3/04/2013

ബാല്യ സ്മൃതികള്‍ - പത്തു

ഓര്‍മ്മകളുടെ  തേരിലേറി ഞാന്‍ വീണ്ടും യാത്ര ചെയ്യുകയാണ്  . ഞായറാഴ്ച്ചകളിലെ  പള്ളിയില്‍  പോക്ക്  സുഖമുള്ള  ഓര്‍മ്മകള്‍  ചെറുപ്പകാലത്ത്  എനിക്ക് തന്നിരുന്നു . രാവിലെ കുളിച്ചു പള്ളിയില്‍  പോകുന്നത്  ഒരു ശീലമായിരുന്നു . വീട്ടില്‍  കിണര്‍ ഇല്ലാതിരുന്നതിനാല്‍  കുളിക്കാന്‍  ആശ്രയം അഞ്ചാം കുഴിപറയിലെ  പടത്തോട് ചേര്‍ന്നുള്ള  കുളവും , മഴക്കാലത്ത്‌  പാടത് നിറയുന്ന മണിമലയാറ്റില്‍ നിന്നും ,പനയമ്പാല തോട്ടിലെ വെള്ളവുമായിരുന്നു. 
രാവിലെ കഴുത്തില്‍ തോര്‍ത്തും ചുറ്റി. നിരപ്പില്ലാത്ത ,കൂര്‍ത്ത കല്ലുകള്‍ നിരന്നു നിന്ന് പാതയിലൂടെ നടക്കുമ്പോള്‍  പലപ്പോഴും  കൂര്‍ത്ത കല്ലുകള്‍ നിര്‍ദയം വേദനിപ്പിച്ചിരുന്നു . ചില കല്ലുകള്‍  എന്റെ തള്ള വിരലിലെ നഖം  പിഴുതെടുത്ത്‌  ആനന്ദിക്കുകയും ,എന്റെ നിലവളി ഉയരുകയും ചെയ്തിരുന്നു .

പോകുന്ന  വഴിയിലാണ്  അഞ്ചാംകുഴിയിലെ  അന്തോണിയുടെ  വീട് . അന്തോണിക്ക്  പഞ്ചപാണ്ഡവര്‍പോലെ  അഞ്ചു ആണ്‍ മക്കളും , അവര്‍ക്ക് എല്ലാം കൂടി ഒരു പെണ് പ്രജയും .
കൂലി പണി യും  കൃഷി പണിയും ചെയ്തു ജീവിക്കുന്ന  അന്തോണിയുടെ മക്കള്‍  നല്ല ശരീര പുഷ്ടി ഉള്ളത് കാരണം  ഒരു ചെറിയ ഭയത്തോട് ആയിരുന്നു അതിലെയുള്ള സഞ്ചാരം .
നാലുക്ക്  ഏട്ടു നേരം മൂക്ക്  മുട്ടെ  തിന്നുന്ന ഞാന്‍  ഗ്രഹണി പിടിച്ച പിള്ളേരെ പോലെ  മെലിഞ്ഞു തോലിഞ്ഞാണ് ഇരുന്നത് , വല്ലപ്പോഴും  ഒക്കെ  വയറു നിറച്ചു ആഹരം കഴിക്കുന്ന ഇവര് എന്തെ ഇങ്ങെനെ ആരോഗ്യം ഉള്ളവരായി ഇരിക്കുന്നു.ഈ സംശയം  ഒരിക്കല്‍ എന്റെ പപ്പയോടു  അവറാച്ച്ചയന്‍  പ്രകടിപ്പിക്കുകയും  ചെയ്തു .  "നോക്കെടാ  കുഞ്ഞുമോനെ  ഒന്നും  കഴിക്കാന്‍ ഇല്ലാത്ത  അന്തോണി യുടെ പിള്ളേരെ നോക്ക്  എന്താ ആരോഗ്യം , നമ്മുടെ പിള്ളേര് എന്തെ  ഇങ്ങനെ ഇരിക്കുന്നു ."

