1/17/2013

ബാല്യ സ്മൃതികള്‍ - നാലു -സേവന വാരം

ഇന്ന് ഞാന്‍  നാലാം ക്ലാസ്സിനോട്  വിടപറയുകയാണ് ,അന്ന് നടന്ന അവസാന പരീക്ഷ ദിവസം എന്റെ ഓര്‍മ്മയില്‍ വിരിയുന്നു  .സ്ലേറ്റും പെന്‍സിലും മായി ടീച്ചറിന്റെ മുന്‍പിലേക്ക് നടന്നു നീങ്ങുന്ന മെലിഞ്ഞ  രൂപം , അടുത്ത് ചെന്ന് നിന്നു ടീച്ചര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്   ഉത്തരം പറയുന്നു .ഒടുവില്‍ എന്റെ കയ്യില്‍നിന്നും സ്ലേറ്റു വാങ്ങി  കറുത്ത പ്രതലത്തില്‍ വെള്ള വരയാല്‍  അന്‍പതില്‍ നാല്പത്തിയെട്ട് എന്ന് എഴുതി.അതും മേടിച്ചു , വഴിയിലൂടെ കൂട്ടുകാര് ഒത്തു നടക്കുമ്പോള്‍  ലോകം കീഴടക്കിയ ഭാവം .പിന്നീടു ഒരിക്കലും ഞാന്‍ അത് പോലെ മാര്‍ക്ക്‌ മേടിച്ചിട്ടില്ല .

