2/24/2013

മരണത്തെ പേടിക്കണോ...!!!! ?

മരണം ഒരു യാഥാര്‍ത്ഥ്യമാണ്  ,കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല എന്ന് പഴഞ്ചൊല്ല് . പലരും അതിനെ അഭിമുഖീകരിക്കുന്നത്  വ്യത്യസ്ത തലങ്ങളില്‍ .മരണത്തെ  പുഞ്ചിരിയോടും , ഭയത്തോടും , ചിലര്‍  നിസ്സംഗതയോടെകൂടെ സ്വീകരിക്കുന്നു . ഇതില്‍  കൂടുതല്‍ പേര്‍ക്കും  മരണത്തെ ഭയമാണ് ..മരണത്തെ ഭയം ഉള്ളത് കൂടുതലും  മത വിശ്വാസികള്‍ക്ക് .സ്വര്‍ഗ്ഗവും  നരകവും ന്യായവിധി ഒക്കെ ആയിരിക്കാം itകാരണവും .ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. സത്യത്തില്‍ ആ പ്രതിഭാസത്തെ കുറിച്ച് അല്പം ചിന്തിച്ചാല്‍ നമ്മുടെ അഹങ്കാരം എല്ലാം തീരും.

കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ഒരു വിഡിയോ ക്ലിപ്പ്   മരണത്തെ എങ്ങനെ നേരിടണം എന്ന് ഒരു  വീട്ടമ്മ കാണിച്ചു തന്നു . മുപ്പതു  റേഡിയേഷന്‍ , ആറു കിമോ തെറാപ്പി  കഴിഞ്ഞ അവര്‍ സുധീരം ജീവിതത്തെ നേരിടുന്നു . അവരുടെ വാക്കുകളില്‍ ആരോടും പരിഭവം ഇല്ല . എന്റെ പുറകെ മരണം ഉണ്ട് അത് ഏതു സമയത്തും തന്നെ പിടികൂടും .അതിനു മുന്‍പ് എന്റെ ഭര്‍ത്താവിനും ഏക മകനും ഒരു വീട്  സ്വന്തമായി വേണം എന്ന് ആഗ്രഹിക്കുന്ന അവര്‍ .
അവരുടെ മുഖത്തു തെല്ലു പോലും മരണഭയമില്ല ,മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാന്‍ ഉള്ള കള്ള കരച്ചിലില്ല ,തന്നെ സഹായിച്ചവര്‍ക്കു അവര്‍ നന്ദി പറയുന്നു . ഏത്ര ധൈര്യമായിട്ടാണ് അവര്‍  കാര്യങ്ങള്‍ സംസാരിക്കുന്നതു ,ആരാണ് അവര്‍ക്ക് അതിനുള്ള ധൈര്യം കൊടുത്തത് , എന്ത് കൊണ്ട് നമുക്ക് അവരെ പോലെ സംസാരിക്കാന്‍ കഴിയാത്തത് .ഈ ചിന്തയാണ്  ഈ കുറുപ്പിന് ആധാരം .
https://www.facebook.com/photo.php?v=559589790732039
ഈ ലിങ്കില്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാം ...

ഭഗവദ്‌ഗീതയില്‍  കൃഷ്ണന്‍ അര്‍ജുനനെ ഇങ്ങനെ ഉപദേശിക്കുന്നു .
ഹേ അര്‍ജുനാ…
മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്‌. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ്‌ മരണം. അത്‌ ഒന്നിന്റെയും അവസാനമല്ല.
ഒരു ജലാശയത്തിലെ കുമിള പോലെയാണ്‌ നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത്‌ കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്‌. അത്‌ കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
ഒരു വിത്ത്‌ മുളച്ച്‌ തയ്യാവുമ്പോള്‍ അത്‌ വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്‌…. ഒന്നിന്റെ പല ഭാവങ്ങളാണ്‌.

ടാഗോര്‍ പറയുന്നു: ''മരണം എനിക്ക് ഒരു മാലാഖയെപ്പോലെയാണ്. മരണമാകുന്ന മാലാഖ എന്റെ പക്കലേക്ക് വേഗം വരുവാന്‍ ഞാൻ കാത്തിരിക്കുന്നു. മരണമാകുന്ന മാലാഖ വരുവാന്‍ വൈകിയാല്‍ എന്റെ ജീവിതലക്ഷ്യമായ ഈശ്വരദർശ നം ലഭിക്കുവാൻ വൈകും. അതുകൊണ്ട് സുകൃതങ്ങളാകുന്ന പൂക്കൾ കൊണ്ട് മാല കൊരുത്ത്, മരണമാലാഖയെ സ്വീകരിക്കുവാന്‍ ഞാന്‍ വെമ്പല്‍ പൂണ്ട് കാത്തിരിക്കുന്നു.''

ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുൾ കലാമിന്റെ പിതാവായ ജലാലുദ്ദിന്റെ മരണത്തെക്കുറിച്ച് ഡോ. കലാം എഴുതിയിരിക്കുന്നു; ''ജീവിതത്തിലൂടെ സ്വരൂപിച്ചെടുത്ത ഉന്നത നന്മകളുമായി നഷ്ടപ്പെട്ട പറുദീസ വീണ്ടെടുക്കുവാന്‍ അദ്ദേഹം യാത്ര പറഞ്ഞു.'' നമ്മുടെ ഈ ലോകജീവിതം സുകൃതങ്ങളും നന്മകളും സ്വരൂപിച്ചെടുക്കുവാന്‍ ഉള്ളതായിരിക്കണം. സന്തോഷങ്ങളും സംഘർഷങ്ങളും മാറിമാറി വരുന്ന ജീവിത പ്രയാണത്തിൽ സ്വർഗീയ പറുദീസയില്‍ എത്തിച്ചേരുവാനുള്ള സു കൃതങ്ങൾ സമ്പാദിക്കുക എന്നതായിരിക്കണം നമ്മുടെ പരമലക്ഷ്യം.

''മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ?''  ബൈബിളില്‍  അപോസ്തോലനായ പൗലോസ്‌ ചോദിക്കുന്നു ..

ബഥാനിയായിലെ കല്ലറയിങ്കല്‍ മാര്‍ത്തയുടെയും മേരിയുടെയും അലമുറകൾക്ക് മീതെ, പുരുഷാരത്തിന്റെ ആരവത്തിന് മുകളില്‍, ക്രിസ്തുവിന്റെ സ്വരം ഉയര്‍ന്നു: ''ലാസറേ പുറത്തുവരിക.'' ലാസറിനെ കര്‍ത്താവ് ഈലോകജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ട്. കാരണം ക്രിസ്തുവിനെ അറിയുന്നവനു മരണമില്ല .

