1/22/2013

ബാല്യ സ്മൃതികള്‍ - ആറു

കാക്കി നിക്കറും  വെള്ള ഷര്‍ട്ടും  കയ്യില്‍  ഒരു അലുമിനിയം പെട്ടി.  ഏഴാം ക്ലാസ് വരെ രാവിലെത്തെ  സ്കൂളില്‍ പോക്ക്  അങ്ങനെ ആയിരുന്നു . മറ്റുള്ള കുട്ടികള്‍ എല്ലാവരും  പുസ്തകവും  ബുക്കും  റബ്ബര്‍ ബാന്‍ഡില്‍ മുറുക്കി അനായാസം തോളില്‍ വെച്ച് പോകുന്നത് കാണുമ്പോള്‍, എനിക്ക്  എന്റെ  വീട്ടുകാരോട് ദേഷ്യം വന്നിരുന്നു . അമ്മയുടെ ചേച്ചി ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ മേടിച്ചു കൊടുത്ത പെട്ടിയായത് കൊണ്ട് അമ്മ അത് നിര്‍ബന്ധിച്ചു എന്നെ കൊണ്ട് ചുമപ്പിച്ചിരുന്നു.അമ്മയുടെ വിചാരം ഇതൊക്കെ പൊക്കി പിടിച്ചു പോകുമ്പോ ഞാന്‍ ഏതോ വലിയ വീട്ടിലെ കുട്ടി ആണെന്ന് ഉള്ള ഭാവം വരും എന്നൊക്കെ ആയിരിക്കും .ഇത് ചുമന്നു പോകുന്നത് തന്നെ എനിക്ക് അസഹ്യമായിരുന്നു .എന്റെ കൂടെ ഉള്ളവര്‍  അഴിച്ചുവിട്ട മുയല്‍ കുട്ടികളെ പോലെ പുസ്തകം തോളില്‍ വെച്ച്  തുള്ളി ചാടി നടന്നു നീങ്ങുമ്പോള്‍ .ഞാന്‍ ഒറ്റപെട്ടത്‌ പോലെയാകാറുണ്ട് .

ഒരു ദിവസം മലയാളം പഠിപ്പിച്ചിരുന്ന സരോജിനി ടീച്ചര്‍ .ഈ പെട്ടിയില്‍ തട്ടി ഉരുണ്ടു വീഴുന്നത് വരെ  ഞാന്‍ ഈ പെട്ടി ചുമക്കല്‍ തുടര്‍ന്നു  . എന്റെ പെട്ടിയോടു ഉള്ള ദേഷ്യമോ ,ടീച്ചറിന്റെ കാലിന്റെ വേദന കൊണ്ടോ എന്ന് അറിയില്ല ടീച്ചറിന്  എന്നോട് ഉള്ള സമീപനം  ടീച്ചര്‍ സ്കൂളില്‍  നിന്ന്  സ്ഥലം മാറി പോകുന്നത് വരെ അത്ര നല്ല നിലയില്‍ ആയിരുനില്ല . പെട്ടി ഉപേക്ഷിച്ചു  ഞാന്‍  വീതിയുള്ള റബ്ബര്‍ ബാന്‍ഡില്‍ കെട്ടി പുസ്തകം തോളില്‍ വെച്ച് , പായല്‍ പറ്റി പിടിച്ച പാറയില്‍ കൂടെ ,കൂട്ടുകാരോട് ഒത്തു ഓടിയ കാലം .ഞങ്ങള്‍ അതിനെ തോടില് കളി എന്നാണ് പറയാറ്,ആദ്യം തൊടുന്നവര്‍ പുറത്തു പോകുന്ന കളി ,പായല്‍ പിടിച്ച പാറയില്‍ ഉറവ വെള്ളം കൊണ്ട് തെന്നലായി മാറും ചില സമയങ്ങളില്‍ , ഈ പായലില്‍ നടുവടിച്ചു വീഴാറുണ്ട്‌ പലരും ,അത് ഒന്നും കാര്യമാക്കത് പിന്നെയും ഓടും . ഈ ഓട്ടം രാവിലെ സ്കൂളിലും ,വൈകിട്ട് വീട്ടിലുമാണ്  അവസാനിക്കുക .