സ്കൂള്‍ വിട്ടു തിരിച്ചു പോകുമ്പോള്‍ രാവിലെ വന്ന വഴിയില്‍ അല്ല  മിക്കപ്പോളും പോകുന്നത് . കാരണം  കൂട്ടുകാരൊത്തു കൂടുതല്‍ നടക്കാന്‍ ഉള്ള ഉത്സാഹം കാരണം  കീത്തളശേരില്‍ പടി(കവല)  വഴി ആണ് പോകാറ് . പിന്നീടു ഞങ്ങള്‍  ഒരു  ക്ലബ്‌ രൂപീകരിച്ചപ്പോള്‍  ഇതിനു പ്രതിഭ   ജങ്ക്ഷന്‍ എന്ന് പേരിട്ടു   അത് ഏത്രതോളും വിജയിച്ചു എന്ന് പറയാന്‍  പറ്റില്ല  കാരണം ഇപ്പോളും ആളുകള്‍ അറിയ പെടുന്നത്  പഴയ പേര് തന്നെ . വഴിയുടെ രണ്ടു വശത്തും  , അഞ്ചു ,കടമുറി. അതിന്റെ മധ്യത്തില്‍  പരുമല തിരുമേനിയുടെ  നാമത്തില്‍ ഉള്ള  കുരിശിന്‍ തൊട്ടി. കുരിശിന്‍ തൊട്ടിയോടു ചേര്‍ന്ന്  ഒരു കൊച്ചു തോട് മുകളിലെ മലയില്‍ താമസിക്കുന്നവര്‍ക്കുള്ള വഴി. ഒരു വശത്തെ കടമുറിയില്‍ പുത്തന്‍പുരയിലെ ഉമ്മച്ചായന്റെ ചായ കട .കളിയോട്ടില്‍ ബാബു ചായന്റെ മില്ല് , മേട്ടിന്‍ പുറത്തെ ബേബി ചായന്റെ  പലചരക്ക് കട ഇത് മൂന്നുമായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്. മേശമേല്‍ കൈകള്‍ നിവര്‍ത്തി വെച്ച് ഇടയ്ക്കിടയ്ക്ക്  തമാശ പൊട്ടിക്കുന്ന  ഉമ്മചായാന്‍ ഇടയ്ക്കു തന്‍റെ മൌനത്തെ    ഭഞ്ജിച്ചു  മാര്‍ഗ്ഗം കളി പാട്ടിന്റെ ഈരടി പാടുന്ന  രൂപം ,ഒരു കാലത്ത് അദ്ദേഹം കുട്ടികളെ മാര്‍ഗ്ഗം കളി  പഠിപ്പിച്ചിരുന്നു ,എന്നാണ് എന്റെ ഓര്‍മ്മ . തൊട്ടു അപ്പുറത്തെ  കടമുറി   കളിയോട്ടില്‍ ബാബു ചായന്റെ  മില്ല് . തലയില്‍  നെല്ല് ചാക്ക് ചുമന്നു വരുന്ന  ആളുകളുടെ കാഴ്ച  സന്ധ്യാ സമയങ്ങളില്‍ സ്ഥിരമായിരുന്നു , വീട്ടിലെ പത്തായത്തില്‍  സമൃദ്ധിയുടെ പര്യായമായി നെല്ല് ഉണ്ടായിരുന്ന കാലം , തലയില്‍ നെല്ല് ചാക്ക് ചുമന്നു മില്ലിലേക്കു ഒരു കാലത്ത് ഞാന്‍ പോയിരുന്നു .കുറച്ചു മുതിരന്നപ്പോള്‍ ഇത് ഒരു കുറച്ചിലായി എനിക്ക് തോന്നി , അമ്മയുമായി  ഈ വിഷയത്തില്‍  കലഹം പതിവായി ,എന്ത് പറഞ്ഞാലും കേള്‍ക്കുന്ന എന്റെ അനുജന്‍ അമ്മയുടെ ഇഷ്ട മകനായി .ഞാന്‍ വീട്ടില്‍ ഒരു പണിയും ചെയ്യാത്ത  ആന കള്ളനായി മാറി.  ഇടയ്ക്കു ഒന്നിനും കൊള്ളാത്തവന്‍ , പിണ്ണാക്ക് മാടന്‍ എന്നൊക്കെ വിളി വീണു , ഇതൊക്കെ  കേട്ടാലും  ഇത് ഒന്നും  എന്നെ ബാധിക്കുന്ന പ്രശ്നം‍ അല്ല എന്ന തോന്നലില്‍ ഞാന്‍  മുന്‍പോട്ടു  പോയി . എന്റെ പ്രശ്നം കൂടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഇത് കണ്ടാല്‍ അത് എനിക്ക്  കുറച്ചിലായി തോന്നും എന്നുള്ളതാണ് . അടുത്ത കട മുറി  മേട്ടിന്പുറത്തെ ബേബി ചായന്റെ പലചരക്ക് കട ,ഇതിനു അകത്തു കേറിയാല്‍  പ്രേതാത്മക്കള്‍ വസിക്കുന്ന  സ്ഥലമാണോ  എന്ന് തോന്നിപോകും  . മച്ചില്  ചിലന്തികള്‍  ഉഞ്ഞാല്‍ ആടുന്നത് നാല്‍പതു വാട്ട്  ബള്‍ബിന്റെ  വെളിച്ചത്തില്‍  കാണാം , ഇടയ്ക്കു  വണ്ടുകള്‍  വെളിച്ചെണ്ണ കോരുന്ന പാത്രം തട്ടി മറിച്ചു പുറത്തേക്കും അകത്തേക്കും സഞ്ചരിക്കും .  ഒരു ചാക്ക്  അരി , കുറച്ചു പഞ്ചസാര, കാപ്പി പൊടി , ഒന്ന് രണ്ടു ചാക്ക് കടല പിണ്ണാക്ക് ,  ദിനേശ്  ബീഡി , പനാമ ,ചാര്‍മിനാര്‍ ,ഗോള്‍ഡ്‌ ലീഫ് , വില്‍സ്  സിഗരറ്റു, പിന്നെ  കുറച്ചു  പരിപ്പ് വര്‍ഗങ്ങള്‍  , ഇത്രയും ആയിരുന്നു  അവിടുത്തെ  ക്രെയ വിക്രയങ്ങള്‍ . കട മുറിയുടെ  വരാന്തയിലെ  തൂണിനോടു ചേര്‍ന്ന് ഉപ്പു ചാക്കുകള്‍ ,ഇതിനു മറുവശത്  തക്കാളി പെട്ടിയുടെ  മുകളില്‍ ഇരുന്നു  ബീഡി തെറുക്കുന്ന  ജോണി ചേട്ടന്‍ നാട്ടിലെ  മുതിര്‍ന്ന പൌരന്‍ മാര്‍ക്ക്  കടുപ്പം  കൂടിയ  ബീഡി യാണ് ആണ് ഇഷ്ടം ,ഒരിക്കല്‍ ഞാനും ഇതിന്റെ  കടുപ്പം രുചിച്ചിട്ടുണ്ട് , ആദ്യ പുകയില്‍  ഞാന്‍ ഒന്ന്  ചുമച്ചു , രണ്ടാമത്തെ പുകയില്‍ ചുമയുടെ എണ്ണം കൂടി ,അടുത്ത പുക എടുക്കാന്‍   ചുമ എന്നെ അനുവദിച്ചില്ല .അന്ന് രാത്രി  ക്ഷയരോഗം  പിടിച്ചവനെപോലെ  കിടന്നു. പകല്‍ സമയത്ത് ശാന്തനായി ബീഡി തെറുത്തിരുന്ന  ജോണി ചേട്ടന്‍ ,സന്ധ്യ യായാല്‍ വേറെരു  ഭാവത്തില്‍ ഏത്തും,ഭാവം മറ്റൊന്നുമല്ല അന്ന് സുലഭമായി കിട്ടിയിരുന്ന പട്ടയുടെ ബലത്തില്‍ തനിക്കു  ഇഷ്ടമില്ലാത്തവരെ  ഹെര്‍മന്‍  ഗുണ്ടര്‍ട്ട്  കണ്ടുപിടിക്കാത്ത ഭാഷകള്‍ അദ്ദേഹം കണ്ടു പിടിച്ചു  ഞങ്ങളെ കേള്‍പ്പിച്ചിരുന്നു . ചില ദിവസങ്ങളില്‍ ഈ തരത്തിലുള്ള ആളുകളുടെ എണ്ണം കൂടും ,അതില്‍ ഉള്‍പ്പെട ഒരാളായിരുന്നു അപ്പായി (എന്റെ ഒരു ബന്ധു കൂടെയാണ് കക്ഷി) ഞങ്ങളുടെ  ചുറ്റുവട്ടത്തെ  ഏക തയ്യല്‍ ക്കാരനാണ് കക്ഷി എന്റെ സ്കൂള്‍ യുണിഫോം  അദ്ദേഹം ആണ്  തുന്നാര്  . സ്കൂള്‍  തുറക്കുന്നതിനു മുന്‍പ് കൊടുത്താലും , കിട്ടുക ഓണ .പരീക്ഷ അടുക്കുമ്പോള്‍ .  വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ടു വെള്ളമടിച്ചു റോഡിനു വീതി കൂട്ടി വരുന്ന വരുന്ന അപ്പായി നാട്ടുകാര്‍ക്ക്‌ ഒരു കൌതുകമാണ് .അപ്പായി  പുതിയ ഭാഷകള്‍ പറയുന്നത് കേട്ടിട്ടില്ല  അദ്ധേഹത്തിന്റെ  മാസ്റ്റര്‍ പീസ്   ഇടയ്ക്കിടക്ക്  "അപ്പായി കി "  എന്ന്  പറയുന്നതാണ് .ഞങ്ങള്‍ അദ്ധേഹത്തെ  "അപ്പായി  കി " എന്ന് വിളിച്ചു  കളിയാക്കിയിരുന്നു .മദ്യത്തിന്റെ അമിത ഉപയോഗം  അദ്ദേഹത്തിന്  വീടും നാടും വിട്ടു പോകേണ്ടി വന്നു .പലതരം പാമ്പുകള്‍ വൈകുന്നേരങ്ങളില്‍ പത്തി  വിടര്‍ത്തിയും ,മാളത്തില്‍ ഒളിച്ചും ,വഴിയോരത്തും കിടക്കുന്നത്  സര്‍വ്വ സാധാരണയായി.അന്ന് ഒരു മുപ്പതു വയസ്സിനു മുകളില്‍  ഏത്തിയവര്‍ ആയിരുന്നു കൂടുതലും മദ്യപിച്ചു കണ്ടിരുന്നത്‌ , ഇന്ന് എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ മദ്യം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു .

ഇതിന്റെ  തൊട്ടപ്പുറത്താണ്  എന്റെ കൂടെ പഠിച്ചിരുന്ന ജിജി യുടെ വീട് ,അവന്റെ വീടിനു മുന്‍പില്‍ നിന്നിരുന്ന കിളിച്ചുണ്ടന്‍ മാവിലെ മാങ്ങയുടെ രുചി ഇപ്പോളും  നാവിന്‍ തുമ്പത് വരുന്നു . അതിനു തൊട്ടു താഴെ ആ കാലത്ത്  ഒരു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു ഒരിക്കല്‍ പനി വന്നു വന്നപ്പോള്‍ അമ്മ എന്നെ അവിടെ കൊണ്ട്  പോയി ,ആശുപത്രിയുടെ മണം എന്നെ
ഇപ്പോളും   അസ്വസ്ഥതനാക്കും  ,ആര്‍ക്കും  രോഗം വരുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്നതല്ല , പനി വന്ന രാവുകളില്‍ അമ്മ എനിക്ക് കാവലിരിക്കുമായിരുന്നു,അമ്മ തോളില്‍ കിടന്ന തോര്‍ത്ത്‌ മുണ്ട് നനച്ചു എന്റെ ദേഹം തുടച്ചു ,ചൂട് കൂടുമ്പോ എന്റെ കണ്ണില്‍ നിന്ന് വെള്ളം വന്നിരുന്നു ,എന്റെ കണ്ണുനീര്‍ കാണുമ്പൊള്‍ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണ് നീര്‍ പൊടിയും ,അന്ന് രാത്രി മുഴുവന്‍ അമ്മ എനിക്ക് വേണ്ടി  ഉറങ്ങാതിരുന്നു ,എന്റെ വേദന അമ്മയുടെയും വേദന ആയിരുന്നു ,ഞങ്ങള്‍ മൂന്നു പേരില്‍ ഏറ്റവും കൂടുതല്‍ അമ്മയെ വേദനിപ്പിച്ചത് ഞാനാവും.അമ്മ എനിക്ക് വേണ്ടി ഒഴുക്കിയ കണ്ണുനീരിനു കണക്കില്ല , എന്റെ എല്ലാ  ഉയര്‍ച്ചയുടെയും പിന്നില്‍ അമ്മയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

