4/16/2013

മതവും കാമവികാരവും -2

ജപ്പാനിലെ ഷിന്റോമതത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ ആര്‍. ഹിച്ച്‌കോക്ക് പറയുന്നത്, തദനുയായികളുടെ ആരാധ്യമൂര്‍ത്തിയായ സ്ത്രീദേവതയുടെ പ്രവൃത്തി ഭക്ഷണസാധനങ്ങള്‍ക്കു സമൃദ്ധിയുണ്ടാക്കുകയാണെന്നത്രേ. ഭക്ഷണസാധനങ്ങളുടെ അധിദേവതയെന്നോ, മരങ്ങളുടെ പ്രസവിത്രിയെന്നോ, പുല്ലുകളുടെ ജനയിത്രിയെന്നോ, ആ ദേവതയ്ക്ക് അവര്‍ നാമകരണം ചെയ്തിരിക്കുന്നു. ഭൂമിദേവിയുടെ മൂര്‍ത്തിവിശേഷമാണത്. ഇങ്ങനെയുള്ള ഈശ്വരിമാര്‍ അമേരിക്കയുടെ വടക്കുഭാഗത്തും മധ്യഭാഗത്തും ജപ്പാനിലും സൈബീരിയയിലും ഇന്ത്യയിലും മറ്റു പലേടത്തുമുണ്ടെന്ന് സാന്‍ഗര്‍ബ്രൗണ്‍ പറയുന്നു. ഈ ഈശ്വരിമാരെല്ലാം ഭൂമിദേവിയുടെ രൂപാന്തരങ്ങളാണെങ്കില്‍, ഈജിപ്തിലെ രാഗ്രീസ്സിലെ അപ്പോളോ തുടങ്ങിയുള്ള ഈശ്വരന്മാരെല്ലാം സൂര്യന്റെ രൂപഭേദങ്ങളാണ്. ഈജ്പ്തില്‍ രാ എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യദേവന്റെ ക്ഷേത്രത്തില്‍ വലിയ ആഘോഷങ്ങളോടുകൂടി ഉത്സവങ്ങള്‍ നടത്തപ്പെട്ടിരുന്നു. അതുപോലെത്തന്നെ ഗ്രീസിലെ അപ്പോളോവിന്റെ ക്ഷേത്രവും ആഡംബരബഹുലമായിരുന്നു. പണ്ടത്തെ സ്‌കാന്‍ഡിനേവിയയിലെ പുരാണഗ്രന്ഥങ്ങളില്‍ പലേടത്തും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തിലായി, സൂര്യാരാധനത്തെപ്പറി പ്രതിപാദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പണ്ടത്തെ ഡ്രൂയ്ഡ് മതാചാര്യന്മാര്‍ സൂര്യനെ ആരാധിക്കുന്നവരായിരുന്നു. അമേരിക്കയുടെ മധ്യപ്രദേശത്തും പെറുവിലും സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളെക്കൊണ്ടു നിറച്ച പല സൂര്യക്ഷേത്രങ്ങള്‍ കാണാം. വടെക്ക അമേരിക്കയിലെ അപരിഷ്‌കൃതര്‍ക്കിടയില്‍ സൂര്യാരാധനത്തെയും സൂര്യപ്രസാദനത്തിനായി നടത്തപ്പെടുന്ന ബലികര്‍മങ്ങളെയും പറ്റി അസംഖ്യം കഥകള്‍ നടപ്പുണ്ട്. ചൈനയിലും ജപ്പാനിലും ജനങ്ങള്‍ സൂര്യനെ ആരാധിച്ചിരുന്നു.
പണ്ടത്തെ ചില രാജ്യക്കാര്‍ ചന്ദ്രനെ സ്ത്രീദേവതയാക്കി കൂട്ടിയിരുന്നു.
'സിനിവാലി പൃഥുഷ്ടുകേ
യാ ദേവാ നാമസി സ്വസാ
ജുഷസ്വ ഹവ്യമാഹുതം
പ്രജാം ദേവി ദിദിഡ്ഢിനഃ -(ഋഗ്വേദം മം. 2 അ. 3സൂ. 10 ഋ.6).