നാമൊക്കെ മരണത്തെ ഭയപ്പെടുന്നവരാണ്. പക്ഷേ, ജീവിതത്തിൽ സംഭവിക്കുവാനിരിക്കുന്ന അനിവാര്യമായ ഒരേയൊരു സംഗതിയുണ്ടെങ്കിൽ, അത് മരണം മാത്രമാണ്. 'ഇന്നല്ലെങ്കിൽ നാളെ' നാമൊക്കെ മരിക്കുമെന്നുള്ളത് തീർച്ചയാണ്. മരണത്തെ ഭയത്തോടെയല്ല, വിശ്വാസത്തിലധിഷ്ഠിതമായ പ്രത്യാശയോടും സ്‌നേഹത്തോടും ആയിരിക്കണം അഭിമുഖീകരിക്കേണ്ടത്....
 

2/13/2013

അമൂല്യമായ ചിരി ......!!!!!മുംബൈ നഗരത്തില്‍ ഗള്‍ഫിലേക്കുള്ള ജോലി തേടിയുള്ള അലച്ചിലില്‍  റെയില്‍വേ പ്ലാറ്റ്ഫോംമിലെ  അനാഥമായ സിമെന്റ് ബെഞ്ചില്‍  ഞാന്‍ ഇരുന്നു .  സിമെന്റ് ബെഞ്ചിലെ തണുപ്പ്  എന്റെ ചന്തിക്ക്  സുഖമുള്ള അനുഭവം സമ്മാനിചച്ചു.നീണ്ടു കിടക്കുന്ന റെയില്‍ പാളങ്ങളില്‍  ഞാന്‍ അതിന്റെ അവസാനം തിരഞ്ഞുകൊണ്ടിരുന്നു ,കുറെ കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ക്ക്‌  വിശന്നു . കാഴ്ച എന്റെ ചുറ്റുപാടുമുള്ള  കാഴ്ചകളിലേക്ക് നീങ്ങി .

പല ഭാഷകള് സംസാരിക്കുന്നവര്. പല ദേശക്കാര്. പല ഗോത്രവര്ഗ്ഗത്തില് പെട്ടവര് ,എല്ലാവരുടെയും  മുഖത്തു കാത്തിരിപ്പിന്റെ വിരസത . ചിലര്‍ വിരസത ഒഴിവാക്കാന്‍ വെറുതെ നടക്കുന്നു . ചിലര്‍ പ്ലാറ്റ്ഫോമിലെ  പെട്ടി കടകളില്‍ നിന്ന്  സോഡാ നാരങ്ങാവെള്ളം ഓര്‍ഡര്‍ ചെയ്തു .ആസ്വദിച്ചു കുടിക്കുന്നു , താഴെ വീണ പഞ്ചസാര കലര്‍ന്ന വെള്ളത്തില്‍ ഒരു പറ്റം ഈച്ചകള്‍ വട്ടമിട്ടു  പറക്കുന്നു .

കാത്തിരിപ്പു എന്നെയും വിരസത യില്‍  ഏത്തിച്ചു. ഞാന്‍ പെട്ടികടയില്‍ നിന്നും ഒരു സോഡാ നാരങ്ങാവെള്ളം ഓര്‍ഡര്‍ ചെയ്തു .... ചുവന്ന വലിയ വായയുള്ള  പാത്രത്തിലെ  കലക്ക വെള്ളത്തില് മുക്കിയെടുത്ത ഗ്ലാസ്സില് പകര്ന്ന് തന്ന നാരങ്ങാജ്യൂസ് നുകരവേ, എന്റെ കണ്ണുകള്‍ പ്ലാറ്റ്ഫോമില്‍  നിര്‍ത്തിയിട്ടിരുന്ന  ട്രെയിന്‍ ബോഗികള്‍ക്കുള്ളില്‍ കണ്ണുകള്‍ തടഞ്ഞു .
രണ്ടു കാലുകളും  തളര്‍ന്നു ആയാസരഹിതമായി  കൈകള്‍ കുത്ത്  ബോഗി വൃത്തിയാക്കുന്ന ഒരു തെരുവ് ബാലന്‍ .

കറുത്ത അവന്റെ രൂപത്തിന്  നല്ല അഴക്‌ .തിളങ്ങുന്ന കണ്ണുകളും ഐശ്വര്യം  തുളുമ്പുന്ന  മുഖ ശോഭയും . ഏതോ ഉന്നത കുലജാതന്‍  തന്റെ  വിരസത ഒഴിവാക്കാന്‍ കറുത്ത ഇരുട്ടിന്റെ  മറവില്‍  അവന്റെ അമ്മക്ക് സമ്മാനിച്ചതാവാം  അവനെ .

എനിക്ക്  പോകേണ്ട  ട്രെയിനും  അതായിരുന്നു .ഉള്ളില്‍ പച്ചിരിമ്പിന്റെ മണവും ,പുറത്തു മനുഷ്യ മാലിന്യത്തിന്റെ  ഗന്ധവും . പൊള്ളി ഇളകി വരുന്ന ഒരു സീറ്റില്‍ ഞാന്‍ ഇരുപ്പുറപ്പിച്ചു , അവന്‍ എന്റെ  മുന്‍പില്‍  കൂടി  ഇഴഞ്ഞു നീങ്ങി ബോഗി വൃത്തിയാക്കുന്നു . ഇടയ്ക്കു അവന്‍ കൈകള്‍ യാത്ര കാര്‍ക്ക്  മുന്‍പില്‍ നീട്ടുന്നു . ചിലരുടെ മുഖത്ത്  നിസ്സംഗ ഭാവം , ചിലര്‍ അവനെ അറപ്പോടു  നോക്കി .ചിലര്‍ അവനെ സംശയ ദ്രിഷ്ടിയോടു  നോക്കി .അപ്പോളും അവന്റെ മുഖം ശോഭിച്ചിരുന്നു .

അവന്റെ  കൈകള്‍  എന്റെ  മുന്നില്‍  യാചന യോട്  നിന്നു. അവന്റെ  മുഖത്തു  നിന്ന് എനിക്ക് കണ്ണെടുക്കാന്‍  സാധിച്ചില്ല . അത്രയ്ക്ക്  സുന്ദരമായ മുഖം , അവന്‍  എന്നെ  നോക്കി  ചിരിച്ചു
ഹോ ... എനിക്ക്  അവന്റെ  ചിരി  എങ്ങനെ  വിവരിക്കണം  എന്നറിയില്ല .ആയിരം  സുര്യ  ചന്ദ്രന്മാര്‍  ഉദിച്ചത് പോലെ . എന്റെ  ചുറ്റും ഒരു പ്രകാശ  വലയം  സൃഷ്ടിക്കുന്ന പോലെ ..ആ സൌന്ദര്യം  എന്നെ  ഏതോ  ലോകത്തേക്ക് ഏത്തിച്ചു.