ഒരിക്കല്‍ ആസ്പത്രിയുടെ മുന്‍പില്‍ നിന്നിരുന്ന മാവില്‍ ഒരു സര്‍ക്കാര്‍ ബസ്സ് വന്നിടിച്ചു അപകടം ഉണ്ടായതായി ഞാന്‍ ഓര്‍ക്കുന്നു , ചിലരുടെ അണ പല്ലുകള്‍  അവിടെ കൊഴിഞ്ഞു കിടക്കുന്നു  , ബസിന്റെ  മുന്‍ഭാഗത്തെ  ചില്ലുകള്‍  തെങ്ങിന്‍ പൂക്കുല പോലെ ചിതറി വഴിയില്‍ കിടന്നിരുന്നു , ഞങ്ങള്‍ കുട്ടികള്‍ അത് വാരിയെടുക്കാന്‍ മത്സരിച്ചു .
ഞാന്‍ നാലാം ക്ലാസ്സില്‍  നിന്ന് അഞ്ചാം ക്ലാസ്സില്‍ ഏത്തി ,കല്ലൂപ്പാറ  സര്‍കാര്‍  വക  യു  പി  സ്കൂള്‍ . അന്ന്  ദേവി ക്ഷേത്രത്തിന്റെ അടുത്തായിരുന്നു സ്കൂള്‍ ,പിന്നീടു ഹൈ സ്കൂള്‍ വന്നപ്പോള്‍  എല്‍ .പി  സ്കൂള്‍ അങ്ങോട്ട്‌ മാറ്റുകയും , നിലവില്‍  എല്‍ ,പി സ്ക്കൂള്‍  ഉണ്ടായിരുന്ന സ്ഥലത്ത് ഹൈ സ്കൂള്‍ വരുകയുമാണ് ചെയ്തത് .    അന്ന്  എന്റെ മനസ്സില്‍‍ തങ്ങി നില്‍ക്കുന്ന ഏറ്റവും  മധുരതരമായ  ഓര്‍മ്മ   ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്  നടക്കുന്ന  സേവനവാരമാണ് , അന്ന്  ഗാന്ധിജിയെ  കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും ഗാന്ധിജിയുടെ  പേരില്‍  അവസാന  ദിവസം കിട്ടിയിരുന്ന    അവലിന്റെയും പഴതിന്റെയും  രുചി  ഒന്ന്  വേറെ തന്നെയാണ് , സ്കൂളിന്റെ  പരിസരവും  കല്ലൂപ്പാറ  ചന്തയും  അതിനോട് ചേര്‍ന്നുള്ള വഴിയും  കുഞ്ഞി  കൈകള്‍ കൊണ്ട്  കച്ചറ പറക്കുകയും  വഴിയുടെ  ഇരുവശങ്ങളിലും  നിന്നിരുന്ന കാടും പടലും  വെട്ടി തെളിച്ചു   വൃത്തിയാക്കുമ്പോള്‍ ഞങ്ങള്‍  പഠിച്ച പാഠം ഇത് ഞങ്ങളുടെ കടമ എന്നാണ് . പൊതു സ്ഥലങ്ങളിലെ മാലിന്യം  നീക്കേണ്ടതും  , വൃത്തിയായി  സൂക്ഷിക്കേണ്ടതും  ഓരോ പൌരന്റെയും കടമയാണ് . ജനാധിപത്യത്തിലെ  രാജാക്കന്മാര്‍ വന്നു  സേവനവാരം സേവന  ദിനമാക്കിയതോടെ  സേവനം മതിയാക്കി ,അത്  വെറും ഒരു അവിധി ദിവസമായി മാറി സേവന  വാരംകൊണ്ട്  ഞങ്ങള്‍ പഠിച്ച പാടം  ഉണ്ടായിരുന്നു  പരിസര ശുചിത്വം.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം പോലും സേവനമല്ല  പത്തു പുത്തന്‍ ഉണ്ടക്കാന്‍ ഉള്ള മാര്‍ഗമാണെന്ന്  മക്കളെ പഠിപ്പിച്ചു എടുക്കുന്ന മാതാപിതാക്കള്‍ ഉള്ള ഈ കാലത്ത് അവനവന്റെ വീട്ടിലെ  മാലിന്യങ്ങള്‍ കൊണ്ട് കളയാന്‍ ഉള്ള സ്ഥലമാണ്ല്ലോ  നമ്മുടെ പുഴയും തോടും വയലും പൊതു  സ്ഥലവും