അന്തോണിയുടെ  വീടും കടന്നു മഴ പെയ്തു പായല് പിടിച്ച പാറ പുറത്തു കൂടി  നടക്കുമ്പോള്‍  ദൂരെ  പാടത്തെ  വെള്ളത്തില്‍ നിന്ന് ആവി പൊങ്ങുന്നതു കാണാന്‍  സാധിക്കും .അരയില്‍ തോര്‍ത്ത്‌ മുണ്ട് ചുറ്റി പിന്നെ കണ്ണുമടച്ചു വെള്ളത്തിലേക്ക്‌  ഒറ്റച്ചാട്ടം , പറഞ്ഞു അറിയിക്കാന്‍ കഴിയാത്ത ഒരു അനുഭൂതി, ശരീരത്തിലെ  ചൂടിനു മുഴുവന്‍ വെള്ളം ആവാഹിച്ചു എടുത്തു ,തണുത്ത ജലത്തിന്റെ കുളിര്‍മ ശരീരത്തെ പൊതിയും. കരയ്ക്ക്‌ കയറി സോപ്പ്  തേച്ചു , കാല്‍പാദം  സിമെന്റ് തേച്ച പരുക്കന്‍ ബണ്ടിന്റെ മുകളില്‍ ഉരച്ചു വെളിപ്പിച്ചു ,കൂട്ടത്തില്‍  പാരഗണ്‍ ചപ്പലിന്റെ അരികും ,അകവും തേച്ചു മിനുക്കി കരയില്‍ വെച്ചു.വീണ്ടും വെള്ളത്തിലേക്ക്‌ ഒരു ചാട്ടം .മുങ്ങി പൊങ്ങി അരയിലെ തോര്‍ത്ത്‌ അഴിച്ചു പിഴിഞ്ഞ് പിറന്ന പടി യില്‍ നിന്ന്  തല തോര്ത്തുമ്പോള്‍  , കുരുത്തം കേട്ട ചില ചൂണ്ട കൈപ്പന്‍ മാര്  ലെക്ഷ്ങ്ങള്‍ വിലയുള്ള  എന്റെ പ്രോപ്പര്‍ട്ടിയില്‍ ആക്രമണം  നടത്താതിരിക്കാന്‍  പ്രത്യേകം ജാഗരൂകനായിരുന്നു(ലെക്ഷം ഒന്നും കിട്ടിയില്ല എന്നത് വേറെ കാര്യം ) . കരയക്കുകയറി നനഞ്ഞ തോര്‍ത്ത്‌  ഇരുതോളിലും വിരിച്ചു , തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍  തേച്ചു മിനുക്കിയ പാരഗന്‍ ചപ്പലില്‍ കാല്‍പാദം അമരുമ്പോള്‍   പാടത്തു പുതു വെള്ളത്തില്‍ കിടന്നു  മാക്രികള്‍ കരയുന്ന അതെ  ശബ്ദം ...

