4/16/2013

മതവും കാമവികാരവും -3

ഭൂമിദേവിയെ ആരാധിക്കല്‍, ആദ്യകാലത്തെ നടപടിയാണ്. എന്നല്ല, ആ ആദിമകാലങ്ങളില്‍ എല്ലായിടത്തും ഗൃഹാധിപത്യം അമ്മയ്ക്കായിരുന്നു. അച്ഛനമ്മമാരില്‍വെച്ച് അമ്മയ്ക്കാണ് അന്നെല്ലാം തികച്ചും മാഹാത്മ്യം കല്പിക്കപ്പെട്ടിരുന്നത്. മാതൃഭൂമി എന്ന വാക്ക് ഒരു സവിശേഷാര്‍ഥത്തെ ദ്യോതിപ്പിക്കുന്നു. ഫ്ലാഗെല്‍ പറയുന്നു: 'സ്വന്തം മാതൃഭൂമിയൂടെ ശത്രുക്കളെ സ്വമാതാവിനെ ബലാത്സംഗം ചെയ്യാന്‍ പോകുന്നവരെപ്പോലെ ആളുകള്‍ വിചാരിച്ചു; സ്വവര്‍ഗത്തിനുള്ളില്‍ അധികാരം നടത്തുന്നവരുടെ മേല്‍ മനുഷ്യനു സ്വപിതാവിനോട് ഒരുകാലത്തു തോന്നിയിരുന്നവിധം ഭക്തിയും ദ്വേഷവും ഉണ്ടായിത്തീരുകയും ചെയ്തു. അഗമ്യഗമനത്തെ സംബന്ധിച്ചു പിഞ്ചുകുട്ടികള്‍ കൈക്കൊള്ളാറുള്ള നിലയുടെ രൂപാന്തരത്തെയാണ് രാജ്യതന്ത്രം സൂചിപ്പിക്കുന്നത്.' ഇങ്ങനെ നോക്കുമ്പോള്‍, ആദിമകാലത്തെ ഈശ്വരത്വം സ്ത്രീരൂപത്തിലായിരുന്നു എന്നു കാണാം. അതോടുകൂടി വ്യക്തമായും അവ്യക്തമായും ലിംഗാരാധനം മനുഷ്യബുദ്ധിയില്‍ വേരുറച്ചു. ലോകമാതൃവന്ദനത്തില്‍ മാതൃത്വം മാത്രമല്ല, പുത്രത്വവും ഉള്‍പ്പെട്ടിട്ടുണ്ട്. പുത്രനെ ശിശ്‌നച്ഛദച്ഛേദം ചെയ്തു സന്താനോത്പാദനത്രാണിയുള്ളവനാക്കിത്തീര്‍ക്കലും അന്ന് ഒരു പ്രധാനാചാരമായിരുന്നു. അച്ഛനാവുകയാണ് അക്കാലങ്ങളില്‍ ഒരു യുവാവിന്റെ പരമപുരുഷാര്‍ഥം; അതിനാല്‍ സന്താനോത്പാദകത്വത്തെ ആളുകള്‍ ആരാധ്യവസ്തുവായി കൈക്കൊണ്ടു. ഒരു യുവാവ് പുരുഷത്വമുള്ള സത്ത്വമാണെന്ന വിചാരം, അങ്ങനെയൊരു വ്യക്തിബോധം, അന്നു മനുഷ്യബുദ്ധിയില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. അതിനാല്‍ ലിംഗാരാധനം, പുരുഷത്വത്തെപ്പറ്റിയുള്ള വിചാരമുണ്ടാക്കുന്നതിനു മുന്‍പുതന്നെ, ജനങ്ങളില്‍ പ്രചരിച്ചുപോന്നു. ഒടുവില്‍ മാതാവിന്റെ പരിപൂജ്യത പിതാവിലേക്കു സംക്രമിച്ചു. എന്നാല്‍ മാതൃത്വവും പിതൃത്വവും ഒരേസമയത്തുതന്നെ ആരാധ്യമായിരുന്നുവോ എന്നും, അതോ മാതൃത്വം കുറേക്കാലം പൂജാര്‍ഹമായി നിലക്കൊണ്ടതിനുശേഷംമാത്രമാണോ പിതൃത്വം ആ സ്ഥാനത്തേക്കു കയറിക്കൂടിയതെന്നും അന്വേഷകന്മാര്‍ വാദിച്ചുവരുകയാണ്. ചില സമുദായങ്ങള്‍ക്കിടയില്‍ മാതൃത്വം പിതൃത്വത്തേക്കാള്‍ വിലകൂടിയതായി ഇന്നും കാണുന്നതുകൊണ്ട്, കുറച്ചുകാലം മാതൃത്വം തനിച്ച് ആരാധ്യമായി നിലക്കൊണ്ടുവെന്ന വാദക്കാര്‍ക്കു കുറെക്കൂടി പിന്‍ബലമുള്ളതായി കരുതേണ്ടിയിരിക്കുന്നു. അതെങ്ങനെയായാലും മാതൃത്വത്തോടു സംബന്ധപ്പെട്ടിട്ടുള്ള ഈശ്വരത്വം പിതൃത്വത്തോടു ചേര്‍ന്നു യോജിച്ചു എന്നുള്ളതില്‍ ആര്‍ക്കും വിസമ്മതമില്ല. ഇക്കാലത്താണ് മനുഷ്യന്റെ നോട്ടം ഭൂമിയില്‍നിന്ന് ആകാശത്തേക്കു കടന്നതും സൂര്യന്‍ ഈശ്വരനായിത്തീര്‍ന്നതുമെന്ന് മിസ് ഹാരിസണ്‍ സിദ്ധാന്തിക്കുന്നു. ആദ്യകാലത്തു ഭൂമിയെ ഈശ്വരിയായി സങ്കല്പിച്ചിരുന്നതുപോലെ, ആളുകള്‍ പിന്നീടു സൂര്യനേയും ഈശ്വരനായാരാധിക്കാന്‍ തുടങ്ങി. ഈശ്വരത്വത്തെ സ്ത്രീരൂപത്തിലും പുരുഷരൂപത്തിലും സങ്കല്പിച്ചാരാധിക്കല്‍ ഇന്നും നടപ്പുള്ളതാകകൊണ്ടു, മറ്റൊന്നുണ്ടായതോടുകൂടി ആദ്യത്തേതില്ലാതായിയെന്നു കരുതേണ്ട ആവശ്യമില്ലെന്നും വിചാരിക്കണം.

മാതൃത്വത്തോട് സംബന്ധിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണ് സ്ത്രീത്വം ആരാധ്യമായതെന്നു തീര്‍ച്ചപ്പെടുത്തുവാന്‍ വയ്യാ. മാതൃത്വപോലെതന്നെ, സ്ത്രീത്വത്തിന്റെ സഹജസ്വഭാവമായ ആര്‍ത്തവവും, ജനങ്ങളില്‍ അമ്പരപ്പിനേയും അതോടുകൂടി സ്ത്രീത്വം എന്തോ ഒരു ദിവ്യവസ്തുവാണെന്ന വിശ്വാസത്തേയും ജനിപ്പിച്ചിട്ടുണ്ടെന്നു മുന്‍പ് പറയുകയുണ്ടായല്ലോ. മനുഷ്യസങ്കല്പത്തില്‍ ഈശ്വരത്വം ആദ്യമായി സ്ത്രീരൂപത്തിലാണ് വെളിപ്പെട്ടിട്ടുള്ളതെന്ന വാദത്തിന് ഇതും ഒരു ശക്തികൂടിയ ഊന്നുകൊടുക്കുന്നു. ഗുപ്തവിദ്യ (ടലരൃല േഉീരൃേശില) എന്ന മഹാഗ്രന്ഥത്തില്‍ മദാം ബ്ലവട്‌സ്‌കി ഒരു ഗൂഢജ്ഞാനപ്രതിപാദകമായ കൈയെഴുത്തുപുസ്തകത്തില്‍നിന്ന് എടുത്തുചേര്‍ത്തിട്ടുള്ള ഈയൊരു ഭാഗം ഇവിടെ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. 