എന്നിങ്ങനെയുള്ള വേദമന്ത്രങ്ങളില്‍ നമുക്കും ചന്ദ്രന്‍ ദേവിയാണ്. ചന്ദ്രന്റെയും ഐസിസ്സ് ദേവതയുടെയും രൂപങ്ങള്‍ പല നാണ്യങ്ങളിലും കാണാം. വടക്കെ അമേരിക്കയിലെ അപരിഷ്‌കൃതരുടെ വിശ്വാസപ്രകാരം ചന്ദ്രന്‍ സൂര്യന്റെ ഭാര്യയാണ്. ഇങ്ങനെ നോക്കുമ്പോള്‍ പണ്ടത്തെ പ്രകൃതിപൂജകള്‍ മുഴുവനും ലിംഗഭേദസംബന്ധികളാണെന്നു കാണാം.

എഡ്വേര്‍ഡ് വോണ്‍മെയറുടെ അഭിപ്രായത്തില്‍ ആദിമമനുഷ്യന്‍ തനിക്കടക്കിനിര്‍ത്താന്‍ കഴിയാത്തവയായിക്കണ്ട രണ്ടെണ്ണവും -വിശപ്പും കാമവികാരവും -തങ്ങളെ തൃപ്തിപ്പെടുത്താത്തവരെ ദ്രോഹിക്കുന്ന ദേവതകളുടെ പ്രസാദത്തിനായി ചെയ്യപ്പെടുന്ന കര്‍മങ്ങള്‍ ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിക്കാണെങ്കില്‍, ലിംഗാരാധനം സന്താനാഭിവൃദ്ധിക്കുള്ളതാണ്. ഭക്ഷണസാധനങ്ങളുടെ അഭിവൃദ്ധിയും -തമ്മില്‍ സംബന്ധമുണ്ടെന്നുള്ള വിചാരം പതുക്കെക്കണ്ടു വേരൂന്നാന്‍ തുടങ്ങിയെന്നതിനു, ജര്‍മനിയിലെ നാടോടിക്കഥകള്‍ ധാന്യദേവതയ്ക്കു, ധാന്യലോകമാതാവിനു, 'പെരുംകുലട' എന്നു നാമകരണം ചെയ്തിട്ടുള്ളതും ഒരു തെളിവാണ്. കൃഷിക്കുള്ള പ്രധാനോപകരണമായ കലപ്പ (കരി) പല ഭാഷകളിലും പുംസ്ത്രീസംഭോഗത്തെക്കുറിക്കുന്ന ഒരു വാക്കത്രേ. ഏതായാലും സന്താനാഭിവൃദ്ധിയില്‍ കണ്ണു ചെന്നതോടുകൂടി, സ്ത്രീപുരുഷ ഗുഹ്യാവയവങ്ങള്‍ ആരാധ്യവസ്തുക്കളായി പരിണമിച്ചു; അതിന്റെ വ്യാപ്തിയെ നമ്മള്‍ പല രാജ്യങ്ങളിലും കണ്ടുമുട്ടുന്നുണ്ട്.