അവന്റെ  കൈകള്‍ അപ്പോളും  താഴ്‌നിരുന്നില്ല .എന്റെ പോക്കറ്റില്‍ അവനു കൊടുക്കാന്‍  ചില്ലറ തുട്ടുകള്‍ തിരഞ്ഞു . ഒരു അഞ്ചിന്റെ  നോട്ടു മാത്രം .അത് എനിക്ക്  ട്രെയിന്‍ ഇറങ്ങി റൂമിലേക്ക്‌  പോകാന്‍ ഉള്ള  ബസ്‌ ഫെയറിന്  വേണം . ഇവന്  ഇത് കൊടുത്താല്‍  ഞാന്‍  ഇരുപതു  കിലോമീറ്റര്‍  നടക്കണം .അവന്റെ  മുഖത്തു നോക്കി  ഇല്ല  എന്ന് എനിക്ക് പറയാന്‍ സാധിച്ചില്ല . ഞാന്‍ അത് അവനു കൊടുത്തു .അത് വാങ്ങി അവന്‍ അതിവേഗം മുട്ടില്‍ ഇഴഞ്ഞു പ്ലാറ്റ്ഫോമിലെ സിമെന്റ് ബെഞ്ചില്‍ ഇരുന്നു എന്നെ നോക്കി ചിരിച്ചു . ട്രെയിന്‍ നീങ്ങി തുടങ്ങി , ചിരി എന്നില്‍ നിന്ന് മറഞ്ഞു ......

എന്റെ  കയ്യിലിരുന്ന മൊബൈല്‍  ശബ്ദിച്ചു .... ട്രാവല്‍  ഏജന്‍സിയില്‍  നിന്നുള്ള വിളി ..
"താങ്കളുടെ  വിസ റെഡിയായി രണ്ടു ദിവസത്തിനുള്ളില്‍ യാത്ര പുറപ്പടാം. "

ഞാന്‍  ജനല്‍ വഴി തിരിഞ്ഞു നോക്കി .... അവന്‍ വീണ്ടും  ചിരിക്കുന്നു ....അത്  ഒരു തോന്നലായിരുന്നോ  എന്ന് അറിയില്ല  ... മാഞ്ഞു പോയ  ചിരി ഞാന്‍ വീണ്ടും കണ്ടു .

എനിക്ക് ജീവിതത്തില് കിട്ടിയ അമൂല്യമായ ഒരു സമ്മാനമായിരുന്നൂ ആ ചിരി ... അത്  ഞാന്‍  ഇന്നും  സൂക്ഷിക്കുന്നു .......


 

2/12/2013

നന്ദി .....താടിക്കാര .....

ഇത്രയുംകാലം അലട്ടിക്കൊണ്ടിരുന്ന എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായി. പപ്പാ,...
എന്ത് പരിഹാരമായി ? എന്റെ ചോദ്യം

ഞാന്‍ എങ്ങെനെയാ ഉണ്ടായാതെന്നു ....!!

അത് എങ്ങനെ  ?

കുറച്ചു മുന്‍പ് റ്റി  വി  യില്‍   ഒരു താടി വെച്ച ഒരു അങ്കിള്‍ എല്ലാം പറഞ്ഞു തന്നു .. പത്തു മിനിറ്റ് കൊണ്ടാ ഞാന്‍ ഉണ്ടയെതെന്നു ... ഈ പപ്പക്ക് ഒരു ചുക്കുംഅറിയില്ല .. ഞാന്‍ ഏത്ര നാളായി ചോദിക്കുന്നു ....

ങേ ......അത് ഏതു  അങ്കിള്‍ ?

പോയി  റ്റി വി  കാണു ... അടുത്ത ന്യൂസ്‌ ഹൌറില്‍ ആ അങ്കിള്‍ ഉണ്ടാവും ...

ന്യൂസ്‌ കാണാന്‍ ഞാന്‍  വിഡ്ഢി പെട്ടി തുറന്നിരുന്നു .....

ജസ്റ്റിസ് ബസന്തിന് പിന്നാലെയാണ്  ചെകുത്താന്മാര്‍ .,.. കരണത്തടിക്കണം, എറിഞ്ഞു കൊല്ലണം, നാട് കടത്തണം,.....വിപ്ലവപ്പാര്‍ട്ടികള്‍ മുതല്‍ പശുവാദി പാര്‍ട്ടികള്‍ വരെ ബസന്തിനെതിരെ ഉറഞ്ഞുതുള്ളുകയാണ്, കോലം കത്തിക്കുന്നു, വഴിതടയുന്നു.

എന്താണ്  ബസന്ത് പറഞ്ഞ തെറ്റ് ... ഇത്  അദ്ദേഹം  എട്ടു വര്ഷം മുന്‍പ്  പറഞ്ഞതല്ലേ ?

കുറച്ചു കഴിഞ്ഞു  നമ്മുടെ കഥാനായകന്‍ ഏത്തി ....വേദിയില്‍  തകര്‍ത്തു  പ്രസംഗിക്കുന്നു ...

ഞാന്‍ ഡോ രജിത് കുമാര്‍ .ഞാന്‍ ബയോളജി മെഡിക്കല്‍ സയന്‍സ് ടീച്ചര്‍,ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ വര്‍ഗത്തിന് ജസ്റ്റ്‌ പത്തു മിനിറ്റ് മാത്രം മതി , സ്പേം എന്ന് പറയുന്നത് പെണ്‍കുട്ടിയുടെയൂട്ടറസിലേക്ക് അയക്കാന്‍. . .പത്തു മിനിറ്റ് മാത്രം മതിപിന്നെ പത്തു മാസക്കാലം കുഞ്ഞു വളരേണ്ടത് അമ്മ എന്ന സ്ത്രീയു...ടെ, പെണ്‍കുട്ടിയുടെഗര്‍ഭത്തിലാണ് .

ഹോ  ഇതാണ്  അപ്പൊ  സംഭവം അല്ലെ ....

എന്നെ  പോലെ  നിരവധി തന്തമാര് നക്ഷത്രം എണ്ണിയ  ചോദ്യത്തിനു  ... ഇത്ര നിസ്സാരമായി  ഉത്തരം പറഞ്ഞു തന്ന  താടിക്കാര ...നന്ദി .....

എന്നാലും  സുരേഷേ!!  ആ  മനുഷ്യനോടു  കുറച്ചു  മാന്യമായി  പെരുമാറായിരുന്നു.....http://www.youtube.com/watch?v=Yu2SrZl-8co 

 

2/08/2013

ഫെബ്രുവരി പതിനെട്ടു -എന്റെ ജീവിതത്തിലെ (അ) പ്രധാന ദിവസങ്ങളില്‍ ഒന്ന് ...

