4/16/2013

മതവും കാമവികാരവും -1


മനുഷ്യന് ഒന്നാമതായി വേണ്ടത് ഭക്ഷണമാണ്. ഭക്ഷണസാധനങ്ങള്‍ക്ക് ദുര്‍ഭിക്ഷം പിണയാതിരിപ്പാന്‍ എന്തു നിവൃത്തി എന്ന ചോദ്യമാണ് ആദിമമനുഷ്യന്റെ തലച്ചോറിനെ ഒന്നാമതായി ഇട്ടു മര്‍ദിച്ചത്. അന്ന് അവന്‍ മാംസഭുക്കുമാത്രമായിരുന്നു. പരിണാമഗതിയില്‍ കുറച്ചുകൂടി മുന്നോട്ടു കടന്നപ്പോള്‍ അവന്‍ ധാന്യങ്ങളും കായകളും കിഴങ്ങുകളും മറ്റും ഭക്ഷിക്കാന്‍ തുടങ്ങി. എന്തായിട്ടും ചിലപ്പോള്‍ ഭക്ഷണസാധങ്ങള്‍ വേണ്ടിടത്തോളം കിട്ടാതെ പോകുന്നത് കണ്ടപ്പോള്‍ എന്തോ അദൃശ്യശക്തി അവന്നെതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആലോചന ഉള്ളില്‍ക്കടന്നു. ആ ദേവതയെ, അല്ലെങ്കില്‍ ദേവതാസമൂഹത്തെ, പ്രസാദിപ്പിച്ചു വിശപ്പടക്കാന്‍ വേണ്ട സാധനങ്ങള്‍ ധാരാളമായി കൈവരാനുള്ള മാര്‍ഗം നേടിവെക്കണമെന്ന് അവന്‍ ആലോചിച്ചുറച്ചു. അത്തരം ദേവതാപ്രസാദനമാര്‍ഗങ്ങളില്‍നിന്നാണ് ഇന്നത്തെ മതങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് ചിന്തകന്മാര്‍ അഭിപ്രായപ്പെടുന്നു.

സൈബീരിയയിലെ കാടന്മാര്‍ കരടിമാംസം ധാരാളമായുണ്ടാവാന്‍വേണ്ടി ഈശ്വരാരാധനം ചെയ്ക പതിവുണ്ടെന്ന് മിസ്. ജെ. ഹാരിസണ്‍ പറയുന്നു. ആ കാടന്മാര്‍ ഒരു ചെറിയ കരടിക്കുട്ടിയെ പിടിച്ചു മനുഷ്യസ്ത്രീയുടെ മുലകൊടുത്തുവളര്‍ത്തി ഒരു ദിവ്യമൃഗമാക്കിത്തീര്‍ക്കും. ഒടുവില്‍ ഒരു യാഗച്ചടങ്ങോടുകൂടി അതിനെ തങ്ങളുടെ ഈശ്വരന് ബലികഴിക്കുകയും ചെയ്യും. അങ്ങനെ ചെയ്താല്‍ കരടിമാംസം ദുര്‍ഭിക്ഷം കൂടാതെ കൈവരുമെന്നാണ് അവരുടെ വിശ്വാസം. പശുക്കളും ആടുകളും എരുമകളും സ്വത്തായി കരുതിപ്പോന്നവരുടെ മതച്ചടങ്ങുകളും അത്തരം മൃഗങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നു. നീലഗിരിയിലെ അപരിഷ്‌കൃതവര്‍ഗക്കാരായ ടോഡരുടെ ഇടയില്‍ എരുമയാണ് ദിവ്യമൃഗം. ചില എരുമകളെ മതാചാര്യന്മാര്‍ മാത്രമേ വളര്‍ത്തിപ്പോരുകയുള്ളൂ. പാലിന്റെ മാഹാത്മ്യത്തോടു സംബന്ധിച്ചു കിടക്കുന്നു അവരുടെ മതസിദ്ധാന്തം മുഴുവനും. പാല്‍ കറക്കാനും കാച്ചാനും തയിര്‍ കലക്കാനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങള്‍, വിശേഷിച്ചും തയിര്‍ക്കലങ്ങള്‍, അവര്‍ക്കു വലിയ ദിവ്യവസ്തുക്കളാണ്. തയിര്‍ക്കലം വെച്ചിട്ടുള്ള സ്ഥലം ഒരമ്പലത്തിലെ ശ്രീകോവില്‍പോലെ കരുതപ്പെടുന്നു. വല്ല കാരണംകൊണ്ടും പാല്‍ ഉറകൂടാതെ പോയാല്‍, വളരെ മതച്ചടങ്ങുകളെല്ലാം നിര്‍വഹിച്ചിട്ടുവേണം പിന്നെ ഉറ പകരല്‍ ആവര്‍ത്തിക്കുവാന്‍.

ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കാന്‍വേണ്ടി പണ്ടത്തെ അപരിഷ്‌കൃത ജനങ്ങള്‍ അനുഷ്ഠിച്ചുപോന്നിരുന്ന പ്രകൃതിപൂജ, മഴ പെയ്യിക്കാനുള്ള കര്‍മങ്ങളിലും സൂര്യപ്രസാദനത്തിനുവേണ്ടി ചെയ്യപ്പെടുന്ന നൃത്തങ്ങളിലും മറ്റും സവിശേഷം വെളിപ്പെടുന്നുണ്ട്. അമേരിക്കയുടെ വടക്കുഭാഗത്തും മധ്യഭാഗത്തും ആസ്‌ത്രേലിയയിലും ഇന്ത്യയിലെ മലമ്പ്രദേശങ്ങളിലും മറ്റും പാര്‍ക്കുന്ന കാടന്മാരുടെ മതച്ചടങ്ങുകളുടെയെല്ലാം ഉദ്ദേശ്യം ഭക്ഷണസാധനങ്ങളുടെ വിളവു വര്‍ധിപ്പിക്കുകയാണ്. ഡോക്ടര്‍ ക്ലാര്‍ക്ക് വിസേര്‍ എഴുതിക്കാണുന്നു: 'ചോളവും പുകയിലയും ധാരാളമായി വളരാന്‍വേണ്ടി അമേരിക്കയിലെ പുരാതനനിവാസികള്‍ പല മതച്ചടങ്ങുകളും നിര്‍വഹിച്ചുപോരാറുണ്ട്. പാണിവര്‍ഗക്കാര്‍ ചോളക്കുലകളെ ഈശ്വരന്മാരാക്കി സങ്കല്പിച്ചു ചില കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. ഒരു ഋതുകാലം മുന്‍നിര്‍ത്തി ഈ കര്‍മം നടത്താനുള്ളവരായ മതാചാര്യന്മാര്‍ വലിയ ആഘോഷങ്ങളോടുകൂടി വയലുകളിലേക്കു ചെന്ന്, ചില സവിശേഷമട്ടിലുള്ള ചോളക്കുലകളെ നോക്കി പറിച്ചെടുക്കുന്നു. അവയെ പിന്നെയും ചില പൂജാദികളെക്കൊണ്ടു പൂര്‍വാധികം ദിവ്യങ്ങളും പരിശുദ്ധങ്ങളുമാക്കിയതിനുശേഷം, മഴക്കാലംവരെ സൂക്ഷിച്ചുവെക്കും. വിത്തുവിതയ്‌ക്കേണ്ട കാലമെത്തിയാല്‍ സ്ത്രീകള്‍ ചില ചടങ്ങുകളെല്ലാം അനുഷ്ഠിച്ചതിനുശേഷം ആ പുരോഹിതന്മാരുടെ കൈയില്‍നിന്നു ചോളക്കുലകള്‍, ചോളവിത്തു വിതയ്‌ക്കേണ്ട രീതിയെപ്പറ്റിയും മറ്റുമുള്ള ഉപദേശങ്ങളോടുകൂടി, ഭക്തിപൂര്‍വം വാങ്ങിക്കൊണ്ടുപോരും.' ആസ്‌ത്രേലിയയിലെ അപരിഷ്‌കൃതര്‍ക്കിടയില്‍ പ്രായപൂര്‍ത്തി ചെന്ന യുവാക്കന്മാര്‍ ചെയ്‌തേ കഴിയൂ എന്നുള്ള കര്‍മങ്ങളിലൊന്ന്, അല്ലെങ്കില്‍ പ്രാധാന്യമേറിയതൊന്നു, കിഴങ്ങുകൊണ്ടുള്ളതാണെന്ന് ഹേര്‍ബര്‍ട്ട് സ്‌പെന്‍സര്‍ പറയുന്നു. അവര്‍ ഒരു വിശേഷതരം കിഴങ്ങു തിരഞ്ഞെടുത്തു മതസംബന്ധികളായ ചില അനുഷ്ഠാനങ്ങളോടുകൂടി, സശ്രദ്ധമായും നിഗൂഢമായും വേവിച്ചെടുത്ത്, കഷ്ണം കഷ്ണമായി നുറുക്കി, സ്വവര്‍ഗക്കാര്‍ക്കെല്ലാം വീതിച്ചുകൊടുക്കുന്നു. ഇതു കിഴങ്ങുകള്‍ സുലഭമായുണ്ടാവാനുള്ള ഒരു ദിവ്യപ്രയോഗമത്രേ.

(രതിസമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്)  (തുടരും )

No comments:

Post a Comment