3/04/2013

ഒരു പാത്തുമ്മ വിളി ..........

പത്താം  ക്ലാസില്‍ പഠിക്കുന്ന കാലം.

പഠിക്കുന്നു എന്നൊന്നും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. കാലത്ത്‌ എണീറ്റ്‌ ചായകുടിയും കഴിഞ്ഞ്‌ ഉമ്മറത്തെ തിണ്ണയില്‍ പുസ്തകവും പിടിച്ച്‌ റോഡിലൂടെ പാടത്തു പണിക്കു പോകുന്ന ചെറുമികളെയും കല്ല്‌ കയറ്റി പോകുന്ന  പന്ത്രെണ്ട് പത്തു  സെ  ഇ ലോറിയും  കണ്ട്‌ ഇളവെയിലും കൊണ്ട്‌ കുറച്ച്‌ നേരം ഇരിക്കും. അതാണ്‌ ഹോം വര്‍ക്ക്‌.

പിന്നെ, ഒരു ഒമ്പത്‌ മണിയാവുമ്പോള്‍ കുളിച്ച്‌  മുടി പിന്നിലേക്ക്‌ ചീകി, പല കളര്‍ ബട്റ്റന്‍സുള്ള ഷര്‍ട്ടും ഒറ്റ മുണ്ടും ഉടുത്തു  അലാസ്റ്റിക്കിട്ട്‌ മുറുക്കിയ പുസ്തകക്കെട്ടുമെടുത്ത്‌ അതില്‍ ചോറ്റുപാത്രം തിരുകി ഷോള്‍ഡറില്‍ വച്ച്‌ സ്കൂളില്‍ ഒരു പോക്കാണ്‌. അവിടെ നിന്ന് കിട്ടാനുള്ളതെല്ലാം വാങ്ങി നാലു മണിയാവുമ്പോള്‍ തിരിച്ച്‌ പോരും. ഇത്‌ തന്നെ പഠിപ്പ്‌.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഒരുച്ചക്ക്‌, യാതൊരു വിധ പ്രകോപനവുമില്ലാതെ ഞാനും കൂട്ടുകാരും  കല്ലൂപ്പാറ വലിയ പള്ളിയുടെ  മതിലും ചാരി നിന്ന് സൊറ പറയുന്നു . റോഡിലൂടെ നടന്നു പോയിരുന്ന ഞങ്ങളുടെ  പ്രധാന അധ്യാപിക  മീനാക്ഷി ടീച്ചറുടെ മകള്‍  പച്ച പാവാടയും വെള്ള ബ്ലൌസും ഇട്ടു  ഷക്കീല യുടെ  ചെറിയ  പ്രായത്തെ  ഓര്‍മ്മിപ്പികും വിധം നടന്നു പോകുന്നു  ഞാന്‍ മതില് ചേര്‍ന്ന് നിന്ന്  ഒറ്റ വിളി  "പാത്തുമ്മ ". ചുമ്മാ.. എന്തിനത് ചെയ്തുവെന്നത് എനിക്കിന്നും അറിയില്ല. എന്റെ ശബ്ദം  ടെസ്റ്റ് ചെയ്തതാണോ? അവളുടെ ശ്രെവണ ശക്ത് ടെസ്റ്റ്‌ ചെയ്തതാണോ ? ഒന്നും അറിയില്ല.

പണ്ട്  ഏതോ സ്കൂള്‍ ഫെസ്ടിവലിന്  ബഷീറിന്റെ  പാത്തുമ്മയുടെ ആടിനെ  കുറിച്ച്  നാടകം കളിക്കുകയും  പാത്തുമ്മ എന്ന പേര് വീഴുകയും ചെയ്യുകയായിരുന്നു എന്നാണ് കഥ .

അവളുടെ  ചെവിയില്‍  "പാത്തുമ്മ എന്നൊരു മുഴക്കം കേട്ട്‌ അവള്‍ തിരിച്ചു നടന്നു  ഹെഡ് മാസ്ടരുടെ  റൂമിലേക്ക്‌ പോയി

സംഗതി സീരിയസ്സാവും എന്ന് മനസ്സിലായതോടെ ഞാന്‍ 'ബ്‌ ബ്‌.. ഹ്‌' എന്നൊരു ഇളഭ്യ ചിരി ചിരിച്ച്‌  അവിടെ നിന്ന്  മുങ്ങി .

വീട്ടിലേക്ക്‌ ചെന്നാല്‍ , അച്ഛനെങ്ങാനുമിതറിഞ്ഞാല്‍..., ഉമ്മറിന്റെ  കയ്യില്‍ നിന്ന് രക്ഷപ്പെട്ട്‌ കീറിപ്പറഞ്ഞ സാരിയുമായി  ശാരദ  ഓടി എം എന്‍ നമ്പ്യാരുടെ  കാറില്‍ കയറിയ പോലെയാവുമെന്നതുകൊണ്ട്‌, ഞാന്‍ വീട്ടില്‍ പോയില്ല ...