'ഗര്‍ഭപാത്രത്തിന്റെ ഇരിപ്പിടം ക്ഷേത്രത്തിലെ ശ്രീകോവില്‍പോലെ, ഏറ്റവുമധികം ദിവ്യവും ആരാധ്യവുമായി കരുതപ്പെടുന്നു. അതു ജീവിച്ചിരിക്കുന്ന ഈശ്വരന്റെ ആവാസസ്ഥലമത്രേ. ഒരു സ്ത്രീ കൈവശം വരുന്നതു വലിയ ഭാഗ്യമായി പുരുഷന്‍ കണക്കാക്കി; അവളെ അവന്‍ പരിശുദ്ധവസ്തുവായി സനിഷ്‌കര്‍ഷം കാത്തുരക്ഷിക്കാന്‍ തുടങ്ങി. ഭാര്യ പെരുമാറുന്ന ഗൃഹത്തിന്റെ അന്തഃപുരം ക്ഷേത്രത്തിലെ ശ്രീകോവില്‍പോലെ ദിവ്യവും പരിശുദ്ധവുമായിത്തീര്‍ന്നു. ഗര്‍ഭഗൃഹാദികളായ ക്ഷേത്രാന്തര്‍ഭാഗങ്ങളുടെ പേരുകള്‍ ജനനേന്ദ്രിയങ്ങളുടെ പരിശുദ്ധിയെക്കുറിച്ചുള്ള വിശ്വാസത്തില്‍നിന്നെടുത്തവയാണ്. ഹിബ്രുവര്‍ഗക്കാരുടെ വേദപുസ്തകത്തില്‍ ഭാര്യമാര്‍ പെരുമാറുന്ന ഭവനാന്തര്‍ഭാഗം 'ഭവനത്തിന്റെ ഊരുമധ്യം' എന്നു കവിതാഭംഗിയോടുകൂടി വര്‍ണിക്കപ്പെട്ടിട്ടുണ്ട്; എന്ന, കുട്ടികളുടെ ഇടയില്‍നിന്ന് ഉള്ളോട്ടു തുറക്കുന്ന വിധമുള്ള ക്രിസ്തീയ ദേവാലയങ്ങളുടെ വമ്പിച്ച പുറംവാതില്‍ക്കൂട് ഈ വിചാരത്തെത്തന്നെ ശില്പവിദ്യയിലേക്കു ഭാഷാന്തരം ചെയ്തതാണ്.

കക
മതവും കാമവികാരവും തമ്മില്‍ സംബന്ധമുണ്ടെന്നു പ്രധാനമായി തെളിയിച്ചവര്‍ മലെന്നനും ടയ്‌ലറുമാണ്. പിന്നീട് പല അന്വേഷണവിദഗ്ധന്മാരുടേയും അഭിപ്രായങ്ങള്‍ അവരുടെ വാദത്തെ ബലപ്പെടുത്തി. ഐവന്‍ബ്ലോക്ക് ഇങ്ങനെ പറയുന്നു: 'മനസ്സിലാവാത്തതും വിശ്വസിക്കാന്‍ വയ്യാത്തതും മനുഷ്യബുദ്ധിക്കതീതവുമായ കാമവികാരം പ്രായപൂര്‍ത്തിയോടുകൂടി മനുഷ്യജീവിതത്തിലേക്ക് കടന്നുവന്നു; അതിന്റെ എന്തെന്നില്ലാത്ത പ്രബലതയും അഗാധതയും അപ്രതീക്ഷിതത്വവും ഭാവവൈവിധ്യവുമെല്ലാംകൂടി, മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം, മനുഷ്യന്റെ ആലോചനാശീലത്തെ വര്‍ധിപ്പിക്കുകയും ശക്തിവെപ്പിക്കുകയും ഉത്സാഹപ്പെടുത്തുകയും കത്തിജ്വലിപ്പിക്കുകയും ചെയ്യുമാറ് വികാരപരമ്പരയെ ഇളക്കിവിട്ടു. ഇത് ആ അപരിഷ്‌കൃതമനുഷ്യനെ ചൂളിച്ചു; അവന് അതിമാനുഷമായ ഒന്നിന്റെമേല്‍ പേടി ജനിച്ചു. കാമവികാരത്തേും തത്സംബന്ധികളായ പല സംഭവങ്ങളേയും ഉളവാക്കുന്ന ദേവതയുടെ, അല്ലെങ്കില്‍ ദേവതകളുടെ, മുന്‍പില്‍ അവന്‍ തലയും കുനിച്ചു നില്പായി. അങ്ങനെ അവന്റെ തലയില്‍ മതം ആവര്‍ഭവിച്ചു. മതത്തിലും വികാരാവേഗത്തിലുമുള്ള ആത്മാര്‍പ്പണവും സര്‍വസന്ന്യാസവും മനസ്സിന് ഒരേവിധം പരമാനന്ദപ്രദമാണല്ലോ.'