സന്താനഭിവൃദ്ധിയിലുള്ള ഔത്സുക്യത്തോടുകൂടി, സന്താനജനകമായ പുരുഷജനനേന്ദ്രിയം നഷ്ടപ്പെട്ടുപോയാലോ എന്ന ഭയവും മനുഷ്യമനസ്സിനെ ഇട്ടു ക്ഷോഭിപ്പിച്ചു. അതിനാല്‍, തത്പരിഹാരചിന്തയും ലിംഗാരാധനത്തില്‍ പങ്കെടുത്തു. പുരുഷനാണെങ്കില്‍ തന്റെ ജനനേന്ദ്രിയം പൊയ്‌പ്പോകുമോ എന്നും സ്ത്രീക്കാണെങ്കില്‍ തന്റെ പുരുഷസംബന്ധിയായ ഗുഹ്യാവയവം പോയ്‌പ്പോയിരിക്കയാണോ -ആ ലിംഗമില്ലായ്കയാല്‍ താന്‍ പുരുഷനേക്കാള്‍ താഴെയായിട്ടുണ്ടോ -എന്നുമുള്ള ഭയം മനുഷ്യപ്രകൃതിയില്‍ ലയിച്ചുകിടപ്പുണ്ടെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിനാല്‍ ദൗര്‍ഭാഗ്യം നീങ്ങിപ്പോവാനും ദൃഷ്ടിദോഷാദികള്‍ തട്ടാതിരിക്കാനുംവേണ്ടി, പുരുഷജനനേന്ദ്രിയത്തിന് അത്യധികം വലിപ്പം വെച്ചിട്ടുള്ള ഒരോ കൃത്രിമരൂപങ്ങള്‍, 'പേക്കോലങ്ങള്‍, കെട്ടിയുണ്ടാക്കി കൃഷിസ്ഥലത്തും ഭവനങ്ങള്‍ക്കു മുന്‍പിലും മറ്റും പ്രതിഷ്ഠിക്കുന്ന പതിവു ലോകത്തിലെങ്ങുംതന്നെ നടപ്പായിത്തീര്‍ന്നു. അത്തരം രൂപങ്ങളുടെ സ്ഥാനത്തു പാല, കള്ളി എന്നിങ്ങനെ പാലുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും തൂപ്പുകള്‍ കെട്ടിത്തൂക്കുന്നതും സാധാരണമാണ്. അയ്യപ്പന്‍വിളക്കിന് (നമ്മള്‍ അയ്യപ്പനെന്നും വടക്കെ ഇന്ത്യക്കാര്‍ ഹരിഹരനെന്നുമുള്ള പേരില്‍ പൂജിച്ചുപോരുന്ന മൂര്‍ത്തി മോഹിനിരൂപംപൂണ്ട വിഷ്ണുവില്‍നിന്നു ശിവന്റെ മകനായി മാതൃത്തുടകള്‍ പിളര്‍ന്നുണ്ടായി വന്നതാണെന്നു നാം ഇവിടെ ഓര്‍മിക്കേണ്ടതാണ്.) പാലക്കൊമ്പെഴുന്നള്ളിക്കുന്നതിന്റെ ആന്തരാര്‍ഥം, ആ വിലപ്പെട്ട ശരീരാവയവം ഉണ്ടാവാതിരിക്കയോ ഉള്ളത് നഷ്ടപ്പെട്ടുപോകയോ ചെയ്യുമെന്ന് ഇനിമേല്‍ ഭയപ്പെടേണ്ടതില്ലെന്നു ധൈര്യപ്പെടുത്തുകയും അതോടുകൂടി സര്‍വാപത്തുകള്‍ക്കും നിവാരണം കിട്ടിയതായി ഭക്തജനങ്ങളെ ആശ്വാസപ്പെടുത്തുകയുമാണെന്നു പറയേണ്ടിയിരിക്കുന്നു. ഇത്തരം മതച്ചടങ്ങുകള്‍ പല രാജ്യങ്ങളിലും പല രൂപങ്ങളെ അവലംബിച്ചിട്ടുണ്ട്; അവയെപ്പറ്റി അന്വേഷകന്മാര്‍ സവിസ്തരം പ്രതിപാദിച്ചുകാണാം.

ഭക്ഷ്യപദാര്‍ഥങ്ങളെ വര്‍ധിപ്പിക്കാനുള്ള കര്‍മങ്ങളാണ് അപരിഷ്‌കൃതരുടെ മതാചാരങ്ങളില്‍വെച്ചു പ്രാധാന്യമേറിയവ. ആ കര്‍മങ്ങള്‍ നടത്തിക്കുന്നവര്‍ സമുദായത്തിലെ പ്രധാനന്മാരായി. ആസ്‌തേല്രിയയിലെ ടോട്ടോം വര്‍ഗത്തിന്റെ പ്രധാനകര്‍മം ആവശ്യമുള്ള ഭക്ഷ്യമൃഗങ്ങളെയും ഭക്ഷണസാധനങ്ങളെ ഉണ്ടാക്കിക്കൊടുക്കുന്ന ചെടികളെയും വര്‍ധിപ്പിക്കാന്‍വേണ്ടി മന്ത്രവാദം നടത്തുകയാണ്. പരിഷ്‌കൃതസമുദായങ്ങളിലും ഇതിന്റെ നിഴലാട്ടം ഒട്ടൊട്ടു വെളിപ്പെടാതിരിക്കുന്നില്ല. ദാരിദ്ര്യം മുഴുത്ത കര്‍ക്കിടമാസത്തില്‍, ചന്ദ്രനു പുഷ്ടി കൂടിവരുന്ന വെളുത്ത പക്ഷത്തില്‍, നല്ല സമയം നോക്കി പുന്നെല്‍ക്കതിര്‍ക്കറ്റ കൊണ്ടുവന്നു പരിശുദ്ധസ്ഥലത്തുവെച്ച് അതിനെ പ്രദക്ഷിണം ചെയ്തു വന്ദിച്ചു വര്‍ധിക്കട്ടെ എന്നര്‍ഥത്തിലുള്ള നിറ നിറ പൊലി പൊലി എന്നീ വാക്കുകള്‍ മന്ത്രനിര്‍വിശേഷം ഉരുക്കഴിച്ചുകൊണ്ട് ആഘോഷപൂര്‍വം ഗൃഹാന്തര്‍ഭാഗത്തേക്ക് എഴുന്നള്ളിച്ച് പൂജിച്ച് ഇല്ലംനെറ കൊണ്ടാടുകയും മഴ കിട്ടി പുല്‍ച്ചെടികള്‍ ധാരാളമായി പൊട്ടിത്തഴയ്ക്കുന്ന അതേ മാസം മുഴുവനും ദശപുഷ്പങ്ങളെക്കൊണ്ട് ശ്രീഭഗവതിക്കു വെച്ച് പിറ്റേന്നു പ്രഭാതത്തില്‍ അവയെടുത്തു സ്ത്രീകള്‍ പ്രസാദംപോലെ തലയില്‍ ചൂടുകയും ചെയ്യുന്ന പതിവിനെ കൊണ്ടാടുന്ന നമുക്ക് അതിലൊന്നും അദ്ഭുതപ്പെടാനില്ല. ലിംഗാരാധന പൊതുവില്‍ സമുദായത്തിനൊട്ടുക്കും സന്താനാഭിവൃദ്ധിയുണ്ടാക്കാനുള്ള മാര്‍ഗമാണെന്നതുപോലെ ഇത്തരം പ്രകൃതിപൂജ ഭക്ഷണസാധന സമൃദ്ധിയുളവാക്കാനും ഉതകുന്നതായി കരുതപ്പെട്ടു.

