1/25/2013

ബാല്യ സ്മൃതികള്‍ - ഏഴു

ഉറക്കത്തില്‍ പടയണിയുടെ  ദീപ പ്രഭ എന്റെ  അബോധ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു .
ദേവി-ദാരിക യുദ്ധത്തിനൊടുവില്‍ ദാരികനെ വധിച്ചിട്ടും കോപമടങ്ങാത്ത ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവഭൂതഗണങ്ങള്‍ കോലംകെട്ടി തുള്ളുന്ന പടയണി കലാരൂപം  ഞാന്‍  എന്റെ സ്വപ്ന ങ്ങളില്‍  തുള്ളിയാടി.എന്റെ  വളര്‍ച്ചയുടെ  പാതയില്‍  ദേവിയും കോലവും സ്വപ്നങ്ങളും വിസ്മൃതിയുടെ കയങ്ങളില്‍ പതിച്ചു .
അമ്പലത്തിന്റെ അടുത്താണ് സതീഷിന്റെയും സുരേഷിന്റെയും വീട് ..അവിടെ അവര്‍ നന്നായി വരച്ചു വെച്ചിരുന്ന ചിത്രങ്ങള്‍  എന്നെ അത്ഭുതപെടുത്തിയിട്ടുണ് . അതില്‍ സുരേഷ്  പഠിക്കാന്‍ അതി സമര്‍ത്ഥനായിരുന്നു . അവന്റെ അനുജന്‍ സതീഷ്‌  എന്നെ പോലെ ഒരു  പഠിക്കാന്‍ അത്ര  മിടുക്കനായിരുനില്ല .ടീച്ചര്‍ മാര് നിന്റെ ചേട്ടനെ കണ്ടു പഠിക്കെടാ, "നീ എന്താ ഇങ്ങെനെ ആയതു" എന്ന് നിരന്തരം ശകാര വാക്കുകകള്‍ അവനെ വേദനിപ്പിച്ചു  എന്ന്  എനിക്ക് തോന്നാറുണ്ട് . ഉച്ച സമയത്തെ  പൊതിചോറുമായി സതീഷിന്റെ വീട്ടില്‍  പോയി ഭക്ഷണം കഴിക്ക പതിവായിരുന്നു ...

അമ്മ അതി രാവിലെ എഴുനേറ്റു  നല്ല കുത്തരി ചോറു . വാട്ടിയെടുത്ത വാഴയിലയില്‍  ഒന്ന് രണ്ടു കറികളും മായി തന്നുവിടുമായിരുന്നു .വാഴക്ക മെഴുക്കുപുരട്ടിയും ,പുളിവെച്ചചമ്മന്തിയും, പുഴ മീന്‍ തേങ്ങ ഇട്ടു പറ്റിച്ചതും , മുകളില്‍ ഒരു മുട്ട പൊരിച്ചതും ,മിക്കപ്പോളും ഉണ്ടാകും , പൊതി തുറന്നു വാഴയിലയുടെ ഗന്ധം മൂക്കില്‍ തട്ടുമ്പോള്‍  വയറിനുള്ളില്‍ വിശപ്പിന്റെ പാണ്ടി മേളം അതിന്റെ ഉച്ചസ്ഥായിയില്‍ ഏത്തിയിട്ടുണ്ടാവും.
 ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ മോഹിപ്പിക്കുന്ന നിറമാണ്‌ . നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് മാധുര്യം പകരാന്‍ ചോറില്‍ ഒഴിച്ച  കറി ഭാഗത്ത് നിന്ന്  കുറിച്ചടര്‍ത്തി മാറ്റി  ചോറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് .അടുത്തത്  നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മസാലയുടെ അരപ്പ് എരിഞ്ഞു തന്നെ കയറണം.

ഒരുമിച്ചു ഞങ്ങള്‍ പൊതിച്ചോര്‍കഴിക്കുമ്പോള്‍ ഓരോ വീടിന്റെയും അടുക്കളയുടെ നേര്‍ ചിത്രം കാണാന്‍ സാധിക്കുമായിരുന്നു . ചിലരുടെ ചോറുകളില്‍ അച്ചന്റെയും അമ്മയുടെയും കണ്ണീരിന്റെ ഉപ്പു കലര്‍ന്നിരുന്നു. ചിലര്‍ ഒറ്റക്കിരിന്നു തങ്ങളുടെ പൊതിച്ചോറില്‍ തങ്ങളുടെ അവ്സ്ഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രേമിച്ചു.
പലരുടെയും  ശുഷ്ക്കിച്ച  അടുക്കള  ഇന്ന്  സമൃദ്ധമായിരിക്കുന്നു ......