മറ്റുള്ള ദിവസങ്ങളെ  പോലെ ആയിരുനില്ല  എനിക്ക്  ഞായറാഴ്ച്കള്‍.  പതിവിനു വിപരീധമായുള്ള  ആ ദിവസത്തെ ശാന്തത  മനസ്സിനു സന്തോഷം പകരുന്നത് യായിരുന്നു .ആരുടേയും നിര്‍ബന്ധം ഇല്ലാത് പള്ളിയില്‍ പോകുന്ന ശീലം ഉണ്ടായിരുന്ന എനിക്ക് എന്തിനാണ് പള്ളിയില്‍ പോകുന്നത് എന്ന് അറിയില്ലായിരുന്നു ,ദൈവത്തെ കുറിച്ച് എനിക്ക് ഒന്നും അറിയുകയുമില്ലായിരുന്നു . ഒരു തരം യാന്ത്രികമായി ആരാധനയില്‍ പങ്കെടുത്തു മടങ്ങി പോകാറാണ് പതിവ് .ഞാന്‍  ദൈവത്തെ കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നത് എന്റെ പ്രവാസ ജീവിതത്തിന്റെ യാത്രകളിലാണ്, അത് ഞാന്‍ ഇന്നും  തുടരുന്നു , ദൈവത്തെ അറിഞ്ഞോ എന്ന ചോദ്യത്തിന്  എനിക്കും  പൂര്‍ണ്ണമായ  ഒരു  ഉത്തരം പറയാന്‍ പറ്റില്ല ,എന്നിരുന്നാലും  ദൈവ സ്നേഹം അനുഭവിച്ച അനേകം സന്ദര്‍ഭം  എനിക്ക് ഉണ്ടായിട്ടുണ്ട് . പക്ഷെ ,പള്ളിയും അന്തിരീക്ഷും ആരധന രീതികളും എന്നെ വളരെ അധികം ആകര്‍ഷിച്ചിരുന്നു , സന്ധ്യ നമസ്കാരവും , പെസഹ വ്യാഴാഴ്ചയും , ഉയര്‍പ്പ് പെരുനാളും ,ക്രിസ്തുമസ്  രാവുകളും ,പീഡാനുഭവ വാരവും എനിക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ ആയിരുന്നു . ഇതിലൊക്കെ പൂര്‍ണ്ണ അര്‍പ്പണ മനോഭാവം ഉണ്ടായിരുന്നോ എന്ന ചോദിച്ചാല്‍ ഇല്ല എന്നാകും  മറുപടി . വെളുപ്പാന്‍ കാലത്ത്  നടക്കുന്ന പെസാഹായുടെയും  ഉയര്പ്പിന്റെയും  ശുശ്രൂഷ കളില്‍  ഇടയ്ക്കു പള്ളിയില്‍  നിന്ന് ഇറങ്ങി  പോയി  പള്ളി മേടയില്‍  തിരുമേനി മാര്‍  വരുമ്പോള്‍  കിടക്കാന്‍ ഉപയോഗിക്കുന്ന കട്ടിലില്‍   പോയി കിടന്നു ഉറങ്ങുകയും ചെയ്തിരുന്നു . ചില  സമയങ്ങളില്‍ പള്ളി മൂപ്പന്‍  അവിടെ  നിന്ന്   വഴക്ക് പറഞ്ഞു ഓടിക്കുകയും ചെയ്യുമായിരുന്നു  .

ഞങ്ങള്‍ കുട്ടികളുടെ  ഈ ശല്യം സഹിക്കവയ്യാത് ആയപ്പോള്‍ ആയിരിക്കും ,പിന്നീടു അത്  പൂട്ടി ഇട്ടു .  പള്ളി മേടയില്‍ കടക്കാന്‍ പറ്റാത് വന്നപ്പോള്‍  തൊട്ടടുത്തുള്ള  സര്‍കാര്‍ വക സ്കൂളില്‍ ആയിരുന്നു  ഉറക്കം . രണ്ടു ബെഞ്ചുകള്‍ ചേര്‍ത്ത് വെച്ചും , ചിലര്‍ ഒറ്റയ്ക്ക് ഒരു ബെഞ്ചിലും കിടന്നിരുന്നു . അന്ന് അവിടെ നടന്ന കാര്യങ്ങള്‍  പൂര്‍ണ്ണമായി വെളിപെടുത്താന്‍ എനിക്ക് ധൈര്യം പോര . എന്റെ കഥയില്‍ ലെജ്ജ തോന്നുന്ന അനവധി കാര്യങ്ങള്‍ ഉണ്ട് .ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത്  തന്നെ എന്നില്‍  മനം പിരട്ടല്‍ ഉണ്ടാക്കും . ചില കാര്യങ്ങള്‍ ഓര്‍മ്മയുടെ കയത്തില്‍  നിന്ന്   കരയിലേക്ക് ഇടാന്‍ എനിക്ക്  കരുത്തു പോര . എന്നെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ പുറത്താകുന്നത്  മറ്റു ചിലര്‍ക്ക് അത്  അപകീര്‍ത്തികരമായേക്കാം.