എന്നാല്‍, ലിംഗാരാധനയ്ക്കും പ്രകൃതിപൂജയ്ക്കും തമ്മില്‍ ഒരുപരിച്ഛേദ്യമായ സംബന്ധമുണ്ടെന്നുള്ളതും ഒരിക്കലും നാം നോക്കാതെ വിട്ടുകൂടാ. ഡോക്ടര്‍ ഫ്രേസസര്‍ (ഏീഹറലി ആീൗഴവ) ഇങ്ങനെ പറയുന്നു: 'ആത്തെന്‍സ് നഗരത്തില്‍ മുന്തിരിവള്ളിയുടെയും മറ്റും അധിദേവതയായ ഡയോണിസസ്സിനെ കൊല്ലംതോറും മഹാരാജ്ഞിയുമായി വിവാഹം ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, ആ ദിവ്യവിവാഹത്തില്‍ ദേവന്റെ ഭാഗം വഹിക്കുന്നതു സാമാന്യമനുഷ്യനോ ദേവതാവിഗ്രഹമോ എന്നു നമുക്ക് പൂര്‍ണവിവരം കിട്ടിയിട്ടില്ല. കൊട്ടാരത്തില്‍ വെച്ചാണ് ഈ വിവാഹം ആഘോഷിക്കപ്പെടാറ്. ഈ വിവാഹം മുന്തിരിവള്ളിയുടെയും മറ്റു ഫലവൃക്ഷങ്ങളുടെയും കായക്കൂടുതലിനുവേണ്ടി നടത്തപ്പെടുന്നതാണ്. സംശയമില്ല.' അദ്ദേഹംതന്നെ മറ്റൊരിടത്തു പറയുന്നു: 'മാര്‍ച്ച് മാസത്തില്‍ ധാരാളം മത്സ്യം കിട്ടുന്ന സ്ഥലത്ത് ആല്‍ഗോണ്‍ക്വിന്‍കാരും ഹ്യൂറോണ്‍കാരും താന്താങ്ങളുടെ വലകള്‍ക്ക് ആറോ ഏഴോ വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കല്യാണംകഴിച്ചു കൊടുക്കുക പതിവുണ്ട്. അത്ര ചെറിയ കുട്ടികളെ തിരഞ്ഞെടുക്കുന്നത് അവരുടെ കന്യാകാത്വത്തെപ്പറ്റി സംശയിക്കാന്‍ വഴിയില്ലല്ലോ എന്നുവെച്ചാണ്. അങ്ങനെ ചെയ്താല്‍ മത്സ്യം സുഭിക്ഷമായുണ്ടാവുമെന്നാണ് അവരുടെ വിശ്വാസം.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും )

No comments:

Post a Comment