സന്ധ്യ ആയപ്പോളേക്കും വിശപ്പ്‌ സഹിക്കാന്‍ പറ്റാത്തത് കൊണ്ടും . രാത്രി വേറെ എങ്ങും പോയി കിടക്കാന്‍   സത്രങ്ങള്‍ ഇല്ലാത്തതിനാല്‍ .ഞാന്‍ വീട്  തന്നെ ശരണം എന്ന് വെച്ച് നടന്നു . ആദ്യം വീട്ടിലെ അന്തിരീക്ഷം  കളര്‍ പടം ആണോ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണോ എന്ന് നോക്കാന്‍ മുറ്റത്  നിന്ന പ്ലാവിന്റെ ചുവട്ടില്‍ നിന്ന്  നിരീക്ഷണം നടത്തി..

പടം കളര്‍ തന്നെ  , ബാറ്റന്‍ ടാങ്കും  മിസ്സയിലുമായി  ആരും കാത്തു നില്‍ക്കുനില്ല , പട്ടാള ക്യാമ്പ്‌  തീര്‍ത്തും ശാന്തം .

പാത്തുമ്മ  ഹെഡ് മാസ്ടരുടെ  റൂമില്‍  പോയത് ..   ഇടയ്ക്കിടെ  മനസ്സില്‍  .ഫ്ലാഷ് മിന്നുന്ന പോലെ  തെളിഞ്ഞു .അന്ന് രാത്രി  ജയന്തി ജനതയിലെ  ലോക്കല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്ന ഫീലിങ്ങോടെ  നേരം വെളുപ്പിച്ചു.

പിറ്റേദിവസം  അനിവാര്യമായത്  സംഭവിച്ചു .

ഹെഡ് മാസ്റര്‍  എന്നെ അതിരൂക്ഷമായി നോക്കിക്കൊണ്ട്‌ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ' പെണ്‍കുട്ടികളെ  കളിയാക്കുന്നോ , എന്റെ റൂമിലേക്ക്‌ വാ ?' എന്നലറിക്കൊണ്ട്‌  മുന്‍പില്‍
റോഡ്‌ പണി നടക്കുന്നിടത്ത്‌ പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ നില്‍ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന എന്റെ നെഞ്ചീന്ന് അഞ്ചാറ്‌ കിളികള്‍ ഒരുമിച്ച്‌ ചിറകടിച്ച് പറന്നുപോയി.

താളബോധം നഷ്ടപ്പെട്ട എന്റെ പാവം ഹൃദയം ‌ഭ്രാന്തുപിടിച്ച പോലെ ചടപടാ മിടിക്കുമ്പോള്‍ ഞാന്‍ "ദൈവമേ " എന്ന്‌ കൊച്ചുകുട്ടികളുടെ ശബ്ദത്തില്‍ പറയുന്നതോടൊപ്പം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചത്‌ തികച്ചും യാന്ത്രികമായിട്ടായിരുന്നു.


ഓഫീസില്‍  റൂമില്‍  ചെല്ലുമ്പോള്‍  മാതാശ്രീ .. അപമാന ഭാരത്താല്‍ , മകനെ  ഓര്‍ത്തു തല കുനിച്ചു  നില്‍ക്കുന്നു . 

ഇങ്ങിനെയാണോ കുട്ടികളെ വളര്‍ത്തുന്നത്‌? ഇതേ പോലുള്ള കുട്ടികളെ വളര്‍ത്തിക്കൂടാ..വല്ലഎലിവിഷം വാങ്ങിക്കൊടുത്ത്‌ കൊല്ലണതാ നിങ്ങള്‍ക്കും നാട്ടുകാര്‍ക്കും നല്ലത്‌. . ഗുരു നാഥന്‍  ...വീണ്ടും  ഗര്ജ്ജിച്ചു.

പീഡന കേസില്‍ പ്രതിയായ  മകന്റെ  നില്പ് കണ്ടു .. മാതാശ്രീ പറഞ്ഞു , സര്‍  ഈ പ്രാവിശ്യം മാപ്പ് കൊടുക്കണം ..  

പത്താം ക്ലാസ്  ആയതു  കൊണ്ട്  ഞാന്‍ ക്ഷേമിക്കുന്നു .. ഇനി  പെണ്‍കുട്ടികളെ  കളിയാക്കില്ല എന്ന്  ഏഴുതി  ഒപ്പിട്ടു പൊയ്ക്കോ ....

പിന്നീടു  ഞാന്‍  സ്കൂള്‍  പഠനം അവസാനിക്കുന്ന വരെ   പാത്തുമ്മ എന്ന വാക്ക്  ഉച്ചരിച്ചിട്ടില്ല .....
 

No comments:

Post a Comment