ഇത്തരം ദേവതാപ്രസാദത്തിനുള്ള കര്‍മങ്ങള്‍ ഓരോ രൂപത്തിലായി എല്ലാ രാജ്യത്തും നടപ്പുണ്ടായിരുന്നു. മതസംബന്ധികളായ ചില കര്‍മങ്ങള്‍ ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിക്കാണെങ്കില്‍, ലിംഗാരാധനം സന്താനഭിവൃദ്ധിക്കുള്ളതാണ്. ആദിമമനുഷ്യരുടെ ചിന്ത ആദ്യമായി സുഖാഭിവൃദ്ധിയിലായിരുന്നു; പിന്നീട് സന്താനങ്ങള്‍ ധാരാളമുണ്ടായി സ്വവംശങ്ങള്‍ അഭിവൃദ്ധിപ്പെട്ടുവരാനും അവര്‍ ആഗ്രഹിച്ചുതുടങ്ങി. രണ്ടു വിചാരങ്ങളും മതത്തില്‍ സ്ഥലംപിടിക്കുകയും, രണ്ടാവശ്യങ്ങളും സാധിച്ചുകിട്ടാനുള്ള കര്‍മങ്ങള്‍ നടത്താനും നടത്തിക്കാനും വേണ്ട അറിവും അധികാരവുമുള്ള മതാചാര്യന്മാര്‍ ക്രമത്തില്‍ ഉണ്ടായിത്തീരുകയും ചെയ്തു. സന്താനാഭിവൃദ്ധിക്കുവേണ്ടി ചെയ്യപ്പെടുന്ന മതകര്‍മങ്ങളിലെല്ലാം സ്ത്രീപുരുഷ ഗുഹ്യാവയവങ്ങളുടെ പ്രതിമകള്‍ പ്രതിഷ്ഠിക്കപ്പെട്ടതുപോലെ, ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി അനുഷ്ഠിക്കപ്പെടുന്ന കര്‍മങ്ങളില്‍ മൃഗങ്ങെളയും മരങ്ങളുടെയും ചെടികളുടെയും ബിംബങ്ങളും ആരാധ്യവസ്തുക്കളായിത്തീര്‍ന്നു. പ്രകൃതിപൂജയില്‍ ഇന്നിന്നവയുടെ ബിംബങ്ങളും ഇന്നിന്ന ചിഹ്‌നങ്ങളും ഉപയോഗപ്പെടുത്താമെന്ന നിയമങ്ങളും ആചാരങ്ങളും നാനാതരം സ്മൃതികളും ആഗമങ്ങളിലും കയറിക്കൂടി. എരുമയുടെ അടയാളമായിരുന്നു പണ്ടു സമകോണചതുരമെന്നും അതിപ്പോള്‍ ഭൂമിയുടെയും ജീവിതത്തിന്റെയും ചിഹ്‌നമായി പരിണമിച്ചിരിക്കുന്നുവെന്നും സാന്‍ഗെര്‍ ബ്രൗണ്‍ പറയുന്നു.