രണ്ടു  തട്ടയിട്ടാണ്  സ്കൂളിന്റെ  പരിസരം  നിന്നിരുന്നത്  മുകളിലത്തെ  തട്ടില്‍   ആസ് ബസ് റ്റോസ്  ഷീറ്റുകള്‍ മേഞ്ഞ  ഒരു  കെട്ടിടം ,  മറ്റേതു  താഴത്തെ തട്ടില്‍ ഒരു ഓടിട്ട പഴയ കെട്ടിടം  .മുകളിലത്തെ  തട്ടില്‍  ഒരു ബദാം മരം , തൊട്ടു അപ്പുറത് ഒരു നെല്ലിമരം . ക്ലാസ്സിന്റെ ഇടവേളകളില്‍  ബദാം ഞങ്ങള്‍ എറിഞ്ഞു വീഴ്ത്തിയിരുന്നു . നെല്ലി മരം  കായിച്ചതായി ഓര്‍ക്കുനില്ല . നെല്ലി മരത്തിനോട് ചേര്‍ന്ന് പരന്ന ചെറിയ  ഒരു കളി സ്ഥലം  .ഒരു വശം റോഡിനോട് ചേര്‍ന്നുള്ള സ്ഥലമായിരുന്നു അത് .ഒരു ആറേഴു  മീറ്റര്‍ മീറ്റര്‍ താഴ്ച കാണും ഇതും റോഡും കൂടെ. ഇതിനു താഴെ നല്ല കട്ടിയുള്ള പാറയും   , ഒരിക്കല്‍ കൂടെ കളിച്ചിരുന്ന രാജേഷ്‌ (പേര് ശരിയാണോ എന്ന് അറിയില്ല ) കാല്‍വഴുതി ഈ പാറക്കെട്ടില്‍ വീഴുകയും ഒന്നും സംഭവിക്കാത്  എഴുനേറ്റു ഒരു കള്ള ചിരിയോട് വരുന്നത്  ഇപ്പോളും ഓര്‍ക്കുന്നു .പാറയില്‍ ഉണ്ടായിരുന്ന പായല്‍ ആണ് അന്ന് അവനെ രക്ഷിച്ചത്‌ , വീഴ്ചയില്‍  സ്ലൈഡ് ചെയ്തു പോയത് കൊണ്ട് ഒന്നും സംഭവിച്ചില്ല . രാജേഷ്‌ പശു ഒക്കെ അയവെട്ടുന്ന പോലെ , കഴിച്ച ആഹാരം പിന്നെയും തിരിച്ചെടുത്തു കാണിച്ചു ഞങ്ങളെ അത്ഭുതപെടുതുമായിരുന്നു .

ഉച്ച സമയത്ത്  ഭക്ഷണം കഴിഞ്ഞു  വെള്ളം കുടിക്കാന്‍ പോകുക 
ഇണ്ടംതുരുത്തിലെ വീട്ടിലായിരുന്നു . കാരണം  ഭല വൃക്ഷ്ങ്ങളാല്‍ സമൃദ്ധമായ പറമ്പായിരുന്നു  ചാമ്പക്കായും ലോലിക്കായും , ജാതിക്ക  ഒക്കെ  ഇഷ്ടം പോലെ  അവിടെ  കിട്ടും .അന്ന് പ്രായം ചെന്ന  മാറു മറക്കാത്  നടക്കുന്ന  മുത്തശ്ശി മാരെ ഞങ്ങള്‍ കണ്ടിട്ടുണ്ട് , അവര്‍  പുറത്തു വരുമ്പോള്‍  ഞങ്ങള്‍  പറമ്പ് വിട്ടു ഓടും .   ഞങ്ങളെ  അവര്‍ വഴക്ക് പറഞ്ഞതായി  ഓര്‍ക്കുനില്ല,അതെ പറമ്പില്‍ കോട്ട എന്ന് പറയുന്ന  ഒരു സ്ഥലം ഉണ്ട് , പണ്ട് അതില്‍ യുദ്ധങ്ങള്‍  നടന്നതായി  പൊടിപ്പും  തൊങ്ങലും വെച്ച കഥകള്‍ സനലും  വിനോദ്  വന്നു ഞങ്ങളോട് പറയുമായിരുന്നു ,അവിടെ  പുല്ലു പറിക്കാന്‍ പോകുന്ന സ്ത്രീകള്‍ ക്ക് ഇടയ്ക്കു ചെറിയ മണികള്‍  കിട്ടിയിരുന്നു  പോലും  ഇത്  യുദ്ധ സമയത്ത് വാളില്‍ നിന്ന്  വീണതാണ് എന്നൊക്കെ ഉള്ള കഥകള്‍ , ഉച്ച സമയത്ത് ആരും ആ വഴി പോകാറില്ല , കോട്ടയില്‍ കെട്ടിയ പശുവിനെ മാടന്‍ അടിച്ചു  , പശു ചത്തു പോയ കഥകള്‍ അന്ന്  ഞങ്ങളുടെ  ഒഴുവ് സമയങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു . ഇന്ന്  കോട്ടയവിടെ കാണാന്‍ സാധിക്കില്ല    ജെ .സി .ബി   ഉപയോഗിച്ച്  കോട്ട മുഴുവന്‍  നികത്തിയിരിക്കുന്നു ,അവിടെ എല്ലാം ഇന്ന് വീടുകള്‍  നിരന്നിരിക്കുന്നു.