വിളപ്പിന്‍ ശാലയും , ലലൂരും ,ഞെളിയന്‍ പറമ്പും എല്ലാം  ആ പരിസരവാസികളുടെ നിലവിളിയായി മാത്രമായി മാറി പോകുന്നത് , സേവനകാലമെല്ലാം അവസാനിച്ചു അവനവനെ മാത്രം സേവിച്ചു ശീലമായത് കൊണ്ടല്ലേ .?
എന്റെ  ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞു  ഒറ്റമുണ്ടുടുത്തു ഒരു വൃദ്ധന്‍ ഇതിലെ കടന്നുപോയിരുന്നു .സ്വന്തം കൈകൊണ്ടു ആശ്രമത്തിലെ കക്കൂസ് കഴുകിയ ഏറെ ലളിതമായി  ജീവിച്ച ഒരു മനുഷ്യന്‍ , ഈ മനുഷ്യനെ നാം  മറന്നു കഴിഞ്ഞു .നാം തിരിച്ചു  പോയെ മതിയാവു ഈ വൃദ്ധന്‍ പറഞ്ഞ വഴിയെ ........ ...... എന്റെ അമ്മോ..... ഞാന്‍ വലിയ സംഭവമാമാണെന്ന്  നിങ്ങള്‍ കരുതുന്നുണ്ടാവും . ഹേ അങ്ങനെ ഒന്നും ഇല്ല കേട്ടോ . ഒരു  വഴിക്ക് പോകുന്നത് അല്ലെ കിടക്കട്ടു എന്ന്  കരുതി. 
കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുമായി സംസാരിക്കാനും , അവര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാനും , അവരെ സഹായിക്കാനും ഞങ്ങള്‍ സേവന വാര കാലത്ത് ഉത്സാഹിച്ചു . അതിനിടയില്‍ ഒരു ചുവന്ന പാവാടക്കാരി എന്റെ മനസ്സില്‍ അനുരാഗത്തിന്റെ ആദ്യ വിത്ത് മുളപ്പിച്ചു .തട്ടതിന്‍ മറയത്തു സിനിമയിലെ നായകന്റെ അവസ്ഥയിലേക്ക് ആ ചുവന്ന പാവാടക്കാരി എന്നെ കൊണ്ട് പോയി (തുടരും ) ................................... പ്രണയത്തിന്റെ കുളിര് മനസ്സില്‍ ..............ആ കഥ അടുത്ത ഭാഗത്ത്‌ ...
 

1 comment:

  1. പോരട്ടെ ...പോരട്ടെ ആ ചുവന്ന പാവാട്ക്കാരിയുമായി അനുരാഗ വിലോചനന്‍ ആയി നടന്ന കഥ വായിക്കാന്‍ കാത്തിരിക്കുന്നു ..... ബാല്യ സ്മൃതികള്‍ മുന്നോട്ടു വരുംതോറും മികവുള്ളതാവുന്നു...... അഭിനന്ദനങള്‍ പ്രിയ സുഹൃത്തേ ...

    ReplyDelete