പ്രവാസ ജീവിതത്തിന്റെ ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കുറ്റംപറയാന്‍ പറ്റാത്ത ഒരു ചുറ്റുപാട്  ഉണ്ടാക്കി എന്നൊരു  ബോധ്യം വീട്ടുകാര്‍ക്ക്  വരാത്തത് കൊണ്ട്  അവര്‍ എന്നെ കെട്ടിക്കാന്‍ തീരുമാനിച്ചു ....

ദുഫായില്‍ നിന്നുള്ള  രണ്ടാമത്തെ വരവില്‍  . വീട്ടു കാരുടെ സ്നേഹം പൂര്‍വ്വമുള്ള ചോദ്യം . എടാ  നിനക്ക്  പെണ്ണ് ആലോചിക്കെട്ടെ ?  ആദ്യം മനസ്സില്‍   ലഡ്ഡു പൊട്ടി !!! ഒരു സാധാരണ മലയാളി യുവാവിന്റെ  ദിവാ സ്വപ്‌നങ്ങള്‍  ഉള്ളില്‍  തിരതല്ലി ..........പണ്ട്   റോഡ്‌ വക്കിലെ കലിംഗിനു മുകളില്‍ ഇരുന്നു  ദിനേശ് ബീഡിയുടെ  പുക ആസ്വദിച്ചിരുന്നു കണ്ട  സ്വപനം  തിരകെ വന്നു .....!!

ഒരു  വലിയ  വീട്ടിലെ  പെണ്ണ്  ,ഒറ്റമകള്  , ഇഷ്ടം പോലെ  സ്വത്തു , അപ്പന്‍ വലിയ ബിസിനെസ്സ് കാരന്‍,  കല്യാണം കഴിക്കുന്നതിന്റെ  പിറ്റേ മാസം പെണ്ണിന്റെ അപ്പന്‍ തട്ടി പോകണം ... പിന്നെ  ഞാന്‍   എല്ലാ സ്വത്തിന്റെ  അവകാശി .. അമേരിക്ക , ലണ്ടന്‍ , സ്വിറ്റ്സര്‍ലന്‍ഡ്, ദുഫായി....യാത്രകള്‍  തിരക്കോട്  തിരക്ക് , ബെന്‍സ് കാര്  വരുന്നു പോകുന്നു... രാവിലെ  വീടിനു മുന്‍പില്‍ ആളുകളുടെ തിരക്ക് ..ഏതൊരു മലയാളി വായിനോക്കി പയ്യനെ പോലെ  എന്റെ  സ്വപ്‌നങ്ങള്‍ ചിറകടിച്ചു .......

അകത്തിരുന്നു  മനസാക്ഷി ക്കാരന്‍  ചോദിച്ചു  ...എന്ത്  കോപ്പ് കയ്യില്‍ ഉണ്ട്  ഇതൊക്കെ  കിട്ടാന്‍ ?
ഉടനെ  ഉത്തരവും വന്നു  . നമ്മ മലയാളിക്ക്  ഉത്തരത്തിന്  പഞ്ഞം  ഒന്നും ഇല്ലല്ലോ. അല്ലെ ?
ഒന്ന്  കെട്ടി  കെട്ടിയോന്‍  തട്ടി പോയത് ആയാലും മതി . ഇനി  ഒരു കൊച്ചു ഉണ്ടേലും പ്രശ്നം ഇല്ല ....
മനസാക്ഷി ക്കാരന്‍  പറഞ്ഞു  .. .... ഗുരുവേ  നമഹഃ!!!!

കല്യാണത്തെ പറ്റി പറഞ്ഞപ്പോള്‍  കുറച്ചൂടെ സാമ്പത്തികമായി ഒരു മെച്ചം ഉണ്ടായിട്ടു പോരെ ......കുറച്ചൂടെ ഉത്തരവാദിത്വം ഒക്കെ വന്നിട്ട് പോരെ ???

എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.

എടാ  രാവിലെ  ബ്രോക്കെര്‍  വരും ... നീ അയാളുടെ കൂടെ പോയി  ആ പെണ്ണിനെ ഒന്നും കാണു ... അമ്മയുടെ  സ്വരം കേട്ടാണ്  സ്വപനത്തില്‍  നിന്ന് ഉണര്‍ന്നത് ...

കൃത്യം രാവിലെ  ഏട്ടു മണി . മുറ്റത്ത്‌  കയ്യില്‍  കാലം കുടയും കക്ഷത്തില്‍  ഒരു പുത്തകവുമായി  ബ്രോക്കെര്‍  റെഡി . 

രാവിലെ കുളത്തില്‍ പോയി കുളിച്ചു .. അഞ്ചു രൂപയ്ക്ക് മൂന്നെണ്ണം കിട്ടുന്ന സ്പ്രേയും അടിച്ചു ബ്രോക്കെറുടെ ഒപ്പം നീങ്ങി ...

പെണ്ണ് എങ്ങെനെ ഉണ്ടെന്നു ഒക്കെ ചോദിക്കണം എന്ന് ഉണ്ടായിരുന്നു , ആദ്യമായി പോകുന്നതിന്റെ ഒരു ബുദ്ധിമുട്ട് കാരണം ഒന്നും ചോദിച്ചില്ല .
പെണ്ണിന്റെ വീടെത്തി .... തിണ്ണയില്‍ കണ്ട ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു ... ആകാംഷയോടെ കാത്തിരുന്ന് .. വെമ്പായം തമ്പി പോലെ ഒരു സാധനം വെളിയിലേക്ക് വന്നു .പെണ്ണിന്റെ അപ്പന്‍ .
ആദ്യ ചോദ്യം . എവെടെയ ഗള്‍ഫില്‍ ?
എന്റെ ഉത്തരം ... ദുഫായില്‍ ....
ഉടനെ അടുത്ത ചോദ്യം ഏത്തി .
കൊണ്ടുപോകാന്‍ പറ്റുമോ ?
ആരെ കൊണ്ട് പോകുന്ന കാര്യമാ ?... എന്റെ തിരിച്ചുള്ള ചോദ്യം .
പെണ്ണിനെ കൊണ്ട് പോകാന്‍ പറ്റുമോ ...?
പറ്റിയാല്‍ കൊണ്ടുപോകും .. ഞാന്‍ പറഞ്ഞു
വെമ്പായം തമ്പി അകത്തേക്ക് പോയി .. ബ്രോക്കേറെ വിളിച്ചു എന്തോ കുശുകുശുത്തു ....
തിരിച്ചു വന്നു ബ്രോക്കെര്‍ പറഞ്ഞു വാ നമുക്ക് പോകാം...
വഴിയെ നടക്കുമ്പോള്‍ ബ്രോക്കെര്‍ പറഞ്ഞു . ഗള്‍ഫ്‌ കാരനു വാനില യുടെ അവസ്ഥയാ . 
അതില്‍ പരീക്ഷണം നടത്താന്‍ ആളുകളും ഇല്ല അതിനു വിലയുമില്ല.
പണ്ട് ഇങ്ങനെയല്ലായിരുന്നു വാനിലക്ക് നല്ലവില ഉള്ളത് പോലെ ഗള്‍ഫ്‌ കാരനും നല്ല വിലയായിരുന്നു .