ധാരാളം കരിമ്പ് കൃഷി ഞങ്ങളുടെ പ്രദേശത്ത്  അക്കാലത് ഉണ്ടായിരുന്നു .എന്റെ വീടിനോട് ചേര്‍ന്നുള്ള  വയലിന്റെ കരയില്‍ ദൂരെ  നിന്ന്  നോക്കിയാല്‍ ആകാശം താഴെ  ഇറങ്ങി  വന്നപോലെ തോന്നും വിധം  കര്‍മ്പിന്‍ പൂക്കള്‍  നിറഞ്ഞു നിന്നിരുന്നു .പുഞ്ചയില്‍ വെള്ളം കയറി നിലയില്ലാത്  കിടക്കുമ്പോള്‍ ,  പശുവിനു  കൊടുക്കാന്‍ കരിമ്പോല വെട്ടി കെട്ടുകള്‍ ആക്കി  അപ്പച്ചന്‍ കൊണ്ട് വന്നിരുന്നു .അതിനു ഉള്ളില്‍ ഞങ്ങള്‍ക്ക് തരാന്‍ കരിമ്പിന്‍ തണ്ടും  ഉണ്ടാകും .അത് ചെത്തി കമ്പ് പോലെ പിടിച്ചു അരമതിലില്‍ ഇരുന്നു ചണ്ടി തുപ്പി ആ മാധുര്യം ഞാന്‍ ആസ്വദിച്ചിരുന്നു . സ്കൂളിനടുത്തുള്ള കുറുന്തയിലെ വീട്ടില്‍   കരിമ്പ് ആട്ടി  ശര്‍ക്കര നിര്‍മ്മിക്കുന  ആലയില്‍ സ്ഥിരം സന്ദര്‍ശിക്കുക പതിവായിരുന്നു   .ഒരു ചക്കില്‍ കാളയെ കെട്ടി അതിനെ കൊണ്ട് ചക്ക് തിരിച്ചു  കര്‍മ്പുനീര് എടുത്തു  ഒരു വലിയ പത്രത്തില്‍ ഇട്ടു തിളപ്പിച്ചാറിച്ചു  ശര്‍ക്കര ഉണ്ട  ഉണ്ടാക്കും . ശര്‍ക്കര  ഉണ്ടാക്കി കഴിഞ്ഞു ആ വലിയ ലോഹ പാത്രത്തില്‍ പറ്റിപിടിച്ചിരിക്കുന്ന  ശര്‍ക്കര പൊടിക്ക് എന്താ രുചി..... !!!!!