ഞാന്‍  സൈക്കള്‍ ചവിട്ടാന്‍ പഠിച്ചത്  ഒരു  ദുഖവെള്ളിയാഴ്ച യാണ് . സൈക്കള്‍ ഓടിക്കാന്‍ അതില്‍ പരം വേറെ ഒരു ദിവസം കാണില്ല ,അന്ന് ഇന്നത്തെ പോലെ ഹര്‍ത്താല്‍ കുറവായിരുന്നു . ദുഖവെള്ളി ഒരു ഹര്‍ത്താല്‍ പ്രതീതി ആയതിനാല്‍ തിരക്കും കുറവായിരുന്നു .അന്ന്  ഞങ്ങളുടെ നാട്ടിലെ  ഏക സൈക്കിള്‍ വാടകയ്ക്ക് കൊടുക്കന്ന തങ്കപ്പന്‍ ചേട്ടന്റെ സൈക്കള്‍ ഷോപ്പായിരുന്നു . ദൈവത്തിനു അദ്ധേഹത്തിന്റെ സൃഷ്ടിയില്‍ എന്തോ കൈപിഴ ഉണ്ടോയോന്നു  സംശയിക്കേണ്ടിയിരിക്കുന്നു കാരണം അയാളുടെ രൂപം  മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നു താഴെ  , അരക്ക്  തളര്‍ന്ന കാലുകളും , ഉന്തിയ നെഞ്ചും കൂടും , വെച്ച് ഹെര്‍ക്കുലീസ്  സൈക്കളില്‍ ഒറ്റ ചന്തിയില്‍ ഇരുന്നു സൈക്കിള്‍ ചവിട്ടി വരുന്ന  തങ്കപ്പന്‍ ചേട്ടന്‍ എനിക്ക്  ഒരു അത്ഭുതമായിരുന്നു . സര്‍ക്കാറിന്റെ സ്വയം തൊഴില്‍ പദ്ധിതിയില്‍ പെടുത്തി , തങ്കപ്പന്‍ ചേട്ടന്‍  ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു  അഞ്ചാറ് സൈക്കള്‍ മേടിച്ചു വെച്ചിരുന്ന കാലം , ചുവന്ന  സീറ്റ്‌ കവറും  പുതു മണം മാറാത്ത സൈക്കള്‍ എന്റെ ഉള്ളില്‍ അത് ഓടിക്കാന്‍ ആഗ്രഹം ജെനിപ്പിച്ചു . ദുഖ വെള്ളിയാഴ്ച സ്ലീബ മുത്തുമ്പോള്‍  നേര്ച്ച ഇടാന്‍ തന്ന    പൈസക്ക് സൈക്കള്‍ വാടകയ്ക്ക് എടുത്തു  . എന്റെ കൂടെ അന്ന് കൂടെ ഉണ്ടായിരുന്നവരുടെ പേരുകള്‍ ഇപ്പോള്‍  എനിക്ക് ഓര്‍മ്മിച്ചെടുക്കാന്‍  സാധിക്കുനില്ല .ഞങ്ങള്‍ മൂന്നു  നാലു പേര്‍  ഉണ്ടായിരുന്നു .