നമുക്ക് നാളെ വേറെ ഒരടത്ത് പോകാം പെണ്ണ് ബാംഗ്ലൂറില്‍ നഴ്സിംഗ് പഠിക്കുന്നു .ഒരു ആണും പെണ്ണും . നല്ല തുട്ടും കിട്ടും ..എന്നിട്ട് അയാള്‍ തല ചൊറിഞ്ഞു..... എന്നെ നോക്കി എന്തോ ഒരു ഭാവത്തില്‍ നിന്നു....താളം പിടിച്ചു . ഒരു നൂറിന്റെ താളും മേടിച്ചു പോക്കറ്റില്‍ ഇട്ടപ്പോള്‍ താളവും നിന്നു....
കാലത്ത് ഏട്ടുമണി  ബ്രോക്കെര്‍ ഏത്തി ...ഇത്ര കൃത്യനിഷ്ട ഉള്ള കൂട്ടരേ  ഞാന്‍ നാട്ടില്‍ വേറെ കണ്ടിട്ടില്ല...
ആദ്യത്തെ  പെണ്ണുകാണാലില്‍  നിന്ന് ഉള്ള  അനുഭവജ്ഞാനം  എന്റെ ചമ്മല് മാറ്റി ...
പതിവ്‌ പോലെ  കസേരയില്‍ ഇരുപ്പുറപ്പിച്ചു .. പെണ്ണിന്റെ അപ്പന്‍ , എക്സ്  ഗള്‍ഫ്‌ ...
ഉണ്ണിയെ കാണുമ്പൊള്‍  അറിയാം ഊരിലെ പഞ്ഞം എന്ന് പറയുന്ന പോലെ  ഗള്‍ഫ്‌ കാരന്റെ  ബുദ്ധിമുട്ട് അറിയാവുന്നതു  കൊണ്ടായിരിക്കണം അയാള്‍  ചോദ്യം ഒന്നും ചോദിച്ചില്ല .
പെണ്ണിന്റെ അമ്മ  ഒരു ഗ്ലാസ്  ചായം കലക്കിയ വെള്ളം  കൊണ്ട് തന്നു ..
അത്  ഒരു  സിപ് എടുത്തു  മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍  ഒരു രൂപം മുന്‍പില്‍ വന്നു ..ഞാന്‍ പെണ്ണ് കാണാന്‍ വന്ന കുട്ടി ..
എന്നാല്‍  നിങ്ങള്‍ സംസാരിക്കു ....!!  പെണ്ണിന്റെ  അപ്പന്‍   സ്ഥലം ഒഴിഞ്ഞു തന്നു .
എനിക്ക് ചോദ്യം ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല , സത്യന്‍ അന്തികാട് സിനിമ ഓര്‍മ്മ വന്നു . ചിത്രം ," വീട്ടും ചില വീട്ടു കാര്യങ്ങള്‍.".. അതിലെ ജയറാം നാടക നടിയെ തിരക്കി നടന്നു ഒന്നിനെ കണ്ടുപിടിച്ചു , അതിനെ കണ്ടപ്പോളുള്ള മുഖ ഭാവം .എനിക്ക് ..... എന്റെ മുഖത്തു.
ഞാന്‍ ചിരിവരുത്തി .... പിന്നെ അറിയിക്കാം എന്ന് പറഞ്ഞിറങ്ങി ...

അങ്ങെനെ  കുറെ കാപ്പിയും  ചായയും കുടിച്ചു , ചിപ്സും  കൊറിച്ചു  കാലം കഴിച്ചു .. നാട്ടുകാര്  ഇന്ന് എവെടെയ  കാപ്പി കുടി എന്ന്  ചോദിക്കാന്‍ തുടങ്ങി.

അത്യാവിശം വിദ്യാഭാസം നേടുകയും അതുമായി നാട് വിട്ടു പോകുന്ന  സാധാരണ  മലയാളി യുവാക്കളുടെ ഗതികേട് എനിക്കും സംഭവിച്ചു . വിവാഹ കമ്പോളത്തില്‍ ചെക്കന്റെ വിദ്യാഭ്യാസത്തിനാണു  വില , അതിനു മുന്‍പും , പിന്‍പും പണത്തിനാണ്  വില എന്ന സത്യം  പിന്നീടു തിരിച്ചറിഞ്ഞു  ...

കാത്തിരിപ്പിനു ഒടുവില്‍   ഒരു ബൈക്കില്‍  വിക്രമാദിത്യനും  വേതാളവും  ആയി  രണ്ടു പേര് ഏത്തി . ബ്രോക്കെര്‍ . അയാളുടെ  ഒരു ശിങ്കിടി .അവര് പെണ്ണിന്റെ  വീടും ചുറ്റുപാടും പരിചയപെടുത്തി , പെണ്ണിന്റെ അപ്പന് , അമ്മ,  രണ്ടു ആങ്ങളമാര്‍ .രണ്ട് ചേച്ചി ,രണ്ടു അനിയത്തി, ഈ  കുലയിലെ  നാലാമത്തെ കക്ഷിയാണ്  ഞാന്‍ പെണ്ണ് കാണാന്‍  പോകുന്നത്.
കക്ഷി  ഒരു  ഹോസ്പിറ്റലില്‍   നേഴ്സ്.. .....

കാര്‍ഷിക വിളകളില്‍ നിന്ന് നാണ്യ വിളകളിലേക്ക് പുരോഗമിച്ച മലയാളിയുടെ നവ ലിബറല്‍ ചാട്ടമാണ് കേരളത്തിലെ നേഴ്സ്മാര്‍ എന്ന് എനിക്ക് ഇടയ്ക്കു തോന്നാറുണ്ട്
അപ്പൊ ഒരു കാര്യം പറയാന്‍ വിട്ടുപോയി പെണ്ണ് രാവിലെ ജോലിക്ക് പോകും , അതിരാവിലെ   പോകും  . അതിനു മുന്‍പ് അവിടെ എത്തണം .ബ്രോക്കര്‍ പറഞ്ഞു ..
ശെരി.... അതിരാവിലെ പോയേക്കാം .. പ്രത്യേകിച്ചു പണി ഒന്നും ഇല്ലല്ലോ ....

പിന്നെ വേറെ ഒരു കാര്യം കൂടെ...!!  പെണ്ണിന്റെ  ഒരു ചേച്ചി  വക്കീലാണ് ....ബ്രോക്കെര്‍  വീണ്ടും .
വക്കിലിന്റെ  അനിയത്തി നേഴ്സ്  അപ്പൊ  അല്‍പ  സ്വല്പം  ബുദ്ധിയും വിവരം ഒക്കെ കാണും .....ഇത് തന്നേ  നമ്മുടെ  വാരിയെല്ല് ....ഉറപ്പിച്ചു ....