സ്കൂളിനോട് ചേര്‍ന്നായിരുന്നു  ഭഗവതി ക്ഷേത്രം. ഭാഗവത സപ്താഹംത്തോട്  അനുബന്ധിച്ച്  നടക്കുന്ന ഭാഗവത പാരായണം ക്ലാസ് റൂമില്‍ കേള്‍ക്കാമായിരുന്നു . കൃഷ്ണന്റെ  അവതാരങ്ങള്‍  ഓരോ  ദിവസം വായിച്ചു  പോകുന്നത്  ഞാന്‍ കേട്ടിരുന്നു .ഭാഗവതത്തില്‍  രുക്മണി  സ്വയംവരം എന്നൊരു  അധ്യായം ഉണ്ട് , അത്  വായിക്കുന്ന  ദിവസം  പെണ്‍കുട്ടികള്‍  രുക്മണി  വേഷം കെട്ടി ക്ഷേത്രത്തിനു വലം വെക്കുന്നത്  കാണാന്‍  പോകുന്നത്  പതിവായിരുന്നു. സ്കൂളിനു അടുത്ത് താമസിച്ചിരുന്ന കുട്ടിയായിരുന്നു സ്ഥിരം രുക്മണി  വേഷം കെട്ടുക . ബാലരമ  പൂമ്പാറ്റ  , ഇവയിലൂടെ  കൃഷ്ണനെ എനിക്ക് നല്ല പരിചയമായിരുന്നു  കൃഷ്ണനും ബലരാമനും  ഗോപികമാരും എന്നെ  ചെറുപ്പത്തില്‍  വളരെയധികം ആകര്‍ഷിച്ചിരുന്നു  ,അന്നും ഞാന്‍  കഥകള്‍  ഇഷ്ട പെട്ടിരുന്നു . വീട്ടിലെ  അന്തരീക്ഷം  കഥ രൂപത്തില്‍ ഉള്ള  പുസ്തകം  വായിക്കാന്‍ പറ്റുന്നതായിരുനില്ല . എന്റെ  ചെറുപ്പത്തില്‍  ശ്രീകൃഷ്ണ ജയന്തി  ഇപ്പോള്‍  ഉള്ളത് പോലെ വലിയ ആഘോഷമായിരുനില്ല ,കൃഷണ വേഷം കെട്ടി നടക്കുന്ന കുട്ടികളില്‍   എന്റെ  കൂട്ടുകാരില്‍  പലരും അന്ന് ഉണ്ടായിരുന്നു , ഞാനും അന്ന്  കൃഷ്ണ  വേഷം കെട്ടാന്‍ ആഗ്രഹിച്ചിരുന്നു . ചിലപ്പോ എന്റെ ആഗ്രഹം ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍  എനിക്കും  ആകാമായിരുന്നു .ഇന്നത്തെ പോലെ സാമുദായികമായ ധ്രൂവികരണവും , വര്‍ഗീയതയും അന്ന്  ഉണ്ടായിരുനില്ല .

ഇരു വശവും കരിങ്കല്ലാല്‍ കെട്ടിയ പഴമയുടെ പ്രൌഡി ഒട്ടും കളയാത്ത അതി മനോഹരമായ  ദേവി  ക്ഷേത്രം.ക്ഷേത്രത്തിന്റെ വലത്തേ മൂലയില്‍ വലിയ  ഒരു അരയാല്‍ നില്‍പ്പുണ്ട് , ഉത്സവങ്ങളോട്  അനുബന്ധിച്ചുള്ള എഴുന്നെള്ളിപ്പിന് , കൊണ്ട് വരുന്ന ആനയെ തളക്കുന്നത്  ഈ അരയാലിന്റെ  കീഴില്‍ ആണ് .ആനയെ കൌതുകത്തോടെ നോക്കി ക്ഷേത്ര മതിലിന്റെ  മുകളില്‍  ഇരുന്നു  ഞങ്ങള്‍ ആന പുരാണം പറഞ്ഞിരുന്നു  പരസ്പരം.  വര്‍ഷത്തില്‍ രണ്ടു ഉത്സവങ്ങളാണ് നടക്കാറ് ,കുംഭ ഭരണിയും , മകര ഭരണിയും .ഉത്സവത്തോട് അനുബന്ധിച്ച് ഞാന്‍ ആദ്യം കണ്ട കലാപരിപാടി ഓട്ടംതുള്ളല്‍ ,മിക്കവാറും  സ്കൂള്‍ വിട്ടു വരുന്ന സമയങ്ങളില്‍ ആയിരുന്നു ഇത് നടക്കുന്നത് .അത് കണ്ട് വീട്ടില്‍  എതുംപോളെക്കും അടി ഉറപ്പാണ് .

