2/04/2013

ബാല്യ സ്മൃതികള്‍ - ഒന്‍പതു .

പിന്നെയും അസാധാരണ മുഖങ്ങള്‍ എന്റെ  സ്മൃതിയുടെ ജലപരപ്പില്‍ ഒഴുകുന്ന തടി പോലെ യാകുന്നു . അവ എന്നില്‍  നിന്ന്  വളരെ ദൂരേക്ക്‌  അകന്നു പോകുന്നു. അവയെ അക്ഷരത്തിന്റെ  ചുള്ളി കമ്പിലൂടെ എന്നിലേക്ക്‌ അടുപ്പിക്കാന്‍ എന്റെ ശ്രെമം തുടരുകയാണ് .......!!

അസാധാരണ വേഷം കൊണ്ട്  എന്നെ ആകര്‍ഷിച്ച  ഒരാള്‍  എന്റെ നാട്ടില്‍ ഉണ്ടായിരുന്നു . വെളുത്ത കുഞ്ഞു വെള്ളി രോമങ്ങള്‍ കൊണ്ട് ചെത്തി മിനുക്കിയെടുത്ത ഫ്രഞ്ച് താടി .വെട്ടിതിളങ്ങുന്ന കഷണ്ടിത്തല , അതില്‍ അങ്ങിങ്ങ് ഞാറു നട്ട പോലെ വളര്‍ന്നു നില്‍ക്കുന്ന വെള്ളി രോമങ്ങള്‍ ,പുറകിലേക്ക് ആ വെള്ളി രോമങ്ങള്‍ കുറച്ചു നീട്ടി വളര്‍ത്തിയിരിക്കുന്നു ,അയാള്‍ മിക്കപ്പോളും  സൈക്കളില്‍  സഞ്ചരിക്കുന്നത്  കാണാമായിരുന്നു. ചില  സമയങ്ങളില്‍  അയാളുടെ തോളില്‍ ഒരു ക്യാമറ കാണാം . പുഴയുടെയും ,വയലിന്റെയും , പാതയുടെയും  ചിത്രങ്ങള്‍ അയാള്‍ എടുക്കും  . എപ്പോളും അയാളുടെ മുഖത്തു മനോഹരമായ പുഞ്ചിരി നിഴലിച്ചിരുന്നു .

ഒരിക്കല്‍ എന്റെ വീടിനു അടുത്ത്  കനാല്  പണിയുന്നതിനായി   എടുത്തു കുഴിയില്‍  വലിയ  കുടങ്ങള്‍  കണ്ടെത്തി . അതിന്റെ ഫോട്ടോ അയാള്‍ എടുക്കുന്നത്  ഞാന്‍ കണ്ടിരുന്നു . അതിനെ കുറിച്ച് അയാള്‍ ആന്ഗ്യ ഭാഷയില്‍  കാര്യങ്ങള്‍ വിവരിക്കുന്നത് കാണാമായിരുന്നു . ഈ കുടങ്ങളില്‍  പണ്ട്  ആളുകളെ  അടക്കം ചെയ്തിരുന്നത് എന്നും ,അവരുടെ  പ്രിയപ്പെട്ട വസ്തുകള്‍ അവരോടൊപ്പം അടക്കം ചെയ്യുമായിരുന്നു  എന്നൊക്കെ അയാള്‍  വിശദീകരിച്ചു. എന്തിനാണ് അയാള്‍ ഇങ്ങനെ  ഗോഷ്ടികള്‍ കാണിക്കുന്നത് ...? .അയാള്‍ക്ക് സംസാരിച്ചു കൂടെ എന്നൊക്കെ അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു .? കുറെ കാലം  കഴിഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത് അയാള്‍ക്ക് സംസാരശേഷിയില്ല  എന്ന് , ഞാന്‍ ആദ്യമായിട്ടാണ് സംസാരശേഷി ഇല്ലാത്ത മുതിര്‍ന്ന  ഒരാളെ കാണുന്നത്  . പിന്നെ പലപ്പോഴും സൈക്കിള്‍  മാറി  അയാള്‍ മോപ്പെടില്‍  സഞ്ചരിക്കുന്നത് കാണാമായിരുന്നു . ഇന്നും  അയാളുടെ  പേര് എനിക്ക് അറിയില്ല .

നിഷ്ക്കളങ്കമായ  പുഞ്ചിരിയുടെ  ഉടമയായിരുന്നു  ജോര്‍ജു ചേട്ടന്‍ , സ്കൂളില്‍  പോകുമ്പോളും  തരിച്ചു വരുമ്പോളും  ഉന്തുവണ്ടി വലിച്ചു പോകുന്നത്  കാണാമായിരുന്നു. ഭാരം ഉള്ള വണ്ടി വലിക്കുമ്പോളും അയാളുടെ ചുണ്ടിലെ ചിരിമാഞ്ഞിരുനില്ല . അയാളുടെ ഭാഷയും അവ്യക്തമായിരുന്നു .മുഴങ്ങുന്ന ശബ്ദത്തിലയാള്‍  ഗ്രാമത്തിലെ ആളുകളോട് സംസാരിക്കുമായിരുന്നു  ,ആ ശബ്ദം പലപ്പോഴും . ചിരി പടര്‍ത്തുന്നതായിരുന്നു . അയാളുടെ ശബ്ദം  ഗ്രാമ സന്ധ്യക്ക്‌  നിറം ചാര്‍ത്തി .