ഒരു മണിക്കൂറിനു രണ്ടു രൂപ നിരക്കില്‍ സൈക്കള്‍ വാടകയ്ക്ക് എടുത്തു  ആളുഒഴിഞ്ഞ വഴിയായ ചൂരകുഴിക്കു സമീപമുള്ള  ചെമ്മണ്‍പാതയില്‍ എന്റെ സൈക്കള്‍ യജ്ഞം ആരംഭിച്ചു.രണ്ടുകയ്യും രണ്ടുകാലും വച്ചു ഞാനെന്തൊക്കെ ചെയ്താലാ... വളക്കണം, തിരിക്കണം, ചവിട്ടണം, പിടിക്കണം... എന്റമ്മോ... പക്ഷെ ഇതൊന്നും പഠിച്ചില്ലെങ്കിലും ഞാനാദ്യ ദിവസം തന്നെ സൈക്കിള്‍ മറിക്കാന്‍ പഠിച്ചു... കൂട്ടുകാരന്റെ വക ഒടുക്കത്തെ ചീത്ത... ഇപ്പോഴെങ്ങാനുമാണെങ്കില്‍... ഞാനേ പോളിടെക്നിക്കില്‍ പഠിച്ചതാ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും നീ എന്നെ പഠിപ്പിക്കെണ്ടാടാ പുല്ലേ... എന്നു പറഞ്ഞനെ... പക്ഷെ കഷ്ടകാലത്തിനു അന്ന് ഞാന്‍ പത്താം ക്ലാസ്സ്‌ പോലും പഠിച്ചിരുന്നില്ലല്ലോ... എല്ലാത്തിനും ഒടുക്കം എന്റെ കുറച്ചു കമ്പനി പെയിന്റു കളഞ്ഞും പെഡലില്‍ നിന്നു കാലുതെന്നി ( പിന്നീടെന്തു സംഭവിച്ചു എന്നു ഞാന്‍ പറയില്ല..  കുറേ തവണ ഈരേഴു പതിന്നാലുലോകവും കണ്ടും അപ്പോളൊക്കെ തലയ്ക്കു ചുറ്റും കിളികള്‍ക്ക് പകരം വട്ടം ചുറ്റിയിരുന്നത് ക്രണീം... ക്രണീം... എന്ന ബെല്ലോടു കൂടിയ സൈക്കിളുകളായിരുന്നു  ഒരുവിധം പണി പഠിച്ചു...(കടപ്പാട്  ലുട്ടു മോന്‍) അപ്പോഴേക്കും  പള്ളിയില്‍ കഞ്ഞി വിളമ്പുന്ന സമയമായി .  ദുഖ വെള്ളിയാഴ്ച  കഞ്ഞി ഒരു പ്രതേക അനുഭവം തന്നെയാണ് . ചൂട് കഞ്ഞിയില്‍  പയറും ,പപ്പിടവും മാങ്ങാ അച്ചാറും ചേര്‍ത്ത്  ഇളക്കി  പ്ലാവില യില്‍  കോരി വായില്‍ ഒഴിക്കുമ്പോള്‍  പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത  സ്വാദു .. രാവിലെ  മുതല്‍  പട്ടിണി നിന്നിട്ട്  , ചിലര്‍ കഞ്ഞി കുടിക്കുന്നത് ഗ്രഹെണി പിടിച്ച പിള്ളേര് ചക്ക കൂട്ടാന്‍ കാണുന്ന പോലെ . ഒരിക്കല്‍ പോലും പള്ളിയില്‍  കേറത്തവര്‍ അന്ന്  കര്‍ത്താവിനെ ക്രൂശിക്കാന്‍ പള്ളിയില്‍ വരും.