അമ്പലത്തിന്റെ ഇടതു വശത്ത്  പുലയ സമുദായങ്ങള്‍ ദേവിയോട്  തന്റെ സങ്കടങ്ങളും പരിഭവങ്ങളും  പറഞ്ഞു നെല്ലും കതിരും  ദേവിക്ക് സമര്‍പ്പിക്കുന്നതും , അത് ശാന്തി വന്നു സ്വീകരിച്ചു  കൊണ്ട് പോകുന്നത് എല്ലാം ഒരു മങ്ങിയ കാഴ്ച പോലെ  മനസ്സില്‍ നിറയുന്നു .കാര്‍ഷികമേഖലയായത്‌ കൊണ്ട്  കൃഷിക്ക് ആവിശ്യമായ തൂമ്പ ,മമ്മട്ടി ,വെട്ടുകത്തി  കറികത്തി ,നെല്ല് കൊയ്യാന്‍ ഉപയോഗിക്കുന്ന  അരുവ , പരമ്പ് എല്ലാം ഉപകരണങ്ങളും അന്ന് അവിടെ കിട്ടിയിരുന്നു .പറ ഏഴുന്നെള്ളിപ്പിനു ദേവിയുടെ തിടമ്പുമായി   ഞങളുടെ വീടിനു മുന്നില്‍ കൂടെ ആനയുമായി കടന്നു പോയിരുന്നു .ഞാന്‍ കുറെ ദൂരം ആനയെ അനുഗമിക്ക പതിവായിരുന്നു .  പടയണി എന്ന പ്രാചീന കലാ രൂപം ഞാന്‍ ആദ്യമായി കാണുന്നത്  ഈ ക്ഷേത്രത്തില്‍ വെച്ചാണ്‌ . പടയണിക്ക് ഉപയോഗിക്കുന്ന  കോലങ്ങള്‍  ഒരിക്കല്‍ അമ്പല പറമ്പില്‍  നിന്ന് ഒന്ന് എടുത്തു  ഞാന്‍ എന്റെ  മുഖത്ത്  വെച്ച്  നടന്നു . അത് കണ്ടു വന്ന സനില്‍ എന്നോട് പറഞ്ഞു .  ഇന്ന് രാത്രി നിന്റെ ദേഹത്ത് ദേവി കയറും .....
അന്ന് രാത്രി  ശെരിക്കും ഞാന്‍ പേടിച്ചാണ് , ഉറങ്ങിയത് .ഇടയ്ക്കു ഞാന്‍ ഞെട്ടി എഴുനേറ്റിരുന്നു...(തുടരും) 

4 comments:

 1. Dear Jijo, congratulations for your effort in bringing your childhood memories through this column. It will help many to take a journey to the past to remember all the joyful moments in life.
  May the Lord bless you abundantly to continue this endeavor for the Glory of God!
  With Love & Prayers,
  Fr.K.Y.Wilson Manalethu from Atlanta, USA.

  ReplyDelete
  Replies

  1. Thankful to Acha.. for the encouraging and cheering comment. May the Lord bless us all.

   Delete
 2. Dear Jijo, congratulations for your effort in bringing your childhood memories through this column. It will help many to take a journey to the past to remember all the joyful moments in life.
  May the Lord bless you abundantly to continue this endeavor for the Glory of God!
  With Love & Prayers,
  Fr.K.Y.Wilson Manalethu from Atlanta, USA.

  ReplyDelete
 3. വായിച്ചു വായിച്ചു അറിയാതെ ഞാനുമാ ബാല്യത്തിലെത്തുന്നു....ഒരിക്കലും തിരികെ ലഭിക്കാത്ത സുന്ദരമായ ആ ബാല്യം.....നഷ്ടങ്ങളുടെ പട്ടികയിലെ ഏറ്റവും വിലയേറിയത്.....

  ReplyDelete