അമേരിക്കന്‍ സര്‍വജ്ഞാനനിധിഗ്രന്ഥം (അാലൃശരമി ഋിര്യരഹീുലറശമ) ലിംഗാരാധനത്തെപ്പറ്റി പറയുന്നു: 'പുരാതനകാലങ്ങളില്‍ ലിംഗഭേദസംബന്ധികളായ ചിഹ്‌നങ്ങളെ ദിവ്യവസ്തുക്കളായിക്കരുതി ആരാധിച്ചുപോന്നിരുന്നു. പല ഈശ്വരപുജകളിലും ലിംഗം ഒരീശ്വരചിഹ്‌നമാണ്; ഈജിപ്തിലെ 'വെം' ഇന്ത്യയിലെ 'ശിവന്‍' അസ്സീറിയയിലെ 'വുള്‍', പുരാതന ഗ്രീസ്സിലെ 'പാന്‍', മധ്യകാല ഗ്രീസ്സിലെ 'പ്രിയാപ്പൂസ്', ഇറ്റലിയിലെ 'മ്യൂട്ടിനുസ്സ്', ട്യൂട്ടോണിക്ക് വര്‍ഗക്കാരുടെയും സ്‌കാന്‍ഡിനേവിയക്കാരുടെയും 'ഫ്രീക്കോ', സ്‌പെയിനിലെ 'ഹോള്‍ട്ടനെസ്സ്' എന്നീ ഈശ്വരന്മാരെല്ലാം ലിംഗസ്വരൂപന്മാരാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലിംഗപൂജ നടപ്പുണ്ടായിരുന്നു. 'ലിംഗപൂജ ഹെലിയോപോളിസ്സിലും സിറിയയിലും മറ്റു പല പ്രദേശങ്ങളിലും ഏതാണ്ട് ഇക്കാലത്തുകൂടി പ്രചാരത്തിലുള്ളതായി പുരാതനകാലത്തെ ലിംഗഭേദസംബന്ധിയായ ഈശ്വരപൂജ (ടലഃൗമഹ ണീൃവെശു ശി അിരശലി േഠശാല)െ എന്ന മഹാഗ്രന്ഥം പ്രസ്താവിക്കുന്നു. ഡോക്ടര്‍ ഇമ്മാനെ മറ്റൊരു ഡോക്ടര്‍ എഴുതിയറിയിച്ചിട്ടുള്ളതാണിത്: 'ഞാന്‍ കഴിഞ്ഞ വര്‍ഷകാലത്ത് (1865-66) ഈജിപ്തില്‍ പോവുകയുണ്ടായി; അവിടെ പല ഈശ്വരന്മാരുടെയും മഹാരാജാക്കന്മാരുടെയും പ്രതിമകള്‍ സംഭോഗസന്നദ്ധമായ ഗുഹ്യാവയവത്തോടുകൂടി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് ഞാന്‍ കണ്ടു. കര്‍ണാക്കിലെ മഹാക്ഷേത്രങ്ങളിലും ഡാന്‍ക്ലേസയിലെ ദേവാലയത്തിലും ഇത്തരം പ്രതിമകള്‍ സുലഭങ്ങളാണ്. അവയെല്ലാം പഴയ ഈജിപ്തിലെ ശില്പകലയനുസരിച്ച് അടുത്ത കാലങ്ങളില്‍ ഉണ്ടാക്കപ്പെട്ടവയത്രേ.' ഡഹോം വര്‍ഗക്കാരുടെ ലിംഗാരാധനത്തെപ്പറ്റി കാപ്റ്റന്‍ ബര്‍ട്ടന്‍ പറയുന്നു: 'കളിമണ്ണുകൊണ്ടു ശിശ്‌നച്ഛദം നീങ്ങിയ ലിംഗത്തോടുകൂടി ചെറിയ ഈശ്വരബിംബങ്ങളുണ്ടാക്കി അവയുടെ മുന്‍പില്‍ ആളുകള്‍ നിന്നു വന്ദിക്കുന്നു. ഗുഹ്യാവയവങ്ങളെ നോക്കിക്കാണുന്ന നിലയിലാണ് പലപ്പോഴും അത്തരം ഈശ്വരന്മാരുടെ നില്പ്.' കോംഗോ നദിയുടെ കീഴ്പ്രദേശങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ബിംബങ്ങള്‍ അസാമാന്യ വലിപ്പത്തിലുള്ള ഗുഹ്യാവയവങ്ങളോടുകൂടി നിര്‍മിച്ച് അവിടവിടെ പ്രതിഷ്ഠിക്കപ്പെട്ടുകാണാം. അവയുടെ മുന്‍പില്‍ ആളുകള്‍ ഭക്തിയോടെ വന്നുനിന്ന് ഈശ്വരവന്ദനം ചെയ്യുന്നു. ഇത്തരം പല ഈശ്വരന്മാര്‍ക്കുള്ള വഴിപാടുകള്‍ ഗുഹ്യാവയവരൂപങ്ങളാണ്.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

No comments:

Post a Comment