ഞാനും എന്റെ രണ്ടു സുഹൃത്തുക്കള്‍  അതില്‍  ഒന്ന്  ഒരു ഗള്‍ഫ്‌ , അവിധിക്ക്  നാട്ടില്‍ ഏത്തിയത്‌  ,ഒരു ബൈകിലും  ഞങ്ങള്‍ക്ക് എസ്കോര്‍ടായി  ബ്രോക്കെര്സ്  മുന്‍പിലുമായി  യാത്ര തിരിച്ചു ... വീട് അടുത്തപ്പോള്‍ ബൈക്കില്‍  നിന്നിറങ്ങി  ചുറ്റുപാടും ഒക്കെ വീക്ഷിച്ചു .  മുന്‍പില്‍  കണ്ടത്  ജീവിതം പോലെ  രണ്ടറ്റവും കാണാത്  കിടക്കുന്ന  റെയില്‍ പാളം . ചിലരുടെ ജീവിതാവസാനം ഈ പച്ചിരിമ്പില്‍. എന്റെ ജീവിതത്തിന്റെ  ഒരു അധ്യായത്തിന്റെ  തുടക്കം  ഈ പച്ചിരിമ്പിന്റെ കരയില്‍ നിന്ന് .

അങ്ങനെ  ജീവിതത്തില്‍ ആദ്യമായി നമ്മുടെ കക്ഷിയെ  കണ്ടു. ആരോ  കിടക്കപായില്‍  നിന്ന് വിളിച്ചു  എഴുനേല്‍പിച്ച്  ഉന്തി തള്ളി വിട്ടതുപോലെ  ഒരു രൂപം ,ഫെയര്‍ ആന്‍ഡ്‌  ലൌവലി യും  ഇമാമി ക്രീമും ഒന്നും ഇല്ലാത്  വന്നു  നിന്ന  ഉന്തിയ നെറ്റിയും  വിടര്‍ന്ന  കണ്ണും ഉള്ള  അവളെ തന്നെ  മതി  എന്ന്   ഞാന്‍ ഉറപ്പിച്ചു .

അവളുടെ  വീട്ടുകാര്‍ക്ക്  എന്നെ  ഇന്റര്‍വ്യൂ  ചെയ്യാന്‍ തോന്നാഞ്ഞത് എന്റെ  ഭാഗ്യമോ  നിര്‍ഭാഗ്യമോ  എന്ന്  അറിയില്ല  അത്  ഏതായാലും ഉണ്ടായില്ല , ചായ ഗ്ലാസ്‌ മായി വന്ന അവളുടെ കൈ എന്റെ കൂടെ ഉണ്ടായിരുന്ന   ഗള്‍ഫ്കാരന്റെ നേര്‍ക്ക്‌  നീങ്ങി .
ഏതു  പെണ്ണിനും  ഒരു  ആഗ്രഹം കാണില്ലേ  എന്റെ ഭര്‍ത്താവിനു  കുറച്ചു  എടുപ്പും  ഗമയും ഒക്കെ വേണമെന്ന്..., ഇപ്പോളത്തെ  ഗ്ലാമര്‍  മോര്‍ച്ചറിയിലെ  കോഴിയും .. ആസ്ട്രേലിയന്‍ ബാര്‍ലി  വെള്ളവും  ഒക്കെ  കൊണ്ട് ഉണ്ടായതെന്നാണ്  ,ദോഷൈകദൃക്കുകള്‍ പറയുന്നത്..

സുഹൃത്തിന്റെ  തക്ക സമയത്ത് കഥകളി  അവളു കണ്ടത് കൊണ്ട്  ചായ ഗ്ലാസ്‌ എന്റെ നേര്‍ക്ക്‌ തന്നെ നീങ്ങി . മുന്‍പില്‍ ഇരുന്ന  ചിപ്സ് കൊറിച്ചു  ചായ കുടിച്ചു  ചടങ്ങ്  അവസാനിപ്പിച്ചിറങ്ങി.
(നോട്ട് ദി  പോയിന്റ്‌ : പെണ്ണ് കാണാന്‍ പോകുമ്പോള്‍  നിങ്ങളെ കാളും സൌന്ദര്യം  ഉള്ള  ആളുകളെ  കൊണ്ട്  പോകാതിരിക്കുക . )

അങ്ങനെ  പറയത്തക്ക ലേലം  വിളി ഒന്നുമില്ലാതിരുന്ന കൊണ്ട്  പെട്ടന്ന്  കാര്യ പരിപാടികള്‍ കഴിഞ്ഞു .അവളുടെ വീട്ടുകാര്  വന്നു ലേലം ഉറപ്പിച്ചു കല്യാണം  നിശ്ചയിച്ചു .. രണ്ടായിരത്തി ഒന്നാംമാണ്ട്  ഒരു  ഫെബ്രുവരി മാസം  പതിനെട്ടാം തീയതി ,മരിച്ചു പോയവരുടെ   ഓര്‍മ്മ ദിവസമായ ഞായറാഴ്ച് .എന്റെ ഇടവക പള്ളിയില്‍  നാട്ടുകാരെടെയും വീട്ടുകാരുടെയും  വിശക്കുന്ന  വയറിനെ  സാക്ഷി യാക്കി  ഞാന്‍  അവളുടെ കഴുത്തില്‍  താലി കെട്ടിയട്ടു  ഇന്ന്  പന്ത്രെണ്ട് വര്ഷം......

എന്റെ ജീവിതത്തിലെ  (അ) പ്രധാന ദിവസങ്ങളില്‍ ഒന്ന് ...


 

2/04/2013

ബാല്യ സ്മൃതികള്‍ - ഒന്‍പതു .

പിന്നെയും അസാധാരണ മുഖങ്ങള്‍ എന്റെ  സ്മൃതിയുടെ ജലപരപ്പില്‍ ഒഴുകുന്ന തടി പോലെ യാകുന്നു . അവ എന്നില്‍  നിന്ന്  വളരെ ദൂരേക്ക്‌  അകന്നു പോകുന്നു. അവയെ അക്ഷരത്തിന്റെ  ചുള്ളി കമ്പിലൂടെ എന്നിലേക്ക്‌ അടുപ്പിക്കാന്‍ എന്റെ ശ്രെമം തുടരുകയാണ് .......!!