മറന്നു വെച്ച പൊതിച്ചോറുമായി അമ്മമാര്‍ ഉച്ചവെയിലില്‍ വിയര്‍ത്തോലിച്ചു സ്കൂള്‍ വരാന്തയില്‍കാത്തു നിന്നിരുന്നു, അതില്‍ ഒരു അച്ഛനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു , ഏക മകള്‍ക്ക് വേണ്ടി മഴയിലിലും വെയിലിലും തന്റെ മുടന്ത് കാലുമായി തന്റെ മകള്‍ക്ക് പൊതി ചോറുമായി വന്നൊരു അച്ചന്‍ .മകള് കഴിച്ച കഴിഞ്ഞു സംതൃപ്ത മുഖവുമായി തിരിച്ചു പോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് . ഈ മകള് പ്രായപൂര്‍ത്തിയായപ്പോള്‍ അച്ചനെ മറന്നു താന്‍ സ്നേഹിച്ച പുരുഷനോടൊപ്പം വീടിന്റെ പടിയിറങ്ങിപ്പോയി. ഈ പെണ്‍കുട്ടികള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത് ....? പലപ്പോഴും  ഞാന്‍ ചിന്തിക്കാറുണ്ട് .....

മാതൃത്വത്തിന്റെ മഹനീയത അനശ്വരം മാക്കിയ കുറെ അമ്മമാരേ ഞാന്‍ എന്റെ കുട്ടിക്കാലത് കണ്ടിടുണ്ട് .അവരുടെ സ്നേഹം അനുഭവിക്കാനും അവര് വെച്ച സ്വാദിഷ്ടമായ ഭക്ഷണം  വയറു നിറച്ചു കഴിച്ചിട്ടുണ്ട്.
എന്റെ  ഒപ്പം പഠിച്ചിരുന്ന  സുനി , ജോസ്സി, കുര്യന്‍ (ജോസ്) ഇവരുടെ ഒക്കെ  വീട്ടില്‍ ഞാന്‍ പോയി ഇടയ്ക്കു  ഭക്ഷണം കഴിച്ചിരുന്നു . അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കഴിച്ചിട്ടുള്ളത്‌  കുരിയന്റെ  വീട്ടിലാണ്‌ , അവന്റെ അമ്മ തുമ്പ പൂ നിറമുള്ള  ചോറില്‍ സ്വാദിഷ്ടമായ  കറികള്‍ വിളമ്പി ..അവന്‍ വലിയ സമ്പത്ത് ഉള്ള വീട്ടിലെ ആയിരുനില്ല . മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ മനസ്സുള്ള സാധാരണപെട്ടവര്‍ . അവന്‍ ഒരു വിളിപാട്  അകലെ എന്റെ അടുത്തു ഗള്‍ഫില്‍ എവെടെയോയുണ്ട് .

ജോസി യുടെ അച്ചന്‍ ഓടിച്ചിരുന്ന അംബാസിഡര്‍ കാര്‍  ഞാന്‍  കൌതുകത്തോടെ നോക്കിയിരുന്നു .പക്ഷെ അവന്‍ കാറിന്റെ വിശേഷം ഒന്നും ഞങ്ങളോട്  പറയാറ് ഉണ്ടായിരുനില്ല .

എന്റെ  വീടിനു അടുത്ത് വരെ കൂടെ ഉണ്ടായിരുന്നത്  മത്തായി (സാം)ഞാന്‍ ഏറ്റവും  കൂടുതല്‍ സംസാരിച്ചിട്ടുള്ളത് അവനുമായിട്ടാണ് , പില്‍ക്കാലത്ത് എന്നെ മുംബൈ എന്ന മഹാരാജ്യത്  കൊണ്ടുപോയത് അവനാണ് .എന്റെ പ്രവാസ ജീവിതത്തിന്റെ  തുടക്കവും അത് തന്നെ .അത് ഇന്നും തുടരുന്നു.
അയല്പക്ക കലഹങ്ങള്‍ ഞങ്ങളുടെ  വൈകുന്നേരങ്ങളിലെ  യാത്രകളില്‍  പൊട്ടിത്തെറികള്‍ ഉണ്ടാക്കുകയും അത് ചിലപ്പോള്‍  കൈയ്യാംകളികളില്‍  ഏത്തിയിരുന്നു  പലരുടെയും പേരുകള്‍ ഇവടെ കുറിക്കാന്‍ നിര്‍വാഹം  ഇല്ല ..

സുനിയുടെ  വീട്  ആറിന്റെ  തീരത്ത്  ആയിരുന്നു . അവന്‍ സംസാരിക്കാന്‍  ബുദ്ധിമുട്ടുള്ള കുട്ടിയായിരുന്നു  ,പക്ഷെ ഞങ്ങള്‍ കുട്ടികള്‍ക്ക്  അവന്‍ പറയുന്നത്  മനസ്സിലാക്കാന്‍  സാധിച്ചിരുന്നു , പില്‍കാലത്ത് അവന്‍  എല്ലാര്ക്കും മനസ്സിലാകുന്ന തരത്തില്‍  തന്റെ സംസാരം  കേള്‍പ്പിച്ചിരുന്നു .  തറനിരപ്പില്‍  നിന്ന് വളരെ പൊക്കി ചെങ്കല്ലില്‍ചെത്തി ഏടുത്ത  അവിടവിടെ  പൊട്ടി പൊളിഞ്ഞു  പോയ അരമതിലുനു മുകളില്‍ ഇരുന്നു  ഞാന്‍ എമ്പോസിഷന്‍ ഏഴുതിയിരുന്നു.അവന്റെ അമ്മ എനിക്ക് കട്ടന്‍ കാപ്പി ഇടയ്ക്കു കൊണ്ട്  തന്നിരിന്നു .(തുടരും)    . 

No comments:

Post a Comment