പഴമയുടെ പ്രൌഡിയും , പൗരാണികമായ  എന്റെ  ഇടവക ദേവാലയം.  ക്ഷേത്ര ശില്‍പകല മാതൃകയില്‍ പണിത കേരളത്തിലെ ഏക പള്ളി . മാതാവിന്റെ  നാമത്തില്‍ സ്ഥാപിക്ക പെട്ടിരിക്കുന്ന ഈ ദേവാലയം  ഏകദേശം  എണ്ണൂര്‍ വര്ഷം പഴക്കം ഉണ്ട് .  പള്ളി പെരുനാളിനോട്  അനുബന്ധിച്ച്  നടക്കുന്ന റാസ്‌ എന്റെ ചെറു പ്രായത്തില്‍  ഒരു ആവേശം ആയിരുന്നു , മതത്തിന്റെ വെലികെട്ടുകള്‍ ഇല്ലാത് എല്ലാരും പങ്കെടുക്കുന്ന  നാടിന്‍റെ ഉത്സവം . എന്നോട് ഒപ്പം എന്റെ ഹൈന്ദവ സഹോദരങ്ങളായ  സനലും  സതീഷ്‌  ഒക്കെ അതില്‍ പങ്കെടുത്തിരുന്നു . അന്ന് ഹൈന്ദവ സഹോദരങ്ങളും  വിരി വെച്ച് അതിനെ സ്വീകരിച്ചിരുന്നു . സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണം. ഇന്ന് അവരില്‍  പലരും അത് ചെയ്യാറില്ല .അന്ന്  എന്റെ വീടിനു സമീപത്തു കൂടെ  റാസ (പ്രദിക്ഷണം )ഇല്ലാത്ത കാലം  പല പള്ളി പൊതു യോഗങ്ങളിലും   ഞങ്ങളുടെ ഭാഗത്ത്‌ കൂടെ റാസ വേണം എന്ന് ആവിശ്യ പെട്ട പ്പോളും ചിലരുടെ പിടിവാശി മൂലം നടക്കാത് പോയി .  അങ്ങനെ ഒരു വര്‍ഷത്തെ പെരുനാളിനു  ഞങ്ങളുടെ ഭാഗത്ത്‌ കൂടെ  റാസ വരുമെന്ന് അറിയുക്കുകയും  ഞങ്ങള്‍ അത്യന്തം ആവേശത്തോട്‌ കൂടെ  ഉത്സാഹിക്കുകയും ചെയ്തു , പനയോല കൊണ്ട്  ആര്‍ച് കെട്ടി , വര്‍ണ്ണ കടലാസ്സു കൊണ്ട്  കിലോമീറ്ററോളം തോരണം കെട്ടി, വാഴ പിണ്ടിയില്‍  മരോട്ടി കായുടെ തോട്  എടുത്തു  വെച്ച്  അതില്‍  എണ്ണ ഒഴിച്ച് വിളക്ക് വെച്ച് .  റാസയെ  സ്വീകരിക്കാന്‍  കാത്തിരുന്നു . അവസാന നിമിഷം റാസ  ഞങ്ങളുടെ ഭാഗത്ത് കൂടെ വരില്ലന്നു അറിയിക്കുകയും ഞങ്ങളുടെ  നിരാശയും  ദേഷ്യവും  ഒരു പ്രക്ഷോഭത്തിലേക്ക് ഏത്തുകയും ചെയ്തു . തക്ക സമയത്ത്  മുതിര്‍ന്നവരുടെ  ഇടപടല്‍ മൂലം അതിനു അധികം ആയുസ്സുണ്ടായില്ല

