്ളവിരല്‍ അല്ലെങ്കില്‍ ചൂണ്ടാണിവിരല്‍, പാവ, വടി, ശൂലം, വണ്ണംകുറഞ്ഞ കുപ്പി, അമ്പ്, കുന്തം, കുതിര, കാള, സിംഹം, പുരുഷോചിതമായ ധാതുബലംകൊണ്ടു പ്രസിദ്ധങ്ങളായ മറ്റു മൃഗങ്ങള്‍ എന്നിവ സ്ഥാനം പിടിച്ചു; സ്ത്രീകളുടെ ഗുഹ്യാവയവം പ്രതിഷ്ഠിതമായിരുന്നേടത്തു ചന്ദ്രക്കല, ഭൂമി, ഇരുട്ട്, വെള്ളം, മുന കീഴ്‌പോട്ടായ ത്രികോണം, ദ്രാവകങ്ങളൊഴിക്കാനുള്ള പരന്ന പാത്രം, മോതിരം, അണ്ഡാകൃതിയിലുള്ള സാധനം, വിഷമചതുരശ്രക്ഷേത്രം(ീ) , കൃത്രിമമോ അകൃത്രിമമോ ആയ വീതിയില്ലാദ്വാരം, കമാനം, പ്രവേശദ്വാരം, എന്നിവയേയും-ഇക്കുട്ടത്തില്‍ കായയുള്ള ഈത്തമരം, കുട്ടി അടുത്തുള്ള പശു, മത്സ്യം, ഉറുമാമ്പഴംപോലെ അസംഖ്യം വിത്തുകളുള്ള പഴങ്ങള്‍, ശംഖ്, ഗുഹ, തോട്ടം, ഉറവ്, വള്ളിക്കുടില്‍, പനിനീര്‍പ്പൂവ്, അത്തിപ്പഴം, മുതലായവയേയും ഉള്‍പ്പെടുത്താവുന്നതാണ്. ഈ രണ്ടു ജനനേന്ദ്രിയ ചിഹ്നങ്ങളേയും ഒരുമിച്ചുചേര്‍ത്ത് എപ്പോഴും പുതുമ നേടിക്കൊണ്ടുള്ള സൃഷ്ടിക്രമത്തെ കാണിക്കുന്ന ഒന്നായി, അങ്ങനെയും മതാചാര്യന്മാര്‍ ആരാധ്യവസ്തുക്കളെ സ്വീകരിച്ചിട്ടുണ്ട്. യോനിയുടെ നടുക്കു നിവര്‍ന്നുനില്ക്കുന്ന ലിംഗം ഇന്നും ഹിന്ദുമതാനുയായികള്‍ ആരാധിച്ചുവരുന്ന ഒന്നാണ്.'

താമര ലിംഗഭേദസംബന്ധിയായ ഒരാരാധ്യവസ്തുവായി ഈജിപ്തിലേയും ഇന്ത്യയിലേയും ചൈനയിലേയും പല ചിത്രങ്ങളിലും കൊത്തുപണികളിലും സാധാരണമായിക്കാണാം. ഓബ്രിയന്‍ പറയുന്നു: 'പണ്ടുള്ളവരുടെ ഒരു ദിവ്യവസ്തുവാണ് താമര; അതിന്റെ ഇതളുകള്‍ യോനിയേയും അല്ലി ലിംഗത്തേയും സൂചിപ്പിക്കുന്നു.' ആര്‍.പി. നൈറ്റും താമര ആരാധനത്തിന് ഉപയുക്തമാവാനുള്ള കാരണം ഇതുതന്നെയാണെന്നഭിപ്രായപ്പെട്ടു. സ്ഥൂലവും സൂക്ഷ്മവുമായ പ്രകൃതിയുടെ സൃഷ്ടിത്രാണിയെ സൂചിപ്പിക്കുകയാണ് താമര ചെയ്യുന്നതെന്നും മദാം ബ്ലവട്‌സ്‌കി പറഞ്ഞുകാണുന്നുണ്ട്. പ്രപഞ്ചസൃഷ്ടി കര്‍ത്താവായ ബ്രഹ്മാവും പ്രപഞ്ചജനയിത്രിയായ മഹാലക്ഷ്മിയും താമരയില്‍നിന്നുണ്ടായവരാണെന്നു പുരാണം ഉദ്‌ഘോഷിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയില്‍നിന്നു താമര മുളച്ചുപൊന്തിക്കാണുന്നു. നാഭിയെപ്പറ്റി സൂചിപ്പിക്കുമ്പോള്‍, രണ്ടാംവേളി സമയത്ത് വധൂവരന്മാര്‍ മോതിരവിരല്‍കൊണ്ടു പരസ്പരം പൊക്കിള്‍ തൊട്ടുകൊള്ളണമെന്നുള്ള വിധി (കൌഷീതകച്ചടങ്ങ്) ഓര്‍മയില്‍ വരുന്നു.

ഇതേവിധംതന്നെ സര്‍പ്പാരാധനവും ലോകത്തിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. അനാദികാലം മുതല്‍ക്കേ സര്‍പ്പാരാധനം മതത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ഗൃഹ്യസൂത്രങ്ങളിലും മഹാഭാരതത്തിലും നാഗങ്ങള്‍ക്കും ദിവ്യത്വം കൊടുത്തുകാണാം. അനന്തന്‍, വാസുകി, തക്ഷകന്‍, മുതലായ നാഗദേവതകളെപ്പറ്റി പല മാഹാത്മ്യവര്‍ണങ്ങളും പുരാണങ്ങളില്‍ പരക്കെയുണ്ട്. ഗൗതമബുദ്ധന്റെ ജീവിതവുമായുള്ള പലവിധം സംബന്ധങ്ങള്‍ മൂലം ബുദ്ധമതക്കാര്‍ക്കും നാഗങ്ങള്‍ ആരാധ്യങ്ങളായി. രണ്ടു നാഗങ്ങളാണ് പ്രസവിച്ചുവീണ ബുദ്ധശിശുവെ കുളിപ്പിച്ചതെന്നും, ഗയയില്‍വെച്ചു ബുദ്ധത്വം പ്രാപിച്ച ഗുരുവെ പടം വിരുത്തി കുടപിടിച്ച് മഴയില്‍നിന്നു രക്ഷിച്ചതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം ഉദ്‌ഘോഷിക്കുന്നു. ക്രിസ്തുമതാരംഭത്തില്‍ മഥുര നാഗാരധനയ്ക്കു പ്രാധാന്യംകൂടിയ ഒരു സ്ഥലമായിരുന്നു; അവിടെയുള്ള കാഴ്ച്ചബംഗ്ലാവില്‍ ഓരോ നാഗവിഗ്രഹങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പുരാണങ്ങളിലെ പേരുകളോടുകൂടിയ വിഗ്രഹങ്ങളൊന്നും അക്കൂട്ടത്തിലില്ലെന്നുള്ളതു വാസ്തവംതന്നെ. എന്നാല്‍ ഇയ്യിടെ മഥുരയില്‍നിന്നു പുരാണവസ്തുവന്വേഷകന്മാര്‍ കണ്ടെടുത്ത ദധികര്‍ണനാമാങ്കിതമായ ബിംബം(പത്തര ഇഞ്ച് ഉയരം) വിശേഷിച്ചും പണ്ഡിതന്മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയുണ്ടായി

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

No comments:

Post a Comment