നാളയെ കുറിച്ചുള്ള ചിന്ത അയാളെ അലട്ടിയിരുനില്ല ,എവടെ കിടക്കണം എന്ത് കഴിക്ക്നമെന്നോ അയാള്‍ ചിന്തിചിരുനില്ല , ഓരോ ദിവസവും തന്റെ ഭാണ്ടകെട്ടുമായി  കടത്തിണ്ണയില്‍ കിടന്നുറങ്ങി . സ്കൂള്‍ വിട്ടു വരുമ്പോള്‍ അയാള്‍  ഉന്തു വണ്ടി വലിച്ചു പോകുമ്പോള്‍ ഞങ്ങള്‍  കുട്ടികള്‍ക്ക്  ഉന്തു വണ്ടി തള്ളുന്നത് ഒരുരസമായിരുന്നു .അപ്പോളും അയാള്‍ തല ചരിച്ച് ഞങ്ങളെ നോക്കി നിഷ്ക്കളങ്കമായി  പുഞ്ചിരിച്ചു ,അവ്യയ്ക്ത്മായി എന്തോ സംസാരിച്ചു .ഞാന്‍ കണ്ട അവസാനത്തെ  ഉന്തു വണ്ടിയും അതകനാണ് സാധ്യത .പിന്നെ  ഞാന്‍  ഉന്തു വണ്ടി കാണുന്നത്   ഇവടെ ഗള്‍ഫില്‍ വന്നതിനു ശേഷമാണ്  .

അമ്മയുടെ നെഞ്ചിനോട് ചേര്‍ന്ന്  ചൂടും ചൂരും അനുഭവിച്ചു വളരേണ്ട  കുഞ്ഞുങ്ങളെ  ഉന്തുവണ്ടിയില്‍ കിടന്നു പോകുന്ന ഗതികേട്.  താഴെ നിന്നും മുകളില്‍ നിന്നും വരുന്ന പൊടി പടലങ്ങള്‍  തിന്നു ആരോടും പരിഭവം പറയാന്‍ കഴിയാത് ,അഥവാ ഇനി പറഞ്ഞാല്‍  വായില്‍ ഒരു നിപ്പിള്‍ തിരുകി,  അമ്മയുടെ നെഞ്ചത്തെ ചൂട് അനുഭവിക്കാനുള്ള അവന്റെ ആഗ്രഹത്തെ നിര്‍ദയം  തള്ളി കളയുന്ന അമ്മമാരേ കാണുമ്പൊള്‍ , ഞാന്‍ ചിന്തിക്കും   ഉന്തുവണ്ടി സംസ്കാരം ഇല്ലാത്ത ഒരു കാലത്ത്  ജനിച്ച  ഞാന്‍ ഏത്ര  ഭാഗ്യവാനാണെന്ന്.

" അമ്മയുടെ നെഞ്ചിലെ മുലപ്പാല് പോലെ തന്നെ അമൂല്യമാണ്  അമ്മയുടെ നെഞ്ചിലെ ചൂടും . "

ദൈവസൃഷ്ടിയില്‍  അവന്റെ  കളികളില്‍ പെടുന്ന കുറെ മനുഷ്യര്  നമുക്കിടയില്‍ ഉണ്ട്  അവരുടെ കഥ തുടരുകയാണ് .......

ഇടവപ്പാതിയുടെ  ആരവം അവസാനിക്കുമ്പോള്‍   പാടത്തെ  വരമ്പ് മുഴുവന്‍  തെളി വെള്ളം കൊണ്ട് മൂടപെടും . നിശ്ചലമായ  ജലവിതാനം മറ്റൊരു ആകാശ വിതാനം ഭൂമിയില്‍  സ്രിഷ്ടിക്കപെടും, അതി  വിദൂരതയില്‍ ഉള്ള ശബ്ദം പോലും  വെള്ളത്തിന്റെ നിശ്ചലപ്രതലത്തില്‍ കൂടി സഞ്ചരിച്ചു  എന്റെ കാതുകളില്‍ ഏത്തി എന്നെ  വിസ്മയ പെടുത്തിയിരുന്നു . പാടത്തിന്റെ അക്കരെയുള്ള  വീടുകളിലെ  ചെറിയ സംഭാഷണവും അഞ്ചാംകുഴി പാറയുടെ മുകളില്‍ നിന്നാല്‍ കേള്‍ക്കാം.കോട്ടൂര്‍  പള്ളിയിലെ  കുര്‍ബാനയും , അക്കരെ അമ്പലത്തില്‍  നിന്ന്  ഉയരുന്ന എം എസ  സുബ്ബലക്ഷ്മിയുടെ സുപ്രഭാതവും  എന്റെ കാതുകളില്‍ കുളിര്‍മ്മയായി ഇന്നും  നിലനില്‍ക്കുന്നു ..