അസാധാരണ വേഷം കൊണ്ട്  എന്നെ ആകര്‍ഷിച്ച  ഒരാള്‍  എന്റെ നാട്ടില്‍ ഉണ്ടായിരുന്നു . വെളുത്ത കുഞ്ഞു വെള്ളി രോമങ്ങള്‍ കൊണ്ട് ചെത്തി മിനുക്കിയെടുത്ത ഫ്രഞ്ച് താടി .വെട്ടിതിളങ്ങുന്ന കഷണ്ടിത്തല , അതില്‍ അങ്ങിങ്ങ് ഞാറു നട്ട പോലെ വളര്‍ന്നു നില്‍ക്കുന്ന വെള്ളി രോമങ്ങള്‍ ,പുറകിലേക്ക് ആ വെള്ളി രോമങ്ങള്‍ കുറച്ചു നീട്ടി വളര്‍ത്തിയിരിക്കുന്നു ,അയാള്‍ മിക്കപ്പോളും  സൈക്കളില്‍  സഞ്ചരിക്കുന്നത്  കാണാമായിരുന്നു. ചില  സമയങ്ങളില്‍  അയാളുടെ തോളില്‍ ഒരു ക്യാമറ കാണാം . പുഴയുടെയും ,വയലിന്റെയും , പാതയുടെയും  ചിത്രങ്ങള്‍ അയാള്‍ എടുക്കും  . എപ്പോളും അയാളുടെ മുഖത്തു മനോഹരമായ പുഞ്ചിരി നിഴലിച്ചിരുന്നു .

ഒരിക്കല്‍ എന്റെ വീടിനു അടുത്ത്  കനാല്  പണിയുന്നതിനായി   എടുത്തു കുഴിയില്‍  വലിയ  കുടങ്ങള്‍  കണ്ടെത്തി . അതിന്റെ ഫോട്ടോ അയാള്‍ എടുക്കുന്നത്  ഞാന്‍ കണ്ടിരുന്നു . അതിനെ കുറിച്ച് അയാള്‍ ആന്ഗ്യ ഭാഷയില്‍  കാര്യങ്ങള്‍ വിവരിക്കുന്നത് കാണാമായിരുന്നു . ഈ കുടങ്ങളില്‍  പണ്ട്  ആളുകളെ  അടക്കം ചെയ്തിരുന്നത് എന്നും ,അവരുടെ  പ്രിയപ്പെട്ട വസ്തുകള്‍ അവരോടൊപ്പം അടക്കം ചെയ്യുമായിരുന്നു  എന്നൊക്കെ അയാള്‍  വിശദീകരിച്ചു. എന്തിനാണ് അയാള്‍ ഇങ്ങനെ  ഗോഷ്ടികള്‍ കാണിക്കുന്നത് ...? .അയാള്‍ക്ക് സംസാരിച്ചു കൂടെ എന്നൊക്കെ അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു .? കുറെ കാലം  കഴിഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത് അയാള്‍ക്ക് സംസാരശേഷിയില്ല  എന്ന് , ഞാന്‍ ആദ്യമായിട്ടാണ് സംസാരശേഷി ഇല്ലാത്ത മുതിര്‍ന്ന  ഒരാളെ കാണുന്നത്  . പിന്നെ പലപ്പോഴും സൈക്കിള്‍  മാറി  അയാള്‍ മോപ്പെടില്‍  സഞ്ചരിക്കുന്നത് കാണാമായിരുന്നു . ഇന്നും  അയാളുടെ  പേര് എനിക്ക് അറിയില്ല .

നിഷ്ക്കളങ്കമായ  പുഞ്ചിരിയുടെ  ഉടമയായിരുന്നു  ജോര്‍ജു ചേട്ടന്‍ , സ്കൂളില്‍  പോകുമ്പോളും  തരിച്ചു വരുമ്പോളും  ഉന്തുവണ്ടി വലിച്ചു പോകുന്നത്  കാണാമായിരുന്നു. ഭാരം ഉള്ള വണ്ടി വലിക്കുമ്പോളും അയാളുടെ ചുണ്ടിലെ ചിരിമാഞ്ഞിരുനില്ല . അയാളുടെ ഭാഷയും അവ്യക്തമായിരുന്നു .മുഴങ്ങുന്ന ശബ്ദത്തിലയാള്‍  ഗ്രാമത്തിലെ ആളുകളോട് സംസാരിക്കുമായിരുന്നു  ,ആ ശബ്ദം പലപ്പോഴും . ചിരി പടര്‍ത്തുന്നതായിരുന്നു . അയാളുടെ ശബ്ദം  ഗ്രാമ സന്ധ്യക്ക്‌  നിറം ചാര്‍ത്തി .

നാളയെ കുറിച്ചുള്ള ചിന്ത അയാളെ അലട്ടിയിരുനില്ല ,എവടെ കിടക്കണം എന്ത് കഴിക്ക്നമെന്നോ അയാള്‍ ചിന്തിചിരുനില്ല , ഓരോ ദിവസവും തന്റെ ഭാണ്ടകെട്ടുമായി  കടത്തിണ്ണയില്‍ കിടന്നുറങ്ങി . സ്കൂള്‍ വിട്ടു വരുമ്പോള്‍ അയാള്‍  ഉന്തു വണ്ടി വലിച്ചു പോകുമ്പോള്‍ ഞങ്ങള്‍  കുട്ടികള്‍ക്ക്  ഉന്തു വണ്ടി തള്ളുന്നത് ഒരുരസമായിരുന്നു .അപ്പോളും അയാള്‍ തല ചരിച്ച് ഞങ്ങളെ നോക്കി നിഷ്ക്കളങ്കമായി  പുഞ്ചിരിച്ചു ,അവ്യയ്ക്ത്മായി എന്തോ സംസാരിച്ചു .ഞാന്‍ കണ്ട അവസാനത്തെ  ഉന്തു വണ്ടിയും അതകനാണ് സാധ്യത .പിന്നെ  ഞാന്‍  ഉന്തു വണ്ടി കാണുന്നത്   ഇവടെ ഗള്‍ഫില്‍ വന്നതിനു ശേഷമാണ്  .

അമ്മയുടെ നെഞ്ചിനോട് ചേര്‍ന്ന്  ചൂടും ചൂരും അനുഭവിച്ചു വളരേണ്ട  കുഞ്ഞുങ്ങളെ  ഉന്തുവണ്ടിയില്‍ കിടന്നു പോകുന്ന ഗതികേട്.  താഴെ നിന്നും മുകളില്‍ നിന്നും വരുന്ന പൊടി പടലങ്ങള്‍  തിന്നു ആരോടും പരിഭവം പറയാന്‍ കഴിയാത് ,അഥവാ ഇനി പറഞ്ഞാല്‍  വായില്‍ ഒരു നിപ്പിള്‍ തിരുകി,  അമ്മയുടെ നെഞ്ചത്തെ ചൂട് അനുഭവിക്കാനുള്ള അവന്റെ ആഗ്രഹത്തെ നിര്‍ദയം  തള്ളി കളയുന്ന അമ്മമാരേ കാണുമ്പൊള്‍ , ഞാന്‍ ചിന്തിക്കും   ഉന്തുവണ്ടി സംസ്കാരം ഇല്ലാത്ത ഒരു കാലത്ത്  ജനിച്ച  ഞാന്‍ ഏത്ര  ഭാഗ്യവാനാണെന്ന്.