ഏഴാം ക്ലാസ്സില്‍  പഠിക്കുമ്പോളാണ്  എനിക്ക്  മദ്ബഹ യില്‍ കേറണം എന്ന ആഗ്രഹം ഉദിച്ചത് . ഭക്തി മൂത്ത് ആയിരുനില്ല ഈ ആഗ്രഹം , മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുകയായിരുന്നു ഉദ്ദേശം . എന്റെ അമ്മ എന്നെ ഒരു വൈദീക നായി  കാണാന്‍ ആഗ്രഹിച്ചിരുന്നു എന്ന്  ഇടയ്ക്കു പറയാറുണ്ട് ,എനിക്ക് മൂന്നാമത്തെ വയസ്സില്‍  ടൈഫെയിട് പിടിപെടുകയും അമ്മ  നേര്ച്ച  നേര്‍ന്നു  ഇവനെ ഞാന്‍ ദൈവ വേലയ്ക്കു  വിട്ടേക്കാം എന്നൊക്കെ  ഉള്ള  കഥകള്‍  കേട്ടിരുന്നു .അന്ന്  ഞങ്ങളുടെ ഇടവകയിലെ  രണ്ടു വൈദീകര്‍  ഉള്ള കാലം. അതില്‍ പ്രായം ചെന്ന  അച്ചനായിരുന്നു .എന്നെ മദ്ബഹയില്‍ പ്രേവേശിപ്പിച്ചത്  (പേര് ഞാന്‍ ഇവടെ ഒഴിവാക്കുന്നു )എന്റെ  വലിയ അപ്പച്ചന്റെ ഒരു സൃഹുത്തും  കൂടെ ആയിരുന്നു അച്ചന്‍ .  അപ്പച്ന്റെ അപ്പന്റെ  ഓര്‍മ്മ ദിവസം വീട്ടില്‍ ധൂപം അര്‍പ്പിക്കാന്‍  വന്ന അച്ചന്‍  ചടങ്ങ് കഴിഞ്ഞു  മുറ്റത്തിരുന്നു  മറ്റുള്ളവരോട് ഒപ്പം ധൂപം വെക്കുന്നത്  എന്നെ   ആശ്ചര്യപെടുത്തി.
മൂന്ന്  വര്‍ഷം ഞാനൊരു മദ്ബഹ ശുശ്രൂഷകനായിരുന്നു .മധ്ബഹയില്‍ ശുശ്രഷിക്കുന്നവര്‍ പാപ സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന ഉപദേശം  എനിക്ക്  പലപ്പോഴും  പാലിക്കാന്‍ സാധിചിരുനില്ല .  ആ കാലഘട്ടം അവസാനിക്കുമ്പോഴേക്കും എന്നില്‍  വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ല . സണ്‍‌ഡേ സ്കൂളിലെ സഭാ ചരിത്ര പഠനത്തില്‍  ഒന്നും ഞാന്‍ വലിയ താല്പര്യം കാണിച്ചില്ല  , പത്താം  ക്ലാസ് ഏത്തുന്നതിനു മുന്‍പ് ഞാന്‍  അത്  അവസിനിപ്പിച്ചു  .  സംശയങ്ങള്‍ കൊണ്ട് ഞാന്‍ വീര്‍പ്പ് മുട്ടി. എന്റെ സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഒരിടത്ത് നിന്നും കിട്ടിയില്ല.  ഒരിക്കല്‍  ഞാന്‍  എന്റെ  സണ്‍‌ഡേ സ്കൂള്‍ അധ്യാപകനോട്  ദൈവത്തിനെ എന്തിനാണ്  "നീ "എന്ന് വിളിക്കുന്നു എന്ന് ചോദിച്ചു  (മലങ്കര ക്രിസ്ത്യാനി കളുടെ  പ്രാര്‍ത്ഥന ആരംഭിക്കുന്നത്  ദൈവമേ  നീ പരുശുധ്ഥന്‍  ആകുന്നു എന്ന് പറഞ്ഞാണ്) നീ എന്ന വാക്ക്  ഒരു ബഹുമാന കുറവ് പോലെ എനിക്ക് തോന്നി . എന്റെ ചോദ്യം ഇഷ്ടപെട്തിരുന്ന അധ്യാപകന്‍  എന്നെ കണക്കു ശകാരിക്കുകയും ഞാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യം ആകുകയും ചെയ്തു . അതോടെ ഞാന്‍  സണ്‍‌ഡേ സ്കൂള്‍ പഠിപ്പ് നിര്‍ത്തി.  എന്റെ  കൂടെ അന്ന്  മധ്ബഹയില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര്‍  വൈദീകരായി . എന്നെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം വൈദീകരും വൈദീകവൃത്തിയെ ഗൌരവതരമായി കാണുന്നില്ല എന്നു എനിക്കു തോന്നാറുണ്ട് . അവരില്‍ പലരും വളരെ നല്ല മനുഷ്യരായിരുന്നു. പലരുടേയും ജീവിതം സേവനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചതുമായിരുന്നു. അവരുടെ വിശ്വാസം പക്ഷേ യുക്തിഭദ്രമായി തോന്നിയില്ല.
അവിശ്വാസികളും യുക്തിവാദികള്‍ എന്നു പറയുന്നവരും പലപ്പോഴും വിശ്വാസികളെപ്പോലെ തന്നെ അന്ധ വിശ്വാസികളാണ് എന്നതാണു എന്റെ അനുഭവം. പലരും ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും ഭാഗമാണ്. ജനനം കൊണ്ട് ഒരാള്‍ ഒരു വിശ്വാസത്തിന്റെ ഭാഗമാകുന്നതുപോലെ സൌഹൃദത്തിന്റെയും രാഷ്ട്രീയ ധാരണകളുടെയും ബലത്തില്‍ ഒരാള്‍ യുക്തിവാദിയുടെ പട്ടം അണിയുന്നു, അണിയുന്നതായി ഭാവിക്കുന്നു. യുക്തിഭദ്രമായ ഒരു ചിന്താ ശൈലി രണ്ടിടത്തും കുറവാണ്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്റെ ഒരു ഗതികേട് അവന്‍ ഒരു ഗ്രൂപ്പിലും പെടുന്നില്ല എന്നതാണു. മിക്കവാറും അയാള്‍ കൂട്ടം തെറ്റിയ ഒരുവനാവും.

ഞാന്‍ വിശ്വാസ  കാര്യത്തില്‍  ഒരു ഉറപ്പും ഇല്ലാത്  ജീവിതം മുന്‍പോട്ടു കൊണ്ട് പോകുന്നു  (തുടരും ) 

1 comment:

  1. gud jijo wanted to read more and what about our school days 17 boys and 10 girls? thirinju nokkumbol oru pratheka sugam nalkunnundu. classil gf ulla eka alu njan ayirunno? enikkariyilla.( chila perukal velppedutharuth..

    ReplyDelete