2/24/2013

മരണത്തെ പേടിക്കണോ...!!!! ?

മരണം ഒരു യാഥാര്‍ത്ഥ്യമാണ്  ,കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല എന്ന് പഴഞ്ചൊല്ല് . പലരും അതിനെ അഭിമുഖീകരിക്കുന്നത്  വ്യത്യസ്ത തലങ്ങളില്‍ .മരണത്തെ  പുഞ്ചിരിയോടും , ഭയത്തോടും , ചിലര്‍  നിസ്സംഗതയോടെകൂടെ സ്വീകരിക്കുന്നു . ഇതില്‍  കൂടുതല്‍ പേര്‍ക്കും  മരണത്തെ ഭയമാണ് ..മരണത്തെ ഭയം ഉള്ളത് കൂടുതലും  മത വിശ്വാസികള്‍ക്ക് .സ്വര്‍ഗ്ഗവും  നരകവും ന്യായവിധി ഒക്കെ ആയിരിക്കാം itകാരണവും .ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. സത്യത്തില്‍ ആ പ്രതിഭാസത്തെ കുറിച്ച് അല്പം ചിന്തിച്ചാല്‍ നമ്മുടെ അഹങ്കാരം എല്ലാം തീരും.

കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ഒരു വിഡിയോ ക്ലിപ്പ്   മരണത്തെ എങ്ങനെ നേരിടണം എന്ന് ഒരു  വീട്ടമ്മ കാണിച്ചു തന്നു . മുപ്പതു  റേഡിയേഷന്‍ , ആറു കിമോ തെറാപ്പി  കഴിഞ്ഞ അവര്‍ സുധീരം ജീവിതത്തെ നേരിടുന്നു . അവരുടെ വാക്കുകളില്‍ ആരോടും പരിഭവം ഇല്ല . എന്റെ പുറകെ മരണം ഉണ്ട് അത് ഏതു സമയത്തും തന്നെ പിടികൂടും .അതിനു മുന്‍പ് എന്റെ ഭര്‍ത്താവിനും ഏക മകനും ഒരു വീട്  സ്വന്തമായി വേണം എന്ന് ആഗ്രഹിക്കുന്ന അവര്‍ .
അവരുടെ മുഖത്തു തെല്ലു പോലും മരണഭയമില്ല ,മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാന്‍ ഉള്ള കള്ള കരച്ചിലില്ല ,തന്നെ സഹായിച്ചവര്‍ക്കു അവര്‍ നന്ദി പറയുന്നു . ഏത്ര ധൈര്യമായിട്ടാണ് അവര്‍  കാര്യങ്ങള്‍ സംസാരിക്കുന്നതു ,ആരാണ് അവര്‍ക്ക് അതിനുള്ള ധൈര്യം കൊടുത്തത് , എന്ത് കൊണ്ട് നമുക്ക് അവരെ പോലെ സംസാരിക്കാന്‍ കഴിയാത്തത് .ഈ ചിന്തയാണ്  ഈ കുറുപ്പിന് ആധാരം .
https://www.facebook.com/photo.php?v=559589790732039
ഈ ലിങ്കില്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാം ...

ഭഗവദ്‌ഗീതയില്‍  കൃഷ്ണന്‍ അര്‍ജുനനെ ഇങ്ങനെ ഉപദേശിക്കുന്നു .
ഹേ അര്‍ജുനാ…
മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്‌. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ്‌ മരണം. അത്‌ ഒന്നിന്റെയും അവസാനമല്ല.
ഒരു ജലാശയത്തിലെ കുമിള പോലെയാണ്‌ നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത്‌ കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്‌. അത്‌ കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
ഒരു വിത്ത്‌ മുളച്ച്‌ തയ്യാവുമ്പോള്‍ അത്‌ വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്‌…. ഒന്നിന്റെ പല ഭാവങ്ങളാണ്‌.

ടാഗോര്‍ പറയുന്നു: ''മരണം എനിക്ക് ഒരു മാലാഖയെപ്പോലെയാണ്. മരണമാകുന്ന മാലാഖ എന്റെ പക്കലേക്ക് വേഗം വരുവാന്‍ ഞാൻ കാത്തിരിക്കുന്നു. മരണമാകുന്ന മാലാഖ വരുവാന്‍ വൈകിയാല്‍ എന്റെ ജീവിതലക്ഷ്യമായ ഈശ്വരദർശ നം ലഭിക്കുവാൻ വൈകും. അതുകൊണ്ട് സുകൃതങ്ങളാകുന്ന പൂക്കൾ കൊണ്ട് മാല കൊരുത്ത്, മരണമാലാഖയെ സ്വീകരിക്കുവാന്‍ ഞാന്‍ വെമ്പല്‍ പൂണ്ട് കാത്തിരിക്കുന്നു.''

ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുൾ കലാമിന്റെ പിതാവായ ജലാലുദ്ദിന്റെ മരണത്തെക്കുറിച്ച് ഡോ. കലാം എഴുതിയിരിക്കുന്നു; ''ജീവിതത്തിലൂടെ സ്വരൂപിച്ചെടുത്ത ഉന്നത നന്മകളുമായി നഷ്ടപ്പെട്ട പറുദീസ വീണ്ടെടുക്കുവാന്‍ അദ്ദേഹം യാത്ര പറഞ്ഞു.'' നമ്മുടെ ഈ ലോകജീവിതം സുകൃതങ്ങളും നന്മകളും സ്വരൂപിച്ചെടുക്കുവാന്‍ ഉള്ളതായിരിക്കണം. സന്തോഷങ്ങളും സംഘർഷങ്ങളും മാറിമാറി വരുന്ന ജീവിത പ്രയാണത്തിൽ സ്വർഗീയ പറുദീസയില്‍ എത്തിച്ചേരുവാനുള്ള സു കൃതങ്ങൾ സമ്പാദിക്കുക എന്നതായിരിക്കണം നമ്മുടെ പരമലക്ഷ്യം.

''മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ?''  ബൈബിളില്‍  അപോസ്തോലനായ പൗലോസ്‌ ചോദിക്കുന്നു ..

ബഥാനിയായിലെ കല്ലറയിങ്കല്‍ മാര്‍ത്തയുടെയും മേരിയുടെയും അലമുറകൾക്ക് മീതെ, പുരുഷാരത്തിന്റെ ആരവത്തിന് മുകളില്‍, ക്രിസ്തുവിന്റെ സ്വരം ഉയര്‍ന്നു: ''ലാസറേ പുറത്തുവരിക.'' ലാസറിനെ കര്‍ത്താവ് ഈലോകജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ട്. കാരണം ക്രിസ്തുവിനെ അറിയുന്നവനു മരണമില്ല .

നാമൊക്കെ മരണത്തെ ഭയപ്പെടുന്നവരാണ്. പക്ഷേ, ജീവിതത്തിൽ സംഭവിക്കുവാനിരിക്കുന്ന അനിവാര്യമായ ഒരേയൊരു സംഗതിയുണ്ടെങ്കിൽ, അത് മരണം മാത്രമാണ്. 'ഇന്നല്ലെങ്കിൽ നാളെ' നാമൊക്കെ മരിക്കുമെന്നുള്ളത് തീർച്ചയാണ്. മരണത്തെ ഭയത്തോടെയല്ല, വിശ്വാസത്തിലധിഷ്ഠിതമായ പ്രത്യാശയോടും സ്‌നേഹത്തോടും ആയിരിക്കണം അഭിമുഖീകരിക്കേണ്ടത്....
 

No comments:

Post a Comment