" അമ്മയുടെ നെഞ്ചിലെ മുലപ്പാല് പോലെ തന്നെ അമൂല്യമാണ്  അമ്മയുടെ നെഞ്ചിലെ ചൂടും . "

ദൈവസൃഷ്ടിയില്‍  അവന്റെ  കളികളില്‍ പെടുന്ന കുറെ മനുഷ്യര്  നമുക്കിടയില്‍ ഉണ്ട്  അവരുടെ കഥ തുടരുകയാണ് .......

ഇടവപ്പാതിയുടെ  ആരവം അവസാനിക്കുമ്പോള്‍   പാടത്തെ  വരമ്പ് മുഴുവന്‍  തെളി വെള്ളം കൊണ്ട് മൂടപെടും . നിശ്ചലമായ  ജലവിതാനം മറ്റൊരു ആകാശ വിതാനം ഭൂമിയില്‍  സ്രിഷ്ടിക്കപെടും, അതി  വിദൂരതയില്‍ ഉള്ള ശബ്ദം പോലും  വെള്ളത്തിന്റെ നിശ്ചലപ്രതലത്തില്‍ കൂടി സഞ്ചരിച്ചു  എന്റെ കാതുകളില്‍ ഏത്തി എന്നെ  വിസ്മയ പെടുത്തിയിരുന്നു . പാടത്തിന്റെ അക്കരെയുള്ള  വീടുകളിലെ  ചെറിയ സംഭാഷണവും അഞ്ചാംകുഴി പാറയുടെ മുകളില്‍ നിന്നാല്‍ കേള്‍ക്കാം.കോട്ടൂര്‍  പള്ളിയിലെ  കുര്‍ബാനയും , അക്കരെ അമ്പലത്തില്‍  നിന്ന്  ഉയരുന്ന എം എസ  സുബ്ബലക്ഷ്മിയുടെ സുപ്രഭാതവും  എന്റെ കാതുകളില്‍ കുളിര്‍മ്മയായി ഇന്നും  നിലനില്‍ക്കുന്നു ..

ഈ ജലവിതാനത്തില്‍  കൂടി   അസാധാരണമായ ഒരു ശബ്ദംകേട്ട്  ഞാന്‍  വീടിനുള്ളില്‍  ഒളിച്ചിരുന്ന് . "ബോ... ബോ... ബോ... ..... എന്ന്  ശബ്ദം എന്നെ  പലപ്പോഴും പേടി പെടുത്തിയിരുന്നു , ഭ്രാന്തമായ ആവേശത്തില്‍  എന്തോ പുലമ്പുന്ന സ്ത്രീ ശബ്ദം . അമ്മ ഭക്ഷണം കഴിപ്പിക്കാന്‍ ഈ  പേര് പറഞ്ഞു പേടിപ്പിച്ചിരുന്നു  , "അടുക്കോലില്‍പൊട്ടി"...  വരുന്നു  വേഗം  ഭക്ഷണം കഴിച്ചോ.ഇതായിരുന്നു അമ്മയുടെ ഭയപെടുത്തല്‍  പാടം കടന്നു അവര്‍  എന്റെ വീടിനു മുന്‍പില്‍  കൂടെ  ബഹളം വെച്ച് നടന്നു പോയിരുന്നു . .

കുട്ടികള്‍ എല്ലാവരും ഓടി വീടിനുള്ളില്‍  ഒളിക്കും ഈ സമയത്ത് ,ആളുകള്‍ അവരുടെ  വരവ് പേടിച്ചിരുന്നു. മറ്റുള്ള ഭ്രാന്തരില്‍   നിന്ന് അവരെ  വ്യത്യസ്തയക്കുന്നത്  അവരുടെ വേഷം തന്നെയാണ്  അതില്‍ അഴുക്കു ഒന്നും കണ്ടിരുനില്ല .വെളുത്ത മുണ്ടും ചട്ടയും ,തലയില്‍ ചിലപ്പോള്‍  ഒറ്റമുണ്ടില്‍  കൂട്ടി കെട്ടിയ  ഭാണ്ട കെട്ടും .  അവരുടെ ഭ്രാന്തമായ തുറിച്ചു നോട്ടം ഞാന്‍  ഭയപ്പെട്ടു  , ഒരു ദിവസം ഞാന്‍ അവരുടെ മുന്‍പില്‍ ചെന്ന്  പെട്ടു , ,ഭയം കൊണ്ട് എന്റെ കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി , പാടത്തിനു അരുകില്‍ കൂടെ കടന്നു പോകുന്ന വെള്ളം ഒഴുക്കുന്ന  ചാലില്‍ എന്റെ കാലുകള്‍ ഉറച്ചു , അവര്‍ ഇപ്പോള്‍ എന്റെ അടുക്കല്‍  ഏത്തും  എന്റെ തൊണ്ടയിലെ  വെള്ളം വറ്റി , വിളിച്ചു കൂവാന്‍ പോലും പറ്റാത് എന്റെ വായ്‌ ആരോ  പ്ലാസ്റ്റര്‍ ഒട്ടിച്ച പോലെ . എന്റെ അടുത്തവര്‍ ഏത്തി  എന്റെ മുഖത്തു അവര്‍ തുറിച്ചുനോക്കി , നോട്ടം സഹിക്കവയ്യാത് ഞാന്‍ കണ്ണടച്ചു . കയ്യില്‍  നനഞ്ഞ  എന്തോ സ്പര്‍ശിച്ചു  ,അവരുടെ കൈകള്‍ എന്നെ പിടിച്ചു കരയില്‍ കൊണ്ടാക്കി .. ഭാണ്ട കേട്ട് തുറന്നു ഒരു  ചെറിയ പൂവന്‍ പഴം എടുത്തു തന്നു. എന്നെ  വീണ്ടും അവര്‍ തുറിച്ചു നോക്കി ..പിന്നെയും  അവര്‍ അവ്യയ്ക്ത്മായി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി നടന്നു നീങ്ങി . എന്റെ മനസ്സില്‍ നിന്ന്  അവരോടുള്ള ഭയം നീങ്ങി തുടങ്ങി , പിന്നിട് അവര്‍ വരുമ്പോള്‍  ഞാന്‍  അവരെ കാണാന്‍  വീടിന്റെ മുന്‍പില്‍  ഇറങ്ങിനിന്നു.  ഞാന്‍ ആ ശബ്ദം പിന്നീട് കേള്‍ക്കാതെ യായി .. ആരോ  പറഞ്ഞു  അവര്‍ മരിച്ചു പോയി എന്ന് . എങ്ങനെ മരിച്ചു എന്ന്  ഇന്നും അറിയില്ല . (തുടരും )