ഈ ജലവിതാനത്തില്‍  കൂടി   അസാധാരണമായ ഒരു ശബ്ദംകേട്ട്  ഞാന്‍  വീടിനുള്ളില്‍  ഒളിച്ചിരുന്ന് . "ബോ... ബോ... ബോ... ..... എന്ന്  ശബ്ദം എന്നെ  പലപ്പോഴും പേടി പെടുത്തിയിരുന്നു , ഭ്രാന്തമായ ആവേശത്തില്‍  എന്തോ പുലമ്പുന്ന സ്ത്രീ ശബ്ദം . അമ്മ ഭക്ഷണം കഴിപ്പിക്കാന്‍ ഈ  പേര് പറഞ്ഞു പേടിപ്പിച്ചിരുന്നു  , "അടുക്കോലില്‍പൊട്ടി"...  വരുന്നു  വേഗം  ഭക്ഷണം കഴിച്ചോ.ഇതായിരുന്നു അമ്മയുടെ ഭയപെടുത്തല്‍  പാടം കടന്നു അവര്‍  എന്റെ വീടിനു മുന്‍പില്‍  കൂടെ  ബഹളം വെച്ച് നടന്നു പോയിരുന്നു . .

കുട്ടികള്‍ എല്ലാവരും ഓടി വീടിനുള്ളില്‍  ഒളിക്കും ഈ സമയത്ത് ,ആളുകള്‍ അവരുടെ  വരവ് പേടിച്ചിരുന്നു. മറ്റുള്ള ഭ്രാന്തരില്‍   നിന്ന് അവരെ  വ്യത്യസ്തയക്കുന്നത്  അവരുടെ വേഷം തന്നെയാണ്  അതില്‍ അഴുക്കു ഒന്നും കണ്ടിരുനില്ല .വെളുത്ത മുണ്ടും ചട്ടയും ,തലയില്‍ ചിലപ്പോള്‍  ഒറ്റമുണ്ടില്‍  കൂട്ടി കെട്ടിയ  ഭാണ്ട കെട്ടും .  അവരുടെ ഭ്രാന്തമായ തുറിച്ചു നോട്ടം ഞാന്‍  ഭയപ്പെട്ടു  , ഒരു ദിവസം ഞാന്‍ അവരുടെ മുന്‍പില്‍ ചെന്ന്  പെട്ടു , ,ഭയം കൊണ്ട് എന്റെ കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി , പാടത്തിനു അരുകില്‍ കൂടെ കടന്നു പോകുന്ന വെള്ളം ഒഴുക്കുന്ന  ചാലില്‍ എന്റെ കാലുകള്‍ ഉറച്ചു , അവര്‍ ഇപ്പോള്‍ എന്റെ അടുക്കല്‍  ഏത്തും  എന്റെ തൊണ്ടയിലെ  വെള്ളം വറ്റി , വിളിച്ചു കൂവാന്‍ പോലും പറ്റാത് എന്റെ വായ്‌ ആരോ  പ്ലാസ്റ്റര്‍ ഒട്ടിച്ച പോലെ . എന്റെ അടുത്തവര്‍ ഏത്തി  എന്റെ മുഖത്തു അവര്‍ തുറിച്ചുനോക്കി , നോട്ടം സഹിക്കവയ്യാത് ഞാന്‍ കണ്ണടച്ചു . കയ്യില്‍  നനഞ്ഞ  എന്തോ സ്പര്‍ശിച്ചു  ,അവരുടെ കൈകള്‍ എന്നെ പിടിച്ചു കരയില്‍ കൊണ്ടാക്കി .. ഭാണ്ട കേട്ട് തുറന്നു ഒരു  ചെറിയ പൂവന്‍ പഴം എടുത്തു തന്നു. എന്നെ  വീണ്ടും അവര്‍ തുറിച്ചു നോക്കി ..പിന്നെയും  അവര്‍ അവ്യയ്ക്ത്മായി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി നടന്നു നീങ്ങി . എന്റെ മനസ്സില്‍ നിന്ന്  അവരോടുള്ള ഭയം നീങ്ങി തുടങ്ങി , പിന്നിട് അവര്‍ വരുമ്പോള്‍  ഞാന്‍  അവരെ കാണാന്‍  വീടിന്റെ മുന്‍പില്‍  ഇറങ്ങിനിന്നു.  ഞാന്‍ ആ ശബ്ദം പിന്നീട് കേള്‍ക്കാതെ യായി .. ആരോ  പറഞ്ഞു  അവര്‍ മരിച്ചു പോയി എന്ന് . എങ്ങനെ മരിച്ചു എന്ന്  ഇന്നും അറിയില്ല . (തുടരും )
 

No comments:

Post a Comment